ചരിത്രത്തിലെ പുക: വിൻസ്റ്റൻ ചർച്ചിലിനു പ്രിയപ്പെട്ട തൃശ്ശിനാപ്പള്ളി ചുരുട്ടിന്റെ പുകമണം തേടി ഒരു യാത്ര

Mail This Article
ആറടിക്കു മേൽ ഉയരമുള്ള, ആരോഗ്യവാനായ, തന്റെ ഉടലിന്റെ നീളത്തെ അപേക്ഷിച്ചു കുറിയ കാലുകൾ ഉള്ള, തൃശ്ശിനാപ്പള്ളി ചുരുട്ട് വലിച്ചിരുന്ന ഒരാൾ’, 1887ൽ പ്രസിദ്ധീകരിച്ച 'എ സ്റ്റഡി ഇൻ സ്കാർലെറ്റി'ന്റെ ഒന്നാം അധ്യായത്തിൽ സാക്ഷാൽ ഷെർലക് ഹോംസ് കൊലയാളിയെപ്പറ്റി നൽകുന്ന വിവരണമാണിത്. 'ദ് സൈൻ ഓഫ് ദ് ഫോറിൽ' ഇതേ ചുരുട്ടിന്റെ കറുത്ത ചാരത്തെപ്പറ്റിയും ഹോംസ് വിവരിക്കുന്നുണ്ട്. 'ബേർഡ്‌സ് ഐ' പൈപ്പിലെ വെളുത്ത പുകയും, തൃശ്ശിനാപ്പള്ളി ചുരുട്ടിന്റെ കറുത്ത ചാരവും തമ്മിലുള്ള താരതമ്യമാണ് അവിടെ നടക്കുന്നത്.

കുഴയ്ക്കുന്ന കുറ്റാന്വേഷണങ്ങൾക്കിടയിൽ ചുണ്ടിൽ സദാ എരിയുന്ന പൈപ്പുമായി, വാട്സനൊപ്പം വേഗത്തിൽ നടന്നു നീങ്ങിയിരുന്ന ഹോംസിനെ വായിച്ചവരുടെയൊക്കെ വിരൽത്തുമ്പിൽ, വരികൾക്കിടയിൽ സർ ആർതർ കോനൻ ഡോയിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ പുകമണം പുരണ്ടിട്ടുണ്ട്. കാരണം, സിഗരറ്റോ, ചുരുട്ടോ, പൈപ്പോ പുകയ്ക്കാത്ത ഹോംസിനെ കാണാൻ പ്രയാസമാണ് എന്നതു തന്നെ. ആ ഹോംസ് ആണ്, നമ്മുടെ തൊട്ടടുത്തുള്ള ഒരു സ്ഥലത്തിന്റെ, ആ നാടിന്റെ തണലിൽ കാലുറപ്പിച്ച് നിൽക്കുന്ന ഒരു ഉൽപന്നത്തിന്റെ - തൃശ്ശിനാപ്പള്ളി ചുരുട്ടിന്റെ, പേരിങ്ങനെ പലകുറി ആവർത്തിക്കുന്നത്. ആ പുകയില മണത്തിന്റെ ചരിത്രവും വർത്തമാനവും തേടിയുള്ള ഒരു യാത്രയാണിത്.
കൈമാറിയെത്തിയ കൈക്കൂട്ട്
ഫെൻ തോംപ്സൺ & കോ. റോയൽ സിഗാർ വർക്‌സ്, നമ്പർ 35 , നോർത്ത് വണ്ടിക്കര സ്‌ട്രീറ്റ് ,വോറൈയൂർ തിരുച്ചിറപ്പള്ളി. ഒരു കാലത്ത് മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിനു വരെ ചുരുട്ട് നിർമിച്ച് നൽകിയിരുന്ന ഒരു ഇന്ത്യൻ കമ്പനിയുടെ വിലാസമാണിത്. 1900 ൽ സ്ഥാപിതമായ ഫെൻ തോംപ്സണിൽ നിന്നു ചർച്ചിലിനു മേൽത്തരം ചുരുട്ടുകൾ സംഘടിപ്പിച്ചു നൽകാൻ, തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ CAA (ചർച്ചിൽ സിഗാർ അസിസ്റ്റന്റ്) എന്ന പേരിൽ പ്രത്യേക ഉദ്യോഗസ്ഥൻ വരെ ഉണ്ടായിരുന്നത്രേ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഒരിക്കൽ പാർലമെന്റിൽ പറയുകയും ചെയ്തിരുന്നു.
1900ൽ സോളായി തേവർ സ്ഥാപിച്ച ഫെൻ തോംപ്സൺ & കോ ആണ് നിലവിൽ 'തൃശ്ശിനാപ്പള്ളി ചുരുട്ട്' നിർമിക്കുന്ന ലോകത്തിലെ തന്നെ ഏക കമ്പനി. 1980കളുടെ അവസാനം വരെ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ മേഖല, കടൽ കടന്നു വന്ന വില കുറഞ്ഞ ചുരുട്ടുകൾ ഉയർത്തിയ മത്സരത്തോടു പിടിച്ചു നിൽക്കാൻ കഴിയാതെ തളർന്നു പോവുകയായിരുന്നു. ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കൾ മാത്രം ഉപയോഗിച്ച്, പൂർണമായും കൈകൊണ്ട് നിർമിക്കുന്നതിനാൽ വിദേശ സിഗാറുകളെക്കാൾ ഉയർന്ന വിലയാണ് ഇവയ്ക്കുള്ളത്. ഡിണ്ടിഗൽ, കരൂർ, കാവേരി നദിയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് തൃശ്ശിനാപ്പള്ളി ചുരുട്ട് നിർമിക്കാനുള്ള പുകയില കൊണ്ടുവരുന്നത്. തലമുറകളായി ഇതിനായി പുകയില കൃഷി ചെയ്യുന്ന കർഷക കുടുംബങ്ങൾ ഈ മേഖലയിലെ ഗ്രാമങ്ങളിലുണ്ട്. ‘കൃഷ്ണ 75’ പോലുള്ള പ്രത്യേക പുകയില വിത്തുകൾ ഉപയോഗിച്ച് ജൈവവളങ്ങൾ മാത്രം പ്രയോഗിച്ചാണ് കൃഷി.
പഴച്ചാറുകളും, ശർക്കരയും, കരിക്കിൻവെള്ളവും, തലമുറകളായി കൈമാറി വരുന്ന ചില രഹസ്യകൂട്ടുകളും ചേർത്തു പുകയില പുളിപ്പിക്കലാണ് നിർമാണത്തിന്റെ ആദ്യഘട്ടം. ഇതോടെ പുകയിലയിലെ നിക്കോട്ടിന്റെ അളവു കുറഞ്ഞു തികട്ടുന്ന മണത്തിനും കടുപ്പത്തിനും വ്യത്യാസം വരും. നല്ല മണവും പ്രത്യേക തരം രുചിയും, തെല്ലു മധുരവുമാണ് തൃശ്ശിനാപ്പള്ളി ചുരുട്ടുകളുടെ പ്രത്യേകത. ഓരോ ഗ്രേഡ് ചുരുട്ടിന്റെയും ഫെർമന്റേഷൻ കാലയളവിന് വ്യത്യാസമുണ്ട്. വിൻസ്റ്റൺ ചർച്ചിലിനു വേണ്ടി നിർമിച്ചു നൽകിയിരുന്ന ചർച്ചിൽ സിഗാർ ഓരോന്നും പൂർത്തിയാകാൻ ഏതാണ്ട് രണ്ടര ദിവസം വേണ്ടി വന്നിരുന്നു. ആ ചുരുട്ടിൽ ഉപയോഗിച്ചിരുന്ന പുകയിലകൾ ആകട്ടെ,15 വർഷത്തോളം ഫെർമന്റേഷൻ പൂർത്തിയാക്കിയവ ആയിരുന്നു. 'ബ്ലാക് ടൈഗർ' എന്ന ചുരുട്ടിന് ഉപയോഗിക്കുന്ന പുകയില പന്ത്രണ്ട് വർഷം ഫെർമന്റേഷൻ നടത്തുന്നവയായിരുന്നു.
അതീവ ശ്രമകരമായ ജോലിയാണ് തൃശ്ശിനാപ്പള്ളി ചുരുട്ട് നിർമാണം. ഏറെ നാളത്തെ പരിചയം ഉള്ളവർക്കു മാത്രം സാധിക്കുന്ന ഒന്ന്. വർഷങ്ങളായി ചെയ്യുന്നവർക്ക് പോലും ദിവസവും നൂറിൽ താഴെ ചുരുട്ടുകൾ മാത്രമാണ് പരമാവധി തയാറാക്കാൻ കഴിയുക. അന്നും ഇന്നും പൂർണമായും മനുഷ്യാധ്വാനത്തിൽ ആണ് നിർമാണം. യന്ത്ര സഹായം ഒട്ടുമില്ലാത്തതിനാൽ കമ്പനിയുടെ ടാഗ് ലൈൻ പോലെ ഓരോ ചുരുട്ടും 100 ശതമാനം ഹാൻഡ് മെയ്ഡ് ആണെന്നുറപ്പിക്കാം.
കാലം കടന്ന പുകമണം
തിരുച്ചിറപ്പള്ളി നഗരമധ്യത്തിൽ, ജനവാസ മേഖലയിലാണ് നിലവിൽ ഫെൻ തോംപ്സൺ പ്രവർത്തിക്കുന്നത്. സോളായി തേവരുടെ ചെറുമകന്റെ മകൻ വാസുദേവനാണ് ഇപ്പോഴത്തെ ഉടമ. കുടുംബവീടിനു പിന്നിൽ തന്നെയാണ് ചുരുട്ടിന്റെ നിർമാണവും. വീട് സ്ഥിതിചെയ്യുന്ന തെരുവിൽ മാത്രം ഒരുകാലത്ത് ആയിരത്തോളം പേരാണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് ഫെൻ തോംപ്സണിൽ മാത്രം ഇരുനൂറിലേറെ ജോലിക്കാരുണ്ടായിരുന്നു. എന്നാൽ നിലവിൽ അഞ്ച് പേർ മാത്രമാണ് ഉള്ളത്. ഇരുനൂറിലേറെ ജോലിക്കാർ ഉണ്ടായിരുന്ന സമയത്ത് പോലും ദിവസവും പതിനായിരത്തിൽ താഴെ ചുരുട്ടുകൾ മാത്രമാണ് ഉണ്ടാക്കിയിരുന്നത്.
ഓരോ തൃശ്ശിനാപ്പള്ളി ചുരുട്ടിനും അഞ്ചു പ്രധാന ഭാഗങ്ങൾ ഉണ്ട്. ഫൂട്ട്, മടക്കിവച്ച പുകയില കൊണ്ടുള്ള ഫില്ലർ, ബൈൻഡർ, ഫില്ലറിനെ പൊതിയാൻ ഉപയോഗിക്കുന്ന നേർത്ത പുകയിലയുടെ റാപ്പർ, പിന്നെ ഹെഡും. ഫെർമന്റേഷൻ പൂർത്തിയാക്കിയ പുകയിലയിതളുകൾ, ഫില്ലർ ആയോ റാപ്പർ ആയോ ഉപയോഗിക്കുന്നു. ചില കമ്പനികൾ ഇന്തൊനീഷ്യയിൽ നിന്നുള്ള പ്രത്യേക തരം കടലാസും റാപ്പർ ആയി ഉപയോഗിച്ചിരുന്നു.
മുൻപ് നാൽപത് തരത്തിലുള്ള ചുരുട്ടുകൾ ഫെൻ തോംപ്സണിൽ നിർമിച്ചിരുന്നു. എന്നാൽ നിലവിൽ പത്തിൽ താഴെ മാത്രമാണ് നിർമിക്കുന്നത്. സോളായി തേവരുടെ മകൻ പിച്ചരത്നം ആണ് പിതാവിനു ശേഷം കമ്പനി നടത്തിക്കൊണ്ടു പോന്നിരുന്നത്. അദ്ദേഹത്തിന്റെ മൂത്തമകൻ മോഹൻ പിന്നീട് അമരക്കാരനായി. മുത്തച്ഛനെ സഹായിക്കാനായി മൂന്നു പതിറ്റാണ്ടു മുൻപാണ് വാസുദേവൻ കമ്പനിയിൽ എത്തുന്നത്. ഏഴു വർഷം ഓഫിസ് ബോയ് ആയി സ്വന്തം കമ്പനിയിൽ ശമ്പളമില്ലാതെ പണിയെടുത്തു. കൊച്ചുമകന്റെ വിശ്വാസ്യത ഇപ്രകാരം പരീക്ഷിച്ചു ഉറപ്പിച്ചതിനു ശേഷമാണു ചുരുട്ടിന്റെ രഹസ്യ കൂട്ടുകൾ പിച്ചരത്നം, വാസുദേവന് പകർന്നു കൊടുത്തത്.
‘ കോടിക്കണക്കിനു രൂപ വാഗ്ദാനം ചെയ്തു പലരും സമീപിക്കുന്നുണ്ട്. അവർക്ക് ആവശ്യം ഫെൻ തോംപ്സൺ എന്ന ബ്രാൻഡിന്റെ തണൽ ആണ്. ലാഭം മാത്രമാണ് നോട്ടം. ഇതുവരെയും ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. അത് അവസാനം വരെ അങ്ങനെ തന്നെ വേണം എന്നുണ്ട്. ഇപ്പോഴും വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഓർഡറുകൾ ഉണ്ട്. ഡിമാൻഡ് ഉണ്ട്.പക്ഷേ എന്റെ രണ്ടു മക്കളും ഈ മേഖലയിലേക്കു വരാൻ ആഗ്രഹിക്കുന്നില്ല'. മുന്നോട്ടുള്ള കാലത്തെ കുറിച്ചു പറയുമ്പോൾ വാസുദേവന്റെ കണ്ണുകളിൽ ചെറിയ നനവ് പടർന്നു. തൃശ്ശിനാപ്പള്ളി ചുരുട്ടിന്റെ രഹസ്യ കൂട്ട് പഠിക്കാൻ അവസരം ലഭിച്ച അവസാന ആൾ ഒരു പക്ഷേ വാസുദേവൻ ആയേക്കാം. കാലവും കടലും കടന്ന ഈ ഉൽപന്നത്തിന്റെ പേരും പെരുമയും അയാൾക്കൊപ്പം അവസാനിച്ചേക്കാം.
ഹിച്ച്കോക്കും പറഞ്ഞു
ഹോംസിന്റെ കഥകളിൽ മാത്രമല്ല, പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും കുറ്റാന്വേഷണ സ്വഭാവമുള്ള പല കൃതികളിലും, സിനിമകളിലും പരാമർശിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു തൃശ്ശിനാപ്പള്ളി ചുരുട്ട്. 1833 ൽ 'ദ് യുണൈറ്റഡ് സർവീസ് ജേണൽ ആൻഡ് നേവൽ ആൻഡ് മിലിറ്ററി മാഗസിനിൽ' പ്രസിദ്ധീകരിച്ച ഒരു കഥയിൽ പ്രഭാത ഭക്ഷണത്തിനു ശേഷം തൃശ്ശിനാപ്പള്ളി ചുരുട്ട് പുകയ്ക്കുന്ന ഒരു സൈനികനെക്കുറിച്ച് പറയുന്നുണ്ട്. ബ്രിട്ടിഷ് കുറ്റാന്വേഷണ എഴുത്തുകാരൻ ഓസ്റ്റിൻ ഫ്രീമാന്റെ റെഡ് തംബ് മാർക് (1907), എ ക്യാറ്റ്സ് ഐ (1923) എന്നിവയിലെ കേന്ദ്രകഥാപാത്രമായ ഡോക്ടർ ജോൺ തോണ്ടയ്ക്കിനും ഏറെ പ്രിയപ്പെട്ട ഒന്നായിരുന്നു തൃശ്ശിനാപ്പള്ളി ചുരുട്ട്.
ഡൊറോത്തി എൽ.സയേഴ്സിന്റെ 1928 ൽ പുറത്തിറങ്ങിയ 'The Unpleasantness at the Bellona Club' ൽ തന്റെ വിലകൂടിയ വീഞ്ഞ്, തൃശ്ശിനാപ്പള്ളി ചുരുട്ട് മൂലം നശിച്ചതിൽ അമർഷം പ്രകടിപ്പിക്കുന്ന ലോർഡ് പീറ്റർ വിംസെയെ കാണാം. ഫാദർ ബ്രൗൺ സ്റ്റോറി സീരിസിലെ ഒന്നാം ഭാഗത്തിൽ, ഇന്ത്യയിലെ തന്റെ സർവീസ് ഓർത്തെടുക്കവേ തൃശ്ശിനാപ്പള്ളി ചുരുട്ടിനെപ്പറ്റിയും ഓർത്തെടുക്കുന്ന കേണൽ ക്രേയുണ്ട്. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ 'ദ് ലേഡി വാനിഷസ്' എന്ന സിനിമയിലും ഈ ചുരുട്ടിനെപ്പറ്റി പറയുന്നുണ്ട്. ഏത്ൽ വൈറ്റിന്റെ 'ഡി വീൽ സ്പിൻസ്' എന്ന ക്രൈം നോവലാണ് ഹിച്ച്കോക്ക് സിനിമയാക്കിയത്.