ഇന്ത്യ എന്ന ശക്തി

Mail This Article
രാഷ്ട്രത്തലവനായി രാഷ്ട്രപതിയെ നിയോഗിക്കപ്പെട്ട, ഭരണഘടന നിലവിൽ വന്ന ദിവസമാണു റിപ്പബ്ലിക് ദിനം. രാഷ്ട്രത്തലവനും 3 സേനാ വിഭാഗങ്ങളുടെയും തലവനുമായ രാഷ്ട്രപതിയെ, തങ്ങൾ എന്തിനും തയാറാണെന്ന് അറിയിക്കുന്നതാണു റിപ്പബ്ലിക് ദിന പരേഡിന്റെ അന്തസ്സത്ത. സേനയുടെ ആധുനികീകരണം, കഴിവ്, പുതിയ ആയുധങ്ങൾ തുടങ്ങിയവ, രാഷ്ട്രപതിയുടെ മുന്നിലുള്ള ഈ ശക്തിപ്രകടനത്തിന്റെ ഭാഗമായുണ്ടാകും.
-
Also Read
മുന്നോട്ടുള്ള ദൂരം
വിജയ്ചൗക്കിൽ നടക്കുന്ന ബീറ്റിങ് റിട്രീറ്റോടെയാണു റിപ്പബ്ലിക് ദിന പരേഡ് ചടങ്ങ് സമാപിക്കുക. കരസേന, നാവിക സേന, വ്യോമസേന, ഡൽഹി പൊലീസ്, കേന്ദ്ര സായുധ പൊലീസ് സേന എന്നിവയുടെ ബാൻഡുകൾ അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണിത്. രാഷ്ട്രപതിയാണ് അധ്യക്ഷത വഹിക്കുക. 1950കളിൽ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ് രാജകുമാരന്റെയും ബഹുമാനാർഥമാണു ബീറ്റിങ് റിട്രീറ്റ് തുടങ്ങിയതെങ്കിലും പിന്നീടതു റിപ്പബ്ലിക് ദിന ചടങ്ങിന്റെ ഭാഗമാകുകയായിരുന്നു. ജനുവരി 29ന് ആണ് ബീറ്റിങ് റിട്രീറ്റ്.
പതാക ഉയർത്തലും വിടർത്തലും
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുകയും റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിൽ (നേരത്തെ രാജ്പഥ്) രാഷ്ട്രപതി ദേശീയപതാക വിടർത്തുകയുമാണു ചെയ്യുന്നത്. ഇതിനായി പതാക നേരത്തെ ഉയർത്തിക്കെട്ടിവയ്ക്കും. പരേഡിൽ പ്രദർശിപ്പിക്കുന്ന പീരങ്കികളിലും തോക്കിലുമൊന്നും ഉണ്ടയോ വെടിമരുന്നോ ഉണ്ടാകില്ല. വിവിധ സേനാവിഭാഗങ്ങളും അർധസൈനിക വിഭാഗങ്ങളും അണിനിരക്കുന്ന പരേഡിന്റെ പൂർണ നിയന്ത്രണവും ചുമതലയും കരസേനയുടെ ഡൽഹി ഏരിയ കമാൻഡിനാണ്. ഡൽഹി ഏരിയയുടെ കമാൻഡറാണു പരേഡ് കമാൻഡർ ആകുക.
രാഷ്ട്രപതിയുടെ നേരെ
പരേഡിലെ ചില കാര്യങ്ങളിൽ സുരക്ഷയുടെ ഭാഗമായി മാറ്റം വരുത്തണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം പട്ടാളം തള്ളിയ സംഭവവുമുണ്ട്. 1981 ഒക്ടോബറിൽ ഈജിപ്തിൽ പ്രസിഡന്റ് അൻവർ സാദത്തിനെ വിക്ടറി പരേഡിനിടെ പട്ടാള ഓഫിസർ വെടിവച്ചു കൊന്നതിനെ തുടർന്നാണു സുരക്ഷാ മുൻകരുതലായി ചില മാറ്റങ്ങൾ ആഭ്യന്തരമന്ത്രാലയം നിർദേശിച്ചത്. പരേഡിൽ പങ്കെടുക്കുന്ന മുഴുവൻ പട്ടാളക്കാരെയും ദേഹപരിശോധന നടത്തുക, ടാങ്കറുകളും പീരങ്കികളും രാഷ്ട്രപതിക്കു നേരെ ചൂണ്ടി അഭിവാദ്യം അർപ്പിക്കുന്നത് ഒഴിവാക്കുക എന്നീ നിർദേശങ്ങളാണു നൽകിയത്. എന്നാൽ, രണ്ടും അന്നത്തെ കരസേന മേധാവി ജനറൽ കെ.വി.കൃഷ്ണറാവു തള്ളി. പരേഡിലെ ചിട്ടകൾ മാറ്റാൻ കഴിയില്ലെന്നും പരേഡിൽ പ്രദർശിപ്പിക്കുന്ന ആയുധങ്ങളിലൊന്നും വെടിമരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാഷ്ട്രപതിയില്ലാതെ
ഒരു തവണ മാത്രം റിപ്പബ്ലിക് ദിന പരേഡിൽ ഉപരാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചിട്ടുണ്ട്; 1967ൽ. രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണൻ രോഗബാധിതനായതിനെ തുടർന്ന്, അന്നത്തെ ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈനാണു സല്യൂട്ട് സ്വീകരിച്ചത്. ഡോ.എസ്.രാധാകൃഷ്ണന്റെ പ്രസംഗം ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തു.