Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശ്രമമീ ആശ്രയ

ashraya-family ആശ്രയ ചെയർമാൻ ആർ.വേണുഗോപാലൻ നായർ, മകൾ ഡോ‌. വിധു.വി.നായർ, ഡോ.പ്രസന്ന വേണുഗോപാൽ

ഇലത്തുമ്പിൽനിന്ന് ഒരിറ്റു വെള്ളം ഊർന്നുവീഴുമ്പോൾ അതിനറിയില്ല, ഒരുപക്ഷേ അതൊരു പുഴയുടെ തുടക്കമാകുമെന്ന്. ചില തുള്ളികൾ അങ്ങനെയാണ്. ഒഴുകാൻവേണ്ടി മാത്രം ഇറ്റുവീഴുന്നവ. അത് അരുവിയായി, പുഴയായി, നദിയായി, ഒഴുകും. സമുദ്രമായി വളരും. പിന്നെയത് ഉയരങ്ങളിലേക്കു നീരാവിയായി പോകും. തണുത്തുറഞ്ഞു വീണ്ടും തുള്ളിയായി... ആദിയും അനാദിയുമില്ലാത്ത ജലചക്രം.

കൊല്ലം നഗരത്തിന്റെ ഒരു കോണിൽ ഒന്നര പതിറ്റാണ്ടു മുൻപ് ഇതുപോലൊരു തുള്ളി ഇറ്റുവീണു. അതു ജലമല്ല. ഒരാശയം. പൂർണത പ്രാപിക്കാത്ത ജീവിതങ്ങളെ പൂരിപ്പിക്കുന്ന നേരിന്റെ രൂപമായി അതു വളർന്നു. ആ നേരിന് ഇന്നൊരു പേരുണ്ട്–ആശ്രയ.

ആശ്രയയിലേക്കുള്ള വഴി

ശാരീരികവും ബുദ്ധിപരവുമായ വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടികളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്ന വസതിയെന്ന കേൾവിയുമായി ചെന്നുകയറിയാൽ ഒന്ന് ആശ്ചര്യപ്പെട്ടേക്കാം. ഇത്തരം പുനരധിവാസ കേന്ദ്രങ്ങളുടെ ഒരു ചിത്രം നമ്മുടെ മനസ്സിൽ ഉണ്ടല്ലോ? അതു വലിച്ചു മാറ്റപ്പെടുമ്പോൾ ഉണ്ടാകുന്നതാണ് ആ ആശ്ചര്യം. നൂതനാശയത്തിലൂടെ സാമൂഹിക സേവനം നടത്തുന്നതിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം ഇവിടെയെത്തിച്ചത് ആ ആശ്ചര്യമാണ്. രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച നാഷനൽ ട്രസ്റ്റ് പ്രവർത്തനത്തിന്റെ രാജ്യതലസ്ഥാനമായി മാറാൻ പോകുന്നതിനു വഴി തുറക്കുന്നത് ഈ ആശ്ചര്യമാണ്.

ashraaya ആശ്രയിലെ കുട്ടിക‌ളുമായി പ്രിൻസിപ്പൽ ബി.ശ്രീകലയുടെ നേതൃത്വത്തിൽ സംവദിക്കുന്നു.

പുറമെനിന്നു നോക്കിയാൽ ആശ്രമം പോലെയാണ് ആശ്രയ. ബോധി വൃക്ഷത്തണലിൽ സന്യാസിയുടെ സമാധിമണ്ഡപം. കെട്ടിലും മട്ടിലുമൊക്കെ ഏതാണ്ട് ആധ്യാത്മികകേന്ദ്രം പോലെ. എന്നാൽ, മുറ്റത്തു പ്ലേസ്കൂളിലെ കളി ഉപകരണങ്ങൾ. നടന്നു കയറുന്നത് ഒരു ഹാളിലേക്ക്. പ്രാർഥനാ മുറി. അതിൽ വിഘ്നേശ്വര വിഗ്രഹം. മണ്ഡപത്തിൽ പൂജയ്ക്കുള്ള സാമഗ്രികൾ. രണ്ടുകാലും തളർന്ന, എംകോമിനു പഠിക്കുന്ന ആലപ്പുഴ തൈക്കാട്ടുശേരിയിൽ അനിതയാണ് അവിടെ മന്ത്രം ഉരുവിട്ടു വിനായകപൂജ നടത്തുന്നത്. അവൾ, ആശ്രയയിൽ മറ്റു കുട്ടികളുടെ ചേച്ചിയും ടീച്ചറുമാണ്.

അനിതയെപ്പോലെ 15 പേർ ആശ്രയയിലെ സ്ഥിര താമസക്കാരാണ്. ദിവസവും വന്നുപോകുന്നവർ 13 പേർ. എല്ലാം പെൺകുട്ടികൾ. പകുതിപ്പേർ ശാരിരിക വെല്ലുവിളി നേരിടുന്നവർ. മറുപകുതി ബുദ്ധിപരമായ വെല്ലുവിളികളുമായി കഴിയുന്നവർ. അവർ പരസ്പരം അറിഞ്ഞും സഹായിച്ചും സ്വയംപര്യാപ്തതയിൽ എത്തുകയാണ് ഇവിടെ. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ സ്ഥാപനം.

ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ ഡിറ്റാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റി തുടങ്ങിയവ ഉള്ളവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് 1999ൽ ആണു പാർലമെന്റ് നാഷനൽ ട്രസ്റ്റ് ആക്ട് പാസാക്കിയത്. നമ്മുടെ രാജ്യത്തെ പല നിയമങ്ങളുംപോലെ അതും ഫയലിൽ ചുരുണ്ടുകൂടിയപ്പോൾ കൊല്ലം കിളികൊല്ലൂർ പുളിയത്തു മുക്കിൽ ഒരു സ്ഥാപനം ജനിച്ചു. 2000 ഏപ്രിൽ 18ന്.

കൂട്ടുകുടുംബം

ആശ്രയ അനാഥാലയമോ പുനരധിവാസ കേന്ദ്രമോ അല്ല. ഒരു കൂട്ടുകുടുംബമാണ്. സ്വന്തം കുടുംബത്തെക്കാൾ സുരക്ഷിതത്വവും ശ്രദ്ധയും ലഭിക്കുന്ന വലിയ കുടുംബം. വൈകല്യമുള്ള എട്ടു കുട്ടികളും ഒരു അമ്മയും (ഹൗസ് മദർ) ഒരു ചേച്ചിയും ഉൾപ്പെടുന്നതാണ് ഒരു കുടുംബം. അങ്ങനെ മൂന്നു കുടുംബങ്ങളാണ് ഇവിടെ. മുതിർന്ന ചേച്ചിയാണ് പകൽ അവരുടെ അധ്യാപിക. രാവിലെ 7.30 മുതൽ ഒരു മണിക്കൂർ പ്രാർഥന. കുട്ടികളുടെ നാവ് വഴങ്ങാത്ത, അർഥം പൂർണമായി മനസ്സിലാകാത്ത വേദമന്ത്രങ്ങളാണ് ആശ്രയ ചെയർമാൻ ആർ. വേണുഗോപാലൻ നായർ ചൊല്ലിക്കൊടുക്കുന്നത്. അത് അവർ ഏറ്റു ചൊല്ലും. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന മിക്ക കുട്ടികളുടെയും വായിൽനിന്നു തുപ്പൽ ഒഴുകാറുണ്ട്.

നിത്യവും നടത്തുന്ന മന്ത്രോച്ചാരണത്തിലൂടെ തുപ്പൽ ഒഴുകുന്ന ശീലം നിലയ്ക്കുക മാത്രമല്ല ഓർമശക്തി കൂടുകയും ചെയ്യും. (ഡോ. എ.പി.ജെ. അബ്ദുൽ കലാം ഇതു സംബന്ധിച്ചു മെഡിക്കൽ ഇലക്ട്രോണിക്സ് എന്ന പഠനം നടത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിനും ഈ കഴിവുണ്ട്. ഇതു ശാസ്ത്രീയമായി ബോധ്യപ്പെടുത്തിക്കൊടുക്കാമെന്ന് അണ്ണാ സർവകലാശാല അധികൃതർ വേണുഗോപാലൻ നായരോടു പറഞ്ഞിട്ടുണ്ട്). ഏതായാലും ആശ്രയയിലെ ഒരു കുട്ടിയുടെയും വായിൽനിന്നു തുപ്പൽ പുറത്തേക്ക് ഒഴുകുന്നില്ല. പ്രാർഥന കഴിഞ്ഞാൽ സ്കൂൾ യൂണിഫോം ഇട്ട് സ്പെഷൽ സ്കൂളിലേക്ക്. ആശ്രയയിൽ തന്നെയാണ് സ്പെഷൽ സ്കൂൾ. അവിടെ പഠനം പൂർത്തിയാക്കിയാൽ സാധാരണ സ്കൂളിലേക്കു പോകാൻ കഴിയുന്നവരെ അങ്ങോട്ടു മാറ്റും. എൻജിനീയറിങ് ബിരുദം ഉൾപ്പെടെ പൂർത്തിയാക്കിയവരുണ്ട്.

ജീവിത പഠനം

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കു ശാസ്ത്രവും കണക്കും ഇംഗ്ലിഷും പറഞ്ഞു കൊടുക്കുന്നതിനെക്കാൾ പരിഗണന കൊടുക്കുന്നത് ജീവിതം പഠിപ്പിക്കാനാണ്. കുളിക്കാനും പല്ലുതേക്കാനും വസ്ത്രം അലക്കാനും അവരെ പ്രാപ്തരാക്കും. . ആശ്രയ വിട്ടു വീട്ടിലേക്കു പോയാലും അവർ വീട്ടുകാർക്കു ഭാരമാകരുത്. വീട്ടിലെ ചെറിയ ജോലികൾ ചെയ്ത് അവർ സഹായികളായി മാറും. അച്ഛനമ്മമാരുടെ കാലം കഴിഞ്ഞാലും ഇവർക്കു ജീവിക്കാൻ കഴിയും. കഴിയണം. അതാണ് ആശ്രയയുടെ ലക്ഷ്യം.

വേണുഗോപാലൻ നായരുടെ വീടിന്റെ അങ്കണത്തിൽ 8000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് ആശ്രയ. മുറികളിൽ പകുതിയിലധികം സ്ഥലത്തും പാകിയിട്ടുള്ളത് മിനുസമുള്ള ടൈലുകൾ‌. കാലുറപ്പിക്കാൻ കഴിയാത്തവരും ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നവരും ഉണ്ട്. ഇവിടെ അവർ നടന്നു പഠിക്കും. പുറംലോകത്തേക്ക് ഇറങ്ങിയാൽ മിനുസമുള്ള ഏതു പ്രതലവും അവർക്കു വെല്ലുവിളിയാകില്ല.

ക്രാഫ്ട് വർക്ക്, തയ്യൽ, എംബ്രോയിഡറി, ഗാർഡനിങ്, പാചക കല, നൃത്തം, സംഗീതം, ചിത്രകല, വാദ്യോപകരണ പരിശീലനം വിവിധ കളികൾ എന്നിവയിലും ഇവർക്കു പരിശീലനമുണ്ട്. ഫിസിയോ–ഒക്കുപ്പേഷനൽ തെറപ്പി, സ്പീച്ച്– സൗണ്ട് തെറപ്പി എന്നിയുമുണ്ട്. പഠനം പൂർണമായും സൗജന്യമാണ്. ഒന്നര പതിറ്റാണ്ടിന് ഇടയിൽ സർക്കാരിൽനിന്നോ ഏതെങ്കിലും സംഘടനകളിൽനിന്നോ വ്യക്തികളിൽനിന്നോ കെട്ടിട നിർമാണത്തിന് ഉൾപ്പെടെ ഒരു രൂപപോലും വാങ്ങിയിട്ടില്ല. ചെയ്യുന്ന സേവനം പുരപ്പുറത്തു കയറിനിന്നു വിളിച്ചുകൂകി പറ‍ഞ്ഞതുമില്ല.

സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ നാലിനും 10നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് പ്രവേശനം. (ഇത്തരം കുട്ടികളെ പരിചരിക്കാൻ നിൽക്കുന്നതിനാൽ അമ്മമാർക്കു ജോലിക്കു പോകാൻ കഴിയാത്ത അവസ്ഥ ഇതോടെ മാറും. കുട്ടികൾ ആശ്രയയിലേക്കു മാറുന്നതോടെ അമ്മമാർക്കു ജോലിക്കു പോകാം. കുടുംബം പോറ്റാം) 18–20 വയസ്സുവരെ ഇവിടെ പാർപ്പിക്കും. മധ്യവേനൽ അവധിക്കു രണ്ടു മാസത്തോളവും വീട്ടിൽ അയയ്ക്കും. വീട് അവർക്ക് അന്യമാകരുത്.

ഉന്നതനിലയിൽ എൻജിനീയറിങ് വിജയിച്ചു മുബൈയിലും വിദേശത്തും ജോലി ചെയ്ത ആർ. വേണുഗോപലൻ നായർ ആണ് ആശ്രയയുടെ ചെയർമാനും തലച്ചോറും. ഭാര്യ ഡോ. പ്രസന്ന വേണുഗോപാൽ, വേണുഗോപാലൻനായരുടെ പിതൃസഹോദരി ഭാരതിയമ്മ എന്നിവർ ഉൾപ്പെട്ടതാണ് ട്രസ്റ്റ്. വേണുഗോപാലിന്റെ അമ്മ ഡി. കമലമ്മ അമ്മയുടെ വേർപാടിനു ശേഷമാണ് അച്ഛൻ പെങ്ങൾ അംഗമായത്...

ബോധാനന്ദ സ്വാമിയുടെ ശിക്ഷ്യനായി ആത്മ ജ്യോതിർ ആനന്ദ എന്നപേരിൽ സന്യാസം സ്വീകരിച്ച, കൊല്ലം റയിൽവേ സ്റ്റേഷൻ മാനേജർ ആയിരുന്ന രാഘവൻനായർ ആണ് വേണുഗോപാലൻ നായരുടെ പിതാവ്. ആ സന്യാസിയുടെ സമാധിമണ്ഡപമാണ് ആശ്രയയുടെ മുറ്റത്ത്.

കൊല്ലം മോഡൽ

കൊല്ലം മോഡൽ എന്നറിപ്പെടുന്ന ആശ്രയയുടെ പ്രവർത്തനത്തിന് 2012ൽ കേന്ദ്ര സർക്കാർ പുരസ്കാരം നൽകി ആദരിച്ചു. ഇന്ത്യയാകെ ഇതു വ്യാപിപ്പിക്കാൻ അതേവർഷം കേന്ദ്രസർക്കാർ നിർദേശം നൽകി. വേണുഗോപാലൻ നായർ ഇതിന്റെ നാഷനൽ ട്രസ്റ്റ് ബോർഡ് അംഗമായി. അവിടെനിന്നു മടങ്ങിയെത്തി. കേരളത്തിന്റെ ചുമതല ഏറ്റെടുത്തു വേണുഗോപാലൻനായരും ആശ്രയ ഉപദേശക സമിതി അംഗം ഡോ. പട്ടത്താനം രാധാകൃഷ്ണനും കേരളം മുഴുവ‍ൻ സഞ്ചരിച്ചു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 14 ജില്ലകളിലും ആശ്രയ മാതൃകയിൽ സ്ഥാപനങ്ങൾ ഉയർന്നു. സംസ്ഥാനത്തെ നോഡൽ ഏജൻസി സെന്റർ ആണ് ഇപ്പോൾ ആശ്രയ.

നിരാമയ

മാനസിക–ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ സമ്പൂർണ ആരോഗ്യ സുരക്ഷാ പദ്ധതിയായ ‘നിരാമയ’ നടപ്പാക്കുന്ന രാജ്യത്തെ അഞ്ചു സ്ഥാപനങ്ങളിൽ ഒന്നാണ് ആശ്രയ. മൂന്നു വർഷത്തിനിടയിൽ കൊല്ലം ജില്ലയിൽ മാത്രം 30 ലക്ഷം രൂപയുടെ ആനുകൂല്യം നേടിക്കൊടുക്കാൻ കഴിഞ്ഞു. ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്നവരുടെ സ്വത്ത് നിയമവിരുദ്ധമായി ക്രയവിക്രയം ചെയ്യുന്നതു തടയുന്നതിനു വലിയ ശ്രമം നടത്തി. ഇതിനു നിയമമുണ്ടായി. ഒരു വർഷത്തിനിടയിൽ എട്ടുകോടി രൂപയും കോടിക്കണക്കിനു രൂപയുടെ വസ്തുവകകളും തിരികെപ്പിടിച്ചു. എല്ലാ വില്ലേജ്, സബ് റജിസ്ട്രാർ ഓഫിസുകളിലും നിയമം സംബന്ധിച്ച് ബോർഡ് സ്ഥാപിക്കണമെന്ന് സാമൂഹിക നീതിവകുപ്പ് ഡയറക്ടർ ഒരുവർഷം മുൻപ് ഉത്തരവിറക്കി.

Your Rating: