വെളിച്ചമാകാൻ ഓമൽ പ്രതിഷ്ഠ; ചരിത്രത്തിൽ മറഞ്ഞു പോയ തപസ്വി ഓമലിന്റെ ശിവപ്രതിഷ്ഠയ്ക്ക് 150 വയസ്സ്

Mail This Article
1875 ലെ ശിവരാത്രി അമാവാസി നാൾ. തിരുവല്ല താലൂക്കിലെ കുറിയന്നൂർ മയിലാടുംപാറയിൽ തപസ്വി ഓമൽ അന്നാണ് ശിവപ്രതിഷ്ഠ നടത്തിയത്. അക്കാലത്തെ സാമൂഹിക സങ്കൽപങ്ങളെ ഭേദിച്ച മഹാസംഭവം. ആ പ്രതിഷ്ഠയ്ക്ക് ഈ ശിവരാത്രി നാളിൽ 150 വർഷം. ഓമൽ എന്ന ചെറുപ്പക്കാരനെ ശൈവഭക്തനാക്കിയതും കുറിയന്നൂരിലെ വിപ്ലവമായ പ്രതിഷ്ഠയിലേക്കു നയിച്ചതും സ്വജീവിതം നൽകിയ അനുഭവങ്ങളായിരുന്നു.
പലായന ജീവിതം
കുട്ടനാട്ടിലെ ഇടനാട് ഇടത്തിൽ നിന്ന് 18–ാം നൂറ്റാണ്ടിൽ പലായനം ചെയ്ത് എത്തിയവരാണ് ഓമലിന്റെ പൂർവികർ. പാടത്ത് കിടന്ന നെൽക്കതിർ ചുട്ട് മലരാക്കാനായി പീലീകരിച്ചപ്പോൾ കൂട്ടിയിട്ടിരുന്ന കറ്റകളുടെ മൂടയിലേക്കു തീപടർന്നു. ശിക്ഷ ഭയന്നു കിഴക്കൻ കാടുകളിലേക്ക് ഓടിയവരിൽ ചിലർ ആറന്മുള ദേശവില്ലിന്റെ ഭാഗമായ കുറിയന്നൂരിലെത്തി. കുറുമ്പൻ കോരന്റെയും തേവിയുടെയും മകനായി, 1825–ലാണ് ഓമലിന്റെ ജനനം .
-
Also Read
കോഴിക്കോട് ഹാഫ് മാരത്തൺ ഞായറാഴ്ച
1845 ലാണ് ഓമലും ഭാര്യ തളിരിയും കരിപ്പള്ളിൽ തറവാട്ടിൽ സഹായികളായി എത്തുന്നത്. കാടുതെളിച്ച് പുതുവൽ കൃഷി ചെയ്യുന്നതിൽ ഓമലിന്റെ കഴിവ് അപാരമായിരുന്നു. മയിലാടുംപാറ പ്രദേശത്ത് കുടിൽ കെട്ടി ഇവർ താമസമായി. ക്ഷേത്രത്തിലെ ചടങ്ങുകളും ഉത്സവവും കീഴ്‌ജാതിക്കാർ ദൂരെ നിന്നു കണ്ടു മടങ്ങുന്നതായിരുന്നു അന്നത്തെ രീതി. 1873 ൽ ഇത്തരത്തിൽ ധ്വജപ്രതിഷ്ഠയ്ക്കു പോയ ഓമലിന് ചില മോശം അനുഭവങ്ങൾ ഉണ്ടായതോടെ സ്വന്തമായൊരു ആരാധനാസ്ഥാനം വേണമെന്ന തോന്നൽ ഉണ്ടായി. തുടർന്ന് ഓമൽ ദിവസവും തറവാട്ടിലെ ജോലിക്കു ശേഷം മയിലാടുംപാറയിൽ ഏകാന്തധ്യാനമിരിക്കാൻ തുടങ്ങി. 41 ദിവസം തുളസിനീരു മാത്രം കുടിച്ച് വ്രതമനുഷ്ഠിച്ചു. 1875 കുംഭം 24ന് അമാവാസിയിലേക്കു കടക്കുന്ന രാത്രിയിൽ കുടുന്തമൂഴി കടവിൽ പോയി പമ്പാനദിയിൽ മുങ്ങി ആകൃതിയൊത്ത കല്ലെടുത്തു. അനുയായികളെയും കൂട്ടി പ്രതിഷ്ഠ നടത്തുമ്പോൾ ഓമലിന് വയസ്സ് 50.
സംഭവമറിഞ്ഞ അധികൃതർ ചോദ്യം അയച്ചെങ്കിലും ഓമലിന്റെ മറുപടി താൻ പഠിച്ച ജ്ഞാനവേദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. മുൻകടം, തൻകടം,സങ്കടം, അപകടം ഇവ ഇല്ലാത്ത ആർക്കും പ്രതിഷ്ഠ നടത്താമെന്നായിരുന്നു നിലപാട്. ശിവപുരാണത്തിലെ ശംബരമാഹാത്മ്യം എന്ന ഭാഗത്തെ ഉപദേശം അനുസരിച്ചാണ് പ്രതിഷ്ഠയെന്നു ശിവപുരാണത്തിലൂടെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ ഓമൽ പറഞ്ഞതായി പിന്മുറക്കാർ രേഖപ്പെടുത്തി. നിത്യവും അരുവിയിലെ ജലം ഉപയോഗിച്ചു ഭക്തിയോടെ ജലധാര, കുളി, വൃത്തി, ഭസ്മം, നിത്യഭക്ഷണം നിവേദിക്കൽ, പഞ്ചാക്ഷരി ചൊല്ലി നിത്യപൂജ തുടങ്ങിയവ പാലിച്ചാൽ പ്രതിഷ്ഠ ആകാമെന്ന പുരാണ നിർദേശം ഓമൽ അതേ പടി പാലിച്ചു. കാട്ടിലെ പാറയിൽ കുടിൽ കെട്ടി ശിവപൂജ ചെയ്ത പുരാണ കഥാപാത്രമായിരുന്നു ഓമലിന്റെ മാതൃക. പമ്പാനദിയിൽ നിന്ന് കുടത്തിൽ വെള്ളം കൊണ്ടുവന്ന് നിത്യപൂജ ചെയ്ത ഓമൽ ഭാര്യയെയും നമസ്കാരം ചെയ്യിപ്പിച്ചു. ആത്മീയ നേതൃത്വത്തിലേക്ക് എത്തിയ ഓമലിനെ ജനം തപസ്വി എന്ന് വിശേഷിപ്പിച്ചു.
വെളിച്ചമായി തറവാടുകൾ
കരിപ്പള്ളിൽ തറവാട്ടിലെ കാരണവർ നാരായണൻ നായർ ഒരു പെരുമഴക്കാലത്ത് രാമായണം വായിച്ചു മടക്കി വയ്ക്കുമ്പോൾ മുറ്റത്ത് ഒരു അനക്കം. തലയിൽ ചൂടാപ്പാളയുമായി ഓമൽ. വായന കേൾക്കാനായി നിത്യവും വന്നു നിൽക്കുമെന്നു കാരണവർ അപ്പോഴാണ് അറിയുന്നത്. എങ്കിൽ നാളെ മുതൽ മുറ്റത്തു വന്നുനിന്ന് വായന കേൾക്കാമെന്നായി. ഓലപ്പുരയും കെട്ടിക്കൊടുത്തു. നദിയിലെ കുളി കഴിഞ്ഞു ഭസ്മമിടുന്നതും മന്ത്രം ചൊല്ലുന്നതും എല്ലാം ഓമൽ ശ്രദ്ധിച്ചു. പനയോലയിൽ അക്ഷരങ്ങൾ കുത്തിക്കുറിച്ചു കൊടുക്കാനും കാരണവർ മടിച്ചില്ല. നല്ലൊരു ഗുരുവിനെ ഓമലിനു വേണമെന്നു മനസ്സിലാക്കി പുരാതന ഈഴവ കുടുംബമായ തുരുത്തിപ്പള്ളിൽ തറവാട്ടിലേക്ക് അയച്ചു. വൈദ്യം,പഠനം എന്നിവയിൽ പേരെടുത്ത നീലകണ്ഠൻ വൈദ്യൻ ഭാഗവത തത്വങ്ങൾ ഉൾപ്പെടെ ഓമലിനെ പഠിപ്പിച്ചു. വൈദ്യരുടെ മകൻ ഉണ്ണാൻ വൈദ്യനും ഓമലിനെ അറിയാമായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ മൂന്നാം തലമുറയിൽ പെട്ട നാരായണൻ വൈദ്യൻ (1903–1984) പിൽക്കാലത്ത് രചിച്ച ഓമൽകീർത്തനവും മറ്റുമാണ് തപസ്വി ഓമലിന്റെ ചരിത്രമായി ശേഷിക്കുന്നത്. ഓമലിന്റെ ചില വചനങ്ങൾ വായ്മൊഴിയായി കിട്ടിയിട്ടുണ്ടെന്നും നാരായണൻ വൈദ്യന്റെ മകനും റിട്ട.അധ്യാപകനുമായ സി.എൻ.നടരാജൻ (95) പറയുന്നു. ‘കാടെല്ലാം നാടാകും നാടെല്ലാം നാടകമാകും’, ‘വയലിന് വരമ്പില്ലാതാകും’, ‘നാടിന് നാഥന്മാരുണ്ടാകും പക്ഷേ നാദമില്ലാതാകും’ തുടങ്ങിയ മൊഴികളെപ്പറ്റി ഇന്നു ചിന്തിച്ചാൽ ദൂരക്കാഴ്ച വ്യക്തമാകും.

കരിപ്പള്ളിൽ നാരായണൻ നായരുടെ പിന്മുറക്കാരനും കുറിയന്നൂർ എം.ടി.ഹൈസ്കൂൾ മുൻ അധ്യാപകനുമായ കെ.കെ.ശങ്കരനാരായണ പിള്ളയുടെ ഡയറിക്കുറിപ്പുകളിലും ഓമലിനെക്കുറിച്ച് മുത്തശ്ശിയിൽ നിന്നു കേട്ട പല പരാമർശങ്ങളും കണ്ടെത്താനായി. താളിയോല ഉൾപ്പെടെ ചിലതെല്ലാം മകൻ നന്ദകുമാർ ഇപ്പോഴും സൂക്ഷിക്കുന്നു. 1908 ജൂലൈ എട്ടിനായിരുന്നു ഓമലിന്റെ സമാധി.
കൈപിടിച്ച് പിന്മുറക്കാർ
ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ ഓമലിന്റെ പ്രതിഷ്ഠ സംബന്ധിച്ച ആധികാരിക വിവരങ്ങൾ കണ്ടെത്തിയത് ചരിത്ര ഗവേഷകനും പന്തളം എൻഎസ്എസ് കോളജ് അധ്യാപകനുമായ ഡോ.സുരേഷ് മാധവ് ആണ്. കുറിയന്നൂർ കരിപ്പള്ളിൽ, തുരുത്തിപ്പള്ളിൽ തുടങ്ങിയ കുടുംബങ്ങളിലും മറ്റും നടത്തിയ ഗവേഷണഫലമായാണ് കേട്ടുകേൾവിയായി തുടരുന്ന ഈ കഥയ്ക്കു ചരിത്രത്തിന്റെ പിൻബലവും കൈവന്നത്. കണ്ടെത്തലുകൾ പുസ്തക രൂപത്തിൽ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഓമലിന്റെ പിന്മുറക്കാരായ മയിലാടുംപാറ ക്ഷേത്ര ഭാരവാഹികൾ. വൈക്കം സത്യഗ്രഹത്തിലെ ആദ്യ രക്തസാക്ഷിയായിരുന്ന ചിറ്റേടത്ത് ശങ്കൂപ്പിള്ളയുടെ ശിഷ്യനായിരുന്നു തപസ്വിയുടെ കൊച്ചനന്തിരവനായ ആറന്മുള എ.വി.അഴകാനന്ദൻ. ക്ഷേത്രത്തെ പുരോഗതിയിലേക്കു നയിച്ചതിൽ ഇദ്ദേഹത്തിനു വലിയ പങ്കുണ്ട്. 1888 ൽ റാന്നി വലിയകുളത്തും തപസ്വി ഓമൽ പ്രതിഷ്ഠ നടത്തിയതായി മയിലാടുംപാറ ക്ഷേത്രം ജനറൽ കൺവീനറും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.എസ്.അനീഷ്കുമാർ പറയുന്നു. മയിലാടുംപാറ കേന്ദ്രീകരിച്ച് പല കൂട്ടായ്മകളും രൂപീകരിച്ച തപസ്വി ഓമൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിച്ചിരുന്നു. ആത്മീയതയിലെ പെൺപങ്കാളിത്തത്തെയും പ്രോത്സാഹിപ്പിച്ചു. ഓമൽ നിർമിച്ച വറ്റാക്കിണറും സമാധി സ്ഥാനവും ഇന്നും കാലത്തിനു സാക്ഷിയായി നിൽക്കുന്നു. ശിവപ്രതിഷ്ഠയുടെ 150–ാം വാർഷികത്തിന് ഈ ഉത്സവ നാളിൽ തുടക്കമിടുകയാണ്.