ശുചിത്വത്തിന്റെ ഔട്ഡോർ

Mail This Article
മധ്യപ്രദേശിന്റെ വ്യവസായ തലസ്ഥാനമായ ഇൻഡോറിന്റെ നഗരവീഥികളിലൂടെ യാത്ര ചെയ്യുമ്പോൾ ടാക്സി ഡ്രൈവർ ഗോകുൽ പാണ്ഡേയുടെ വക നിർദേശം: “ ഗാഡീ സേ കച്റാ റോഡ് പർ മത് ഡാലോ, രാസ്തേ പർ ഥൂകോ നഹിം...”
-
Also Read
ഖത്തറിന്റെ മലയാളം കഥ
(‘വണ്ടിയിലിരുന്ന് മാലിന്യങ്ങൾ റോഡിലേക്കു വലിച്ചെറിയരുത്. വഴിയിൽ തുപ്പുകയുമരുത്’)
പുറത്തുനിന്നു വരുന്നവർക്ക് ഇൻഡോർ നഗരം നൽകുന്ന ആദ്യത്തെ ശുചിത്വ പാഠം. തുടർച്ചയായി എട്ടു വർഷം രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി തുടരുന്ന ഇൻഡോറിലെ നഗരവാസികൾക്കു വൃത്തി എന്നതു ജീവിതത്തിന്റെ ഭാഗം. ഓട്ടോ ഡ്രൈവറും തട്ടുകടക്കാരനും ഫാക്ടറിത്തൊഴിലാളിയും വിദ്യാർഥികളുമെല്ലാം നഗരത്തെ വൃത്തിയോടെ നിലനിർത്താൻ ഓരോ നിമിഷവും ശ്രമിക്കുന്നു. ആ കരുതൽ അവരിലുണ്ടാക്കിയെടുത്തത് ശുചിത്വബോധമുള്ള അധികാരികളുടെ കൃത്യമായ ആസൂത്രണവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും അതു നടപ്പാക്കാനുള്ള ഇച്ഛാശക്തിയും തന്നെ.
നഗരത്തിലെ പാതയോരങ്ങളിൽ നിറയെ മരങ്ങളുണ്ടെങ്കിലും താഴെ ഇലകൾ കൊഴിഞ്ഞുവീണു കുമിഞ്ഞുകൂടിക്കിടക്കുന്ന കാഴ്ചയില്ല. വഴിയരികിൽ മറ്റു വൃത്തികേടുകളുമില്ല. എല്ലായിടവും ദിവസവും അടിച്ചുവാരി വൃത്തിയോടെ കാക്കാൻ ഇവിടെ ആളുണ്ടെന്ന് ഓട്ടോ ഡ്രൈവർ അമൻ ചൗഹാൻ പറഞ്ഞത് തികഞ്ഞ അഭിമാനത്തോടെ.
കറുത്ത പുക പരത്തി കാതടപ്പിക്കുന്ന ശബ്ദവുമായി ചീറിപ്പായുന്ന വണ്ടികൾ ഇവിടെ കാണുന്നില്ല. ഡീസലിനു പകരം ജൈവ പ്രകൃതിവാതകം ആണ് മിക്ക വണ്ടികളിലും. പിന്നെ ഇലക്ട്രിക് വാഹനങ്ങളും. വ്യവസായസ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമൊക്കെയുള്ള മാലിന്യം നേരെ പുഴകളിലേക്കും വഴിയോരങ്ങളിലെ ഓടകളിലേക്കും തള്ളുന്ന രീതിയല്ല ഇവിടെ. നഗരശുചിത്വം പാലിക്കാൻ കൃത്യമായ പദ്ധതികളുണ്ട്.
റെയിൽവേ സ്റ്റേഷൻ എന്ന പൂന്തോട്ടം
ഇൻഡോർ റെയിൽവേ സ്റ്റേഷൻ മനോഹരമായ പൂന്തോട്ടം കൂടിയാണ്. പ്ലാറ്റ്ഫോമുകൾക്കിടയിലുള്ള സ്ഥലത്തു ചുവപ്പ്, മഞ്ഞ, വെള്ള, വയലറ്റ് നിറങ്ങളിൽ പൂത്തുനിൽക്കുന്ന പൂച്ചെടികൾ യാത്രക്കാരുടെ കണ്ണിനു കുളിരേകുന്നു. ഈ ചെടികളെ നട്ടുനനച്ചു പരിപാലിക്കുകയെന്നതു ശുചിത്വബോധത്തിന്റെ ഭാഗമായി റെയിൽവേ ജീവനക്കാരും ഏറ്റെടുത്തിരിക്കുന്നു.
നഗരമാലിന്യത്തിൽനിന്ന് ജൈവ പ്രകൃതിവാതകം
ഇൻഡോർ നഗരത്തിന്റെ ഏറ്റവും പ്രധാന മേന്മ മാലിന്യസംസ്കരണ പദ്ധതികളാണ്. നഗരപരിധിയിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഖരമാലിന്യം മുടക്കം കൂടാതെ കൃത്യമായി സംഭരിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിക്കും. ഇവ നഗരകേന്ദ്രത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ നാഗ്പുർ ഹൈവേയിൽ നേമാവർ റോഡിലുള്ള ദേവ്ഗുരാഡിയയിൽ കോർപറേഷന്റെ കീഴിലുള്ള ഏകീകൃത മാലിന്യസംസ്കരണ കേന്ദ്രത്തിലെത്തിക്കും.

ഇതിനടുത്തു തന്നെ രണ്ടു പ്രകൃതിവാതക ഉൽപാദന പ്ലാന്റുകളുണ്ട്. ഒന്ന് ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ നേരിട്ടു നടത്തുന്നത്. മറ്റൊന്ന് കോർപറേഷനും ഇൻഡോർ ക്ലീൻ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയും ചേർന്നു നടത്തുന്നത്. നഗരത്തിലെ ഖരമാലിന്യങ്ങളിൽ നിന്ന് ജൈവ പ്രകൃതിവാതകം ഉൽപാദിപ്പിക്കുന്നതാണ് ഈ പ്ലാന്റുകൾ. ഇവിടെ നിന്നുള്ള വാതകം സിബിജി (കംപ്രസ്ഡ് ബയോ ഗ്യാസ്) ആയി നഗരത്തിലെ വിവിധ പമ്പുകളിലെത്തിച്ച് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്നു. ഗ്യാസ് ഉൽപാദനത്തിന്റെ അവശിഷ്ടങ്ങൾ ജൈവവളമായി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.
ദേവ്ഗുരാഡിയയിലെ പ്ലാന്റിന്റെ ശേഷി 550 ടൺ ആണ്. ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്ലാന്റ് ആണിത്. പ്രതിദിനം 16 ടൺ ജൈവ പ്രകൃതിവാതകം ഇവിടെ ഉൽപാദിപ്പിക്കുന്നു. ഇതിൽ പകുതിയും നഗരത്തിലെ ബസുകൾ ഓടിക്കാനാണ് ഉപയോഗിക്കുന്നത്. നഗരത്തിലെ ഓട്ടോകളും ടാക്സികളും ബസ് ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളും ഡീസലിനു പകരം ഈ ജൈവ പ്രകൃതിവാതകം ഉപയോഗിക്കുന്നതു മൂലം അന്തരീക്ഷ മലിനീകരണം വളരെയേറെ കുറയുന്നു. നഗരം വൃത്തിയോടെ തുടരുകയും ചെയ്യുന്നു