നിറങ്ങളുടെ സകുറ; പൂത്തുലഞ്ഞ ചെറിമരങ്ങളുമായി ജപ്പാനിൽ ചെറി ബ്ലോസം സീസൺ

Mail This Article
ജപ്പാന് ഇപ്പോൾ ചെറി പ്പൂക്കളുടെ നിറമാണ്. മാർച്ചിൽ തുടങ്ങി ഏപ്രിൽ അവസാനം വരെ നീളുന്ന ചെറി ബ്ലോസം (sakura) സീസൺ. പൂത്തുലഞ്ഞു കൊഴിഞ്ഞു വീഴുന്ന നിറങ്ങൾ വിരിച്ച പരവതാനികളാണ് എല്ലായിടത്തും കാഴ്ചകളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. മഞ്ഞുപെയ്ത്ത് മാറുന്നതനുസരിച്ചാണ് ചെറിമരങ്ങൾ പൂവിട്ടു തുടങ്ങുന്നത്.
-
Also Read
ജെയ്മിയിലേക്ക് എത്ര ദൂരം
തെക്ക് ഒക്കിനാവ ദ്വീപിൽനിന്ന് തുടങ്ങി കാലാവസ്ഥ മാറുന്നതിനനുസരിച്ചു വടക്കോട്ട് നീങ്ങി വരുന്ന സകുറ കാലം. ദിവസങ്ങൾ മാത്രമാണ് പ്രകൃതി ഒരുക്കുന്ന ഈ വർണവിരുന്നിന്റെ ആയുസ്സ്. ടോക്കിയോ, ക്യോട്ടോ, ഒസാക്ക തുടങ്ങിയ നഗരങ്ങളിൽ മാർച്ചിൽ പൂക്കൾ വിരിയുന്നതോടെയാണ് ഒരു നാട് മുഴുവൻ പൂപ്പാടമായി മാറുന്ന ചൈത്ര മാസത്തിലെ ചെറിവസന്തത്തിന് തുടക്കമാകുന്നത്.
വഴിയായി വർണങ്ങൾ
ടോക്കിയോയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള നരീറ്റ വിമാനത്താവളത്തിൽനിന്ന് നഗരത്തിലേക്കുള്ള യാത്രയിൽ തന്നെ ചെറിമരങ്ങൾ ഒരുക്കുന്ന നിറക്കൂട്ടുകൾ കണ്ടു തുടങ്ങും. പഴങ്ങൾ ഇല്ലാത്ത ചെറി മരങ്ങളാണ് ജപ്പാനിലേത്. ടോക്കിയോയിലെ ഉനോ പാർക്ക്, ഷിൻജോകു ഗ്യോൻ പാർക്ക്, ക്യോട്ടോയിലെ ഫിലോസഫേഴ്സ് പാർക്ക്, മരുയാമ പാർക്ക്, ഒസാക്കയിലെ സകുറാനോമിയ പാർക്ക്, കൊട്ടാരപരിസരങ്ങൾ, വാർഷിക പുഷ്‌പോത്സവം നടക്കുന്ന ഹിരോസാക്കിയിലെ കാസിൽ പാർക്ക് അങ്ങനെ സകുറ കാഴ്ചകൾക്ക് പ്രസിദ്ധമായ ഒട്ടേറെ സ്ഥലങ്ങളുണ്ട്.
ജപ്പാൻ ചെറി ബ്ലോസം അസോസിയേഷൻ വെബ്സൈറ്റിൽ ചെറിപ്പൂക്കൾ കാണാവുന്ന മികച്ച നൂറ് സ്ഥലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ജപ്പാൻ ടൂറിസം, കാലാവസ്ഥ വകുപ്പുകളുടെ വെബ്സൈറ്റിലും അതത് വർഷത്തേക്കുള്ള ചെറി ബ്ലോസം മുന്നറിയിപ്പുകൾ നൽകും.
വെള്ളയും പിങ്കും ചുവപ്പിന്റെ പല നിറഭേദങ്ങളിലുമായാണ് ചെറുതും വലുതുമായ ചെറിപ്പൂക്കൾ വിരിയുന്നത്. ചെറിയ മരങ്ങൾ തൊട്ട് രണ്ടായിരം വർഷം പഴക്കമുള്ള വലിയ പൂക്കളുള്ള ഒഷിമ ഇനത്തിൽപ്പെട്ട ചെറി മരങ്ങൾ വരെ ജപ്പാനിലുണ്ട്. പ്രിയതരമായ ഒരു പരിമളമാണ് ചെറി മരങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ അന്തരീക്ഷത്തിൽ ഉള്ളത്. വാനിലയുടെ സുഗന്ധം പെർഫ്യൂം പോലെ വായുവിൽ ആകെ തൂകിയതു പോലെ. പൂത്ത ചെറി മരങ്ങൾക്കു താഴെ ജപ്പാൻകാർ കുടുംബസമേതം ഒത്തുചേർന്ന് സന്തോഷം പങ്കുവയ്ക്കുമ്പോൾ അത് ഹനാമി ഉത്സവമാകുന്നു.
ജീവിത പരിസരങ്ങളുടെ ധന്യതയോടെയാണ് ചെറി പൂവനങ്ങളെയും അവർ പരിരക്ഷിക്കുന്നത്. ജപ്പാനിൽ സ്കൂളുകൾ തുറക്കുന്നത് ഏപ്രിൽ മാസത്തിലാണ്. പൂത്തുനിൽക്കുന്ന ചെറി മരങ്ങൾക്കിടയിലൂടെ കുട്ടികൾ മറ്റൊരു കൂട്ടം പൂക്കളായി തുള്ളിച്ചാടി ക്ലാസ് മുറികളിലെത്തുന്ന കാഴ്ച സകൂറ കാലത്തെ നിറച്ചാർത്തുകൾക്ക് കൂടുതൽ മനോഹാരിത നൽകുന്നു.
ജപ്പാന് പുറമേ കൊറിയ, ചൈന, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും ഈ സമയത്ത് ചെറി മരങ്ങൾ പൂക്കാറുണ്ട്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലും വാഷിങ്ടൻ പോട്ടോമാക് പാർക്കിലും തണുത്ത അമേരിക്കൻ കാറ്റിൽ വിരിയുന്ന ചെറിപ്പൂക്കൾ 1912ൽ ജപ്പാൻ സമ്മാനമായി കൊടുത്ത 3000 ചെടികളുടെ ശേഷിപ്പുകളിൽ നിന്നും വിരിയുന്ന വർണങ്ങളാണ്.
ജപ്പാനിലേക്കുള്ള വഴി
ചെറിപ്പൂക്കളുടെ വർണത്തിനപ്പുറവും ജപ്പാനിൽ കാഴ്ചകളുടെ പഴയതും പുതിയതുമായ ധാരാളം ഇടങ്ങളുണ്ട്. ചരിത്രവും വർത്തമാനവും പല ഓർമകളിലേക്കു കൊണ്ടുപോകുന്ന ഈ യാത്രയുടെ വഴികൾ തീരുമാനിക്കേണ്ടത് സഞ്ചാരികൾ തന്നെയാണ്.
1945 ഓഗസ്റ്റ് മാസം ആകാശത്തുനിന്നു രണ്ടിടങ്ങളിലായി ഉരുണ്ടുവീണ തീഗോളങ്ങൾ തീർത്ത ചാമ്പൽ കൂമ്പാരങ്ങൾക്കു മുകളിലൂടെയും നിരപരാധികളായ രണ്ടുലക്ഷത്തിൽ പരം വരുന്ന മനുഷ്യരുടെ കരിഞ്ഞു ചിതറിപ്പോയ ജീവന്റെ അംശങ്ങൾ വിതുമ്പലായി നിൽക്കുന്ന സ്മാരകശിലകൾക്കു മുൻപിലൂടെയും നമുക്ക് ഈ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിക്കാം.
ചരിത്രത്തിൽ അതിനും മുൻപേ, നാസി ഭീകരതയുടെ കിഴക്കൻ രൂപമായിരുന്ന ഏഷ്യൻ ഓഷ്‌വിറ്റ്സ് (Asian Auschwitz) എന്നറിയപ്പെട്ടിരുന്ന നാൻകിങ് കോൺസൻട്രേഷൻ ക്യാംപിൽ ശ്വാസവായുവിൽ മരണഗന്ധം കയറ്റിവിട്ട് തടവുകാരെ കൂട്ടക്കൊല ചെയ്ത (Nanjing Massacre) ക്രൂരമായ കഥകളിലൂടെയും ജീവനുള്ള പച്ചമാംസത്തിൽ കത്തി കയറ്റി അവയവമാറ്റ പരീക്ഷണങ്ങൾ നടത്തിയ UNIT 731 എന്ന ഏറെ കുപ്രസിദ്ധമായ മിലിറ്ററി യൂണിറ്റിന്റെ ഇടനാഴികളിലൂടെയും സഞ്ചാരികൾക്ക് പോകാൻ കഴിയും.
യുദ്ധമുഖത്തുനിന്നുമുള്ള അവശേഷിപ്പുകൾ ഓർക്കാൻ ഇഷ്ടമില്ലാത്തവർക്ക് ഒരു കാലത്ത് ലോകം ഭരിച്ചിരുന്ന ‘Made in Japan’ എന്ന വിശ്വാസ്യതയുടെ വിജയവഴികൾ അന്വേഷിച്ചും ഈ ദ്വീപിലേക്കു കയറി വരാം. പഴയ തിരശീല മാറ്റി യാത്ര വർത്തമാനത്തിലേക്കു തിരിച്ചുപിടിച്ചാൽ നൂറാം വയസ്സിലും സന്തോഷത്തോടെ എങ്ങനെ ജീവിക്കാം എന്ന് കണ്ടു പഠിക്കാനായി ഒക്കിനാവ (Okinawa) ദ്വീപിലെ ജീവിതരീതികൾ കാണിച്ചു തരുന്ന ദീർഘായുസ്സിന്റെ ഇക്കിഗായ് (Ikigai) വഴികളും ഈ നാട് പഠിപ്പിക്കുന്നു.

ജപ്പാനിലെ പൂത്തുലഞ്ഞ ചെറി മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ കണ്ടതിനുമപ്പുറം ഇനിയും കണ്ടുതീർക്കേണ്ട കാഴ്ചകളുണ്ടെന്ന തിരിച്ചറിവിൽ കാഴ്ചകൾ പിന്നെയും ബാക്കിയാവുന്നു. തിരിഞ്ഞുനോക്കുമ്പോൾ, കണ്ടു പഠിക്കാനായി, ഒരു ജനത നാമജപം പോലെ തലമുറകളായി കൊണ്ടുനടക്കുന്ന ജീവിത മൂല്യങ്ങൾ ഫ്യൂജിയാമ പർവതത്തോളം വലുതായി മുന്നിൽ നിൽക്കുന്നു.