തോൽക്കാത്ത വാക്കുകൾ

Mail This Article
കണിമംഗലം എസ്എൻ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ, സ്കൂൾ വാർഷികത്തിന് ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ എനിക്ക് അവസരം കിട്ടി. ആ വർഷം വാർഷികത്തിനു പതിവിൽ കൂടുതൽ ജനപങ്കാളിത്തമുണ്ടായിരുന്നു. കാരണം, ഉദ്ഘാടനം ചെയ്യാൻ വരുന്നത് വലിയൊരു അധ്യാപകനും പ്രഭാഷകനുമായിരുന്നു.
വളരെ നേരത്തെത്തന്നെ തുള്ളൽവേഷം കെട്ടി ഞാൻ കാത്തുനിന്നു. പ്രശസ്തനായ പ്രഭാഷകന്റെ പ്രഭാഷണം തുടങ്ങിയപ്പോൾ തന്നെ സദസ്സിൽ വൻ കരഘോഷം. വാക്കുകളുടെ മലവെള്ളപ്പാച്ചിൽ. അദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു ഞങ്ങളുടെ ഹെഡ്മാസ്റ്റർ ഐ.എം.വേലായുധൻ മാസ്റ്റർ എന്നു കേട്ടിരുന്നു. പ്രസംഗത്തിൽ തന്റെ സഹപാഠിയെക്കുറിച്ചു പ്രഭാഷകൻ പറഞ്ഞു. ‘‘ഈ വേലായുധനോട് ഞാൻ അന്നേ പറഞ്ഞതാണ്, തിരഞ്ഞെടുപ്പിൽ മത്സരിക്കരുത് എന്ന്. നിയമസഭയിലേക്കു മത്സരിച്ചു തോറ്റുപോയവരുടെ കൂട്ടത്തിലേക്കു വേലായുധന്റെ പേരും ചേർക്കപ്പെടുകയാണ്. പണ്ടു ഞാൻ തലശ്ശേരിയിൽ മത്സരിച്ചു തോറ്റു. അതിലൂടെ ഞാൻ ഒരു കാര്യം പഠിച്ചു; തലശ്ശേരിക്കാർക്ക് എന്നെക്കാൾ ബുദ്ധിയുണ്ട്. തോറ്റത് എസ്.കെ.പൊറ്റെക്കാട്ട് എന്ന വലിയ മനുഷ്യനോടാണ് എന്നതിനാൽ മാരകമായ പരുക്കില്ലാതെ ഞാൻ രക്ഷപ്പെട്ടു.’’– സ്വയം വിമർശനത്തിനു വൻ കയ്യടി. കച്ച കെട്ടി, കിരീടം ചൂടി, മുഖത്ത് മനയോലയണിഞ്ഞു നിന്നിരുന്ന ഞാൻ പ്രസംഗമഴ തീർന്നപ്പോൾ കർട്ടന്റെ ഒരു വശം പാളി നോക്കി. ഒരു ചെറിയ മനുഷ്യനാണ് വൻ ജനക്കൂട്ടത്തെ ചിരിപ്പിക്കുന്നത്; ഞങ്ങളുടെ ഹെഡ് മാസ്റ്ററെ വിമർശിച്ച് കയ്യടി നേടുന്നത്.
എന്റെ അടുത്തുനിന്നിരുന്ന മലയാളം അധ്യാപകനോടു ഞാൻ ചോദിച്ചു: ‘‘മാഷേ ആരാ ആ പ്രസംഗിക്കുന്നത്?’’
‘‘അതാണ്, സുകുമാർ അഴീക്കോട്.’’
അഴീക്കോട് മാഷ് സമൂഹത്തിന്റെ അധ്യാപകനായിരുന്നു. ആശയങ്ങളുടെ മഹാപ്രവാഹത്തെ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന ഭാഷയിൽ പ്രഭാഷണ സദസ്സുകളെ ക്ലാസ് മുറിയാക്കിയ മഹാപ്രതിഭ. കേരളം മുഴുവൻ ഏഴു പതിറ്റാണ്ട് വാക്കിന്റെ യജമാനനായി സമൂഹത്തിനു വ്യക്തത പകർന്ന അഴീക്കോട്. അദ്ദേഹം സമൂഹത്തിന്റെ അധ്യാപകൻ മാത്രമല്ല, സമൂഹത്തെ ചികിത്സിച്ച ഭിഷഗ്വരൻ കൂടിയായിരുന്നു. പ്രഭാഷണ കലയിലൂടെ ചിന്തകൾ പങ്കിട്ട് സമൂഹത്തെ പലതും പഠിപ്പിച്ചു; പ്രതിരോധത്തിന്റെ ഔഷധങ്ങൾ പകർന്നു നൽകി.
അദ്ദേഹം തൃശൂർ വിയ്യൂരിൽ താമസം തുടങ്ങിയ കാലം. കഥാകൃത്ത് വി.ആർ.സുധീഷ് ആണ് എന്നെ സാറിന്റെ വീട്ടിൽ കൊണ്ടു പോകുന്നത്. അവിടേക്കു ചെല്ലുമ്പോൾ അൽപം ഭയത്തോടെ എന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. ഞാൻ കാരിക്കേച്ചർ അവതരിപ്പിച്ചപ്പോൾ കൊച്ചുകുഞ്ഞിനെപ്പോലെയാണ് അദ്ദേഹം പൊട്ടിച്ചിരിച്ചത്. കരുണാകരൻ, ഉമ്മൻ ചാണ്ടി, എ.കെ.ആന്റണി, വി.എസ്.... ഇവരെയെല്ലാം അവതരിപ്പിച്ചതു കണ്ടു അദ്ദേഹം കൈകൊട്ടി ചിരിച്ചു. ഒഎൻവിയെയും എംടിയെയും ചുള്ളിക്കാടിനെയും അവതരിപ്പിച്ചപ്പോൾ ആർത്തു ചിരിച്ചു. എന്നിട്ട് ഒരു ചോദ്യം: ‘‘എന്നെയും ആക്രമിക്കാറുണ്ടോ?’’
‘‘ഉവ്വ്് സർ’’– അവസരം മുതലെടുത്ത് ഞാൻ പറഞ്ഞു. അനുവാദം വാങ്ങി ഞാൻ അദ്ദേഹത്തെ അവതരിപ്പിച്ചു. ‘‘കടലിൽ കുളിച്ചിരുന്ന മനുഷ്യൻ ചെറുതായി ചെറുതായി ഒരു സ്പൂൺ വെള്ളത്തിലാണ് ഇപ്പോൾ കുളിക്കുന്നത്.’’ – ആ ആശയമാണ് ഞാൻ അഴീക്കോട് ശൈലിയിൽ അവതരിപ്പിച്ചത്. ‘‘ഇതൊക്കെ കോമാളിത്തത്തിലേക്കു വഴുതി വീഴാതെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് നിങ്ങളുടെ വിജയം’’– അദ്ദേഹത്തിന്റെ ആ വാക്കുകൾ വില പിടിച്ച സർട്ടിഫിക്കറ്റ് ആയി ഇപ്പോഴും ഉള്ളിൽ സൂക്ഷിക്കുന്നു. ഞാൻ ആ കാലുകളിൽ വീണു. പിന്നെ, അദ്ദേഹം വീട്ടിൽ വിശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ഞാൻ പോയി കാണും. എന്തിനെക്കുറിച്ചും അദ്ദേഹം സംസാരിക്കും. ‘‘ഹിംസയെക്കാൾ ക്രൂരമായ ഒന്നാണ് അഴിമതി. രാഷ്ട്രീയക്കാർ താനേ പഠിക്കുന്ന അഭ്യാസമാണത്. പ്രസവിച്ച കുഞ്ഞ് അമ്മയുടെ മുലപ്പാൽ തേടി പോകുന്നതുപോലെ രാഷ്ട്രീയക്കാർ അഴിമതി തേടിപ്പോകുന്നു. മേലനങ്ങാതെ, വിയർക്കാതെ ഒരു ജോലിയും ചെയ്യാതെ സമ്പാദിക്കുന്നവർ. പേര് ജനസേവനമെന്നും. ജനപ്രതിനിധി എന്നാണു സ്വയം നിർവചനം. ജനങ്ങളുടെ നിധി അപഹരിച്ച് പ്രതികളായവർ.’’– അദ്ദേഹം ആരെയും വിടാറില്ല.
മൂല്യങ്ങളെ തിരിച്ചു പിടിക്കാൻ നർമത്തെ ആയുധമാക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചിട്ടുണ്ട്. ‘‘ പറയാനുള്ളത് ധൈര്യമായി പറയണം. താഴ്ന്നു കൊടുക്കരുത്. താഴ്ന്നു കൊടുത്താൽ തലയ്ക്കു മുകളിൽ വലിയ കാലടികൾ പതിയും. പാതാളം സ്വയം തുറക്കും. ആക്ഷേപഹാസ്യം ചിരിയോടെ ജനം ആസ്വദിക്കും. വിമർശിക്കപ്പെടുന്നവനും ചിരിക്കും.’’ ഒരിക്കൽ പ്രസംഗ വിദ്യാർഥികളെ നോക്കി അദ്ദേഹം പറഞ്ഞു; ‘‘അനീതിയെ എതിർക്കാൻ എന്റെ ശരീരത്തിനാകില്ല. എന്റെ വാക്കുകളുടെ ശക്തിയുണ്ടല്ലോ. അതിലൂടെ ഞാൻ പ്രതികരിക്കും, പ്രതിരോധിക്കും.’’ പിന്നീടൊരിക്കൽ അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ: ‘‘എന്നെ കല്ലെറിഞ്ഞു ഭീഷണിപ്പെടുത്താൻ നോക്കണ്ട. മൈക്ക് കല്ലിനെ തടയും. മൈക്കിനെക്കാൾ മെലിഞ്ഞ എന്നെ കല്ലിനു സ്പർശിക്കാനാവില്ല’’. എനിക്കു ജീവിതത്തിലൊരു പ്രതിസന്ധിഘട്ടം വന്നപ്പോൾ അദ്ദേഹം എന്നെ ഉപദേശിച്ചത്, മഹാന്മാരുടെ ജീവചരിത്ര കൃതികൾ വായിക്കാനാണ്. അപ്പോൾ നമ്മുടെ പ്രശ്നം നിസ്സാരമായി തോന്നും.– അദ്ദേഹം പറഞ്ഞു.
അവസാനം, 40 ദിവസത്തോളമാണ് അദ്ദേഹം ആശുപത്രിയിൽ ഉണ്ടായത്. അപ്പോൾ മിക്ക ദിവസവും പോയിക്കാണുമായിരുന്നു. ഇടയ്ക്ക് 2 ദിവസം മുടങ്ങി. അടുത്ത ദിവസം കാണാൻ ചെന്നപ്പോൾ, രണ്ടു ദിവസം വടക്കൻ ജില്ലകളിൽ പ്രോഗ്രാം ആയിരുന്നു എന്ന് ഞാൻ അറിയിച്ചു. ആ അവശതയിലും അഴീക്കോടിന്റെ മറുപടി ഇതായിരുന്നു: ‘‘ഇനി 2 ദിവസം താൻ ഇവിടെ കിടക്ക്; ഞാൻ പോയി 2 പ്രസംഗം നടത്തിയിട്ടു വരാം.’’. ആശുപത്രിക്കിടക്കയിലും അഴീക്കോട് അഴീക്കോട് തന്നെ!! ഇതുപോലെ പ്രസംഗ വേദികളിലും അല്ലാതെയും അദ്ദേഹം തന്നെ നടത്തിയ ഉള്ളിൽ തറയ്ക്കുന്ന ‘ആക്രമണങ്ങളാണ്’ അഴീക്കോടിനുള്ള നിത്യസ്മാരകങ്ങൾ.