Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീപത്മനാഭ ദർശനം

anandasayanam

ശ്രീപത്മനാഭസ്വാമിയെ ദർശിക്കുന്ന സമയത്ത് ചിത്തിര തിരുനാൾ മഹാരാജാവ് ഒന്നും സംസാരിക്കാറില്ല. ആചാരങ്ങളിലോ കാഴ്ചയിലോ എന്തെങ്കിലും തെറ്റോ കുറവോ ഉണ്ടായാൽ ഉടുത്തിരിക്കുന്ന നേര്യതിന്റെ അറ്റത്ത് ഒരു കെട്ടിടും. തെറ്റുകൾ കൂടുതൽ കണ്ടെത്തിയാൽ കെട്ടുകളുടെ എണ്ണവും കൂടും. കവടിയാർ കൊട്ടാരത്തിലെത്തിയാൽ ആദ്യം ചെയ്യുക കെട്ടുകളുടെ എണ്ണം നോക്കി അതെല്ലാം കത്തുകളായി എത്തിക്കേണ്ടിടത്തെത്തിക്കുകയാണ്. ആവർത്തിക്കാതിരിക്കാൻ കർശന നിർദേശവും നൽകും.

1991ൽ ചിത്തിര തിരുനാൾ മഹാരാജാവ് നാടുനീങ്ങിയശേഷം സഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ക്ഷേത്രഭരണം ഏറ്റെടുത്തു. തെറ്റുകൾ കണ്ടാൽ അപ്പോൾ തന്നെ പറയുകയും തിരുത്തിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ശീലം. തിരുവിതാംകൂർ മഹാരാജാക്കന്മാർ കുലദൈവമായ ശ്രീപത്മനാഭസ്വാമിയെ ദർശിക്കാൻ നിത്യേന രാവിലെയാണ് എത്താറുള്ളത്.

ഏഴരയ്ക്കും എട്ടു മണിക്കുമിടയിൽ. ക്ഷേത്രദർശനത്തിനെത്തുമ്പോൾ അകത്തെ ആചാരങ്ങൾക്കു സഹായികളായി ആറു പേരുടെ സംഘവുമുണ്ടാകും. അകത്തെ പ്രവൃത്തി വിചാരിപ്പുകാർ എന്നാണവരുടെ പരമ്പരാഗത നാമം. ഉടവാൾ പിടിക്കുക, തൊപ്പി കൈമാറുക, ശ്രീകോവിലിനുള്ളിൽ കടന്ന് ഓരോ ചടങ്ങിനും അനുഗമിക്കുക തുടങ്ങിയ ജോലികൾ. ചിത്തിര തിരുനാളിനോടൊപ്പം ജോലി ചെയ്ത 20 വർഷങ്ങൾക്കിടയിൽ ക്ഷേത്രത്തിൽ നിലവറകളുണ്ടെന്നോ അതിൽ വൻ സ്വത്തുണ്ടെന്നോ അറിയില്ലായിരുന്നുവെന്നു 40 വർഷത്തിലേറെ പ്രധാന വിചാരിപ്പായി സേവനമനുഷ്ഠിച്ച 86 വയസ്സുകാരൻ രാമനാഥയ്യർ സാക്ഷ്യപ്പെടുത്തുന്നു.

‘‘2012ൽ ഒരു ദിവസം ദർശനം കഴിഞ്ഞു മടങ്ങാൻസമയം ‘ഞാൻ 10 മണിക്കു തിരിച്ചുവരും, നിങ്ങളെല്ലാവരും വടക്കേനടയിൽ ഉണ്ടാവണം’ എന്നു പറഞ്ഞിട്ടാണ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ പോയത്. പറഞ്ഞതുപോലെ 10 മണിക്കു തിരിച്ചെത്തി. ഞങ്ങളെയുംകൂട്ടി ശ്രീകോവിലിന്റെ പുറംചുറ്റിൽ നിലവറകളിലുള്ള സ്ഥലത്തേക്കു കൊണ്ടുപോയി. കോടതി ഉത്തരവിൻമേൽ ശ്രീപത്മനാഭന്റെ സമ്പത്ത് പരിശോധിക്കുന്ന സമയമായിരുന്നു അത്. ചാക്കുകളിലും തടിപ്പെട്ടികളിലും നിന്നെടുത്ത സ്വർണാഭരണങ്ങളും രത്നങ്ങളുമെല്ലാം നിരത്തിവച്ചിരിക്കുന്നു. എനിക്ക് ആ കാഴ്ച വിശ്വസിക്കാൻ സാധിച്ചില്ല. ഭഗവാനേ, ഇവിടെയാണല്ലോ 40 വർഷത്തിലേറെയായി ഞങ്ങൾ എല്ലാദിവസവും വന്നുപോയിരുന്നത്,,,’’

ശ്രീപത്മനാഭനു നൽകിയ സേവനങ്ങൾക്കു അവിടുന്നു നൽകിയ പ്രതിഫലമായിരുന്നു ആ സുവർണ കാഴ്ച എന്നു രാമനാഥയ്യർ വിശ്വസിക്കുന്നു.

സുവർണ പ്രഭയിൽ

2011 ജൂൺ 27നാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കോടതി നിയോഗിച്ച ഏഴംഗ സംഘം പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ തുറന്നു പരിശോധിക്കാനുള്ള ദൗത്യം ആരംഭിച്ചത്. മുൻ ഹൈക്കോടതി ജഡ്ജിമാരായ സി. എസ്. രാജൻ, എം.എൻ. കൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തുടങ്ങിയവരടങ്ങിയ പരിശോധകസംഘത്തിന്റെ കണ്ണുകൾക്കു മുൻപിൽ തെളിഞ്ഞത് വിലമതിക്കാനാകാത്ത നിധിശേഖരം.

ദൗത്യസംഘം സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നു 2012 ഫെബ്രുവരിയിൽ കോടതി വീണ്ടും ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. നിലവറകളിലെ നിധിശേഖരം ചിത്രങ്ങൾ എടുത്ത് ഡോക്കുമെന്റ് ചെയ്തു കണക്കുകൾ തിട്ടപ്പെടുത്തി സുരക്ഷിതമായി അതേ നിലവറകളിൽത്തന്നെ മടക്കിവയ്ക്കാനും പൂർണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് എം.എൻ. കൃഷ്ണൻ, രാജകുടുംബാംഗം ആദിത്യവർമ, ഡോ. എം. വേലായുധൻ നായർ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ, സംസ്ഥാന സർക്കാർ പ്രതിനിധി എന്നിവരടങ്ങിയ കമ്മിറ്റിയെയും ഡോ. എം. വേലായുധൻ നായർ കോ– ഓർഡിനേറ്ററായി ഡോക്കുമെന്റേഷനെയും മൂല്യനിർണയങ്ങൾക്കായി എക്സ്പെർട്ട് കമ്മിറ്റിയെയും നിയമിച്ചു. 2012 ഫെബ്രുവരി 20ന് ഡോക്കുമെന്റേഷൻ ജോലിയും മൂല്യനിർണയവും ആരംഭിച്ചു. മൂന്നര വർഷത്തെ കഠിനപ്രയത്നങ്ങളുടെ ഫലമായി 2015 ഒക്ടോബർ 31നു സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. ‌

നിലവറകളിൽ എന്ത്?

പരിശോധരെ അതിശയിപ്പിച്ച സ്വർണ ത്തിളക്കമായിരുന്നു നിലവറകളിൽ. ആയിരക്കണക്കിനു സ്വർണമാലകൾ, എണ്ണിയാലൊടുങ്ങാത്ത രത്‌നങ്ങൾ, ഒന്നരയടിയിലേറെ വലുപ്പമുള്ള 1500ലേറെ സ്വർണ കലശക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, അഭിഷേക വിഗ്രഹത്തിൽ ചാർത്താനുള്ള രത്നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, നെൽമണിയുടെ വലുപ്പത്തിൽ സ്വർണമണികൾ, സ്വർണദണ്ഡുകൾ. വിലമതിക്കാനാകാത്ത ശേഖരം.

എ, ബി, സി, ഡി, ഇ, എഫ് എന്നീ ആറു നിലവറകളിലാണ് ശ്രീപത്മനാഭന്റെ ശ്രീകോവിലിനു ചുറ്റുമായി സമർപ്പണ ശേഖരം സൂക്ഷിച്ചിരുന്നത്. ഇതിൽ ഇ, എഫ് നിലവറകളിൽ നിത്യപൂജയ്ക്കുള്ള സാമഗ്രികളാണു സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഏതാണ്ട് എല്ലാ ദിവസവും ഇതു തുറക്കാറുണ്ട്. സി, ഡി നിലവറകളിൽ വിശേഷാവസരങ്ങളിൽ ആവശ്യമുള്ളവയാണ് വച്ചിരിക്കുന്നത്. ഇതും ഇടയ്ക്കിടെ തുറക്കും. കോടതി ഉത്തരവിനെ തുടർന്ന് എ നിലവറ തുറന്നു. ബി നിലവറ ഇതുവരെ തുറന്നിട്ടുമില്ല.

ആറു നിലവറകളിൽ നിന്നായി 42,000ത്തിലേറെ ‘വിശുദ്ധ വസ്തു’ക്കളാണ് മൂല്യനിർണയ കമ്മിറ്റി വിലയിരുത്തിയത്. ഇവയുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ കമ്മിറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ചു.

രണ്ടായിരത്തിലേറെ ശരപ്പൊളിമാലകളുണ്ട് ശേഖരത്തിൽ. എല്ലാ മാലകളിലും പതക്കങ്ങളുമുണ്ട്.18 അടി നീളത്തിലുള്ളതാണു മൂന്നു മാലകൾ. 18 അടി നീളമുള്ള അനന്തശയനനായ പത്മനാഭ വിഗ്രഹത്തിനു ചാർത്താൻ പാകത്തിലുള്ളതാണവ. 850 ഗ്രാം ഭാരമുണ്ടതിന്.

സ്വർണ നാണയങ്ങൾ മാത്രം 750 കിലോഗ്രാം വരും. അതിൽ റോമൻ, വെനീസ് നാണയങ്ങളും ഉൾപ്പെടുന്നു. യേശുക്രിസ്തുവിന്റെ ശിരസ്സ് ചിത്രീകരിച്ച റോമൻ, വെനീസ്, അറേബ്യൻ നാണയൾ ഏറെയുണ്ട്. വെനീഷ്യൻ നാണയങ്ങൾക്ക് ഏകദേശം മൂന്ന് ഗ്രാം വരെ ഭാരമുണ്ട്.

ഏകദേശം 20–ാം നൂറ്റാണ്ടിന്റെ പകുതിവരെയുള്ള എല്ലാ സമർപ്പണസ്വത്തിലും ശ്രീപത്മനാഭന്റെ അച്ചുമാർക്കുണ്ട്. ഓരോ നിലവറയിലും എന്തൊക്കെയെന്നു നോക്കാം.

എ . നിലവറ

ഗർഭഗൃഹത്തിന്റെ തെക്കു പുറംചുറ്റിലാണ് എ നിലവറ. നിലത്തെ കരിങ്കൽ പാളികൾ മാറ്റിയാണു നിലവറയ്ക്കുള്ളിൽ കടക്കുന്നത്. നിലവറ തുറക്കുമ്പോൾ ആദ്യം അറയുടെ നേരെ കാണുന്നത് രണ്ടടിയോളം പൊക്കത്തിൽ കരിങ്കല്ലിൽ കൊത്തിയ സർപ്പരൂപം. (ഇതിന്റെ പിന്നിലായാണ് ബി നിലവിറ). ഇതുവരെയുള്ള കണക്കെടുപ്പിൽ ഏറ്റവും കൂടുതൽ സമർപ്പണങ്ങളുടെ ശേഖരം കിട്ടിയത് എ നിലവറയിൽ നിന്നാണ്. രണ്ടു തട്ടിലായിട്ടാണു ഈ നിലവറ.

രണ്ടു നിലകളിലായി നാലടിയോളം നീളവും രണ്ടടി വീതിയും രണ്ടരയടി പൊക്കവുമുള്ള 16 തടിപ്പെട്ടികളും ചാക്കുകളുമാണ് ചുവർ അലമാരത്തട്ടുകളിൽ നിരത്തിയിരിക്കുന്നത്. ഇവയിലായിരുന്നു സ്വർണാഭരണങ്ങളും രത്നക്കല്ലുകളും പതക്കങ്ങളും നിറച്ചിരുന്നത്. ഇരുമ്പു ജാറുകളിലാണു സ്വർണനാണയങ്ങളും സ്വർണമുത്തുകളും രാശിപ്പൊന്നും. നാണയങ്ങളുടെ എണ്ണം നോക്കിയാൽ രണ്ടു ലക്ഷത്തിലേറെ. നാലടിയോളം പൊക്കവും രണ്ടടി വ്യാസവുമുണ്ട് ജാറുകൾക്ക്.

അരയന്നത്തിന്റെ മാതൃകയിലുള്ള മാലകൾ, വിജയനഗര സാമ്രാജ്യത്തിന്റെ ചിഹ്നം പതിച്ച എഴുനൂറിലേറെ പതക്കങ്ങൾ, സ്വർണച്ചിരട്ടകൾ, വലിയ കൂമ്പാരം പേൾമുത്തുകൾ, ദീപാരാധനയ്ക്കുപയോഗിക്കുന്ന അഞ്ച്, ആറ് തട്ടുകളുള്ള സ്വർണവിളക്കുകൾ, വിലപിടിപ്പുള്ള രത്നങ്ങൾ, പന്ത്രണ്ടിലേറെ സ്വർണത്താമരപ്പൂക്കൾ, ചന്തിരമാലകൾ, കയർപിരി മാലകൾ, രത്നങ്ങൾ പതിച്ച കൈക്കെട്ടുകൾ, വിഷ്ണുപാദം, രാമപാദം പതക്കങ്ങൾ, വിവിധതരം മുടുകൾ (വളകൾ), ഹെഡ് സെറ്റുകൾ, ചങ്ങലമാലകൾ, മാങ്ങാമാലകൾ, നാഗപടം താലി, കോടികൾ വിലമതിക്കുന്ന അമൂല്യരത്നങ്ങൾ പതിച്ച പത്മനാഭന്റെ അരപ്പട്ട, ഉടയാട, പാമ്പണകൾ, ചാർത്താനുള്ള സ്വർണം, തോൾവളകൾ, രത്നങ്ങൾ പതിപ്പിച്ച മോതിരങ്ങൾ, ശ്രീപത്മനാഭനു ചാർത്താൻ 18 അടി നീളമുള്ള തങ്ക അങ്കി (പണി പൂർത്തിയാകാത്ത സ്വർണ്ണത്തകിടുകൾ), വൈഡൂര്യമുൾപ്പെടെ രത്നങ്ങൾ പതിപ്പിച്ച ഒന്നരയടി പൊക്കമുള്ള കിരീടം തുടങ്ങിയവയൊക്കെയാണ് എ നിലവറയിൽ കണ്ടത്.

ബി . നിലവറ ഇതുവരെയും തുറന്നുപരിശോധിക്കാത്ത ‘ബി’ നിലവറ ഭരതക്കോണിലാണ്. അഗസ്ത്യമുനിയുടെ സമാധിസങ്കൽപ്പവും ഇതിലുണ്ട്. രണ്ടു തട്ടായിട്ടാണു നിലവറ. ഗർഭഗൃഹത്തിന്റെ അടിവരെ നിലവറ എത്തുമെന്നാണു വിശ്വാസം. സ്വർണം, വെള്ളി കട്ടകളും പന്ത്രണ്ടോളം ഇരുമ്പുജാറുകളിൽ നിറയെ സ്വർണനാണയങ്ങളും ആഭരണങ്ങളും സ്വർണമണികളും ഉണ്ടെന്നാണു കേൾവി.

ഈ നിലവറ തുറക്കാൻ കഠിനമായി ശ്രമിച്ചെങ്കിലും നടന്നില്ല. 2011 ജൂൺ 30ന് ഇതിന്റെ രണ്ടാംവാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ ജസ്റ്റിസ് സി.എസ്. രാജന്റെ കാലു മുറിഞ്ഞു നിലവറയിൽ രക്തം വീണു. അതോടെ നിലവറ തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. കോടതിയെ വിവരം അറിയിച്ചു. നിലവറ തുറക്കുന്നതിൽ ചില വിശ്വാസങ്ങൾ കൂടി പരിഗണിക്കണമെന്ന അഭിപ്രായം കണക്കിലെടുത്ത് ഇനിയൊരു ഉത്തരവുണ്ടാകും വരെ ‘ബി’ നിലവറ തുറക്കേണ്ട എന്ന് സുപ്രീംകോടതി വിധിച്ചു. കോടതിയുടെ ഇപ്പോഴത്തെ ബഞ്ചും ഇതേ തീരുമാനത്തിലാണ്.‌

സി . നിലവറ

‘സി’ നിലവറ വ്യാസക്കോണിലാണ്. പഴയകാല സുർക്കി കൂട്ടിൽ കെട്ടിയ ചുവർ അലമാരപോലെ അറകൾ. അതിൽ സ്വർണ ദണ്ഡ്, സ്വർണ കൊപ്പറ, പ്രത്യേക ചടങ്ങുകൾക്കും ഉൽസവങ്ങൾക്കും ഉപയോഗിക്കേണ്ട സാധനങ്ങൾ, ഭഗവാനു ചാർത്താനുള്ള ആഭരണങ്ങൾ, സ്വർണക്കുടകൾ, നാഗപടം, വലിയ കാണിക്കയിടുന്ന നാണയങ്ങൾ ഇവയെല്ലാം ഏകദേശം 100 സ്ക്വയർഫീറ്റ് മുറിയിൽ തടിപ്പെട്ടിയിൽ അടുക്കിവച്ചിരിക്കുന്നു.

ഡി . നിലവറ

വ്യാസഭഗവാന്റെ പിന്നിലാണ് ‘ഡി’ നിലവറ. പ്രത്യേക ദിവസങ്ങളിലും ഉൽസവത്തിനും ഉപയോഗിക്കുന്ന ഗരുഡവാഹനങ്ങളുടെ അലങ്കാരസാധനങ്ങളാണിവിടെ.

ഇ . നിലവറ

തെക്കേടം എന്നറിയപ്പെടുന്ന നരസിംഹമൂർത്തിയുടെ നിത്യപൂജയ്ക്കുള്ള സാമഗ്രികളാണ് ‘ഇ’ നിലവറയിൽ സൂക്ഷിച്ചിരിക്കുന്നത്. പട്ടു വിരിച്ച കരിങ്കൽ തറയിൽ ദീപാരാധന തട്ടുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ അടുക്കായിവച്ചിരിക്കുന്നു.

എഫ് . നിലവറ

ശ്രീപത്മനാഭന്റെ നിത്യപൂജയ്ക്കുള്ള സാമഗ്രികളാണ് എഫ് നിലവറയിൽ. ശ്രീപത്മനാഭന്റെ മൂന്ന് വിഗ്രഹങ്ങളാണ് നിത്യപൂജയ്ക്കുള്ളത്. അനന്തശയനനായ ശ്രീപത്മനാഭൻ, അഭിഷേക വിഗ്രഹം, പിന്നെ ശീവേലി വിഗ്രഹം. ഇവ മൂന്നിനും നിത്യേനയുള്ള പൂജയ്ക്കാവശ്യമായ ആഭരണങ്ങളും പൂജാദ്രവ്യങ്ങളുമാണിവിടെ. പെരിയനമ്പിയാണ് ഇവയുടെ താക്കോലുകൾ സൂക്ഷിക്കുക. പെരിയനമ്പി മാറുന്ന ഒറ്റക്കൽ മണ്ഡപത്തിലെ കുടമാറ്റ ചടങ്ങിൽ താക്കോലും കൈമാറും.

രണ്ടു നിലവറകൾ കൂടി

കോടതി ഇടപെടലിനുശേഷം അമിക്കസ് ക്യൂറിയുടെ നിർദേശ പ്രകാരം രണ്ട് അറകൾ കൂടി പുതുതായി തയാറാക്കിയിരുന്നു. ജിയും എച്ചും. ശ്രീകോവിലിന്റെ വടക്കുള്ള മുതൽപ്പടി മുറികൾക്കാണ് ജി, എച്ച് എന്നു പേരിട്ടത്. (നിത്യേനയുള്ള നടവരവും കാണിക്കകളും കണക്കെടുത്തു സൂക്ഷിക്കാനുള്ള പത്തായപ്പുര പോലുള്ള അറകളാണ് മുതൽപ്പടി). അവയിൽ പഴയതും പുതിയതുമായ നടവരവുകൾ എണ്ണി രേഖപ്പെടുത്തി സൂക്ഷിക്കുകയാണ് പതിവ്.

ഉൽസവാഘോഷങ്ങൾക്കുള്ള കൊടിക്കൂറകളുടെ ചാമരം കുറ്റികളും വെള്ളി ദണ്ഡുകളും ഈ അറകളിൽ നിക്ഷേപിച്ച് പുതിയതായി രേഖപ്പെടുത്തി. ഉൽസവത്തിനാവശ്യമായ വെള്ളിമുടി, പല്ലക്ക്, തലയണ, കുട, ചന്ദനക്കിണ്ണം, 35 കിലോയോളം ഭാരമുള്ള വെള്ളിക്കട്ടകൾ, ചാമരംകുറ്റികൾ തുടങ്ങിയവ ഈ രണ്ട് അറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

related stories
Your Rating: