Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യ വിജ‌യം

Author Details
aiswarya-menon-30

പരീക്ഷാ ഫലങ്ങൾ വരുമ്പോഴെല്ലാം ഐശ്വര്യത്തോടെ ആ പേര് മുന്നിൽ തന്നെയുണ്ടാകും. സ്കൂൾ കാലം മുതൽ കൊടുങ്ങല്ലൂർ വാര്യം പറമ്പിൽ കെ.സി.എൻ.മേനോന്റെ മകൾ ഐശ്വര്യ മേനോന്റെ ശീലമതാണ്. ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് (ഐഇഎസ്) പരീക്ഷയുടെ ഈവർഷത്തെ ഫലത്തിലും ആ പതിവിനു മാറ്റമില്ല. തിളക്കമാർന്ന രണ്ടാം റാങ്കുമായി തലയുയർത്തി നിൽക്കുകയാണ് ഈ ഡൽഹി മലയാളി. നിലവിൽ ഡൽഹി സർവകലാശാലയിൽ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. ദൈവാനുഗ്രഹം, കുടുംബത്തിന്റെ  പിന്തുണ - നേട്ടത്തിന്റെ ക്രെഡിറ്റ് ഐശ്വര്യ നൽകുന്നതു ഇവർക്കാണ്. മത്സരപരീക്ഷകളിൽ വിജയം സ്വപ്നം കാണുന്നവർക്ക് ഈ മിടുക്കിക്കു നൽകാനുള്ള ടിപ്സ് ഇതാണ്-കഠിനാധ്വാനം ചെയ്യുക, ചിട്ടയോടെ പഠിക്കുക.

പരീക്ഷകളിലൊക്കെ ഒന്നാമതെത്തുമെങ്കിലും ഐശ്വര്യ ഒരിക്കലും പുസ്തകപ്പുഴു ആയിരുന്നില്ല. മാറ്റർ ഡേ സ്കൂളിൽ പഠിക്കുന്ന കാലത്ത് ബാസ്കറ്റ് ബോൾ ടീമിൽ അംഗമായിരുന്നു. ഇന്റർ സ്കൂൾ ചാംപ്യൻഷിപ്പിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. മികച്ച മോഹിനിയാട്ടം നർത്തകി കൂടിയായ ഐശ്വര്യ, ഡൽഹിയിലെ വിവിധ ക്ഷേത്രങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ ഏറ്റവും കൂടുതൽ മാർക്കും ഐശ്വര്യയുടെ ബാസ്കറ്റിലായിരുന്നു.

ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ജീസസ് ആൻഡ് മേരി കോളജിലായിരുന്നു ബിരുദപഠനം. വിഷയം പറയേണ്ടതില്ലല്ലോ-സാമ്പത്തിക ശാസ്ത്രം. മികച്ച മാർക്കോടെ ബിരുദപഠനം പൂർത്തിയാക്കി. ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് എന്ന സ്വപ്നം മനസ്സിലുള്ളതിനാൽ ബിരുദാനന്തര ബിരുദ പഠനത്തിനായി ഹൈദരാബാദ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേർന്നു. അവിടെയും വിജയത്തിന്റെ ഐശ്വര്യം കൈവിട്ടില്ല-രണ്ടാം റാങ്കോടെ എംഎ പാസായി.

aiswarya-menon-3 പിതാവ് കെ.സി.എൻ. മേനോൻ, അമ്മ ജാനകി, അമ്മൂമ്മ കല്ല്യാണം മേനോൻ എന്നിവർക്കൊപ്പം ഐശ്വര്യ.

കഴിഞ്ഞവർഷവും ഐശ്വര്യ ഐഇഎസ് പരീക്ഷയെഴുതിയിരുന്നു. രണ്ടു മാർക്കിന്റെ വ്യത്യാസത്തിൽ പട്ടികയിൽ ഇടം നേടാനായില്ല. അതിന്റെ സങ്കടം കൂടിയാണ് ഇത്തവണത്തെ രണ്ടാം റാങ്ക് മായ്ച്ചുകളഞ്ഞത്. കുടുംബം തന്നെയാണു തന്റെ ഏറ്റവും വലിയ പ്രചോദനമെന്നു ഐശ്വര്യ പറയുന്നു. ഡൽഹി ലോധി കോളനി ബ്ലോക്ക് 21, ഹൗസ് നമ്പർ 118-ലാണു താമസം. കെ.സി.എൻ.മേനോൻ റെയിൽവേയിൽ ഡെപ്യൂട്ടി ഡയറക്ടറാണ്. നിതീഷ് കുമാർ റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ദേശീയ റെയിൽവേ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് ചിറ്റിലംചേരിയിൽ നിന്നുള്ള അമ്മ ജാനകി മേനോൻ മാറ്റർ ഡെ സ്കൂളിൽ അധ്യാപികയാണ്. സഹോദരി അപർണ എസ്ബിഐയിൽ അസിസ്റ്റന്റ് മാനേജരാണ്. പൊതുവിജ്ഞാനത്തിൽ  തന്റെ ഗൈഡ് അമ്മൂമ്മ കല്ല്യാണം മേനോനാണെന്ന് ഐശ്വര്യ പറയുന്നു. പ്രതിശ്രുത വരൻ റിലയൻസിൽ സീനിയർ സ്ട്രാറ്റജിക് മാനേജരായ ശ്രീരാഗ് മേനോനും കുടുംബവും പിന്തുണയുമായി ഒപ്പം നിന്നു.

ഐഇഎസ് സ്വപ്നം സാക്ഷാത്കരിച്ച ഐശ്വര്യ അടുത്ത ലക്ഷ്യം മനസ്സിൽ കുറിച്ചു കഴിഞ്ഞു- സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകം എഴുതണം. സാമ്പത്തിക ശാസ്ത്രത്തിലെ ഐശ്വര്യ ചിന്തകൾക്കായി കാത്തിരിക്കാം.

എന്താണ് ഐഇഎസ്

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പോലെ (ഐഎഎസ്), യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷയാണു ഇന്ത്യൻ ഇക്കണോമിക്സ് സർവീസ് പരീക്ഷയും. സാമ്പത്തിക നയം രൂപീകരിക്കൽ, ഇത് നടപ്പാക്കൽ, സാമ്പത്തിക രംഗം വിശകലനം ചെയ്യൽ, മന്ത്രിമാർക്ക് ഉപദേശം നൽകൽ തുടങ്ങിയവയാണു ഐഇഎസ് ഉദ്യോഗസ്ഥരുടെ ചുമതല.

Your Rating: