കാറ്റാണ് ഒലി; സ്വന്തം വഴികളിലൂടെ കാറ്റു പോലെ ഒഴുകി ഒലിയുടെ ജീവിതം

Mail This Article
ഇഷ്ടമുള്ളതു മാത്രം പഠിച്ച്, ഇഷ്ടമുള്ളതു ചെയ്തു അങ്ങു ജീവിച്ചാൽ എങ്ങനെ ഉണ്ടാകും? ജീവിതത്തിൽ അതു വല്ലതും നടക്കുമോ? എന്നാൽ ഒലി അങ്ങനെയാണ്. ഒന്നാം ക്ലാസിൽ ചേർത്തു നാലഞ്ചു മാസം പഠിച്ചു കഴിഞ്ഞപ്പോൾ സ്കൂളിൽ പോകണ്ട എന്ന് ഒലിക്കങ്ങു തോന്നി. അക്ഷരങ്ങളോട് ഇഷ്ടമായിരുന്നെങ്കിലും ടീച്ചർമാരുടെ കണ്ണുരുട്ടലും നിർബന്ധങ്ങളുമൊന്നും അവൾക്കത്ര ഇഷ്ടമായില്ല. അമ്മയോടു പറഞ്ഞപ്പോൾ എന്നാൽ അങ്ങനെ ആകട്ടെ എന്നായിരുന്നു മറുപടി. അക്ഷരം പഠിക്കണമെന്നും ജീവിക്കാനുള്ള വിദ്യകൾ സ്വായത്തമാക്കണമെന്നും ലോകവിവരം ഉണ്ടാക്കണമെന്നും മാത്രമാണ് അമ്മ ആവശ്യപ്പെട്ടത്. ടീച്ചർ ആയിരുന്ന അമ്മമ്മയും കുടുംബക്കാരുമൊക്കെ കണ്ണുരുട്ടിയിട്ടും അമ്മ ഒലിക്കൊപ്പം നിന്നു.

അങ്ങനെ അഞ്ചാം വയസ്സിൽ കുഞ്ഞ് ഒലി കൃഷിപ്പണി ചെയ്യാനും കൊപ്ര ഉണങ്ങാനും പാചകം ചെയ്യാനും തേനീച്ചകളെ പരിപാലിക്കാനുമൊക്കെ പഠിച്ചു തുടങ്ങി. പത്താം വയസ്സിൽ കുതിരയ്ക്കു ലാടം അടിക്കുന്ന ജോലി പഠിക്കാൻ നേപ്പാളിൽ ഗുരുവിന്റെ വീട്ടിൽ താമസം, പതിനൊന്നാം വയസ്സിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ (കുട്ടി) ഫാരിയർ ആയി. പിന്നീടു കളരി, ഹോഴ്സ് പോളോ, മൗണ്ടഡ് ആർച്ചറി (കുതിരപ്പുറത്തേറിയുള്ള അമ്പെയ്ത്ത്), ഒട്ടക സവാരി, തുടങ്ങി ഇഷ്ടത്തോടെ പഠിച്ച കാര്യങ്ങൾ ഒട്ടേറെ. ഊട്ടിയിൽ തേനീച്ച വളർത്തൽ, ഹിമാചലിലും കശ്മീരിലും സ്വന്തമായി കഫേ ബിസിനസ്, കശ്മീരിൽ ആടുവളർത്തൽ, കേരളത്തിൽ ബീ ഫോർ ബീസ്, ബീസ്നോ എന്നീ സ്വന്തം ബ്രാൻഡുകളിൽ ഓർഗാനിക് ഉൽപന്നങ്ങളുടെ വിപണനം– ഈ 19 വയസ്സിനുള്ളിൽ അതിജീവനത്തിനുള്ള എത്രയെത്ര വഴികൾ! എല്ലാത്തിനും ‘അരുത് ’ എന്നൊരു വാക്കു പറയാതെ ഒപ്പം നിന്ന് അമിയ താജ് എന്ന അമ്മയും. ഏതാനും മാസങ്ങളായി കണ്ണൂർ ധർമശാലയിൽ ഒലീസ് കഫേ നടത്തുകയാണ് ഒലി.
ഒലി ദ് ഫാരിയർ (കുതിരകളുടെ കൂട്ടുകാരി)
ഒലി അമൻ ജോധ– അമ്മയുടെ മുത്തച്ഛൻ ഇട്ട പേരാണത്. വയനാട്ടിലാണ് കുടുംബവീട്. കളരിയും അഭ്യാസമുറകളും ചികിത്സയുമൊക്കെയുള്ള കുടുംബം. ‘ഞങ്ങളുടെ മുൻതലമുറക്കാർ രജപുത്ര പാരമ്പര്യമുള്ളവരായിരുന്നു. അങ്ങനെ ആവണം എനിക്കീ പേരു കിട്ടിയത്’– ഒലി പറയുന്നു. ചികിത്സയ്ക്ക് ആവശ്യമായ തേൻ വീട്ടിൽ തന്നെ ഉണ്ടാക്കിയിരുന്നു. ഊട്ടിയിൽ ആയിരുന്നു തേനീച്ചക്കൃഷി ഏറെയും. ഒലിയുടെ കുട്ടിക്കാലം അവിടെ ആയിരുന്നു. മൂന്നാം വയസ്സിൽ അമ്മാവനും അമ്മയും ചേർന്നാണ് ഒലിക്ക് ഒരു കുഞ്ഞിക്കുതിരയെ വാങ്ങി നൽകുന്നത്. ‘അമൻ ചന്ദ്’ എന്നു പേരിട്ട ആ കുതിര ഒലിക്ക് എല്ലാമായി. 5 വയസ്സ് ആയപ്പോഴേക്കു കുതിരയെ ഓടിക്കാൻ പഠിച്ചു തുടങ്ങി. അതോടെ കുതിരകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പഠിക്കാനായി ശ്രമം. ഒരിക്കൽ ഒലിയുടെ കുതിരയ്ക്കു ലാടം അടിക്കാൻ വന്ന ആൾക്കു പിഴച്ചു. കുതിരയുടെ കാലിൽ കാര്യമായ മുറിവു പറ്റി ചോര ഒഴുകി. അത് ഒലിക്കു സഹിക്കാനാകുന്നതിലും അപ്പുറമായിരുന്നു. അതോടെ കുതിരയ്ക്കു ലാടം അടിക്കാൻ പഠിക്കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടു. ഇനി ഒരാളും തന്റെ കുതിരകളെ വേദനിപ്പിക്കാൻ പാടില്ലെന്ന നിർബന്ധമായിരുന്നു അതിനു പിന്നിൽ.
ഒലി ഒരു കാര്യം പഠിക്കണമെന്നു തീരുമാനിച്ചാൽ അതു തീരുമാനിച്ചതാണെന്നു അമ്മയ്ക്കറിയാം. അങ്ങനെ ഒലിയും അമ്മയും നേപ്പാളിലേക്കു പോയി. ഏഴുമാസത്തോളം ഗുരുവിന്റെ വീട്ടിൽ താമസിച്ചു പഠനം. ഇന്ത്യയിലെ ആദ്യത്തെ ‘കുട്ടി ഫാരിയർ’(കുതിരയ്ക്ക് ലാടം അടിക്കുന്ന ആൾ) ആയി തിരിച്ചെത്തിയെങ്കിലും ആളുകൾക്കു വിശ്വാസം വരാൻ സമയമെടുത്തു. വളരെ വേഗത്തിൽ ജോലി തീർക്കുക എന്നതല്ല, കുതിരകളെ നോവിക്കാതെ ചെയ്യുക എന്നതാണ് പ്രധാനം. നിർത്തി ലാടം അടിക്കുമ്പോൾ കുതിരയുടെ കാലിന്റെ ഭാരമത്രയും ഫാരിയറുടെ ഇടുപ്പിൽ ആയിരിക്കും. കിടത്തി ലാടമടിച്ചാൽ രക്തസമ്മർദം കൂടി കുതിരയ്ക്കു ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മനുഷ്യരെ പോലെ കുതിരകൾക്കും ‘മൂഡ് സ്വിങ്സ്’ ഉണ്ടെന്നും അതൊക്കെ മനസ്സിലാക്കി നോവിക്കാതെ ജോലി ചെയ്യണമെന്നും ഒലി പറയുന്നു. തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും നിന്നൊക്കെ കുതിരക്കാർ ലാടം അടിക്കാൻ ഒലിയെ തേടി എത്തിയിരുന്നു.
തേനീച്ചകളുടെ റാണി
കുതിരകളെപ്പോലെ തന്നെ ഒലിക്കു പ്രിയമാണ് തേനീച്ചകളും. 2017ൽ തേനീച്ചക്കൃഷിയിൽ ദേശീയ പുരസ്കാരവും നേടി. വയനാട്ടിലെ സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലും ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്തിരാജിലും ക്ഷണം ലഭിച്ചു. സ്വാമിനാഥൻ ഫൗണ്ടേഷനിൽ എപ്പികൾചറിൽ ഗവേഷണം ചെയ്തു. സ്കൂളുകൾ, കോളജുകൾ, കൃഷിഭവനുകൾ, പഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ എന്നിവ കേന്ദ്രീകരിച്ചു തേനീച്ച വളർത്തലിലും ജൈവ വൈവിധ്യത്തെക്കുറിച്ചും ക്ലാസെടുക്കാറുണ്ട് ഒലി. ഒലി എന്ന പേരിനർഥം തന്നെ ‘തേനീച്ചകളുടെ റാണി ’ എന്നാണത്രേ. ലഭ്യമായ പ്രകൃതിവിഭവങ്ങൾ വച്ചു ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ബോധവൽക്കരണവും സഹായവുമായി ഗോത്രവിഭാഗക്കാർക്കിടയിലും ഒലി സജീവമാണ്. സ്കൂളിൽ പോയില്ലെങ്കിലും ഗോത്രവിഭാഗക്കാരായ കുറച്ചു കുട്ടികളുടെ പഠനചെലവുകൾ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നു
യാത്രകൾ, ജീവിതം
ജീവിത സാഹചര്യങ്ങൾക്കിടയിൽ അമിയ ഒരുപാട് കഷ്ടപ്പെട്ടാണ് ഒലിയെ വളർത്തിയത്. അതിജീവനത്തിനായുള്ള ശ്രമത്തിനിടെ ഇരുവരും ഒന്നിച്ച് ഒരുപാട് യാത്രകൾ ചെയ്തു. വായനയും യാത്രകളും ആളുകളുമായുള്ള സംസർഗവും മാത്രമായിരുന്നു ഒലിക്ക് അറിവു നേടാനുള്ള വഴികൾ. പലയിടത്തും യാത്ര ചെയ്യുക, ആളുകളുടെ സംസ്കാരവും ജീവിതവും കണ്ടു പഠിക്കുക, കുറെക്കാലം അവരോടൊപ്പം താമസിക്കുക, അവരിലൊരാളാവുക, അവർ ചെയ്യുന്ന തൊഴിലുകൾ ചെയ്യുക അങ്ങനെ ഒരു രീതിയിലായിരുന്നു ജീവിതം. ഒരുപാട് നല്ല വ്യക്തിബന്ധങ്ങളും സൗഹൃദവുമൊക്കെ അങ്ങനെ കിട്ടിയതാണ്.
നേപ്പാൾ, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലൊക്കെ പോയി താമസിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കശ്മീരിലും ഹിമാചൽപ്രദേശിലുമൊക്കെ ഉണ്ടായിരുന്നു കുറച്ചുകാലം. ഹിമാചലിൽ ആണ് ആദ്യമായി ഒരു കഫേ തുറക്കുന്നത്. പിന്നീടു കശ്മീരിലേക്കു പോയപ്പോൾ അവിടെയും കഫേ തന്നെയായിരുന്നു ജീവിതമാർഗം. ഒപ്പം ആടുവളർത്തലും. ‘കാലാവസ്ഥ അറിഞ്ഞു കൃഷി ഇറക്കുക എന്നു പറയില്ലേ. ഓരോ സ്ഥലത്തും എത്തുമ്പോൾ ആളുകൾക്ക് എന്താണ് ആവശ്യമെന്നു നിരീക്ഷിച്ച് അതു ചെയ്യും. ജീവിക്കാനാവശ്യമായ ജോലി കണ്ടെത്തും.’
ഇതിനിടെ രാജസ്ഥാനിൽ നിന്നാണ് ഒട്ടകസവാരി പഠിക്കുന്നത്. മൗണ്ടഡ് ആർച്ചറി പഠിക്കുന്നത് മണിപ്പുരിൽനിന്നും. ഹൈദരാബാദിലെ ചില ക്ലബ്ബുകൾക്കു വേണ്ടി ഹോഴ്സ് പോളോ ടീമിൽ കളിച്ചിട്ടുമുണ്ട്. പല നാടുകളിൽ പോയി, പലതരം മനുഷ്യരെ കണ്ട് അറിഞ്ഞതു കൊണ്ടുതന്നെ ചുറ്റുപാടുകൾ എളുപ്പം മനസ്സിലാവുമെന്ന് ഒലി– ഒരു നോട്ടത്തിൽ, ഒരു ഗന്ധത്തിലൊക്കെ അപകടം അറിയാനാകുന്ന ഒരുതരം സെൻസ്. ഒരിക്കൽ ജോധ്പുരിലെ ഒരു മേളയ്ക്കു പോയതായിരുന്നു ഒലിയും അമ്മയും. ഡിസംബർ മാസം. താമസ സൗകര്യം ശരിയായില്ല. ഒടുവിൽ രാത്രി കിട്ടിയിടം സേഫ് അല്ലെന്നു മനസ്സിലാക്കി ഇറങ്ങി. പെട്ടെന്നു തിരിച്ചു പോരാൻ വഴിയുമില്ല. എന്തു ചെയ്യുമെന്ന ആശങ്കയിൽ നടക്കുമ്പോഴാണ് പുറത്ത് നിന്ന് ടെറസിലേക്കു പടികളുള്ള ഒരു വീടു കാണുന്നത്. അസ്ഥിയുറയുന്ന തണുപ്പിൽ രാത്രി ആ വീടിന്റെ ടെറസിൽ കഴിഞ്ഞു. പുലർച്ചെ ആരുമറിയാതെ പുറത്തിറങ്ങി. രണ്ടു ദിവസം അങ്ങനെ പോയി. മൂന്നാമത്തെ രാത്രി ഫോൺ സൈലന്റാക്കാൻ മറന്നതോടെ പിടിവീണു. തോക്കും വടിയുമായെത്തിയവർ തന്നെ പിന്നീട് അവരെ വീട്ടിനകത്തേക്ക് കൂട്ടി. ഇന്നും ഏറ്റവും നല്ല അടുപ്പമുണ്ട് ആ വീട്ടുകാരുമായി.
പ്രളയം, കോവിഡ്, അതിജീവനം
ഇതിനിടെ കേരളത്തിൽ തൃശൂർ കേന്ദ്രീകരിച്ച് ‘ബീ ഫോർ ബീസ്’, ‘ബീസ്നോ’ എന്നീ ബ്രാൻഡുകളിൽ ഓർഗാനിക് ഉൽപന്നങ്ങളുടെ ബിസിനസ് തുടങ്ങി. തേനും മറ്റു മൂല്യവർധിത ഉൽപന്നങ്ങളും മില്ലെറ്റും ഒക്കെയായിരുന്നു പ്രധാനമായും വിൽപന. 2018ലെ പ്രളയകാലത്ത് ചാലക്കുടിയിലെ ഗോഡൗണിൽ വെള്ളം കയറി സ്റ്റോക്ക് മുഴുവൻ നഷ്ടപ്പെട്ടു. അതുവരെ കൈയിലുണ്ടായിരുന്നതെല്ലാം പോയി. വൻതുക കടത്തിലായി. നിലനിൽപിനായി സ്വന്തം കുതിരയെ വരെ വിൽക്കേണ്ട അവസ്ഥ വന്നു. കശ്മീരിലും ലേയിലും ഔഷധ ഗുണമുള്ള, വൻ വിപണി മൂല്യമുള്ള തദ്ദേശീയ ഇനം ആടുകളുണ്ടായിരുന്നത് വിറ്റ് പിടിച്ചുനിന്നു. വൈകാതെ കോവിഡ് എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി. വയനാട്ടിൽ ഒരു ചെറിയ ഹോംസ്റ്റേ നടത്തി നോക്കി. കടം പിന്നെയും കൂടി യാഥാർഥ്യങ്ങളുടെ ലോകത്തേക്കു വന്നതോടെ ഹോഴ്സ് ജോക്കിയാകണമെന്ന മോഹമൊക്കെ തൽക്കാലത്തേക്കു മാറ്റിവച്ച് കഫേ ബിസിനസിൽ ശ്രദ്ധ ഉറപ്പിച്ചു. പാചകത്തോടും ഭക്ഷണത്തോടുമുള്ള ഇഷ്ടം ബിസിനസിനു കരുത്തായി.
ഒലി എന്ന പെൺകുട്ടി
ഭാവി പരിപാടികളെ കുറിച്ചു ചോദിച്ചപ്പോൾ ഒലിക്ക് ചിരി. ‘ഗോവയിലെയും ഹിമാചലിലെയും കഫേ പ്രോജക്ടുകൾ മുൻപു മുടങ്ങിയത് തിരിച്ചു പിടിക്കണമെന്നുണ്ട്. ഇപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞാൽ നാളെ അതു തന്നെ ചെയ്യുമെന്ന് ഒരുറപ്പുമില്ല. ചിലപ്പോൾ ഈ നാട്ടിലേ ആകില്ല’– ഇതാണ് ശരിക്കും ഒലി – ജീവിതത്തെ ഒരുപാട് സ്നേഹിച്ച്, ഇഷ്ടം പോലെ ജീവിച്ച്, തിരിച്ചടികളെ അതിജീവിച്ച്, ഒരുറപ്പുമില്ലാത്ത ജീവിതത്തിന്റെ അസ്ഥിരതകളിൽ ത്രില്ലടിച്ച്. അങ്ങനെ. ആധികളും ആവലാതികളും പ്രശ്നങ്ങളുമില്ലേ എന്നു ചോദിച്ചാൽ എല്ലാമുണ്ട്. പക്ഷേ അതിനിടയിലും സ്വന്തം പരിഹാരം കൃത്യമായി കണ്ടുപിടിച്ചു മുന്നോട്ടു പോകാമെന്ന ചങ്കൂറ്റമുണ്ട്. അനുഭവങ്ങൾ തന്ന, യാത്രകൾ തന്ന, അതിജീവനം തന്ന ധൈര്യം. അതെ, ഇങ്ങനെയും ചില പെൺകുട്ടികളുണ്ട്...