ADVERTISEMENT

റോഡിനിരുവശത്തും മുകളിലും നീലാകാശത്തിന്റെ ‘പൗഡർ ബ്ലൂ’ നിറം മാത്രം. ചുറ്റും ഉപ്പിന്റെ കരകാണാപ്പരപ്പ്. മുകളിലാകാശം, താഴെ  വെളുത്ത മരുഭൂമി. നീല കലർന്ന വെളുപ്പ് നിറം കാഴ്ചയിൽ  കവിയാതെ നിറയുന്നു. പച്ചപ്പോ മൺചുവപ്പോ പൂക്കളുടെ ജാലങ്ങളോ ചക്രവാളത്തിനടുത്തു പോലും കാണാത്തവിധം വെൺമേഘത്തിരയ്ക്കു നടുവിലൂടെ ടാറിട്ട സിംഗിൾ ലൈൻ റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുമ്പോൾ ഒരു സ്വപ്നാന്ത്യത്തിന്റെ കയ്യിൽത്തൂങ്ങി സ്വർഗത്തിലേക്കാണോ സഞ്ചാരം എന്ന് ന്യായമായും സംശയിക്കും. ആകാശവും ഭൂമിയും സീമാതീതമായി സന്ധിക്കുന്ന ഇടമായി തോന്നുന്ന ഇവിടം ലോകത്തിലെ രണ്ടാമത്തെ വലിയ ഉപ്പ് മരുഭൂമി ആയ റാൻ ഓഫ് കച്ചിന്റെ ഏറ്റവും സുന്ദരമായ, ഏറ്റവും അകളങ്കിതമായ വാലറ്റമാണ്.

ഗുജറാത്തിലെ ഖാവ്ഡയിൽനിന്ന് പാക്കിസ്ഥാൻ അതിർത്തിക്കടുത്തുള്ള യുനെസ്കോ അംഗീകൃത പൈതൃകഗ്രാമമായ ധോലാവിരയിലേക്കുള്ള 30 കിലോമീറ്റർ റോഡിനു ബൈക്ക് സഞ്ചാരികളാണ് ആദ്യമായി പേരിട്ടത് – റോഡ് ടു ഹെവൻ!. ഇപ്പോൾ ഗൂഗിൾ മാപ്പ് അടക്കം ഖാദിർ ഐലൻഡ് എന്ന ചെറു പ്രദേശത്തു കൂടി കടന്നുപോകുന്ന ഈ പാതയ്ക്കു റോഡ് ടു ഹെവൻ എന്ന് ജ്ഞാനസ്നാനപ്പേര് നൽ‌കി ആദരിച്ചു.

കഴിഞ്ഞ വർഷം തുറന്നു കൊടുത്ത ഈ റോഡിന്റെ ആദ്യ ഖ്യാതി ഭുജിൽനിന്ന് ധോലാവിരയിലേയ്ക്കുണ്ടായിരുന്ന 240 കിലോമീറ്റർ ദൂരം നേർപകുതിയാക്കി കുറച്ചു എന്നാണെങ്കിൽ ഇപ്പോഴത് അറിയപ്പെടുന്നത് രാജ്യത്തെ ഏറ്റവും മനോഹരമായ റോഡ് എന്നാണ്. നവംബറിൽ തുടങ്ങി മാർച്ച് 15 വരെ നീളുന്ന പ്രസിദ്ധമായ റാൻ ഉത്സവിന്റെ ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്ന് ഈ വഴിയിലൂടെയുള്ള സ്വർഗീയ സഞ്ചാരമാണ്. റോഡിനിരുവശത്തുമുള്ള വെളുത്ത മണൽപ്പരപ്പിലേക്ക് ഇറങ്ങി ഫോട്ടോയെടുക്കാനും മഞ്ഞുകട്ടകൾ പോലെ ഉപ്പുപരലുകൾ വാരിയെറിഞ്ഞ് റീലുകളെടുക്കാനും തിരക്കേറെ. ചവിട്ടിയാലും കുഴയാത്തത്ര തൂവെൺമയാണ് ഈ ഭാഗങ്ങളിലെ മണലിന്.

കച്ചിന്റെ ഉത്സവം

2006ൽ തുടങ്ങിയ റാൻ ഉത്സവിന്റെ ഭൂമിക ആയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ വൈറ്റ് റാൻ’ ഇന്ത്യയിലെ ഏറ്റവും മികച്ച സുസംഘടിതമായ ഉത്സവനഗരമാണ്. ‘കച്ച് നഹി ദേഖാ തോ കുച്ഛ് നഹി ദേഖാ ’ എന്നാണ് ഉത്സവത്തിന്റെ പ്രചാരണമന്ത്രം തന്നെ. സ്ഥിരനിർമിതികൾ നിഷിദ്ധമായ മരുപ്രദേശത്ത് ഫൈവ് സ്റ്റാർ സൗകര്യത്തിലുള്ള വിശാലമായ ബെഡ്റൂമും നൂതന വാഷ്‌റൂമുകളുമടങ്ങുന്ന, മനോഹരമായ ഫർണിച്ചർ ഉൾപ്പെടുത്തിയ അതിസുരക്ഷിതമായ ടെന്റുകൾ വർഷാവർഷം നാലുമാസത്തേക്ക് തയാറാക്കും. മഞ്ഞുകാലോത്സവം കഴിഞ്ഞ് ഉപ്പ് ഉരുകിത്തുടങ്ങുമ്പോൾ ടെന്റുകളും കച്ചവടസ്റ്റാളുകളും കലാപരിപാടികളുടെ സ്റ്റേജുകളും എല്ലാം അഴിച്ചു വീണ്ടും പ്രകൃതിക്ക് അലോസരമുണ്ടാക്കാതെ മരുഭൂമിയെ അതിന്റെ സ്വാഭാവിക ‘റഫ് ആൻഡ് ടഫ് ’ അലസതയ്ക്കു വിട്ടു കൊടുക്കുന്നു. സർക്കാർ ടൂറിസം വകുപ്പ് മാത്രം ഏകദേശം 420 ടെന്റുകളാണ് വൈറ്റ് റാൻ പ്രദേശത്ത് ഒരുക്കുന്നത്.

ഉത്സവ് സമയത്തെ ടെന്റ് താമസം ഒരു പാക്കേജ് ആണ്. താമസവും മൂന്നു നേരത്തെ വെജ്‌ / ജെയിൻ ഭക്ഷണവും വൈറ്റ് റാനിലെ ഉത്സവമൈതാനത്ത് കൊണ്ടുപോയി പാൽക്കടലിൽ സൂര്യൻ മുങ്ങുന്ന അഭൗമസൗന്ദര്യമുള്ള സൂര്യാസ്തമനം കാണിക്കലും ഒട്ടകസവാരി, പാരാഗ്ലൈഡിങ്, പാരാമോട്ടറിങ് തുടങ്ങിയ അനേകം പരിപാടികളും  അടങ്ങുന്നതാണ് പാക്കേജ്. നവംബറിൽ തുടങ്ങുന്ന ഉത്സവത്തിനു മുൻകൂട്ടി ബുക്ക് ചെയ്യണം. ഡിസംബർ അവസാന ആഴ്ചയാണ് ഏറ്റവും കൂടുതൽ ബുക്കിങ് ഉണ്ടാവുക.  ഡിസംബറിലെ പൗർണമി നാൾ വിശിഷ്ട ദിനമായാണ് കണക്കാക്കുന്നത്. അന്ന് റാൻ ഓഫ് കച്ചിലെ ഏറ്റവും ഉയർന്ന പ്രദേശമായ കാലാ ഡങ്കർ എന്ന മലയുടെ മുകളിൽ നിന്ന് കച്ച് മുഴുവൻ കാണാനും നക്ഷത്ര നിരീക്ഷണം നടത്താനും വലിയ തിരക്കാണ്. എല്ലാ ടെന്റ് സമുച്ചയങ്ങളിലും വൈകിട്ട് 8 മുതൽ 11 വരെ പ്രാദേശിക നൃത്ത, സാംസ്കാരിക പരിപാടികളുണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽനിന്നു വന്നവർ കലാപരിപാടികൾ കഴിഞ്ഞും ടെന്റുകളുടെ നടുമുറ്റത്തു വന്ന് കാരംസും ചെസും കളിച്ചും  പരസ്പരം മധുരം പങ്കുവച്ചും രാത്രികളെ വീണ്ടും സുന്ദരമാക്കും. പാതിരാപ്പാർട്ടിക്കു ശേഷവും ‘ദേഖോ റാൻ കേ രംഗ്, ദേഖോ അപ്നാ ദേശ് ’ഈരടി പാടി വെളുപ്പിനെഴുന്നേറ്റ് സൂര്യോദയം കാണാൻ  വന്ദ്യവയോധികർ വരെ അലാറം വയ്ക്കുന്നു!

1921ൽ മുതൽ കുംഭമേള നടത്തി പരിചയമുള്ള അഹമ്മദാബാദ് കേന്ദ്രമാക്കിയ ലല്ലൂജി ആൻഡ് സൺസ് കമ്പനിയും സർക്കാർ അനുമതിയോടെ സംസ്ഥാന  ടൂറിസം വകുപ്പിനൊപ്പം ടെന്റുകൾ നിർമിക്കുന്നു. ഇതു കൂടാതെ ധോലാവിരയിലെ പ്രാദേശിക സമുദായ സഹകരണ സംഘങ്ങൾക്കും വൈറ്റ് റാനിൽ ടെന്റുകൾ ഒരുക്കാൻ ഇക്കുറി മുതൽ അനുവാദമുണ്ട്. റാൻ ഉത്സവിലെ കലാമേളകളും സാംസ്കാരിക പരിപാടികളും പ്രദർശനവിപണനമേളയുമെല്ലാം ലല്ലൂജി ആൻഡ് സൺസിന്റെ  നിയന്ത്രണത്തിൽ  ഭുജ്, ദോർദോ പ്രദേശങ്ങളിലെ  കലാകാരൻമാർ നടത്തുന്നതാണ്. വൈറ്റ് റാനിനടുത്തുള്ള ദോർദോ ഗ്രാമത്തിലെ തദ്ദേശീയർക്ക് ഇതാണ് പ്രധാന വരുമാന മാർഗം.

നിറങ്ങളുടെ ഗാന്ധി നു ഗാം

വൈറ്റ് റാനിലെ കാഴ്ചകൾ കഴിഞ്ഞാൽ നാടിന്റെ തനതുവാസനയും ദൃശ്യപ്പൊലിമയും വഴി ഏറ്റവും  അധികം അതിശയിപ്പിക്കുന്നത് ഗാന്ധി നു ഗാം എന്ന കരകൗശല ഗ്രാമമാണ്. മരുഭൂമിയുടെ ഒറ്റനിറ ഊഷരതയുടെ പൊലിമ കൂട്ടുന്ന ബഹുവർണ വസ്ത്രമണിഞ്ഞ ഗ്രാമീണസുന്ദരികളാണ് ആദ്യം കണ്ണിൽപ്പെടുക. ഇപ്പോഴും സഞ്ചാരികളെ സ്വീകരിക്കുമ്പോൾ ആദ്യത്തെ ഹൃദ്യമായ ചിരിക്കപ്പുറം അവർ തലയിലെ ദുപ്പട്ട കൊണ്ട് മുഖം പാതി മറയ്ക്കും.  സ്ത്രീകൾ ധരിക്കുന്ന ലോങ്  ബ്ലൗസും നീളൻ പാവാടയും ദുപ്പട്ടയുമടങ്ങുന്ന ഈ വസ്ത്രത്തിന്റെ പേര് ചനിയ ചോളി എന്നാണ്.  അസാധാരണമായ കുശലതയാണ് ഗുജറാത്തിന്റെ തനത് എംബ്രോയ്ഡറിയായ കച്ച്, ആരി വർക്കുകൾ ചെയ്യാൻ അവർക്ക്.

ഗാന്ധി നു ഗാം ഗ്രാമത്തിലെ വീടുകൾ.
ഗാന്ധി നു ഗാം ഗ്രാമത്തിലെ വീടുകൾ.

കമ്പിളി നൂലിൽ നെയ്ത മനോഹരമായ ആഭരണങ്ങൾ, ഗുജറാത്തിന്റെ സ്വന്തം പ്രിന്റ് ആയ ബാന്ദിനി, ബാന്ദേജ് രീതിയിലെ സിൽക്ക്, കോട്ടൺ തുണിത്തരങ്ങൾ, ഷർട്ടുകൾ, ദുപ്പട്ടകൾ, പാച്ച് വർക്ക് ചെയ്ത ബെഡ് ഷീറ്റുകൾ എന്നിവ അവർ ഗ്രാമത്തിലെത്തുന്നവർക്ക് ചെറിയ ലാഭം മാത്രമെടുത്തു വിൽക്കുന്നു. ഇത്തരം അനേകം ഭവനങ്ങൾ അടങ്ങുന്ന കരകൗശല ഗ്രാമമാണ് ഗാന്ധി നു ഗാം. പരമ്പരാഗത രീതിയിൽ നിർമിച്ച ചെറു ഭവനങ്ങളുടെ മുന്നിലെ പൊതു മുറ്റത്തു വച്ചാണ് കച്ചവടം. തനതു വിഭവങ്ങൾ വിൽക്കുന്ന സഹകരണ സൊസൈറ്റിക്ക് പ്രത്യേകമായി കച്ചവട ഹാളുകളുമുണ്ട്. മണ്ണും തടിയും കളിമണ്ണും മാത്രം ഉപയോഗിച്ച് വൃത്താകൃതിയിൽ നിർമിച്ച, കോൺ മേൽക്കൂരകളുള്ള പ്രകൃതിസൗഹൃദ ഭവനങ്ങളുടെ വിളിപ്പേര് ‘ഭുംഗകൾ ’എന്നാണ്. വൃത്താകൃതിയിലെ ചുവരുകൾ ഭുംഗകൾക്ക് മരുഭൂമിയിലെ കാറ്റിനെ ചെറുക്കാൻ കരുത്തു നൽകുന്നു.

റാൻ ഓഫ് കച്ചിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന 
താൽക്കാലിക ടെന്റുകൾ.
റാൻ ഓഫ് കച്ചിൽ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന താൽക്കാലിക ടെന്റുകൾ.

ഓരോ ഭുംഗകളുടെ മുന്നിലും മനോഹരമായ വർണക്കയറുകൾ കൊണ്ട് നെയ്ത കയറ്റുകട്ടിൽ ഇട്ടിട്ടുണ്ടാകും. അവിടെയാണ് അവർ കൈത്തുന്നലിൽ നെയ്തു  തുണിത്തരങ്ങളുടെ പ്രദർശനവും വിപണനവും നടക്കുന്നത്. ഭവനങ്ങളുടെ പുറം ചുമരുകൾ അതിമനോഹരമായി പെയ്ന്റ് ചെയ്തിട്ടുമുണ്ട്. തമിഴരുടെ കോലം പോലൊരു ആചാരമോ ജീവിതരീതിയോ ആണ് അവർക്ക് വീടിനു പുറംവശത്തുകൊടുക്കുന്ന ഈ ചിത്രപ്പണി. ജ്യാമിതീയ രൂപങ്ങളാണ് കൂടുതലും വരകളിൽ. ജനലുകൾക്ക് ചുറ്റുമുള്ള അലങ്കാരത്തിന് കണ്ണാടിത്തുണ്ടുകളും കളിമൺരൂപങ്ങളും. 2001ൽ കച്ചിനെ നാമാവശേഷമാക്കിയ ഭൂമികുലുക്കത്തിനു ശേഷം നാട്ടുകാരെ പുനരധിവസിപ്പിക്കാൻ ആസൂത്രണം ചെയ്ത പദ്ധതികളിൽപ്പെട്ടതാണ് ഗാന്ധി നു ഗാം. മരുഭൂമിയെ നോവിക്കാത്ത, പ്രകൃതി കോപിച്ചാലും പരുക്കുകൾ പരമാവധി കുറയ്ക്കുന്ന നിർമിതി. ഇപ്പോൾ 455 ഭുംഗകളും ഒരു സ്കൂളുമാണ് ഗാന്ധി നു ഗാമിലുള്ളത്. സർക്കാർ സംവിധാനങ്ങളും എൻജിഒകളും പ്രാദേശിക സംഘടനകളുമാണ് ഇതുപോലൊരു ഗ്രാമം നെയ്തെടുത്തതിനു പിന്നിൽ.

ഹാരപ്പൻ സംസ്കാരത്തിന്റെ പലവിധ അവശിഷ്ടങ്ങൾ കാണപ്പെടുന്ന ധോലാവിരയാണ് പാക്ക് അതിർത്തിക്കു മുൻപുള്ള മറ്റൊരു സഞ്ചാരസ്വർഗം. ഇവിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. സിന്ധുനദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളായ പടുകൂറ്റൻ ജലസേചന സംവിധാനങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ലോക പൈതൃക നഗരമായി യുനെസ്കോ അംഗീകരിച്ച ഈ  സൈറ്റ് ലൂണി നദിയുടെ തീരത്താണ് . 1960കളിൽ കണ്ടെടുത്തെങ്കിലും 2005ലാണ് ഉത്ഖനനം പൂർത്തിയാകുന്നത്. 2022 മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്തു.

English Summary:

Road to Heaven: Exploring the magical white Rann of Kutch

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com