ADVERTISEMENT

‘ദാ, ഇപ്പോൾ പിറക്കാൻ പോകുന്ന പോലൊരു റിപ്പബ്ലിക് ഇതിനു മുൻപൊരിക്കലും നമുക്കുണ്ടായിട്ടില്ല. രണ്ടായിരം വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന ചെറിയ റിപ്പബ്ലിക്കുകളെ നമുക്കറിയാം. വലിയൊരു ഭാഗം ഉൾക്കൊള്ളുന്ന മുഗൾകാല സാമ്രാജ്യങ്ങളുമുണ്ടായി. ഇന്ത്യാ റിപ്പബ്ലിക്കിന്റെ തലവൻ തിരഞ്ഞെടുപ്പിലൂടെ എത്തുന്നയാളായിരിക്കും. ഇത്രയും വലിയൊരു പ്രദേശം ഉൾക്കൊള്ളുന്ന ഇന്ത്യയ്ക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ ഒരിക്കലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ ഏത് എളിയവനും ഈ വലിയ രാജ്യത്തിന്റെ തലവൻ ആകാൻ ആദ്യമായി അർഹത ലഭിച്ചിരിക്കുന്നു. അതൊരു ചെറിയ കാര്യമല്ല.’ ഇന്ത്യയെന്ന റിപ്പബ്ലിക്കിനെക്കുറിച്ചു ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞ വാക്കുകൾ ശരിയായിരുന്നുവെന്നു തെളിഞ്ഞ 75 വർഷങ്ങൾ. റിപ്പബ്ലിക്കിലേക്കുള്ള ആ വലിയ കാൽവയ്പിൽ ഭരണഘടനാനിർമാണ സഭയുടെ പങ്ക് ചെറുതല്ല. ‘ഇന്ത്യയെന്ന പുതുറിപ്പബ്ലിക്കിനെ’ കുറിച്ചു ഭരണഘടനാസഭയിൽ നടന്ന ചർച്ചകൾക്കിടയിലെ കൗതുക നിമിഷങ്ങളിലൂടെ ഒരു സഞ്ചാരം:

വനിതകൾ വരട്ടെ..

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്കു മൂന്നിലൊന്ന് സീറ്റുകൾ (33%) സംവരണം ഉറപ്പു നൽകുന്ന ഭേദഗതിയാണ് ഏറ്റവുമൊടുവിൽ ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗമായത്. ഇന്ത്യ റിപ്പബ്ലിക് ആകുന്നതിനും രണ്ടു ദിവസം മുൻപും ഭരണഘടനാസഭയിൽ വനിതാ സംവരണാവശ്യം ഉന്നയിക്കപ്പെട്ടുവെന്നതാണു കൗതുകം. 1950 ജനുവരി 24നു രാവിലെ സഭ തുടങ്ങി അൽപം കഴിഞ്ഞപ്പോൾ ബിശ്വനാഥ് ദാസ് (പിന്നീട് ഒഡീഷ മുഖ്യമന്ത്രിയായി) എഴുന്നേറ്റു. പാർലമെന്റിലേക്കു കൂടുതൽ വനിതകൾ തിരഞ്ഞെടുക്കപ്പെടണമെന്നു നമ്മുടെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു പറഞ്ഞതായി പത്രങ്ങളിൽ കണ്ടുവെന്നു ദാസ് ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് വനിതകൾ ഏതാണ്ട് ജനസംഖ്യയുടെ പകുതിയുണ്ട്. പ്രാതിനിധ്യത്തിനായി അടുത്ത തിരഞ്ഞെടുപ്പിൽ വനിതകൾ പോരടിക്കേണ്ട സാഹചര്യം പാടില്ല. ഇതു സ്ത്രീയും പുരുഷനും തമ്മിലുള്ള പോരാട്ടമായിപ്പോകരുത്. –ദാസ് പറഞ്ഞു.

ചട്ടപ്രകാരമാണ് പ്രോവിൻസുകളിലേക്കു തിരഞ്ഞെടുപ്പു നടക്കുന്നതെന്നും സഭയുടെ തീരുമാനവും ചട്ടവും അനുസരിച്ചു വനിതകൾക്കായി സീറ്റ് സംവരണം ചെയ്തിട്ടില്ലെന്നും സഭാധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദ് മറുപടി നൽകി. സ്ത്രീകളെ തിരഞ്ഞെടുക്കണോ വേണ്ടയോ എന്നതു വോട്ടർമാരുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീയെ മാത്രമേ തിരഞ്ഞെടുക്കാവു എന്നു വോട്ടർമാരെ നിർബന്ധിക്കാൻ കഴിയില്ലെന്നു പറഞ്ഞായിരുന്നു അദ്ദേഹം ചർച്ച അവസാനിപ്പിച്ചത്. ഇനിയും കാത്തിരിക്കണമെങ്കിലും വനിതകൾക്കു 33% സീറ്റെന്നത് 75 വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഭരണഘടനാവ്യവസ്ഥയായി.

ദൈവം തിരിച്ചു തന്ന ‘പ്രസിഡന്റ്’

രണ്ടു ദിവസത്തിനുള്ളിൽ റിപ്പബ്ലിക്കായി മാറുന്ന ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ഡോ.രാജേന്ദ്രപ്രസാദിനെ തിരഞ്ഞെടുത്തുവെന്നു പ്രഖ്യാപിച്ചത് വരണാധികാരിയായ എച്ച്.വി.ആർ. അയ്യങ്കാറാണ്. രാഷ്ട്രപതി പദത്തിലേക്ക് ഒറ്റപ്പേരു മാത്രമായിരുന്നു. നിർ‍ദേശിച്ചത് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു, പിന്താങ്ങിയത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ വല്ലഭ്ഭായ് പട്ടേൽ. നിയുക്ത പ്രസിഡന്റിനെ അഭിനന്ദിച്ചു നടത്തിയ പ്രസംഗത്തിൽ പട്ടേൽ ഈശ്വരനു നന്ദി പറഞ്ഞു. ഡോ. രാജേന്ദ്രപ്രസാദിനെ പഴയപടി ആരോഗ്യവാനായി തിരിച്ചു നൽകിയതിനായിരുന്നു അത്. ഭരണഘടന നിർമാണത്തിന്റെ കഠിനമായ മൂന്നു വർഷങ്ങളിൽ അങ്ങയുടെ ചുമലിൽ വച്ചുതന്ന ഭാരിച്ച ജോലികളാണ് അങ്ങയുടെ ആരോഗ്യം വല്ലാതെ ക്ഷയിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി. ഒരു ഘട്ടത്തിൽ ഞങ്ങൾക്ക് വലിയ ആശങ്കയുണ്ടായിരുന്നുവെന്നും തുറന്നു പറഞ്ഞു. ‘പൂർണാരോഗ്യത്തോടെ അങ്ങയെ തിരിച്ചു നൽകാൻ മാത്രം കാരുണ്യവാനായിരുന്നു ദൈവം, അതുകൊണ്ട് ഇന്ത്യാ റിപ്പബ്ലിക്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റും തലവനുമായി അങ്ങയെക്കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചു’–പട്ടേൽ പറഞ്ഞു. ഭാവിയിൽ നാം നീന്തിക്കയറാനിരിക്കുന്ന പ്രക്ഷുബ്ധമായ കടലിൽ നാമൊന്നിച്ചു നീന്തുമെന്ന് ഉറപ്പുകൂടി അദ്ദേഹം പ്രസിഡന്റിനു നൽകി.

എന്നെ പുകഴ്ത്തരുത്, പ്ലീസ്..

തന്നെ പുകഴ്ത്തിയുള്ള വാക്കുകൾ സഭയിൽ കേൾക്കുമ്പോൾ അതു വേണ്ട എന്നു ഭംഗിയായി പറയാൻ ഡോ. രാജേന്ദ്ര പ്രസാദ് മടിച്ചില്ല. പട്ടേൽ സംസാരിച്ചു കഴിഞ്ഞ് ബി.ദാസ് സംസാരിക്കാൻ എഴുന്നേൽക്കും മുൻപ് ഡോ. രാജേന്ദ്ര പ്രസാദ് പറഞ്ഞു: ‘ഇതുപോലൊരു മുഹൂർത്തത്തിൽ ഞാനർഹിക്കാത്ത പ്രശംസ കേൾക്കുമ്പോൾ എനിക്കു വല്ലാതെ തോന്നുന്നു. സംസാരിക്കണമെന്നുള്ളവർ വാക്കുകൾ ചുരുക്കണേ’. എന്നിട്ടും ഫലമുണ്ടായില്ല. ആളുകളുടെ പ്രശംസ തുടർന്നു. ചർച്ച അവസാനിപ്പിക്കാൻ തന്നെ അനുവദിക്കണമെന്നു ഡോ. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചു സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഴുന്നേറ്റ വി.ഐ. മുനിസ്വാമി പിള്ളയും പ്രശംസ ചൊരിഞ്ഞപ്പോൾ പ്രസിഡന്റ് കടുപ്പിച്ചു.

‘ഈ മൂന്നു വർഷത്തിനിടയിലും നിങ്ങൾ എന്നെ പിന്തുണച്ചു. ഈ അവസാന ദിവസം അതു നിഷേധിക്കരുത്. ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാം’. എന്നിട്ടും സംസാരിക്കാൻ എഴുന്നേറ്റ സേത്ത് ഗോവിന്ദ ദാസിനെ പ്രസിഡന്റ് തടഞ്ഞു. ആത്മപ്രശംസ നടത്തുകയോ മറ്റുള്ളവരുടെ പ്രശംസ കേൾക്കുകയോ ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമാകുമെന്നു ശ്രീകൃഷ്ണൻ അർജുനനു നൽകിയ ഉപദേശം പരാമർശിച്ചായിരുന്നു ഡോ. രാജേന്ദ്രപ്രസാദിന്റെ മറുപടി.

തലവന് എത്ര കൊടുക്കാം

റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ തലവന് എത്ര ശമ്പളം വേണമെന്നത് ഭരണഘടനാസഭയിൽ വലിയ ചർച്ചയായി. 10,000 രൂപ ശമ്പളം നിശ്ചയിച്ചു കൊണ്ടുള്ള പ്രമേയം ബി.ആർ.അംബേദ്കർ അവതരിപ്പിച്ചു. ഗവർണർ ജനറലിന് ആദായനികുതി സഹിതം 20,900 രൂപയായിരുന്നു ശമ്പളമെന്ന് അംബേദ്കർ വാദിച്ചു. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 7000 രൂപയുണ്ട്. അതിലും കൂടിയ തുക എന്ന രീതിയിലാണ് പ്രസിഡന്റിന്റെ ശമ്പളം നിശ്ചയിച്ചതെന്ന് അംബേദ്കർ വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ ശമ്പളവുമായി താരതമ്യപ്പെടുത്തിയാകരുത് ഗാന്ധിയൻ തത്വം പിന്തുടരുന്നയാളുടേതെന്നു മഹാവീർ ത്യാഗി പറഞ്ഞു. പാവപ്പെട്ടവരുടെ ജീവിതമാണ് ഇന്ത്യയുടെ പ്രസിഡന്റ് നയിക്കേണ്ടതെന്നും ലാളിത്യം പുലർത്തണമെന്നും അദ്ദേഹം വാദിച്ചു. പ്രസിഡന്റിന്റെ ശമ്പളം ഒരു രൂപയാക്കണമെന്ന വാദമാണ് എസ്.എൽ. സക്‌സേന നടത്തിയത്. റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സന്യാസിയെപ്പോലെയായിരിക്കണമെന്നു ന്യായീകരിച്ചു കൊണ്ടായിരുന്നു ഇത്. 

വാർഷിക ബജറ്റിലെ 20 ലക്ഷം രൂപ ആനുകൂല്യങ്ങൾക്കായി ചെലവിടുന്ന ഗവർണർ ജനറലിന്റെ കാര്യം ഇതിൽ പരിഗണിക്കരുതെന്നും സക്സേന പറഞ്ഞു. 30000 രൂപ വരെ സമ്പാദിക്കുന്ന ഡോക്ടർമാരെയും അഭിഭാഷകരെയും അറിയാമെന്നും ശമ്പളം കൂട്ടി നൽകുകയാണ് വേണ്ടതെന്നുമായിരുന്നു ആർ.കെ. സിദ്‌വയുടെ വാദം. ശമ്പളകാര്യത്തിൽ സുദീർഘമായ ചർച്ചയ്ക്കൊടുവിൽ വന്ന ഭേദഗതി നിർദേശങ്ങളെല്ലാം നിരാകരിക്കപ്പെട്ടു. ഒടുവിൽ 10,000 രൂപ നിർദേശിച്ച് അംബേദ്കർ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചു.

ബ്രാഹ്‌മമുഹൂർത്തമായാലോ?

അർധരാത്രി സ്വാതന്ത്ര്യത്തിലേക്ക് ഉണർന്ന ഇന്ത്യയെ ഓർമിപ്പിച്ചു മംഗളൂരുവിൽ നിന്നുള്ള എച്ച്.വി. കാമത്ത് ഒരു നിർദേശം മുന്നോട്ടുവച്ചു. സ്വാതന്ത്ര്യം പോലെ അർധരാത്രിയിൽ അല്ല റിപ്പബ്ലിക് പ്രഖ്യാപനം നടത്തേണ്ടത് പകരം, അതു ബ്രാഹ്‌മമുഹൂർത്തത്തിൽ വേണം. ഇന്ത്യൻ പാരമ്പര്യം അനുസരിച്ചു സൂര്യോദയത്തിനും മുൻപ്. രാജ്യത്തിന്റെ ഭാവിക്ക് അതു നല്ല ലക്ഷണമായിരിക്കുമെന്നും കാമത്ത് പറഞ്ഞു. റിപ്പബ്ലിക് ദിനമായി ആഘോഷിക്കേണ്ട ദിനം ജനുവരി 26 അല്ലെന്നൊരു വാദം നേരത്തെ കാമത്ത് ഉന്നയിച്ചിരുന്നു. 1949 ഒക്ടോബർ 17നു സഭയിൽ നടന്ന ചർച്ചയിൽ ഇക്കാര്യം കാമത്ത് തന്നെ സൂചിപ്പിച്ചു. 1930 ജനുവരി 26നു പൂർണ സ്വരാജ് പ്രഖ്യാപിക്കപ്പെട്ട ചരിത്ര ദിവസത്തെ സ്വാതന്ത്ര്യദിനമായി മാത്രമേ കണക്കാക്കാൻ കഴിയു. അതുകൊണ്ട് കലണ്ടറിൽ മറ്റൊരു ദിനം റിപ്പബ്ലിക് ആയി വേണമെന്നും കാമത്ത് വാദിച്ചു.

സ്വാതന്ത്ര്യവും റിപ്പബ്ലിക്കും സമന്വയിപ്പിച്ചൊരു ദിനമായി ജനുവരി 26 ആഘോഷിക്കുകയോ അല്ലെങ്കിൽ ഭരണഘടനാസഭ ആദ്യമായി സമ്മേളിച്ച ഡിസംബർ 9 റിപ്പബ്ലിക് ദിനമായി പ്രഖ്യാപിക്കുകയോ വേണമെന്നും അദ്ദേഹം വാദിച്ചു. സമയത്തിന്റെ കാര്യത്തിൽ ജ്യോതിഷികൾ എന്തു പറയുമെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. 

ഹിന്ദിക്കായി മുറവിളി

ഭരണഘടന പുറത്തിറക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലിഷിലാവരുതെന്നും ചൂണ്ടിക്കാട്ടിയുള്ള വലിയ വാഗ്വാദം ഭരണഘടനാസഭയിലുണ്ടായി. എ.എൽ. സക്‌സേനയെപ്പോലുള്ള അംഗങ്ങൾ ഇതിനായി മുറവിളി കൂട്ടി. ചർച്ച ഹിന്ദിയിൽ വേണമെന്ന വാദം സഭയുടെ ആദ്യ ദിനത്തിൽ തന്നെ ഉന്നയിക്കപ്പെട്ടതുമാണ്. ഇംഗ്ലിഷിൽ രേഖപ്പെടുത്തപ്പെട്ട ഭരണഘടനയ്ക്ക് ഇന്ത്യ റിപ്പബ്ലിക് ആകും മുൻപു തന്നെ ഹിന്ദി പരിഭാഷ വേണമെന്ന തീരുമാനത്തിൽ സഭ എത്തിയിരുന്നു. ഡോ. രാജേന്ദ്ര പ്രസാദിനെയാണ് അതിന്റെ മേൽനോട്ടച്ചുമതല സഭ ഏൽപിച്ചത്. ഇതു നിർവഹിച്ചുവെന്ന പ്രഖ്യാപനം 1950 ജനുവരി 24ലെ അവസാന ഭരണഘടന ദിനത്തിൽ അദ്ദേഹം നടത്തി. മറ്റ് ഇന്ത്യൻ ഭാഷകളിലേക്കുള്ള പരിഭാഷയുടെ ചുമതല കൂടി സഭ ഡോ. രാജേന്ദ്ര പ്രസാദിനെ ഏൽപിച്ചിരുന്നു. അതു പൂർത്തിയായിട്ടില്ലെന്നും സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പണി പോകരുത് ആർക്കും

ഭരണഘടന നിലവിൽ വരികയും ഇന്ത്യ റിപ്പബ്ലിക്കാകുകയും ചെയ്യുന്നതോടെ ഭരണഘടനാസഭയിലെ ജീവനക്കാരുടെ കാര്യത്തിൽ ആശങ്ക ഉയർന്നു. മൂന്നു വർഷത്തിലേറെയായി നൂറുകണക്കിനു ജീവനക്കാർ ഭരണഘടനാ നിർമാണ ജോലികളിലെ സപ്പോർട്ടിങ് സ്റ്റാഫായി യത്നിക്കുന്നുണ്ട്.

ഇവരുടെ ആശങ്ക ഉത്തർപ്രദേശിൽ നിന്നുള്ള അൽഗു റായ് ശാസ്ത്രിയാണ് സഭയുടെ അവസാന ദിനം ഉന്നയിച്ചത്. ഇക്കാര്യത്തെ ഗൗരവത്തോടെ പരിഗണിക്കുന്നതായും ഭരണഘടനസഭാ ജീവനക്കാരെ പരമാവധി ഉൾക്കൊള്ളിക്കാൻ ആവശ്യപ്പെട്ട് നിയമവകുപ്പിനും മറ്റു സർക്കാർ വകുപ്പുകൾക്കും കത്ത് നൽകിയതായും ഡോ. രാജേന്ദ്ര പ്രസാദ് മറുപടി നൽകി.

‘യുവ റിപ്പബ്ലിക്കിന്റെ’ ശബ്ദം

രാജ്യം പുതുറിപ്പബ്ലിക്കായപ്പോഴും ഡൊമിനിയൻ കാലത്തെ നെഹ്റു മന്ത്രിസഭ തുടരുകയായിരുന്നു. സർക്കാർ തുടരുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ ബിഹാറിൽ നിന്നുള്ള 39കാരനായ ബ്രജേശ്വർ പ്രസാദ് എഴുന്നേറ്റു. റിപ്പബ്ലിക് ഇന്ത്യയ്ക്ക് പുതിയ മന്ത്രിസഭ വേണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്ന് പറഞ്ഞത് അൽപം കടന്നുവെന്ന് സഭാധ്യക്ഷൻ തന്നെ സൂചിപ്പിച്ചു. മന്ത്രിസഭയിൽ നെഹ്റുവും പട്ടേലും മൗലാന അബുൽ കലാം ആസാദും അനിവാര്യരാണെന്നും ബാക്കിയുള്ളവർ ദേശാടനപ്പക്ഷികളെ പോലെയാണെന്നുമാണ് ബ്രജേശ്വർ പ്രസാദ് പറഞ്ഞത്. വ്യക്തിപരമായ പരാമർശം പാടില്ലെന്നു സഭാധ്യക്ഷൻ തിരുത്തി. ഇതോടെ ക്ഷമ പറഞ്ഞ അദ്ദേഹം പരാമർശത്തിൽ വിശദീകരണം നൽകി.

English Summary:

75 Years of the Indian Republic: India's 75th Republic Day commemorates a momentous occasion. This article explores key discussions in the Constituent Assembly, revealing intriguing insights into the formation of the Indian Republic.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com