ബെൻഡൽ കഥ പറയുന്നു; കൊൽക്കത്ത സെറാംപുരിനടുത്തുള്ള ബെൻഡൽ ചർച്ചിൽ ചരിത്രം മണിനാദം മുഴക്കാൻ തുടങ്ങിയിട്ട് 425 വർഷം

Mail This Article
കൊൽക്കത്ത ഹൗറ സ്റ്റേഷനിൽനിന്ന് സബേർബൻ ട്രെയിനിൽ ഒരു മണിക്കൂർ യാത്ര. രാമേശ്വരം മാതൃകയിൽ ബ്രിട്ടിഷുകാർ നിർമിച്ച ആദ്യകാല റെയിൽ പാലമായ ജൂബിലി ബ്രിജും കടന്നു മെമു ട്രെയിൻ ഹൂഗ്ലി– ബെൻഡൽ റെയിൽവേ സ്റ്റേഷനോട് അടുക്കുകയാണ്. ഗംഗ രണ്ടായി പിരിഞ്ഞൊഴുകുന്ന ഹൂഗ്ലി നദി ഇരുകര കാണാനാവാതെ തൊട്ടുതാഴെ.
-
Also Read
അക്ഷരങ്ങളുടെ ‘ഇ’ക്കാലം
സാമൂഹിക പരിഷ്കരണത്തിനു പ്രചോദനമേകിയ വില്യം കേറിയും ജോഷ്വ മാർഷ്മാനും വില്യം വാർഡും തുടക്കമിട്ട സെറാംപുർ സർവകലാശാല ഒരുവശത്ത് ചരിത്രമെഴുതുമ്പോൾ അക്ബർ ചക്രവർത്തി നൽകിയ സ്ഥലത്ത് പോർച്ചുഗീസുകാർ നിർമിച്ച പള്ളിയിൽനിന്ന് മണിനാദമുയരുന്നു.
1498ൽ വാസ്കോഡ ഗാമ കേരളത്തിലെ കാപ്പാട് തീരത്ത് എത്തിയപ്പോൾ ആരംഭിച്ച പോർച്ചുഗീസ് ബന്ധത്തിന്റെ മറ്റൊരു ഉപകഥയാണ് ബംഗാളിനു പറയാനുള്ളത്. കേരളത്തിലും തുടർന്ന് ഗോവയിലും എത്തിയ പോർച്ചുഗീസുകാർ മൂന്നാമത് എത്തിയ സ്ഥലമാണ് കൊൽക്കത്ത. ഗോവയിൽ നിന്നെത്തിയ വിശുദ്ധ അഗസ്റ്റിന്റെ പോർച്ചുഗീസ് ശിഷ്യന്മാർ ബംഗാളിൽ കാൽകുത്തിയ ചിൻസുരയ്ക്കടുത്ത് മാതാവിന്റെ നാമധേയത്തിൽ തുടങ്ങിയ ആരാധനാ കേന്ദ്രമാണ് ഇന്ന് ഇന്ത്യയിലെ 34 ബസിലിക്കകളിൽ ഒന്നായി തിളങ്ങുന്ന ബെൻഡൽ.
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി തുടങ്ങുന്നതിനും ഒരു വർഷം മുൻപാണ് ബംഗാളിലെ ആദ്യ പള്ളിയായ ബെൻഡലിനു ശിലയിടുന്നത്– 1599ൽ. ഏതാനും വർഷങ്ങൾ കഴിഞ്ഞ് തീപിടിത്തത്തിൽ നാശനഷ്ടം നേരിട്ടെങ്കിലും 1661ൽ പുതിയൊരു പള്ളി നിർമിച്ചു. 1599 എന്ന വർഷം രേഖപ്പെടുത്തിയ ശില പുതിയ പള്ളിഭിത്തിയിൽ തേച്ചു പിടിപ്പിച്ചു.
ചരിത്രാന്വേഷികൾക്ക് കൗതുകമായി ആ ശില ഇപ്പോഴും ബെൻഡൽ ബസിലിക്കയുടെ പ്രധാന ഗോപുര വാതിലിൽ കാണാം. 16–ാം നൂറ്റാണ്ടിൽ തന്നെ പോർച്ചുഗീസുകാർ ബെൻഡലിനെ തുറമുഖമായി ഉപയോഗിച്ചിരുന്നു. കടലാഴമുള്ള നദിയുടെ അഴിമുഖം തുറമുഖത്തിന് അനുയോജ്യമായിരുന്നു.
ഹൂഗ്ലി ജില്ല ആസ്ഥാനമാക്കി നഗരം വികസിപ്പിക്കാൻ പോർച്ചുഗീസുകാർക്ക് ഇതിനിടെ അനുമതിയും കിട്ടി.1571ൽ അക്ബറാണ് ഈ അനുമതി നൽകുന്നത്. ഏതാനും വർഷം കഴിഞ്ഞപ്പോഴേക്കും തുറമുഖത്തിനു പുറമേ കോട്ടയും നിർമിച്ചു. ഗോവയിൽനിന്ന് കുറെയേറെ വിശ്വാസികളും കൂടി എത്തിയതോടെയാണ് ആരാധനാ സ്ഥലം നിർമിക്കാൻ അനുമതി ലഭിക്കുന്നത്.
അക്ബർ ചക്രവർത്തിയുടെ മതമൈത്രി പിന്നീടു വന്ന ഭരണാധികാരികൾ പ്രകടിപ്പിച്ചില്ല. ബെൻഡൽ പള്ളിയുടെ കാർമികനെ വധിക്കാനായി ആനയ്ക്ക് മുൻപിലേക്ക് ഇട്ടെങ്കിലും ആന അദ്ദേഹത്തെ തുമ്പിക്കൈയിൽ ഉയർത്തി എടുത്തു രക്ഷിച്ച കഥ ഐതിഹ്യമായി ഇവിടെ പറയപ്പെടുന്നു. തുടർന്ന് ചക്രവർത്തി എല്ലാ പിന്തുണയും നൽകി കൂടുതൽ സ്ഥലം നൽകി എന്നും ചരിത്രമുണ്ട്. 1988 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഭാരത സന്ദർശന വേളയിൽ മൈനർ ബസിലിക്കയായി പ്രഖ്യാപിച്ചതോടെ ബംഗാളിലെ വിശ്വാസ ഗോപുരമായി ബെൻഡൽ മാറി. പള്ളിയുടെ മുൻപിൽ കാണുന്ന കപ്പലിന്റെ കൊടിമരത്തിനും പറയാനുണ്ട് കഥ.
ഒരിക്കൽ ബംഗാൾ ഉൾക്കടലിലൂടെ പോകുമ്പോൾ കാറ്റിലും കോളിലും പെട്ട ഒരു കപ്പലിന്റെ ക്യാപ്റ്റൻ പ്രാർഥിച്ച് രക്ഷപ്പെട്ടതിന്റെ നന്ദിസൂചകമായാണ് മാതാവിന് കൊടിമരം സമർപ്പിച്ചതെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഡച്ചുകാരുടെ ആസ്ഥാനമായും ബെൻഡലിലെ ചിൻസുര നഗരസഭ അറിയപ്പെട്ടിരുന്നു.