ADVERTISEMENT

മഞ്ഞ് നൽകുന്ന പാഠങ്ങളുമായാണ് ധ്രുവങ്ങളിൽനിന്ന് ഓരോ തവണയും ഡോ.ഫെമി അന്ന തോമസ് മടങ്ങി വരുന്നത്. ധ്രുവ മലിനീകരണത്തിനെതിരെയുള്ള മാർഗങ്ങൾ തേടിയാണ് ഉത്തര, ദക്ഷിണധ്രുവങ്ങളിൽ താരതമ്യേന ചെറുപ്രായത്തിൽ എത്താൻ കഴിഞ്ഞ ഈ ഗവേഷകയുടെ യാത്രകൾ. ആഗോള താപനവും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും ധ്രുവങ്ങളെ ബാധിക്കുന്നതിന്റെ ഗുരുതരമായ ചിത്രമാണ് ഫെമിയുടെ പഠനങ്ങൾ നൽകുന്നത്. പ്ലാസ്റ്റിക്കിനെ തിന്നുന്ന ബാക്ടീരിയകളെ കണ്ടെത്താനായേക്കും എന്ന ശുഭപ്രതീക്ഷയും ഈ യുവഗവേഷക പങ്കുവയ്ക്കുന്നു.

മഞ്ഞുപാളികളിലെ വില്ലൻ

ആലുവ യുസി കോളജ് ജന്തുശാസ്ത്രം അധ്യാപികയായ ഫെമി 2017ൽ 26ാം വയസ്സിലാണ് ആദ്യമായി ആർട്ടിക്കിൽ എത്തുന്നത്. 2018 ൽ വീണ്ടും 2 തവണ പോയി. ആർട്ടിക്കിൽ മഞ്ഞുപാളികളും കടലും ചേരുന്ന ഫ്യോഡ് എന്ന ഭാഗം നമ്മുടെ കായൽ പോലെയാണ്. ഇവിടുത്തെ ലോഹ മലിനീകരണത്തെക്കുറിച്ചായിരുന്നു ഗോവ നാഷനൽ പോളാർ സെന്ററിലെ ഡോ.കെ.പി.കൃഷ്ണന്റെ നേതൃത്വത്തിൽ ആദ്യ ഗവേഷണം. രസത്തിന്റെയും ഈയത്തിന്റെയും സാന്നിധ്യം അവിടുത്തെ മ‍ഞ്ഞിലും എക്കലിലും ഉണ്ടെന്നു തിരിച്ചറിയാൻ ഈ പഠനം സഹായിച്ചു.

അന്റാർട്ടിക്കയിൽ ബാക്ടീരിയകളിലെ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യമായിരുന്നു ഏറ്റവും ഒടുവിലത്തെ യാത്രയുടെ പഠനവിഷയം. കുഫോസിലെ ഡോ. അനു ഗോപിനാഥും ഈ സംയുക്ത ഗവേഷണത്തിനു നേതൃത്വം നൽകുന്നു. 5 മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് പൊടികളും തരികളും അന്റാർട്ടിക്കയിൽ വ്യാപകമായതായി ഫെമി പറയുന്നു. മഞ്ഞുപാളിക്കുള്ളിൽ കഴിഞ്ഞ ഫിനൈലോ ബാക്ടീരിയം ഗ്ലേസി എന്ന പുതിയ ബാക്ടീരിയയെ വേർതിരിക്കാൻ കഴിഞ്ഞതും നേട്ടമായി. കാർബൺ ഉൾപ്പെടെ പലതിനെയും വലിച്ചെടുക്കാൻ ഈ ബാക്ടീരിയയ്ക്കു കഴിയും. ആന്റിബയോട്ടിക്കിനെ അതിജീവിക്കും. വെള്ളത്തിൽ ലോഹസാന്നിധ്യവും കണ്ടെത്തി. എല്ലാം വൻകരകളിൽ നിന്ന് ഒഴുകിയെത്തിയവ. നാം ഓരോരുത്തരും വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പതിനായിരം കിലോമീറ്റർ സഞ്ചരിച്ചു ധ്രുവങ്ങളിൽ എത്തി എന്നതാണ് യാഥാർഥ്യം. പെൻഗ്വിന്റെ കാഷ്ഠമായ സ്കാറ്റിൽ പോലും പ്ലാസ്റ്റിക് തരി കണ്ടെത്തി. ഡോ.അനു ഗോപിനാഥ്, എംജി സർവകലാശാലയിലെ ഡോ.ഇ.വി.രാമസ്വാമി തുടങ്ങിയവരുടെ പഠനങ്ങൾ ഈ രംഗത്തെ ഗവേഷകർക്ക് ഏറെ സഹായകമാണെന്നു ഫെമി പറയുന്നു.

ഒഴുകിയെത്തുന്ന ആന്റിബയോട്ടിക്

ധ്രുവങ്ങളിലെ മണ്ണു കൂടി ഉൾപ്പെട്ട പെർമാഫ്രോസ്റ്റിൽ ഉറങ്ങി കിടക്കുന്ന രോഗാണുവാഹകരായ പല ബാക്ടീരിയകളും ആഗോള താപനം മൂലം മഞ്ഞുരുകിയാൽ ഉറക്കം വിട്ടു പുറത്തുവരുമെന്നു ഫെമി പറയുന്നു. ഈ ജലം കടലുകൾ കടന്നു ലോകമെങ്ങും എത്തുമ്പോൾ ഇനിയും പ്രതിരോധ മരുന്നുകൾ കണ്ടുപിടിച്ചിട്ടില്ലാത്ത ബാക്ടീരിയകൾ മനുഷ്യരാശിക്കു ഭീഷണി ഉയർത്തിയേക്കാം. മഞ്ഞുരുകൽ ആരംഭിച്ചു കഴിഞ്ഞു.

പുറംലോകം അറിയാത്ത ഇത്തരം ഒട്ടേറെ അണുക്കളെ പ്രകൃതി പൂട്ടിയിട്ടിരിക്കുന്ന കാരാഗൃഹം കൂടിയാണ് ധ്രുവപ്രദേശങ്ങൾ. ഭൂമധ്യരേഖ കടന്നു തെക്കോട്ടും വടക്കോട്ടും പറക്കുന്ന ആള (ടേൺ) പോലെയുള്ള ദേശാടനപക്ഷികളിലൂടെയും മറ്റും ഇവ എവിടെയും എത്തിച്ചേരാമെന്നു കുസാറ്റിലെ ഡോ.എ.എ.മുഹമ്മദ് ഹാത്തയുടെയും മറ്റും പഠനം തെളിയിച്ചിട്ടുണ്ട്. പല ബാക്ടീരിയകളും ആന്റിബയോട്ടിക്കുകൾക്ക് എതിരെ പ്രതിരോധം (എഎംആർ) ആർജിച്ചവയാണ് എന്നതും ഭാവിയിൽ ഭീഷണി സൃഷ്ടിച്ചേക്കാം. സമുദ്രജലപ്രവാഹങ്ങളിലൂടെ ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ ധ്രുവങ്ങളിൽ വരെ സാന്നിധ്യമറിയിച്ചു എന്നതു ലോകം ഗൗരവമായി കാണേണ്ട വിഷയമാണ്. ടൂറിസം, കടൽഖനനം, കപ്പൽഗതാഗതം, ഡ്രില്ലിങ് എന്നിവയെല്ലാം ധ്രുവങ്ങളുടെ സുസ്ഥിരതയ്ക്കു വെല്ലുവിളിയാണ്.

മഞ്ഞറിഞ്ഞ യാത്രകൾ

2017ലും 2018ലും ഇന്ത്യയുടെ ആർട്ടിക് ദൗത്യത്തിൽ പങ്കാളിയായിട്ടുള്ള ഡോ.ഫെമിയുടെ ഇത്തവണത്തെ യാത്ര ആന്റാർട്ടിക്കയിലേക്കായിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നാണ് യാത്ര തുടങ്ങിയത്. മഞ്ഞുപാളികളെ കീറിമുറിച്ചു പോകാൻ ശേഷിയുള്ള എംവി വാസ്‌ലി ഗൊളോവ്‌നിൻ എന്ന 170 മീറ്റർ നീളമുള്ള റഷ്യൻ കാർഗോ ഗവേഷണ കപ്പലിൽ രണ്ടാഴ്ചയിലേറെ സഞ്ചരിച്ചാണ് 44–ാം ഇന്ത്യൻ ദൗത്യസംഘം ജനുവരി അവസാനം ലക്ഷ്യത്തിലെത്തിയത്. ഇന്ത്യയുടെ ഭാരതി സ്റ്റേഷനിലേക്കു കപ്പലിൽ നിന്നു തന്നെ ഹെലികോപ്റ്റർ ക്രമീകരിച്ചിരുന്നു. റിസർച് സ്റ്റേഷനിൽ ഒരു വർഷത്തേക്ക് ആവശ്യമായ പാൽ മുതൽ മരുന്നു വരെയുള്ള സാധനങ്ങളും കയറ്റിയാണ് വാസ്‌ലിയുടെ വരവ്.

പർവത–മഞ്ഞുമല പരിശീലനത്തിനും ഉത്തരാഖണ്ഡിലെ ഔലിയിലുള്ള ഐടിബിപി കേന്ദ്രത്തിലെ പരിശീലനത്തിനും ശേഷമാണ് ഇന്ത്യൻ സംഘം യാത്ര തിരിക്കുന്നത്. ആക്രമണം ഉണ്ടായാൽ സ്വയരക്ഷയ്ക്കായി ഹിമക്കരടിയെ വെടിവയ്ക്കാനുള്ള തോക്ക് പരിശീലനവും പ്രധാനമാണ്. കഠിനമായ തണുപ്പും ഹിമക്കാറ്റും ഉള്ള ധ്രുവ കാലാവസ്ഥയുമായി ചേർന്നു പോകാൻ ആവശ്യമായ അക്ലിമറ്റൈസേഷൻ പരിശീലനവും ഉണ്ട്. ഒരു വർഷം ഒന്നോ രണ്ടോ കപ്പലുകളാണ് കേപ് ടൗണിൽ നിന്ന് ഇന്ത്യൻ സംഘവുമായി പര്യവേക്ഷണത്തിന് തിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് മൺസൂണിനെയും ധ്രുവകാലാവസ്ഥയെയും പഠിക്കാനാണ് പോകുന്നതെങ്കിൽ ഐഎസ്ആർഒ ഉപഗ്രഹ നിരീക്ഷണം നടത്താൻ പോകുന്നു. നേവിയുടെ ഗവേഷകർ ബാത്തിമെട്രിയും കടൽ ജലനിരപ്പിലെ ഏറ്റക്കുറച്ചിലുകളും പഠിക്കും. സമുദ്രതാപനില ഉൾപ്പെടെ എൻസിപിഒആർ പഠിക്കുന്നു. ഇങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങളോടെയാണ് ഓരോ വിഭാഗവും ഒരു കപ്പലിൽ കയറുക.

സ്ത്രീകൾക്കു ധ്രുവങ്ങളിൽ പോകാനാവുമോ എന്ന് അതിശയത്തോടെ പലരും ചോദിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളിൽനിന്നെത്തി ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ ഗവേഷണം ചെയ്യുന്ന വനിതകളുടെ സാന്നിധ്യമാണ് തന്റെ മറുപടിയെന്നും ഫെമി പറയുന്നു. മാതാപിതാക്കളായ തിരുവല്ല വളഞ്ഞവട്ടം മടയ്ക്കൽ ഫെമി വില്ലയിൽ എൻ.വി. തോമസിന്റെയും ഉഷ തോമസിന്റെയും പാലിയോ ഓഷ്യനോഗ്രഫി ഗവേഷകനായ ഭർത്താവ് ഡോ. ഹരികൃഷ്ണൻ ഗുരുവായൂരപ്പന്റെ പിന്തുണയും തന്റെ യാത്രകൾക്കുണ്ടെന്ന് ഫെമി പറയുന്നു.

നി അലിസുൻഡ്: ലോകത്തിന്റെ ശാസ്ത്ര ഗ്രാമം

ആർട്ടിക്കിൽ നോർവേയോടു ചേർന്നുള്ള സ്വാൾബാർഡ് ദ്വീപിലെ നി അലിസുൻഡ് ലോകത്തിന്റെ ശാസ്ത്ര ഗ്രാമമാണ്. 11 രാജ്യങ്ങൾ ഇവിടുത്തെ വീടുകളിൽ നല്ല അയൽക്കാരായി കഴിയുന്നു. 1950ൽ ദ്വീപിലെ കൽക്കരി ഖനികൾ അടച്ചുപൂട്ടിയതോടെ തൊഴിലാളികൾ ഉപേക്ഷിച്ച വീടുകളാണ് ഗവേഷണ കേന്ദ്രങ്ങളായി മാറിയത്. ഓരോ വീടും ഇവിടെ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്നു.

അന്റാർട്ടിക്കയിൽ നിന്നുള്ള അറോറ (ധ്രുവദീപ്തി)യുടെ 
കാഴ്ച.
അന്റാർട്ടിക്കയിൽ നിന്നുള്ള അറോറ (ധ്രുവദീപ്തി)യുടെ കാഴ്ച.

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ ഇറങ്ങി അവിടെ നിന്ന് ലോങ്‌യ‌്യാർബ്യെൻ വിമാനത്താവളത്തിൽ എത്തിയ ശേഷം ചെറിയ ജെറ്റ് വിമാനത്തിൽ മാത്രമേ നി അലിസുൻഡിൽ എത്താനാവൂ. ലോകത്തെ 9 ലക്ഷത്തോളം വിവിധ വിത്തുകൾ ഭാവിയിലേക്കു മഞ്ഞുകമ്പളത്തിൽ സൂക്ഷിക്കുന്ന വിത്തുകല്ലറ സ്ഥിതിചെയ്യുന്നതും സ്വാൾബാർഡിലാണ്. കിങ്സ് ബേ എന്ന കമ്പനിക്കാണ് 79 ഡിഗ്രി വടക്കൻ അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്ന ആഗോള ടൗൺഷിപ്പിന്റെ നടത്തിപ്പ് ചുമതല. ലോകത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ആഗോള പോസ്റ്റ് ഓഫിസ് നി അലിസുൻഡ് ആണ്.

ഹിമാദ്രിയാണ് ഇന്ത്യയുടെ റിസർച് സ്റ്റേഷൻ. സംഘമായാണ് ഗോവ നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർചിലെയും സർവകലാശാലകളിലെയും ഐഐടികളിലെയും ഭൗമപഠന കേന്ദ്രങ്ങളിലെയും മറ്റും ഗവേഷകർ ഇവിടം സന്ദർശിക്കുന്നത്.

English Summary:

Polar Researcher Dr. Femi Anna Thomas: Fighting Plastic Pollution in the Arctic and Antarctic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com