പ്രാണതാളം; ഭർത്താവ് എഴുതിയ ഗാനങ്ങളെ ജീവതാളമാക്കി അരങ്ങുകളിൽ ജീവിക്കുന്ന നർത്തകി

Mail This Article
‘‘വൈരസേനി എന്നെ.. വിപിനേ വെടിഞ്ഞതിനു വിരോധമൂലം ഇതെന്തു പറയാവതോ.’’
കൊടുംകാട്ടിൽ നളൻ ഉപേക്ഷിച്ച ദമയന്തിയായി കലാമണ്ഡലം പ്രഷീജ ഗോപിനാഥ് എന്ന മോഹിനിയാട്ടം നർത്തകി അരങ്ങിൽ വിലപിക്കുമ്പോൾ ഉള്ളൊന്നു പിടയും. കഥയുടെ ഒടുവിൽ ദമയന്തിയും നളനും ഒരുമിക്കും; എന്നാൽ പ്രഷീജയ്‌ക്കൊപ്പം പ്രിയതമനില്ല. ഭർത്താവെഴുതിയ വരികളിലെ കഥാപാത്രങ്ങളായി ജീവിക്കുമ്പോൾ മനസ്സിൽ മാത്രമാണ് അദ്ദേഹം ഉള്ളത്. ഇരിങ്ങാലക്കുട സ്വദേശിനി പ്രഷീജയ്ക്ക് നൃത്തവും നൃത്യവും നാട്യവുമാണു പ്രാണൻ. 30 വർഷമായി നൃത്തത്തിലലിഞ്ഞ ജീവിതം. എട്ടാംവയസ്സിൽ ഭരതനാട്യത്തിലൂടെ ചുവടുകൾവച്ച് എട്ടാം ക്ലാസ് മുതൽ കലാമണ്ഡലത്തിൽ നിന്ന് നൃത്തപഠനം. 15–ാം വയസ്സിൽ അരങ്ങേറ്റം. ഭരതനാട്യവും കുച്ചിപ്പുഡിയും പരിശീലിച്ച പ്രഷീജയുടെ ചുവടുകൾക്ക് മോഹിനിയാട്ടത്തിന്റെ ലാസ്യതാളം കൈവന്നത് 1998 മുതലായിരുന്നു. കഥകളി കലാകാരൻ കലാനിലയം ഗോപിനാഥനുമായി ആ വർഷമായിരുന്നു വിവാഹം.
-
Also Read
കണ്ണൂരിന്റെ വലിയ ഹസൻ
അന്നു മുതൽ കഥകളിയുടെ ലോകത്തേക്കും സഞ്ചരിച്ച പ്രഷീജയെ പുറപ്പാടും, സ്ത്രീവേഷവും അഭ്യസിപ്പിച്ചതും ഭർത്താവുതന്നെ. മോഹിനിയാട്ടത്തിന്റെ ചുവടുകൾക്കും ചൊൽക്കാഴ്ചയ്ക്കും മിഴിവേകിയതും അദ്ദേഹത്തിനൊപ്പം ചേർന്നപ്പോഴാണ്. പിന്നീട് ഇവരുടെ പ്രണയം നിറഞ്ഞ വേദികളായിരുന്നു സദസ്യരുടെ ഇഷ്ടകാഴ്ച. കീചകവധത്തിലെ കീചകനും സൈരന്ധ്രിയുമായി..... സന്താനഗോപാലത്തിലെ ബ്രാഹ്മണനും പത്നിയുമായി... പട്ടാഭിഷേകത്തിൽ രാമനും സീതയുമായി വേദികളിൽ ഗോപിനാഥും പ്രഷീജയും നിറഞ്ഞാടി. എന്നാൽ കലാ പ്രണയം അധികനാൾ ചുവടു വച്ചില്ല...വെറും 24 വർഷം. രണ്ടുവർഷം മുൻപു കലാനിലയം ഗോപിനാഥൻ രക്താർബുദത്തെ തുടർന്നു മരിച്ചു. പക്ഷേ, പ്രിയപ്പെട്ട അമ്മുവിനു മാത്രമായി ഒരുപിടി കലാ ഓർമകൾ സമ്മാനിച്ചാണ് ഗോപിനാഥൻ വിട പറഞ്ഞത്. മരണത്തോടു മല്ലിട്ട ആറുമാസവും ഗോപി പ്രഷീജയോടു പറഞ്ഞത് ‘‘ കഥാപാത്രങ്ങളായി നീ ജീവിക്കണം’’ എന്നായിരുന്നു. ഭർത്താവിന്റെ മരണം കഴിഞ്ഞ് ഉറച്ച മനസ്സോടെ പ്രഷീജ ഇപ്പോൾ വീണ്ടും അരങ്ങിലെത്തുന്നത് ആ വാക്കു പാലിച്ചാണ്. ദമയന്തിയായി കഴിഞ്ഞ ദിവസം തൃശൂരിൽ കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വാർഷികത്തിൽ ഒരു മണിക്കൂർ മോഹിനിയാട്ടം ചെയ്ത താൻ കഥാപാത്രവുമായി താദാത്മ്യം പ്രാപിച്ചെന്നാണ് പ്രഷീജയുടെ വാക്കുകൾ.

ചൂതുകളിയിൽ പരാജയപ്പെട്ട നളനൊപ്പം തന്റെ 2 മക്കളെ കൊട്ടാരത്തിലാക്കിയ ശേഷം കാട്ടിലെത്തി ധൈര്യമില്ലാതെ പേടിയോടെ ഒറ്റപ്പെട്ട സ്ത്രീ...എന്നാൽ അവൾ പുരാണത്തിൽനിന്ന് വ്യത്യസ്തമായി ശക്തയാകുന്നു. സ്വയംപ്രാപ്തയാകുന്നു. ദമയന്തി മാത്രമല്ല, പ്രഷീജയുടെ ഓരോ സ്ത്രീ കഥാപാത്രത്തിനും ഈ സവിശേഷതയുണ്ട്. ദ്രൗപദിക്കും രാധയ്ക്കും എല്ലാം അവരുടേതായ ഇടം. ശക്തമായ സ്ത്രീകഥാപാത്രങ്ങളായി ഗോപിയേട്ടൻ ഇവരെ മാറ്റിയത് തന്റെ ഭാവി മുന്നിൽ കണ്ടിട്ടായിരിക്കും എന്നാണ് പ്രഷീജ പറയുന്നത്. മറ്റുള്ളവരെഴുതിയ പാട്ടിനും കഥകൾക്കും നൃത്തസംവിധാനം ചെയ്ത് മതിയായതോടെ ഒരു രാത്രി പ്രഷീജ ഗോപിയോട് പറഞ്ഞു: എനിക്കായി പാട്ടെഴുതാമോ...പിറ്റേന്നു വെളുപ്പിനു മൂന്നു മുതൽ ഗോപി പാട്ടിന്റെ പണിപ്പുരയിലായി. 10 മിനിറ്റ് കൊണ്ട് ഗോപി ചിട്ടപ്പെടുത്തിയ വർണങ്ങളാണ് ‘ദ്രൗപദി’ യും ‘ദമയന്തി’യുമെല്ലാം.
‘‘സാനന്ദം എന്നിൽ കരുണയായ് ചെയ്തതും സന്തതം ചിന്തയിൽ ദ്രൗപദീ..ഞാൻ കണ്ണാ..’’(ദ്രൗപദി)
വേദിയിൽ ഭർത്താവില്ലാത്തതിനാൽ കഥകളിയിൽനിന്ന് പ്രഷീജ താൽക്കാലികമായി മാറിയെങ്കിലും മക്കളുടെ കഥകളി വേഷം കാണാൻ സ്ഥിരസാന്നിധ്യമായി ഉണ്ട്. ഫിലിം എഡിറ്റിങ് പഠിക്കുന്ന ഹരികൃഷ്ണനും ഇരിങ്ങാലക്കുട നാഷനൽ ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായ യദുകൃഷ്ണനും കഥകളി കലാകാരന്മാരാണ്. കലയെ അത്രമേൽ പ്രണയിക്കുന്ന കലാകുടുംബം ഗോപിയുടെ ഓർമകളിലേറി യാത്ര തുടരുകയാണ്. ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിലെ കഥകളിയാശാനായിരുന്ന ഗോപി സർവീസിലിരിക്കെ മരിച്ചിട്ടും കുടുംബാംഗങ്ങൾക്ക് ആ ജോലിയില്ല. കലാമണ്ഡലത്തിലും കാലടി സർവകലാശാലയിലും അധ്യാപികയായിരുന്ന പ്രഷീജയ്ക്ക് പരിചയസമ്പത്തുണ്ടായിട്ടും സർക്കാർ ആനുകൂല്യങ്ങളോ ജോലിയോ ലഭിച്ചില്ലെന്നതിൽ കുടുംബം വിഷമത്തിലാണ്. അധികൃതർ കൈവിട്ടെങ്കിലും വേദികളിൽ പുഞ്ചിരിക്കുന്ന കഥയും ആട്ടവുമായി പ്രഷീജയും മക്കളും പതറാതെ മുന്നേറുമ്പോൾ ജീവിത യാതനകൾ പോലും ഇരിങ്ങാലക്കുടയിലെ ‘ശ്രീഭരതം’ എന്ന വീടിനോടു തോറ്റു മടങ്ങുകയാണ്.