Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടപ്പുറത്തെ കഴുതക്കൂടാരം

aby-with-his-donkeys

കാട്ടുകഴുതയെ കെട്ടഴിച്ചു വിട്ടതാര്, പച്ചയായതൊക്കെയും അത് തിരഞ്ഞുനടക്കുന്നു... – ഇയ്യോബിന്റെ പുസ്തകത്തിലെ ഈ വരികൾ രാമമംഗലം പള്ളിയുടെ അൾത്താരയിൽ മുഴങ്ങുമ്പോൾ എബി അറിയാതെയൊന്നു നെഞ്ചിൽ തൊടും. ഞാൻ ചെയ്‌തതൊന്നും വെറുതെയാകരുതേ എന്ന പ്രാർഥനയോടെ.

കഴുതകളുടെ കഴിവുകൾ അറിയാതെ പ്രവാചകന്മാരോ യേശുദേവനോ അവയെക്കൂടെക്കൂട്ടില്ല എന്ന തിരിച്ചറിവാണു കഴുതകൾക്കുവേണ്ടി സമയം മാറ്റിവയ്ക്കാൻ എബിയെ പ്രേരിപ്പിച്ചത്. ആരും ചെയ്യാത്തൊരു സംരംഭം തുടങ്ങണമെന്ന ചിന്തയിൽനിന്നാണു കഴുത ഫാം എന്ന ആശയം വന്നത്.

കഴുതകളെ സംഘടിപ്പിക്കാൻ‌ പിന്നീടൊരു യാത്ര. ആന്ധ്രയിലും കർണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ പരതി. തൂത്തുക്കുടിയിൽനിന്നും തിരുനെൽവേലിയിൽനിന്നുമൊക്കെ ആദ്യ സ്റ്റോക്കുകൾ എത്തിച്ചു. വിശാഖപട്ടണവും മാഞ്ചേരിയും സന്ദർശിച്ചു.

ഒന്നും രണ്ടുമല്ല, മൂന്നു ഡസൻ കഴുതകളെയാണ് ഇവിടെനിന്നെല്ലാമായി എബി രാമമംഗലം കോട്ടപ്പുറത്തെത്തിച്ചത്. അവയ്‌ക്കു പാർക്കാൻ 14 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമായി വിശാല കൂടാരം തീർത്തു.

പാലാണ് പ്രധാന ഉൽപന്നമെന്ന് തിരിച്ചറിഞ്ഞതിനാൽ പെൺകഴുതകൾക്കാണ് എബി പ്രാധാന്യം കൊടുത്തത്. അതുകൊണ്ടുതന്നെ കൊണ്ടുവന്നതിൽ ഏറെയും പെൺകഴുതകളായിരുന്നു. രണ്ടരയേക്കർ വരുന്ന വനസദൃശമായ ഭൂമിയിലാണു കഴുതകൾ വിഹരിക്കുന്നത്. പോളത്തവിടും കറുകപ്പുല്ലും പൊക്കം കുറഞ്ഞ ബാർലിപ്പുല്ലുമൊക്കെയാണു തീറ്റ. പുല്ല് സമൃദ്ധമായി വളരുന്ന കൃഷിയിടങ്ങൾ തയാറാക്കി.

മൂവാറ്റുപുഴയാറിന്റെ തണ്ണീർത്തോടുകളായ ഊരമന, ഉള്ളപ്പള്ളിൽ തോടുകളുടെ ഓരത്തുള്ള വിശാലമായ പുൽപ്പാടങ്ങളിലേക്കു കഴുതകളെ അഴിച്ചുവിട്ടു. സമൃദ്ധമായി തീറ്റതിന്നു കൂടാരങ്ങളിലേക്ക് തിരികെയെത്തുന്ന കഴുതകൾക്ക് എബിയുടെ വക സ്‌പെഷൽ തീറ്റയുണ്ട്. ആപ്പിൾ, പൈനാപ്പിൾ, പച്ചക്കറികൾ എന്നിവയടങ്ങുന്നതാണ് ആ മിശ്രിതം.

പറമ്പിന്റെ ഒത്ത നടുവിൽ വലിയ ഫൈബർ ടാങ്കുകളിൽ കഴുതകൾക്കായി യഥേഷ്‌ടം കുടിവെള്ളം കരുതി. ജീവകമിശ്രിതവും ധാതുലവണ കട്ടകളും കഴുതകളുടെ ആരോഗ്യത്തിനു കൂട്ടാവും.

കഴുത പ്രജനനത്തിന് എബി പ്രത്യേക ശ്രദ്ധ കൊടുക്കുന്നു. മികച്ച ഇനങ്ങളെ കണ്ടെത്തി ജോടികളാക്കും. അവയെ ഒരുമിച്ചു പാർപ്പിക്കും. കുറഞ്ഞത് 13 മാസമെങ്കിലും ഗർഭം ധരിച്ചാണ് കഴുത പ്രസവിക്കുന്നത്.

കഴുത ഘടന കടുപ്പം

വ്യത്യസ്തമായ ശാരീരിക പ്രത്യേകതകളുള്ള മൃഗമാണ് കഴുത. കഴുതയുടെ ദഹനവ്യൂഹത്തിന്റെ കഴിവുകൾ അമ്പരപ്പിക്കുന്നതാണ്. എത്ര കടുപ്പമുള്ളതും സ്വാദില്ലാത്തതുമായ തീറ്റവസ്തുക്കളെയും പൂർണമായും ദഹിപ്പിക്കാനും അവയുടെ ഈർപ്പാംശം ശാരീരിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനും കഴുതകൾക്ക് കഴിയും. കഴിക്കുന്ന തീറ്റയുടെ 95 ശതമാനവും ഉപയോഗപ്പെടുത്തും. മരുഭൂമിയിൽ ഒട്ടകത്തോടൊപ്പംതന്നെ ഉപയോഗിക്കാവുന്ന മൃഗമാണ് കഴുത. മഴ കഴുതകൾക്ക് വിനയാണ് എന്നുള്ളതാണ് ഏക പ്രശ്നം. വെള്ളത്തെ പ്രതിരോധിക്കാൻ കഴിവുള്ള ചർമമല്ല കഴുതകളുടേത്. ഏറെനാൾ മഴയത്ത് നിർത്തിയാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകും.

കഴുതകൾ പൊതുവേ മൂന്നു തരമാണ്. മാമത്ത്, മിനി, സ്റ്റാൻഡേർഡ് എന്നിങ്ങനെ മൂന്നിനങ്ങൾ. 56 ഇഞ്ചു വരെ മുതുകുയരമുള്ളവയെ മാമത്ത് എന്നും 36 ഇഞ്ച് വരെയുള്ളവയെ മിനിയെന്നും ഇതിന് ഇടയിലുള്ളവയെ സ്റ്റാൻഡേർഡ് എന്നും അറിയപ്പെടുന്നു.

ആൺകഴുതകൾ ജാക്ക് എന്നും പെൺകഴുതകൾ ജെന്നറ്റ് എന്നുമാണ് അറിയപ്പെടുക. കഴുതകളും കുതിരകളും തമ്മിൽ ചെറിയ ജനിതക വ്യത്യാസമേ ഉള്ളൂ. ആൺകഴുത പെൺകുതിരയുമായി ഇണചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങൾ ‘മ്യൂൾ’ എന്നും ആൺകുതിര പെൺകഴുതയുമായി ഇണചേർന്നുണ്ടാകുന്ന കുഞ്ഞുങ്ങൾ ‘ഹിന്നി’ എന്നുമാണ് അറിയപ്പെടുന്നത്.

aby-with-his-donkeys-2 എബി ബേബി കഴുതകളോടൊത്ത്

എന്തിനു കഴുത?

ഡോങ്കി മിൽക് പ്രോഡക്‌ട്‌സ് മാർക്കറ്റിലെത്തിക്കുകയാണ് എബിയുടെ ലക്ഷ്യം. ഈജിപ്‌ഷ്യൻ രാജ്‌ഞിയായ ക്ലിയോപാട്ര പോലും 700 കഴുതകളുടെ പാലിൽ കുളിച്ചാണ് തിളങ്ങുന്ന ചർമത്തിനുടമയായത്. എല്ലാ സൗന്ദര്യവർധക വസ്തുക്കളിലും കഴുതപ്പാലടങ്ങിയിട്ടുണ്ട്. എന്നാൽ വിദേശനിർമിത ഉൽപന്നങ്ങളിൽ ഇതൊക്കെ അടങ്ങിയിട്ടുണ്ടോ എന്നൊരു സംശയം പലർക്കുമുണ്ട്. ഈ സാധ്യത എബി മുതലാക്കി.

കഴുതപ്പാൽ നേരിട്ട് കറന്നെടുക്കുന്നത് എബിയുട ഫാമിൽ ചെന്നാൽ കാണാം. വെള്ളരിക്ക, കറ്റാർവാഴ, പപ്പായ തുടങ്ങിയവയുടെ സത്തുകളിൽ കഴുതപ്പാൽ ലയിപ്പിച്ച് അവ കേടുകൂടാതെ സൂക്ഷിക്കാനുള്ള ലായനികളിൽ ചേർക്കും. കഴുതപ്പാൽ–കറ്റാർവാഴ ജെൽ, കഴുതപ്പാൽ–പപ്പായ ജെൽ, കഴുതപ്പാൽ–നാരങ്ങാ ജെൽ, ഡോങ്കി മിൽക് ഷവർ ജെൽ കം ഷാംപൂ, ഡോങ്കി മിൽക് ഹെയർ ഓയിൽ എന്നിവയുടെ നിർമാണം തകൃതി. ഒരു കഴുതയിൽനിന്ന് 200 മില്ലി പാൽ ഒരു ദിവസം കിട്ടും. ആസ്മ, ക്ഷയം, ശ്വാസകോശ രോഗങ്ങൾ എന്നുവേണ്ട, കുഞ്ഞുങ്ങൾക്കുവേണ്ട തേനിനും വയമ്പിനും പകരക്കാരനായി വരെ കഴുതപ്പാൽ പ്രസിദ്ധമാണ്.

ഡോങ്കി മിൽക് ഫേസ്പാക്ക് നിർമിക്കാനുള്ള തയാറെടുപ്പിലാണ് എബി. ഡോൾഫിൻ ഐബിഎ ഇന്റർനാഷനൽ എന്ന ലേബലിൽ ഡോങ്കി ഫാം ഉൽപന്നങ്ങൾ കയറ്റുമതിക്കും തയാറാക്കണം. നിയമ നൂലാമാലകളുടെ ചില കടമ്പകളുണ്ട്. അതും മറികടക്കണം. കാര്യങ്ങൾ നേരിട്ട് ആർക്കും ബോധ്യപ്പെടാം.

വേദപുസ്തകത്തിൽനിന്നാണ് ഞാൻ തുടങ്ങിയത്. അത് പരാജയപ്പെടില്ല എന്നുറപ്പാണ്– എബി പറഞ്ഞു.

കഴുത വെറും കഴുതയല്ല

‘ഒരു കഴുത ഒരു കല്ലുതട്ടി ഒരിക്കലും രണ്ട് തവണ വീഴില്ല’ എന്നതു ചൈനീസ് പഴമൊഴിയാണ്. എന്നും പാഴ്‌മൊഴി കേൾക്കാൻ വിധിക്കപ്പെട്ട ഈ പാവം മൃഗം ചരിത്രത്തിലൂടെ കടന്നുവന്ന  പഴമൊഴി അന്വർഥമാക്കുകയാണ്. മനുഷ്യരാൽ ഇത്രയേറെ അധിക്ഷേപിക്കപ്പെട്ട മൃഗം വേറെയുണ്ടാവില്ല. മനുഷ്യരാശിക്ക് കഴുതകൾ നൽകുന്ന സംഭാവനകൾ സൗകര്യപൂർവം വിസ്‌മരിച്ചാണ് ഈ നിന്ദയെന്നു കഴുതയുടെ ജാതകം പരിശോധിക്കുന്നവർക്ക് എളുപ്പം മനസ്സിലാകും.

മെക്സിക്കോയിലും അരിസോണയിലും ടെക്സസിലുമൊക്കെ കഴുതകൾ അരുമമൃഗങ്ങളാണ്. അമേരിക്കയിലും കഴുതകൾക്ക് മെച്ചപ്പെട്ട സ്ഥാനമുണ്ട്. കാഴ്‌ചയിൽ കുതിരയെപ്പോലെയെങ്കിലും കുതിരകൾക്കു കിട്ടുന്ന സുഖസൗഭാഗ്യങ്ങൾ കഴുതകൾക്കു നിഷേധിക്കപ്പെടുന്നു.

സ്വന്തം സുരക്ഷിതത്വത്തിനുള്ള സ്വതന്ത്രചിന്തയിലും തീരുമാനമെടുക്കുന്നതിലും കഴുതകളാണു മുന്നിലെന്നു ശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്. യന്ത്രസാന്നിധ്യം ഒഴിവാക്കേണ്ട ഇടങ്ങളിലും വിഷപ്പുക ഒഴിവാക്കേണ്ട ഇടങ്ങളിലും ഭാരം ചുമക്കുന്നവരാണ് കഴുതകൾ. പോരെങ്കിൽ കഴുതപ്പാൽ അമൂല്യമായ ഉൽപന്നവും.

Your Rating: