അക്ഷരങ്ങളുടെ ‘ഇ’ക്കാലം

Mail This Article
കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിൽ (കെഎൽഐബിഎഫ്) പങ്കെടുത്തുകൊണ്ട് നോവലിസ്റ്റ് എം.മുകുന്ദൻ പറഞ്ഞു, ‘ഇത് വായനയുടെ വസന്തകാലമാണ്. ഇൻസ്റ്റഗ്രാം കാലം പുതിയ തലമുറയുടേതു മാത്രമല്ല, പഴയ തലമുറയിൽപ്പെട്ട എഴുത്തുകാരും ശ്രദ്ധ നേടുന്നു’
വർഷങ്ങൾക്കു മുൻപിറങ്ങിയ പല പുസ്തകങ്ങളും പുനർജനിക്കുന്ന കാഴ്ചയാണ് ഇൻസ്റ്റഗ്രാം കാലത്തു കാണുന്നത്. അന്നിറങ്ങിയ പല കൃതികളും പുതിയ തലമുറയുടെ പ്രിയ പുസ്തകങ്ങളായി മാറുന്നു. മുകുന്ദന്റെ ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’, ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’, ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, എൻ.മോഹനന്റെ ‘ഒരിക്കൽ’ എന്നിവയെല്ലാം ഈയിടെ വീണ്ടും തരംഗം തീർത്തു. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഈ പുസ്തകങ്ങളിൽ നിന്നുളള ഭാഗങ്ങളും വായനാനുഭവങ്ങളും റീലുകളായി പ്രത്യക്ഷപ്പെട്ടു. മലയാളത്തിൽ പ്രായഭേദമെന്യേ വായനക്കാരുടെ എണ്ണം കൂടുകയാണ്. പഴയ കൃതികളുടെ പുതിയ പതിപ്പുകളിറങ്ങുന്നു. പുതിയ തലമുറയിൽപ്പെട്ടവരുടെ കൃതികളും ഇതിനൊപ്പം സ്വീകാര്യത നേടുന്നു. തങ്ങൾ ജനിക്കുന്നതിന് മുൻപ് എഴുതപ്പെട്ട പുസ്തകങ്ങൾ ഏറ്റവും പുതിയ തലമുറ ആവേശത്തോടെ സ്വീകരിക്കുന്ന കാഴ്ച അദ്ഭുതപ്പെടുന്നതാണെന്നു നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ പറയുന്നു.
‘ തീർച്ചയായും അതിശയിപ്പിക്കുന്ന കാഴ്ച തന്നെയാണ് ഇത്. ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ എന്ന പുസ്തകത്തെപ്പറ്റി പുതിയ തലമുറയിലെ ഒത്തിരി കുട്ടികളാണ് എന്നോട് സംസാരിക്കുന്നത്’– മുകുന്ദന്റെ വാക്കുകൾ.
2 പതിറ്റാണ്ടു മുൻപു ‘രാഗങ്ങൾക്ക് ഒരു കാലം’ എന്ന പേരിൽ മലയാള മനോരമ ഞായറാഴ്ചയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പിൽ നിന്നാണ് എൻ.മോഹന്റെ ‘ഒരിക്കൽ’ എന്ന നോവലിന്റെ പിറവി. കഴിഞ്ഞ വർഷം ഇത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്നായി. ചെറുപ്പക്കാർക്കൊപ്പം പ്രണയാനുഭവങ്ങളെ നെഞ്ചേറ്റുന്ന പഴയ വായനക്കാരും പുസ്തകം തേടിയിറങ്ങി. സോഷ്യൽ മീഡിയ കാലത്ത് പുസ്തകങ്ങൾ ധാരാളമായി ഇറങ്ങുന്നു, വായിക്കപ്പെടുന്നു. പക്ഷേ എല്ലാം തന്നെ നന്നെന്ന അഭിപ്രായം പൊതുവേയില്ല. നല്ല രചനകൾ വീണ്ടുമെത്തി അംഗീകാരം നേടുന്നതിനിടയിലും ചിലതെല്ലാം അർഹതപ്പെടുന്നതിലേറെ ആഘോഷിക്കപ്പെടുകയും യോഗ്യതയുള്ള ചിലതു ശ്രദ്ധിക്കപ്പെടാതെയും പോകുന്നതായി വായനക്കാർ ചൂണ്ടിക്കാട്ടുന്നു. കാമ്പുള്ള കൃതികൾ കാലത്തെ അതിജീവിച്ചു നിലനിൽക്കുന്നു. ഓരോ കാലത്തും പുതിയ ഭാവുകത്വം സൃഷ്ടിക്കപ്പെടുന്നുണ്ട്. അത്തരമൊരു മുന്നേറ്റത്തിനാണ് ഇക്കാലം സാക്ഷ്യം വഹിക്കുന്നത്.
വി. ജെ. ജയിംസ്
‘ 4 നോവലുകളും 3 കഥാസമാഹാരങ്ങളും ഉണ്ടായിട്ടും ഒരു പുസ്തകം പോലും കടകളിൽ ഇല്ലാതിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അതിനു മാറ്റം വന്നതും പുസ്തകത്തിന്റെ പുതിയ പതിപ്പുകൾ ഇറങ്ങാൻ തുടങ്ങിയതും സമൂഹമാധ്യമങ്ങളുടെ പ്രചാരകാലത്തായിരുന്നു. പുസ്തകങ്ങൾ വായിച്ച ചില അപരിചിത വായനക്കാർ അവയെക്കുറിച്ചു സോഷ്യൽ മീഡിയയിൽ ഇട്ട പ്രതികരണങ്ങളിലൂടെയാണ് ‘പുറപ്പാടിന്റെ പുസ്തക’വും ‘ചോരശാസ്ത്ര’വും ‘ദത്താപഹാര’വും ‘ലെയ്ക്ക’യുമൊക്കെ പുതിയ പതിപ്പിലൂടെ വീണ്ടും സജീവമായത്. പുതിയ കാലത്തിൽ പുതിയ വായനയും പുതിയ എഴുത്തും സോഷ്യൽ മീഡിയയിലൂടെ പരിചിതമായി. അക്ഷരം മരിക്കുന്നു എന്ന വിലാപത്തിന്റെ കാലഘട്ടത്തിൽ നിന്ന് ഇന്ന് ഒട്ടേറെ പേർ അക്ഷരം കയ്യാളുന്നവരായി മാറിയെന്നതു നല്ലതല്ലേ? ലിറ്റററി ഫെസ്റ്റിവലുകളിലും മറ്റും യുവത്വത്തിന്റെ സജീവമായ സാന്നിധ്യവും ഇടപെടലുകളുമുണ്ട്. പ്രാദേശിക ഭാഷകൾ പലതും ഭീഷണി നേരിടുമ്പോൾ ഒരുപക്ഷേ മലയാളം മാത്രമായിരിക്കും ഇത്ര സജീവമായി ആഘോഷിക്കപ്പെടുന്നത്.’
രാംമോഹൻ പാലിയത്ത്
‘ വിഡിയോ പരസ്യം, കവർ പ്രകാശനം അങ്ങനെ എന്ത് ഇ-പ്രൊമോഷനുമാകട്ടെ, വായിക്കാൻ പ്രേരിപ്പിക്കുന്നതും വായിപ്പിക്കുന്നതുമായ എന്ത് പരിപാടിയും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഉത്തമമായ സാഹിത്യത്തിന് എന്നും വായനക്കാർ കുറവായിരിക്കും. അതുകൊണ്ട് അത്തരം സാഹിത്യത്തിന്റെ പ്രതിനിധികൾ - വായനക്കാരും എഴുത്തുകാരും - പുതിയ ട്രെൻഡുകൾ കണ്ട് ഭയപ്പെടുകയോ വിറളി പിടിക്കുകയോ ചെയ്യേണ്ടതില്ല. വായനയുടെ അടിത്തറ പഴയതെന്നോ പുതിയതെന്നോ ഇല്ലാതെ വലുതാവുന്നതാണ് കാണുന്നത്. പുതിയ ട്രെൻഡിന്റെ ഭാഗമായി രൂപപ്പെടുന്ന പല പുതിയ വായനക്കാരേയും കാലക്രമേണ ഇവർക്ക് കിട്ടുകയും ചെയ്യും. അവർ തന്നെ വന്ന വഴി മറന്നു ജനപ്രിയ സാഹിത്യത്തെ പുച്ഛിക്കും. ദീർഘകാലം കൊണ്ട് നെല്ലും പതിരും വേർതിരിയും. ‘ഖസാക്കിന്റെ ഇതിഹാസം’ ഇപ്പോഴും പുതിയ പതിപ്പുകൾ ഇറങ്ങുന്നു, ‘പാടാത്ത പൈങ്കിളി’ കിട്ടാനുണ്ടോ? സാഹിത്യത്തിന്റെ ഈ ജനപ്രിയ കുതിപ്പിനെ ബിസിനസ് വളർച്ചയായും കാണാം. ഒന്നു മെലിഞ്ഞാലും സീരിയസ് വായനക്കാർ എല്ലാക്കാലവും മുണ്ടു മുറുക്കിയുടുത്ത് നിലവാരം കൂടിയ സാഹിത്യം വാങ്ങുമെന്നതാണ് അനുഭവം’
സരിത മോഹനൻ ഭാമ
‘ഏതാണ്ട് 17 വർഷമായി അച്ഛന്റെ ‘ഒരിക്കൽ’ എന്ന കൃതി പ്രിന്റു ചെയ്യാൻ നൽകിയിരുന്നില്ല. അതിനേറെ ആവശ്യക്കാരുണ്ടായിരുന്നിട്ടും അച്ചടിക്കാതെ ഇരിക്കുന്നതു ശരിയല്ലെന്നു പലരും പറഞ്ഞു. ‘രാഗങ്ങൾക്ക് ഒരു കാലം’ എന്ന പേരിൽ മനോരമയിൽ എഴുതിയ കാലത്തുതന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ‘ഒരിക്കൽ’ ഇപ്പോൾ വായിച്ച പുതുതലമുറയിലുള്ള കുട്ടികൾ അച്ഛന്റെ മറ്റു പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുന്നതായി അറിയാം. റീലുകളും മറ്റും ഇറങ്ങുന്നുണ്ടെങ്കിലും സജീവമായി പ്രതികരിച്ചവരിൽ മുതിർന്നവരുമുണ്ട്. സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന ഇടക്കാലത്ത് അച്ഛൻ മരിച്ചുവെന്ന് അറിയാതെ കോളജ് ലൈബ്രറികളിൽ നിന്ന് പുസ്തകമെടുത്ത് വായിച്ച കുട്ടികൾ അച്ഛനെ തേടി കത്തുകളെഴുതിയിട്ടുണ്ട്. പുതിയ കുട്ടികളെ സാഹിത്യത്തിലേക്ക് അടുപ്പിക്കാൻ റീലുകൾ കാരണമാകുന്നുണ്ടാകാമെന്നു മാത്രം. ‘ഒരിക്കൽ’ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയാണ്.’