Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവവിരൽ

clint2 ക്ലിന്റ്

ദൈവത്തിന്റെ കളഞ്ഞുപോയൊരു വിരലായിരുന്നു ക്ലിന്റ്. ഭൂമിയിലൊരു കുരുന്ന് ചിത്രങ്ങൾകൊണ്ടു വിസ്മയം തീർക്കുന്നുവെന്നറിഞ്ഞപ്പോഴാകാം നഷ്ടപ്പെട്ട വിരലിനെക്കുറിച്ചു ദൈവം ഓർത്തത്. വിണ്ണിൽനിന്നു മണ്ണിലേക്കുവീണ ആ വിരൽ, ദൈവം തന്റെ കയ്യോടു വീണ്ടും ചേർത്തപ്പോൾ എഡ്മണ്ട് തോമസ് ക്ലിന്റെന്ന ചിത്രവിസ്മയം ഓർമയായി. ഭൂമിയിൽ ജീവിച്ച ആറു വർഷവും 10 മാസവും 26 ദിവസവും മൂന്നു മണിക്കൂറുംകൊണ്ട് അവൻ വരച്ച് ലോകത്തിനു സമ്മാനിച്ചത് 26,000 ചിത്രങ്ങൾ.

ദിവസം നൂറു ചിത്രങ്ങൾ വരെ വരച്ചിട്ടുള്ള ക്ലിന്റ് ജീവിച്ചിരുന്നെങ്കിൽ ഈ മേയ് 19ന് അവന്റെ 40–ാം പിറന്നാൾ ആകുമായിരുന്നു. അങ്ങനെയായിരുന്നെങ്കിൽ അവൻ വരച്ചു വരച്ചു വരച്ച് ഈ ഭൂമിയെ ഒരു ചിത്രകൂടാരമാക്കി മാറ്റിയേനെ. എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്‌വു‍‍ഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി കോർത്തിണക്കിയ ‘എഡ്മണ്ട് തോമസ് ക്ലിന്റ്’ എന്ന പേരുകാരൻ കീഴടക്കിയത് എവറസ്റ്റിനെക്കാൾ ഉയരങ്ങളാണ്; ലോകത്തിന്റെ ഓർമകളിൽ ബാക്കിയാക്കിയത് വിസ്മയ വിരലുകളിൽനിന്നു വിരിഞ്ഞ കാഴ്ചവസന്തങ്ങളും.

തങ്ങളുടെ മനസ്സിലെ പൊന്നോമനയായി ഇപ്പോഴും ചിരിച്ചുനിൽക്കുന്ന ക്ലിന്റിന്റെ ഓർമകളിൽ നിറഞ്ഞ് എറണാകുളം കലൂർ ജഡ്ജസ് അവന്യുവിലെ വീട്ടിലുണ്ട് അച്ഛൻ എം.ടി.ജോസഫും അമ്മ ചിന്നമ്മയും. കടന്നുപോയ വർഷങ്ങളെക്കുറിച്ച് ഒന്നുമോർമിക്കാതെ അവർ പറയുന്നു: അവനിപ്പോഴും ഞങ്ങളുടെ ഉള്ളിലെ കുഞ്ഞാണ്. ചോക്കുകൾക്കും ചായക്കൂട്ടുകൾക്കുമൊപ്പം മാത്രം ജീവിച്ച കുഞ്ഞിന്റെ മുഖം അവരിലിപ്പോഴും നിറയ്ക്കുന്നുണ്ട് പേരറിയാത്ത പല പല വികാരങ്ങൾ. സന്തോഷവും സങ്കടവും അഭിമാനവും നൊമ്പരവുമെല്ലാമായി ഇവരിൽ ജീവിക്കുകയാണ് ക്ലിന്റ് എന്ന കുരുന്ന്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ക്ലിന്റിന്റെ ചിത്രങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ സജീവമായി നടന്നുകൊണ്ടിരിക്കുമ്പോൾ സർവപിന്തുണയുമായി കൂടെയുണ്ട്, മകനുവേണ്ടിമാത്രം ജീവിച്ച ഈ മാതാപിതാക്കൾ. തങ്ങളുടെ കാലശേഷം, ഇപ്പോൾ താമസിക്കുന്ന വീടും ക്ലിന്റിന്റെ ചിത്രസ്മാരകത്തിനുവേണ്ടി കൈമാറാനുള്ള തീരുമാനത്തിലാണിവർ.

ക്ലിന്റിന്റെ മരണശേഷം ആ ചിത്രങ്ങളെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ ബൽജിയം സ്വദേശിയും ഇംഗ്ലണ്ടിൽനിന്ന് രണ്ടു മക്കളുമായെത്തി നിറകണ്ണുകളോടെ ക്ലിന്റിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്ന കുടുംബവുമൊക്കെ ഇക്കാലമത്രയും കഴിഞ്ഞിട്ടും ഇവരുടെ മനസ്സിൽ‌ ജ്വലിച്ചുതന്നെ നിൽക്കുന്നു.

പുലരൊളിയിൽ

1976 മേയ് 19നു ജനിച്ച ക്ലിന്റ് ജീവിച്ചത് 2522 ദിവസങ്ങൾ മാത്രമാണ്. മൂന്നാം വയസ്സിൽ പനിക്കു മാറിനൽകിയ മരുന്നാണു മകനെ വൃക്കരോഗിയാക്കിയതെന്നും പിന്നീടു മരണത്തിലേക്കു നയിച്ചതെന്നും മാതാപിതാക്കൾ പറയുന്നു. 1983 ഏപ്രിൽ 15ന് നിറമുള്ള ഓർമകൾ ബാക്കിയാക്കി ക്ലിന്റ് വിടപറഞ്ഞു. ഈ ക്ഷണനേരത്തിനിടെയാണ് ഒരായുസ്സോളം നീളമുള്ള വർണപ്രപഞ്ചം ഈ കൊച്ചുമിടുക്കൻ സൃഷ്ടിച്ചെടുത്തത്.

clint-parents ക്ലിന്റിന്റെ മാതാപിതാക്കൾ.

കഥ കേൾക്കാനേറെ കൊതിയുള്ള കുട്ടിയായിരുന്നു ക്ലിന്റ്. അമ്മയായിരുന്നു അവന്റെ കൂട്ട്. അമ്മ പറഞ്ഞുകൊടുക്കുന്ന കഥകൾ അവനിൽ കാഴ്ചയുടെ വലിയ ലോകങ്ങൾ തുറന്നു. അച്ഛൻ വായിച്ചുകൊടുക്കുന്ന കഥകൾ അവന്റെ ഭാവനയെ പ്രായത്തിനപ്പുറത്തേക്കു വളർത്തി. ഒരു വയസ്സുമുതലേ കയ്യിൽ കിട്ടിയതെന്തും വരയായുധമാക്കിയ ക്ലിന്റ് ഒരിക്കലും അടങ്ങിയിരുന്നില്ല.

ചെറിയ കല്ലെടുത്ത് വീടിന്റെ നടുമുറിയിൽ കിടന്നുകൊണ്ടു വൃത്തം വരച്ചുതുടങ്ങിയ ക്ലിന്റ് പിന്നീട് ക്രയോൺസിലും ജലച്ചായത്തിലും ഓയിൽ പെയിന്റിങ്ങിലുമൊക്കെ വിസ്മയം കാട്ടി. കാക്കയും കുയിലും മൂങ്ങയും മരപ്പട്ടിയും പാമ്പും എലിയും പുലിയുമൊക്കെ അവന്റെ വരച്ചങ്ങാതിമാരായി. കാറും തീവണ്ടിയും വിമാനവും അവന്റെ കുഞ്ഞാകാശങ്ങളെ വിശാലമാക്കി. ഉൽസവക്കാഴ്ചകളുടെ വർണവൈവിധ്യങ്ങൾ അവന്റെ കൈയടക്കത്താൽ മുദ്രിതമായി.

പുലരിയും സായാഹ്നവും കടലുമൊക്കെ കടലാസ്സിൽ അവൻ മെനഞ്ഞെടുത്തു. ക്ലിന്റിന്റെ മഹാഭാരത ചിത്രപരമ്പര ഒരു കുരുന്നിന്റെ വിരലാൽ വിരിഞ്ഞതാണെന്നുകണ്ട് അമ്പരന്നവർ ഏറെയാണ്. ഭഗവാന്റെ വിശ്വരൂപം മുതൽ ശരശയ്യ വരെ ഉൾപ്പെട്ട ആ ചിത്രസഞ്ചയം കാണികളെ ക്ലിന്റിന്റെ ആരാധകരാക്കി.

ഇല്ലാത്ത ‘അരുത്’

ക്ലിന്റിനോട് ഒരിക്കലും ‘അരുത്...’ എന്നു പറയാത്ത ഒരമ്മയായിരുന്നു അവന്റെ ഭാഗ്യമെന്ന് അച്ഛൻ പറയും. വരയ്ക്കാനെല്ലാം വാങ്ങിക്കൊടുക്കുന്ന അച്ഛനും മോശമല്ലെന്ന് അമ്മയും. കല്ലുകളിൽനിന്നു തുടങ്ങിയ വരയിൽ പിന്നീട് നിറങ്ങളുടെ ചാകരയായപ്പോൾ ഡൽഹിയിലും മുംബൈയിലും നിന്നെല്ലാം നിറക്കൂട്ടുകൾ വാങ്ങിയെത്തിച്ചു അവർ.

മകനു വായിച്ചുകൊടുക്കാൻ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ തപ്പിപ്പിടിച്ചു. മനോരമ ആഴ്ചപ്പതിപ്പിലെ കോട്ടയം പുഷ്പനാഥിന്റെ കഥകളിൽനിന്ന് അവൻ വലിയ ഊർജമാണുൾക്കൊണ്ടത്. നോവലിനൊപ്പമുള്ള ചിത്രങ്ങൾ കണ്ട് കഥ സ്വയം സങ്കൽപ്പിച്ചു. പിന്നീട് അമ്മ വായിച്ചുകൊടുക്കുന്ന കഥയിലും അതുതന്നെയാണെന്നറിഞ്ഞ് അവനദ്ഭുതപ്പെട്ടു. വരച്ച ചിത്രങ്ങൾ കൃത്യമായി സൂക്ഷിച്ചുവയ്ക്കാത്തതിന് അമ്മയോട് ഗൗരവപ്പെട്ടും അച്ഛനുമായി കഥാചർച്ചകൾ നടത്തിയും ക്ലിന്റിന്റെ കുട്ടിത്തം തിരക്കേറിയതായി.

ഒന്നേകാൽ വയസ്സിൽ വരയ്ക്കാൻ കടലാസുകൾ വാങ്ങിക്കൊടുത്ത മാതാപിതാക്കൾ പിന്നീട് വരക്കടലാസ്സുകൾ വാങ്ങിമടുത്തു. ചിത്രങ്ങൾ സൂക്ഷിക്കാൻ നൽകിയ കാർഡ്ബോർഡ് പെട്ടികൾ അനുക്ഷണം നിറഞ്ഞുകൊണ്ടിരുന്നു. അമ്മയതു ഭദ്രമായി അലമാരയിലേക്കു മാറ്റുമ്പോൾ അവൻ കാർഡ് ബോർഡ് പെട്ടികൾ വീണ്ടും നിറയ്ക്കാൻ തുടങ്ങും. ഒരിക്കലും വാശിപിടിച്ചു കരയാത്ത കുഞ്ഞായിരുന്നു ക്ലിന്റ്. അതിനവനു സമയമുണ്ടായിരുന്നില്ലെന്നതാണു വാസ്തവം.

മുച്ചിലോട്ടു ഭഗവതിത്തെയ്യം

ക്ലിന്റ് അവസാനം വരച്ച ജലച്ചായ ചിത്രമായിരുന്നു മുച്ചിലോട്ടു ഭഗവതിയുടേത്. കോഴിക്കോട്ടുനിന്നു കൊയിലാണ്ടിയിലേക്കു പിതാവുമൊത്തുള്ള യാത്രയ്ക്കിടെയാണ് വഴിവക്കിൽ അവൻ തെയ്യത്തിന്റെ കാഴ്ച കാണുന്നത്. ട്രാഫിക് ബ്ലോക്കിൽ പെട്ടുകിടന്ന ഏതാനും നിമിഷങ്ങളിൽ കണ്ട ഈ ദൃശ്യം ക്ലിന്റ് പിന്നീട് ചിത്രത്തിലാക്കി.

clint1

ക്ലിന്റിന്റെ മരണശേഷം തിരുവനന്തപുരം കനകക്കുന്നിൽ ഒരോണക്കാലത്തു നടത്തിയ പ്രദർശനത്തിൽ ഈ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ഈ ചിത്രം കണ്ട യുവാവായ ഒരു തെയ്യംകലാകാരൻ ചിത്രം കണ്ടശേഷം ഒന്നും മിണ്ടാതെ മടങ്ങി. പിന്നീട് അദ്ദേഹം കൂട്ടിക്കൊണ്ടുവന്ന മുതർന്നൊരു തെയ്യംകലാകാരൻ ചിത്രം നോക്കിനിന്നശേഷം ജോസഫിനോടു ചോദിച്ചു– ‘ചിത്രം വരച്ചയാളെ വിളിക്കാമോ’ എന്ന്. ചിത്രകാരൻ ജീവിച്ചിരിപ്പുണ്ടോ എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം.

അതിന്റെ കാരണവും അദ്ദേഹംതന്നെ വെളിപ്പെടുത്തി. തെയ്യംകെട്ടുമ്പോൾ പോലും മുച്ചിലോട്ടു ഭഗവതിയുടെ രൂപം അതിന്റെ സമ്പൂർണതയിൽ അവർ കെട്ടാറില്ലത്രേ. അങ്ങനെ ചെയ്താൽ മരണമായിരിക്കും ഫലം. എന്നാൽ ക്ലിന്റിന്റെ ചിത്രം അത്രമേൽ പൂർണമാണ്. അപ്പോൾ ചിത്രകാരൻ...? അന്നത്തെ ആ സംഭാഷണം അതുപോലെ ഓർമയുണ്ട് ജോസഫിന്. നിമിഷനേരം മാത്രം കാഴ്ചയിൽ വിരിഞ്ഞ ഒരു അപരിചിത ദൃശ്യത്തെ അത്രമേൽ പൂർണതയിൽ വരയ്ക്കാൻ ക്ലിന്റിനു ശക്തി കൊടുത്തത് ആരായിരിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല ഈ മാതാപിതാക്കൾക്ക്.

അതിശയ ബാല്യം

അസാധാരണ കുട്ടിയായിരുന്നു ക്ലിന്റെന്ന് മാതാപിതാക്കൾ ഓർക്കുന്നു. ബാസ്കറ്റ് ബോൾ താരമായിരുന്നു ചിന്നമ്മ. ഗുസ്തിയിലൊക്കെ കഴിവു തെളിയിച്ചയാളാണ് ജോസഫ്. അതുകൊണ്ടുതന്നെ നല്ല ആരോഗ്യമുള്ള കുട്ടിയായിരുന്നു ക്ലിന്റെന്ന് ഇവർ പറയുന്നു. പനിയെത്തുടർന്നു കൊടുത്ത മരുന്നുകളാണ് അവന്റെ വൃക്കകളെ തകരാറിലാക്കിയത്. ഏഴു വയസ്സുകടന്നാൽപ്പി‌ന്നെ പേടിക്കേണ്ടതില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. എന്നാലതിനു കാത്തുനിൽക്കാതെ ഏഴാംപിറന്നാളിന് ഒരു മാസം ശേഷിക്കെ ക്ലിന്റ് ലോകമെന്ന ക്യാൻവാസ് വിട്ടൊഴിഞ്ഞു. അവന്റെ മരണശേഷമാണ് തങ്ങൾപോലും പല ചിത്രങ്ങളും വിശദമായി കണ്ടതെന്നു മാതാപിതാക്കൾ പറയുന്നു. വരച്ചയുടൻ ഭിത്തിയിൽ ചാരിവച്ച് ചിത്രത്തിൽ നോക്കി ആസ്വദിക്കുന്ന മകന്റെ ദൃശ്യമുണ്ട് ഇവരുടെ മനസ്സിലിപ്പോഴും.

ശേഷം

ക്ലിന്റിനെയും ചിത്രങ്ങളെയുംകുറിച്ച് ശിവകുമാർ എന്ന ചലച്ചിത്രകാരൻ എടുത്ത ഡോക്യുമെന്ററി ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രദർശിപ്പിക്കപ്പെട്ടു. ഒട്ടേറെ ബഹുമതികളും ഇതിനു ലഭിച്ചു. ആംസ്റ്റർഡാം ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം കണ്ട ക്ലിന്റ് ഈസ്റ്റ്‌വുഡ് തന്റെയൊരു ചിത്രത്തിൽ കയ്യൊപ്പിട്ട് ജോസഫിന് അയച്ചുകൊടുത്തു. അതിലിങ്ങനെ എഴുതിയിരുന്നു: ‘എന്റെ പേരുള്ള നിങ്ങളുടെ മകന്റെ വിയോഗത്തിൽ അഗാധമായ സങ്കടമെന്ന്...’ പിന്നീടൊരിക്കൽക്കൂടി ഈസ്റ്റ്‌വുഡ് ക്ലിന്റിന്റെ ഓർമകളിൽ ഇവർക്കെഴുതി.

ഇപ്പോഴും ക്ലിന്റിന്റെ ചിത്രങ്ങളും വീടും തേടി ഒട്ടേറെപ്പേർ ഇവരുടെയടുക്കൽ എത്താറുണ്ട്. ആരെയും നിരാശരാക്കാറില്ല ജോസഫും ചിന്നമ്മയും. കാലം ലോകത്തിനായി കാത്തുവച്ച ചിത്രങ്ങൾ അവർ സ്നേഹത്തോടെ ഇതൾ വിടർത്തുന്നു. അവയിലൂടെ വിറയ്ക്കുന്ന വിരലുകളോടിക്കുമ്പോൾ അവർക്കറിയാം മകൻ ചിരിക്കുന്നുണ്ടാകുമെന്ന്.

മകന്റെ പേരുള്ള ‘ക്ലിന്റ് റോഡി’ലൂടെ നടക്കുന്നവർ അവനെ സ്നേഹത്തോടെ ഓർക്കുന്നത് ഇവരറിയുന്നു. മകൻ വരച്ച ചിത്രങ്ങളുടെ കാവലാളുകളായി എല്ലാനിമിഷവും ജീവിക്കുമ്പോൾ അവരറിയുന്നുണ്ട്, ഭാഗ്യംചെയ്ത തങ്ങളുടെ ജീവിതം. എല്ലായിടത്തുനിന്നും കേൾക്കുന്നുണ്ട് ഈ വിശേഷണം– ‘ക്ലിന്റിന്റെ അച്ഛനും അമ്മയും.’

Your Rating: