Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊരും പേരും ഏബ്രഹാം

Author Details
abraham

നാടു മുഴുവൻ നടന്നു പഴയ വീടുകളുടെ അവശേഷിപ്പുകൾ ശേഖരിച്ചു കൂട്ടിയപ്പോൾ ഏബ്രഹാം ആക്രിക്കട തുടങ്ങുന്നു എന്നു കരക്കമ്പിയിറങ്ങി. പെറുക്കിയ ആക്രിസാധനങ്ങൾ കൂട്ടിവച്ച് അതുകൊണ്ടൊരു നാലുകെട്ടു പണിതു തുടങ്ങിയപ്പോഴാണ് കളി കാര്യമാണല്ലോ എന്നു നാട്ടുകാർ തിരിച്ചറിഞ്ഞത്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ മല്ലപ്പള്ളിയിൽ പള്ളിക്കപ്പറമ്പിൽ ഏബ്രഹാം 60 വർഷം മുതൽ 300 വർഷം വരെ പഴക്കമുള്ള സാധനങ്ങൾകൊണ്ടൊരു നാലുകെട്ടു പണിയുകയാണ്. പതിനഞ്ചു മുറികളോടെ പതിനായിരം ചതുരശ്ര അടിയിലാണ് വീടു പണിയുന്നത്. വീടുകളും സ്കൂളുകളും ദേവാലയവും കടകളുമടക്കം പൊളിച്ചു കളഞ്ഞ കെട്ടിടങ്ങളുടെ ശേഷിപ്പുകൾ കൂട്ടിവച്ചാണ് ഈ സ്വപ്നസൗധം പണിതുയർത്തുന്നത്.

nalukettu ഏബ്രഹാമിന്റെ നാലുകെട്ട്

ഒരു വർഷം മുൻപു തുടങ്ങിയ നിർമാണം ഈ ഒക്ടോബറിൽ പൂർത്തിയാകും. തറയിൽ പാകിയിട്ടുള്ള ടൈൽ ഒഴികെ ഒരു വസ്തുപോലും നാലുകെട്ടിനുള്ളിൽ പുതിയതായില്ല. പഴയ വീടുകളിലെ ടൈലുകൾ പൊട്ടാതെ ഇളക്കിയെടുക്കാൻ കഴിയാത്തതുകൊണ്ടാണു പുതിയതിട്ടത്. ആരും നോക്കാനില്ലാത്ത മാതാപിതാക്കളെ, സ്മരണകൾ ചേർത്തുണ്ടാക്കുന്ന ഈ വീട്ടിൽ പാർപ്പിക്കുക എന്നതാണ് ഏബ്രഹാമിന്റെയും കുടുംബത്തിന്റെയും ലക്ഷ്യം. ഊര് എന്നാണ് വീടിനു പേരു നൽകിയിരിക്കുന്നത്.

ബൈബിളിൽ വിശ്വാസികളുടെ പിതാവായ ഏബ്രഹാമിന്റെ നാടാണ് ഊര്. കുടുംബത്തിലെ നാലു തലമുറകളിലെ എല്ലാവരുടെയും പേരിനൊപ്പം ഏബ്രഹാം എന്ന പേരുള്ളതിനാലാണ് ഊര് എന്ന പേര് തന്റെ കൂടാരത്തിനും ഏബ്രഹാം ചാർത്തി നൽകിയിരിക്കുന്നത്. പഴയ വസ്തുക്കൾകൊണ്ടാണു വീടു നിർമിച്ചിരിക്കുന്നതെങ്കിലും അത്യാധുനിക സൗകര്യങ്ങളെല്ലാം മുറികളിൽ ഒരുക്കിയിട്ടുണ്ട്. താമസിക്കുന്നവർക്കു യാതൊരു തരത്തിലും കുറവുകൾ വരരുതെന്നതു നിർബന്ധം. പുതിയ വീടുകളും കെട്ടിടങ്ങളും പണിയാൻ ഇനിയും പ്രകൃതിയെ ദ്രോഹിക്കരുതെന്നും അല്ലാതെയും വീടു പണിയാനാകും എന്നതിന്റെ പ്രത്യക്ഷ തെളിവാണു തന്റെ വീടെന്നും അദ്ദേഹം പറയുന്നു.

യാഥാർഥ്യമാകുന്ന സ്വപ്നം

മരം മുറിക്കാതെയും കുന്നിടിക്കാതെയും വീട് – അഞ്ചു വർഷം മുൻപ് ഏബ്രഹാമിന്റെ മനസ്സിലേക്ക് ആദ്യമായുദിച്ച ആശയം. സ്വപ്നം യാഥാർഥ്യമാക്കാൻ വഴിതേടി ധാരാളം അലഞ്ഞു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചു. യാത്രാമധ്യേ ഒരു കൂട്ടുകാരനാണ് പൊളിച്ചു കളയുന്ന വീടുകളുടെ ശവപ്പറമ്പിലേക്കു നടക്കാൻ പ്രേരിപ്പിച്ചത്.

അപ്പോഴേക്കും വെറും വീടെന്ന ആശയം പടർന്നു പന്തലിച്ച് നാലുകെട്ട് എന്ന വലിയ ലക്ഷ്യത്തിലേക്കെത്തിയിരുന്നു. വീട്ടുകാരോടും കൂട്ടുകാരോടും ആശയം പങ്കുവച്ചു. കൂട്ടുകാരിൽ ചിലർ മുഴുവട്ടെന്നു വിധിയെഴുതി. എന്നാൽ വീട്ടുകാർക്കു രണ്ടഭിപ്രായമില്ലായിരുന്നു. തീരുമാനം എടുത്തതോടെ വലിയ വീടിനുള്ള സാധനങ്ങൾ എവിടെനിന്നു ശേഖരിക്കും എന്നാലോചിച്ചിട്ടു യാതൊരു എത്തും പിടിയും കിട്ടിയില്ല. ഏതായാലും വീടിനുള്ള പ്ലാനും കാര്യങ്ങളും വരച്ചു. ആശയമായി രൂപപ്പെട്ട നാലുകെട്ടു മനസ്സിൽ ചുമന്നുകൊണ്ടുള്ള നാലു വർഷം.

ഇതിനിടയിൽ പഴക്കംചെന്ന ഒരു വീട് മല്ലപ്പള്ളിയിൽ പൊളിക്കാനുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. നേരെ വണ്ടി ചെന്നു നിന്നത് തലയുയർത്തി നിൽക്കുന്ന ഒരു പഴയ വീടിനു മുന്നിൽ. തന്റെ സ്വപ്നഭവനത്തിന്റെ അടിത്തറ കെട്ടാറായെന്ന് ഏബ്രഹാമിന്റെ മനസ്സു പറഞ്ഞു. വീട്ടുകാർ പറഞ്ഞ തുകയിൽ കച്ചവടം ഉറപ്പിച്ചു. അങ്ങനെ 2014 ഡിസംബറിൽ നാലുകെട്ടിന്റെ വാനമെടുത്തു. പിന്നെ എല്ലാ മാസവും വീടുകൾ ഏബ്രഹാമിനെ തേടിയെത്തി. ഏബ്രഹാമിന്റെ വീടിനു നാലു വശവും പഴയ സാധനങ്ങളുടെ മല ഉയർന്നു.

ഓർമകളുടെ കുടീരം

നാലുകെട്ടു പണിയുന്നതിന് 14 കെട്ടിടങ്ങളാണ് ഏബ്രഹാം വിലയ്ക്കെടുത്തത്. ദേവാലയവും സ്കൂളുകളും വീടുകളുമെല്ലാം അതിൽപെടും. 200 വർഷം പഴക്കമുള്ള വീടുകൾ മുതൽ 50 വർഷം പഴക്കമുള്ള കെട്ടി‌ടങ്ങൾ വരെയുണ്ടതിൽ. കോട്ടയം താഴത്തങ്ങാടിയിൽനിന്നു വാങ്ങിയ 200 വർഷം പഴക്കമുള്ള വീടാണ് ഏറ്റവും പുരാതനമായതെങ്കിലും 300 വർഷംവരെ പഴക്കമുള്ള സാധനങ്ങൾ വീടുകളിൽനിന്നു ലഭിച്ചിട്ടുണ്ട്.

പഴക്കമേറിയ വസ്തുക്കൾ ഇനിയും എത്രനാൾ വേണമെങ്കിലും കരുത്തോടെ നിൽക്കുമെന്ന് ഏബ്രഹാം പറയുന്നു. എട്ടു വീടുകൾ, 50 വർഷം പഴക്കമുള്ള പയ്യപ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയം, കോട്ടയം റയിൽവേ ഗുഡ്സ് ഷെഡിന്റെ ഒരു കെട്ടിടം, വയലാ സീനിയർ സെക്കൻഡറി സ്കൂളിന്റെ രണ്ടു കെട്ടിടങ്ങൾ, രണ്ടു കടകൾ എന്നിവയാണ് ഏബ്രഹാമിന്റെ നാലുകെട്ടിന് ഉപയോഗിച്ചിരിക്കുന്നത്.

താഴത്തങ്ങാടിയിലെ 200 വർഷം പഴക്കമുള്ള വീട് അതുപോലെതന്നെ നാലുകെട്ടിനോടു ചേർത്തു പുനർനിർമിക്കുന്നുമുണ്ട്. കോട്ടയത്തിന്റെ ചരിത്രത്തിലെതന്നെ ആദ്യത്തെ വീടുകളിൽ ഒന്നായിരിക്കും താഴത്തങ്ങാടിയിലെ വീടെന്ന് ഏബ്രഹാം പറയുന്നു. അതുകൊണ്ടാണ് ഓർമകളുടെ കുടീരത്തിനൊപ്പം അത് അതുപോലെ നിലനിർത്തുന്നത്. ഇത്രയും വീടുകളും കെട്ടിടങ്ങളും പൊളിക്കാൻ 34 ദിവസമാണെടുത്തത്. 45000 രൂപ മുതൽ മൂന്നര ലക്ഷം രൂപവരെ കൊടുത്താണു കെട്ടിടങ്ങൾ വാങ്ങിയത്.

മാതൃകകളില്ലാത്ത നാലുകെട്ട്

മനസ്സിലുള്ള നാലുകെട്ടിനു മാതൃക തേടി അലയുന്ന കാലം. പഴയ സാധനങ്ങൾ ഉപയോഗിച്ചു പണിതിട്ടുള്ള വീടുകൾ കണ്ടെത്താനായെങ്കിലും പൂർണമായൊരു മാതൃക കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഏബ്രഹാം ഓർക്കുന്നു. ഒടുക്കം രണ്ടും കൽപ്പിച്ചു സ്വന്തം സ്വപ്നത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. സന്ദർശകമുറി, റിക്രിയേഷൻ റൂം, മെഡിക്കൽ റൂം, അടുക്കള, വായനമുറി, ഊണുമുറി എന്നിങ്ങനെയാണു നാലുകെട്ടിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. 15 മുറികളാണുള്ളത്. 40 പേർക്കു താമസിക്കാനുള്ള സൗകര്യമുണ്ട്.

കിണറും ജലസംഭരണിയുമെല്ലാം ഒരുക്കുന്നുണ്ട്. 50,000 ലീറ്റർ വെള്ളം കൊള്ളുന്ന മഴവെള്ളസംഭരണിയും വളപ്പിലുണ്ട്. കെട്ടിടത്തിന്റെ ഭിത്തികളും മേൽക്കൂരയുമെല്ലാം കുപ്പി, മൺചട്ടി, ചിരട്ട എന്നിവകൊണ്ട് അലങ്കരിച്ചു. വീടുപണി പൂർത്തിയാകുമ്പോഴേക്ക് ഒരുകോടി 20 ലക്ഷം രൂപ ചെലവു വരുമെന്നാണു കണക്കാക്കുന്നത്. ലാറി ബേക്കറിന്റെ ശിഷ്യൻ വാസ്തുശിൽപി ആർ.ഡി. പദ്മകുമാറും കോട്ടയം കോസ്റ്റ് ഫോർഡിന്റെ സാരഥിയായ ബിജു പി. ജോണും കൂട്ടുകാരായ മറ്റ് എൻജിനീയർമാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു വന്നെത്തിയ ജോലിക്കാരും ചേർന്നാണു നാലുകെട്ട് എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ടിരിക്കുന്നത്.

ആശ്രയ കേന്ദ്രം

ഏബ്രഹാമിന്റെ ഈ ഊര് കുറെ അച്ഛനമ്മമാർക്ക് ആശ്രയകേന്ദ്രമാകാനുള്ളതാണ്. മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും ഒറ്റയ്ക്കു താമസിക്കുന്ന അച്ഛനമ്മമാർക്ക്. അവർക്കു വീട്ടിലെത്തുന്ന മൊബൈൽ മാർക്കറ്റായും മൊബൈൽ മരുന്നുകടയായും മൊബൈൽ ഡോക്ടറായും ആംബുലൻസായും മാറാനുള്ള സ്ഥലമാണിത്. വീടു വൃത്തിയാക്കാനും കുളിപ്പിച്ചുകൊടുക്കാനും ബാങ്കിൽ പോകാനും ഫോൺ റീചാർജ് ചെയ്യാനും ഇലക്ട്രീഷ്യനും പ്ലംബറുമൊക്കെയായി ചെന്നു ജോലികൾ ചെയ്തു കൊടുക്കാനും ഊരിനു പദ്ധതിയുണ്ട്. കഴിയുന്നത്ര അച്ഛനമ്മമാർ അവരുടെ വീട്ടിൽത്തന്നെ കഴിയട്ടെ. ഏബ്രഹാമിന്റെ ഊര് അവർക്ക് ഒരു പിൻതുണാലയമായുണ്ടാകും. ഒറ്റയ്ക്കു താമസിക്കാൻ പറ്റാത്തവർക്ക് ഊരിൽ താമസിക്കാനും അവസരമുണ്ടാകും.

സാമൂഹിക പ്രവർത്തനം

ഡൽഹിയിലെ ക്രിസ്ത്യൻ ഹോസ്പിറ്റൽ നെറ്റ്‌വർക്കായ ഇമ്മാനുവൽ ഹോസ്പിറ്റൽ അസോസിയേഷന്റെ അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയാണ് ഏബ്രഹാം. പള്ളിക്കപ്പറമ്പിൽ പി.എ. കുര്യന്റെയും (ബേബി) മറിയാമ്മയുടെയും മകനാണ്. ഭാര്യ എൽസിക്കും രണ്ടു മക്കൾക്കും ഒപ്പം ഡൽഹിയിലാണു സ്ഥിരതാമസം. അഞ്ചു വർഷം മുൻപു മനസ്സിൽ കയറിക്കൂടിയ ഈ സംരംഭം 2014 ഡിസംബറിലാണു തുടങ്ങിയത്. ഈ വർ​ഷം ഒക്ടോബറിൽ പൂർത്തിയാക്കണം എന്നതാണു പദ്ധതി. ആഗ്രഹം മനസ്സിൽ കയറിക്കൂടിയ അന്നു മുതൽ പൊളിച്ചു കളയാനുള്ള വീടുകളുടെ അന്വേഷണത്തിലായിരുന്നു.

കിട്ടിയ പഴയ വീടുകളൊക്കെ വാങ്ങിക്കൂട്ടിയെങ്കിലും. വീടു പൊളിച്ചു പുതിയ വീടു പണിയാൻ തുടങ്ങുന്നവരോട് പഴയ വീടിന്റെ സാധനങ്ങൾ ഉപയോഗിച്ചുകൂടേ എന്ന് ഏബ്രഹാം ചോദിച്ചു; അതിനവരെ പ്രേരിപ്പിച്ചു. എന്നിട്ടും വീടു പൊളിച്ചു കളയുന്ന തീരുമാനത്തിൽനിന്നു പിന്നോട്ടില്ലാത്തവരുടെ വീടുകൾ മാത്രമേ ഏബ്രഹാം വാങ്ങിയുള്ളു. വെറും വാടകക്കാരായ നമ്മൾക്ക് ഈ ഭൂമി തകർക്കാത്ത വീടുകൾ സ്വപ്നം കണ്ടുകൂടേ? അവിടെ കാലങ്ങളോളം ഉരുൾപൊട്ടാതെ ജീവിക്കാമല്ലോ – ഏബ്രഹാമിന്റെ ചോദ്യം.

Your Rating: