Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിശയൻ

Author Details
chandrakanth-and-family അച്ഛൻ സുനിലിനും അമ്മ ഷിജിക്കും ഒപ്പം ചന്ദ്രകാന്ത്.

കാഴ്ചയിൽ സാധാരണ കുട്ടിയായിരുന്നു ചന്ദ്രകാന്ത്. വീടു മുഴുവൻ ബഹളം വച്ച് ഓടിപ്പാഞ്ഞു നടക്കും. ഒരു ദിവസം ആശുപത്രിയിൽ പോകാൻ ചന്ദ്രകാന്തിനെയുംകൊണ്ട് ആൾത്തിരക്കുള്ള ബസിൽ കയറിയതാണ് അമ്മ ഷിജി. തിരക്കുകാരണം ഫുട്ബോഡിന് അപ്പുറത്തേക്കു കയറി നിൽക്കാനായില്ല. അതിനു മുൻപേ ഡബിൾ ബെൽ.

തൊട്ടുപിന്നാലെ സൈഡ് സീറ്റിലിരുന്ന യുവതിയുടെ നിലവിളി. അവരുടെ കൈയിൽ ഷിജിയുടെ ഒക്കത്തിരുന്ന ഒന്നരവയസ്സുകാരൻ ചന്ദ്രകാന്ത് ആഞ്ഞു കടിക്കുന്നു. കുഞ്ഞിപ്പല്ലുകൾ മുഴുവൻ ആ കൈത്തണ്ടയിൽ താഴ്ന്നിറങ്ങിയിരുന്നു. ബസ് നിന്നു. ഷിജയെയും കുഞ്ഞിനെയും ഇറക്കിവിട്ടു. മറ്റു യാത്രക്കാരുടെ മുന്നിൽ കുറ്റവാളികളെപ്പോലെ ആ അമ്മയും മകനും.അന്ന് ആശുപത്രിയിൽ അവനെ പരിശോധിച്ച ഡോക്ടർ ഷിജിയോടു പറഞ്ഞു: കുട്ടി ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കാട്ടുന്നുണ്ട്.

തന്റെ മകൻ സാധാരണ കുട്ടികളെപ്പോലെയല്ല എന്ന് ഒരമ്മ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ചന്ദ്രകാന്തിന്റെ അച്ഛൻ സുനിൽ വിവരമറിഞ്ഞ് ശബ്ദമുണ്ടാക്കാതെ കുറേനേരം കരഞ്ഞു.ആശുപത്രിയിൽനിന്നു തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ചന്ദ്രകാന്ത് ബസിലിരുന്ന് ഉറക്കെ ശബ്ദമുണ്ടാക്കി.

പലരെയും മാന്തിപ്പറിച്ചു. മുൻപ് അതൊക്കെ ഒരു കൈക്കുഞ്ഞിന്റെ സാധാരണ വികൃതികളെന്നു കരുതിയ ഷിജി യാഥാർഥ്യത്തിലേക്ക് ഉണരുകയായിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ കണ്ടു മാത്രം പരിചയമുള്ള അമ്മയും അച്ഛനും. ചന്ദ്രകാന്തിന്റെ ഓരോ പെരുമാറ്റവും അവർക്കു പുതിയതായി തോന്നി. കുട്ടിക്ക് ഓട്ടിസമാണെന്നു വിശ്വസിക്കാൻ കൂട്ടാക്കാത്ത ബന്ധുക്കൾ.

അന്നു ബസിൽനിന്ന് ഇടയ്ക്കു വച്ച് ഇറങ്ങേണ്ടി വന്നതുപോലെ, ഒരു ദിവസം കുടുംബവീട്ടി‍ൽനിന്നും അവർക്ക് ഇറങ്ങേണ്ടി വന്നു.പക്ഷേ, ആ യാത്ര പാതിവഴിയിൽ അവസാനിച്ചില്ല. ഭിന്നശേഷിയുള്ള മറ്റു കുട്ടികളെപ്പോലും അതിശയിപ്പിച്ച് ചന്ദ്രകാന്ത് ആറാം വയസ്സിൽ അമ്മയുടെ കൈപിടിച്ചു കവിതയെഴുതിത്തുടങ്ങി. പിന്നീടു കഥയിലേക്കും തിരക്കഥയിലേക്കും ആ വിരൽ പിടിച്ചെഴുത്ത് വഴിമാറി.

ജ്യോതിശാസ്ത്രവും വേദാന്തവും സംഗീതവും സിംഫണികളും ചന്ദ്രകാന്തിന്റെ തലച്ചോറിൽ തരംഗങ്ങളുണ്ടാക്കുന്നു. തലച്ചോറിനു പൂർണ വളർച്ചയുണ്ടെന്ന് അനുമാനിക്കുന്ന സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ സിദ്ധികളും ചൈതന്യവുമായി, ഇനിയും സംസാരിക്കാൻ കഴിയാത്ത ചന്ദ്രകാന്ത് ലോകത്തെ അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.

കാക്കനാട് കുസുമഗിരി സ്പെഷൽ സ്കൂളിലേക്ക് എന്നും അമ്മയും മകനുമൊന്നിച്ച് കോട്ടയം ജില്ലയിലെ പെരുവ കാരിക്കോടുള്ള വീട്ടിൽനിന്നു ബസ് കയറും. ഓട്ടിസം ബാധിച്ച മറ്റു നാലു കുട്ടികൾക്കൊപ്പം വിദ്യാഭ്യാസം. ബസിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ചന്ദ്രകാന്ത് അക്രമാസക്തനാവും. അടിയും കടിയും അലർച്ചയും പ്രതീക്ഷിക്കാം. തിരക്കുള്ള ബസിൽ ചന്ദ്രകാന്തിനു സീറ്റൊഴിഞ്ഞു കൊടുക്കാൻ ആരുമുണ്ടായില്ല. യാത്ര പതിവായപ്പോൾ പേരറിയാത്ത ഡ്രൈവർ അമ്മയ്ക്കും മകനുമിരിക്കാൻ ബോണറ്റിനു മുകളിൽ എന്നും തോർത്ത് വിരിച്ചു കൊടുത്തു.

ചന്ദ്രകാന്തിന്റെ അച്ഛൻ സുനിലിനു ദിവസക്കൂലി 400 രൂപ. മരുന്നിനും മറ്റും മാത്രം ചെലവ് 450 രൂപ. ചന്ദ്രകാന്തിനു വേണ്ടി ആ അച്ഛൻ ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്യാൻ തുടങ്ങി. മുടിയും നഖവും വെട്ടിക്കാൻ കൂട്ടാക്കാത്ത, രാത്രിയിൽ ഉറങ്ങാതെ കരയുന്ന കുഞ്ഞിന് ദേഹം മുഴുവൻ മാന്തിക്കീറിയ പാടുകളുമായി അമ്മ കാവലിരുന്നു.

പതിനഞ്ച് വയസ്സാകുമ്പോഴേക്കും ചന്ദ്രകാന്ത് എന്ന് എഴുതാനെങ്കിലും മകനെ പ്രാപ്തനാക്കണമെന്ന് ഷിജിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇംഗ്ലിഷ് അക്ഷരമാലയിലെ എളുപ്പത്തിലെഴുതാവുന്ന എ, എൽ, എം, എൻ തുടങ്ങിയവ പറഞ്ഞു കൊടുത്തു തുടങ്ങിയത് അങ്ങനെയാണ്.

എഴുത്തു വഴങ്ങാൻ പേനയുമായി ചന്ദ്രകാന്തിന്റെ കൈപിടിച്ച ദിവസം ഷിജി ആദ്യമായി ഞെട്ടി. നാല് ഇംഗ്ലിഷ് അക്ഷരങ്ങൾ മാത്രം കേട്ടറിവുള്ള മകൻ ഒറ്റയിരിപ്പിന് എഴുതിയത് എ മുതൽ സെഡ് വരെ. സംഭവിച്ചത് സത്യമോ എന്നറിയാൻ ഒരിക്കൽകൂടി അവന്റെ കൈപിടിച്ചു. എ മുതൽ സെഡ് വരെ വീണ്ടും. പിറ്റേന്നു രാവിലെ തന്നെ സ്പെഷൽ സ്കൂളിലെത്തി കാര്യം തിരക്കി. അവിടെയാരും കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിച്ചിട്ടില്ല. അന്നു തിരികെ വീട്ടിലെത്തിയപ്പോൾ ഇംഗ്ലിഷ് ചെറിയക്ഷരങ്ങൾ എഴുതാൻ ചന്ദ്രകാന്തിനോടു പറ‍ഞ്ഞു. അമ്മയുടെ കൈപിടിച്ച്, തെറ്റുകൂടാതെ ചന്ദ്രകാന്ത് അതുമെഴുതി.

അമ്പരപ്പ് മനസ്സിൽ വച്ച് ഒരു പരീക്ഷണത്തിനുകൂടി ഷിജി തയാറെടുത്തു. ചന്ദ്രകാന്തിന്റെ കൈപിടിച്ച് കേട്ടെഴുത്ത് എന്ന പോലെ ഉറക്കെ പറഞ്ഞു: ക്യാറ്റ്. തെറ്റുകൂടാതെ ഇംഗ്ലിഷിലെ മൂന്നക്ഷരങ്ങളിൽ ചന്ദ്രകാന്ത് ‘ക്യാറ്റ്’ എന്നെഴുതി. ബാറ്റ്, ആപ്പിൾ... അക്ഷരത്തെറ്റില്ലാതെ എഴുത്തു തുടർന്നപ്പോൾ ഷിജിക്കും വാശിയായി. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക! മടിയിലിരിക്കുന്ന മകനെ പരീക്ഷിക്കുകയായിരുന്നു ആ അമ്മ. പക്ഷേ, ചന്ദ്രകാന്തിനു തെറ്റിയില്ല.

‘തല കറങ്ങുന്നതു പോലെ തോന്നി. ഓട്ടിസമുള്ള മകനൊപ്പം ജീവിച്ച് എനിക്കു സമനില തെറ്റിയതാണോ എന്നായി സംശയം’ പിറ്റേന്നു മലയാളത്തിലായി എഴുത്ത്. ആദ്യമെഴുതിയത് അ, അമ്മ. ഹിന്ദിയിലെഴുതാൻ ‘ഗുലാബ്’ എന്നുറക്കെ പറഞ്ഞ നിമിഷം ഷിജി ഇപ്പോഴും ഓ‍ർമിക്കുന്നു.

ഗുലാബ് എന്നെഴുതി മുകളിൽ നീട്ടിയൊരു വര വരച്ച ചന്ദ്രകാന്ത് പിന്നാലെ നൽകിയത് ഒരു നീളൻ മുത്തം. ‘ദൈവമേ എന്നുറക്കെ വിളിച്ചുപോയി ഞാൻ’. അറിയാവുന്ന സംസ്കൃതത്തിൽ ചന്ദ്രുവിനെ നോക്കി, നിലവിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു: കാളിദാസ കാവ്യ കഹാ: മറുപടിയെഴുതാൻ അവൻ ഒട്ടും വൈകിയില്ല: രഘുവംശ!!!

ബുദ്ധി വികസിച്ചിട്ടില്ലെന്ന എല്ലാവരും പറയുന്ന, ഈ കുഞ്ഞിനെക്കുറിച്ചു താൻ സ്വപ്നം കാണുകയാണോ എന്ന് ആ അമ്മ സംശയിച്ചു. എന്നാൽ, മറ്റുള്ളവരുടെ സംശയം സ്വാഭാവികമായും വേറൊന്നായിരുന്നു. മകന്റെ കൈപിടിച്ച്, ബിരുദാനന്തര ബിരുദക്കാരിയായ അമ്മയല്ലേ എഴുതുന്നത്?! ഷിജിക്ക് മറുപടിയുണ്ടായിരുന്നില്ല.എല്ലാവരോടും എന്തു പറയണമെന്നറിയാതെ സങ്കടപ്പെട്ടിരിക്കുമ്പോൾ ഒരു ദിവസം ഞാൻ അവനോടു ചോദിച്ചു: മോനേ, നിനക്കു സത്യത്തിൽ ഈ കഴിവുകളൊക്കെയുണ്ടോ?

അവൻ എന്റെ കൈയെടുത്തു ബുക്കിൽ വയ്പിച്ചിട്ട് എഴുതി: സത്യമായും അമ്മേ!!! സ്പെഷൽ സ്കൂളിലേക്കുള്ള ദീർഘയാത്ര അന്ന് അവസാനിപ്പിച്ചു. പകരം ഞാൻ പഠിച്ച, വീടിനടുത്തുള്ള കോയിക്കൽ ഏബ്രഹാം മെമ്മോറിയൽ യുപി സ്കൂളിലെത്തി ചോദിച്ചു:

എന്റെ കുട്ടി ഇവിടെ പഠിച്ചോട്ടെ? ഇവന് ഒറ്റയ്ക്കു പഠിക്കാനാവില്ല. ഒപ്പം ഞാനുമുണ്ടാവും! ആറാം വയസ്സിൽ, ചന്ദ്രകാന്ത് അവിടെ ഒന്നാം ക്ലാസിൽ ചേർന്നു, ഷിജിയും! ആദ്യ ദിവസം തന്നെ ക്ലാസ് ടീച്ചർക്കു ചന്ദ്രകാന്തിന്റെ വക സമ്മാനം– കൈയിലൊരു കടി! അ‍ഞ്ചു പല്ലുകളുടെ പാടുമായി സ്റ്റാഫ് റൂമിലെത്തിയ ടീച്ചറോടു ഹെഡ്മാസ്റ്റർ പറഞ്ഞു: നമ്മുടെ മക്കളും ഇങ്ങനെ കടിക്കാറുണ്ടല്ലോ. മഴമാസം. തോരാതെ പെയ്യുന്ന മഴ ക്ലാസിറമ്പിലൂടെ നൂലായൊഴുകുന്നതു നോക്കിയിരുന്ന ചന്ദ്രകാന്തിനോടും മറ്റു കുട്ടികളോടുമായി ടീച്ചർ പറഞ്ഞു. ‘ഴ’ എന്ന അക്ഷരം ഉപയോഗിച്ചു നാലു വാക്കുകൾ പറയൂ...

ചന്ദ്രകാന്ത് പറഞ്ഞില്ല, പകരം എഴുതി:

‘മഴ പെയ്യുന്നു പുഴ നിറയുന്നു വഴി കുഴിയുന്നു പഴി പറയുന്നു പൊതുജനമെല്ലാം!’ ടീച്ചർ ഞെട്ടി, ഷിജിയും! ചന്ദ്രകാന്തിന്റെ ആദ്യ കവിത.

മുടിയും നഖവും വെട്ടാൻ ചന്ദ്രകാന്തിനെ കെട്ടിയിടണം. നാലഞ്ചു പേരുടെ സഹായവും വേണം. പെരുവയിലും കടുത്തുരുത്തിയിലുമുള്ള ബാർബർ ഷോപ്പുകാർ, കുട്ടിയെ ഇങ്ങോട്ടു കൊണ്ടുവരല്ലേയെന്നു സുനിലിനോടു കേണു പറഞ്ഞു. 10 വയസ്സുള്ള കുട്ടിക്ക് ഇരട്ടി ആരോഗ്യം. കത്രികയെടുക്കുമ്പോൾ തല വെട്ടിക്കും. എന്തെങ്കിലും സംഭവിച്ചാൽ?

ടെലിവിഷനിൽ തിരുവനന്തപുരത്തെ ഒരു ഡോക്ടറുടെ പ്രോഗ്രാം കാണുന്നത് ആയിടയ്ക്കാണ്. ചന്ദ്രകാന്തിനെയുമായി ഷിജിയും സുനിലും അവിടെയെത്തി. പച്ചമരുന്നും കഷായവും. അരിയാഹാരം കഴിക്കാൻ പാടില്ലെന്ന പഥ്യവും. ചികിൽസയ്ക്കു ഫലമുണ്ടായി. രണ്ടു മാസം കഴിഞ്ഞപ്പോൾ മുടി വെട്ടാൻ ചന്ദ്രകാന്ത് സമ്മതിച്ചു.

2013ലെ ഉത്രാടം. നാടു മുഴുവൻ ഉത്രാടപ്പാച്ചിലിൽ. ചന്ദ്രകാന്തിനു മരുന്നു വാങ്ങാൻ സുനിലിന്റെ കൈയിൽ പത്തുപൈസയില്ല. ബ്ലേഡുകാരോട് ഇനി വാങ്ങാൻ പറ്റില്ല. പരിചയക്കാരിലും കടം ചോദിക്കാൻ ആരും ബാക്കിയില്ല. മരുന്നു നിർത്തിയാൽ എന്താവും കുഞ്ഞിന്റെ അവസ്ഥ? അതുമറിയില്ല.

ദൈവം തന്ന കുഞ്ഞിനെ പോറ്റാൻ പണമില്ലെങ്കിൽ പിന്നെ എന്തിനാണു ജീവിക്കുന്നത്? മരണം മാത്രമാണിനിയൊരു തീർപ്പ്. ആ രാത്രിയിൽ ചന്ദ്രകാന്തിനൊപ്പം ജീവിതം അവസാനിപ്പിക്കാൻ അവർ തീരുമാനിച്ചു. വൈകിട്ട് 7.45. ഷിജിയുടെ ഫോണിൽ പരിചയമില്ലാത്ത നമ്പരിൽനിന്നൊരു വിളി. മരണത്തിലേക്കു മനസ്സുകൊണ്ടു നടക്കാൻ തുടങ്ങിയപ്പോഴും ഉൾവിളിയിലെന്ന പോലെ, ഷിജി ആ ഫോണെടുത്തു. ‘ഡോ. സി. പി. അബൂബക്കർ. മലപ്പുറത്തെ തിരൂരിൽനിന്നാണു വിളിക്കുന്നത്. ഓട്ടിസമുള്ള കുട്ടികളെ ചികിൽസിക്കുന്നയാളാണ്. ചന്ദ്രകാന്തിനെക്കുറിച്ചു കേട്ട് നമ്പർ തേടിപ്പിടിച്ചു വിളിച്ചതാണ്.’

അന്നു ഞാൻ കേട്ടത് ഉച്ചത്തിലൊരു കരച്ചിലാണ് – ഡോ. അബൂബക്കർ ഓർമിക്കുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഞാനതു നിശബ്ദമായി കേട്ടു. നാളെ നേരം വെളുക്കും വരെ നിനക്ക് എന്നെ വിശ്വസിക്കാമോയെന്ന് ഞാൻ ചോദിച്ചു. പണമില്ലെങ്കിൽ മരുന്നു വാങ്ങേണ്ടതില്ല. കുട്ടിക്ക് ഒന്നും സംഭവില്ലെന്നു ഞാൻ പറഞ്ഞു. പിറ്റേന്നു രാവിലെ ഞാൻ വീണ്ടും വിളിച്ചു. ഭാഗ്യം, ഫോണെടുത്തു. മരുന്ന് കഴിക്കാത്തതിന്റെ പേരിൽ ചന്ദ്രകാന്തിനു കുഴപ്പമൊന്നുമില്ലെന്ന് ഷിജി പറഞ്ഞു. ഉച്ചയ്ക്കും വൈകിട്ടും വീണ്ടും വിളിച്ചു. കുഴപ്പമില്ല. ഒരാഴ്ചക്കാലം വിളി തുടർന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാൻ അവർക്കതു മതിയായിരുന്നു’.

‘ഓട്ടിസം ഒരു രോഗമല്ല, അവസ്ഥയാണ്. എന്നാൽ, തലച്ചോറിനെ തളർത്തുന്ന മരുന്നുകൾ നൽകിയാണു പലരും ഓട്ടിസമുള്ളവരെ ചികിൽസിക്കുന്നത്. ഓട്ടിസമുള്ളവരിൽ അമാനുഷികമായ പല കഴിവുകളും ഒളിഞ്ഞുകിടപ്പുണ്ടാവും. അവ കണ്ടെത്തി പരിപോഷിപ്പിക്കാൻ ആരും ശ്രമിക്കാറില്ല. ചന്ദ്രകാന്തിന്റെ കഴിവുകളെക്കുറിച്ചു സംശയിക്കുന്നവർക്കുള്ള മറുപടി ഇതാണ്. ഓട്ടിസമുള്ളവർക്ക് ഇങ്ങനെ പല കഴിവുകളുമുണ്ടാവും. പല മാതാപിതാക്കളും അതു തിരിച്ചറിയാറില്ല എന്നു മാത്രം.’

‘ഓട്ടിസമുള്ളവരിൽ ഇത്തരം അമാനുഷിക സിദ്ധികൾ മുൻപും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ടെലിപ്പതി, മൈൻഡ് റീഡിങ് എന്നിവയേക്കാളേറെ ചന്ദ്രകാന്തിന്റെ ഭാഷാ പരിജ്ഞാനമാണ് എന്നെ അമ്പരപ്പിച്ചത്. ഒരക്ഷരം പോലും പഠിക്കാതെ ആറു ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ചന്ദ്രകാന്തിനു സാധിക്കും’. – ഡോ. അബൂബക്കർ പറഞ്ഞു.

ചന്ദ്രകാന്തിന്റെ കവിതകളുടെ ചിതറിയെഴുത്ത് സമാഹരിക്കാൻ നിർദേശിച്ചതും ഡോ. അബൂബക്കറായിരുന്നു. 2013ൽ മലപ്പുറത്തു നടന്ന സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ ചന്ദ്രകാന്തിന്റെ കവിതാസമാഹാരം – മഴ– വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രകാശിപ്പിച്ചു.

ചന്ദ്രകാന്ത് അടുത്ത വർഷം ഏഴാം ക്ലാസിലേക്കാണ്. പന്ത്രണ്ടുകാരനായ മകനൊപ്പം അമ്മയും ഒപ്പം പഠിക്കാനുണ്ടാവും. ചന്ദ്രകാന്ത് ഇതുവരെ നൂറിലധികം കവിതകൾ എഴുതി. ‘ഗുവിൽ നിന്നു രുവിലേക്ക് ’ എന്ന കവിതാ സമാഹാരം ഈയിടെ കോഴിക്കോട്ടെ ഓട്ടിസം ക്ലബ് പ്രസിദ്ധീകരിച്ചു. പുസ്തകം വിറ്റു കിട്ടിയ പണം ആലുവ കടുങ്ങല്ലൂർ മൂത്തേടം സ്വദേശി ആറാം ക്ലാസുകാരനായ നചികേതിനു കൈമാറി. നചികേതിന്റെ അമ്മ വാഹനാപക‌ടത്തിൽ പരുക്കേറ്റു കിടപ്പിലായതോടെ പഠനം നിർത്തിയതു മനോരമയിൽ വായിച്ചറിഞ്ഞായിരുന്നു അത്.

എഴുത്തിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ചന്ദ്രകാന്ത് എത്തിക്കൊണ്ടിരിക്കുന്നു. സമ്മാനമായി കിട്ടിയ കംപ്യൂട്ടറിലും ടാബിലും സ്വന്തമായി ടൈപ്പ് ചെയ്യും. കൈകൊണ്ടുള്ള എഴുത്തിലും പുരോഗതിയുണ്ട്. കാർട്ടൂണുകളും കാൽപനിക സിനിമകളും ആസ്വദിക്കുന്നതിന്റെ തുടർച്ചയായി തിരക്കഥ എന്ന എഴുത്തു വഴിയിലേക്കും ഇപ്പോൾ അമ്മയുടെ വിരലുകളെ ചന്ദ്രകാന്ത് പിടിച്ചുകൊണ്ടുപോകുന്നു.

സംഗീതാസ്വാദകനായ ചന്ദ്രകാന്തിന് ഇഷ്ടപ്പെട്ട രാഗം ആനന്ദഭൈരവിയും സംഗീതജ്ഞൻ ബിഥോവനുമാണ്. ജ്യോതിർഗോളങ്ങളുടെ ഭൗതിക – രാസ പ്രകൃതികളെപ്പറ്റിയുള്ള പഠനമാണു ചന്ദ്രകാന്തിന്റെ മറ്റൊരു ഇഷ്ടം. സിലബസിന് ഏറെയേറെ മുകളിലുള്ള ഇത്തരം വിഷയങ്ങളിൽ ചന്ദ്രകാന്ത് തന്റെ കൈപിടിച്ച് എഴുതുന്നതു വായിച്ച്, പൊളിറ്റിക്സിൽ മാത്രം ബിരുദാനന്ത ബിരുദമുള്ള ഷിജി തലയിൽ കൈവയ്ക്കുന്നു.

അക്ഷരങ്ങളും അറിവുമാണു മകന്റെ നിയോഗമെന്നു വിശ്വസിക്കുന്ന അമ്മയും അച്ഛനും കാത്തിരിക്കുന്നു. ഓട്ടിസം ബാധിച്ച മകനു മാത്രമല്ല, അതുപോലുള്ള അനേകർക്കു വഴിതെളിക്കാൻ ഒട്ടേറെ പദ്ധതികളും സ്വപ്നങ്ങളും അവരുടെ മനസ്സിലുണ്ട്.

മരണത്തിലേക്കുള്ള വഴിയിൽനിന്ന് അവരെ തിരിച്ചുവിളിച്ച ഡോ. അബൂബക്കറിനെപ്പോലെ, അജ്ഞാതനായ ഒരു അഭ്യുദയകാംക്ഷിയുടെ വിളി അവർ പ്രതീക്ഷിക്കുന്നുണ്ട്. – അങ്ങനെയൊരാൾ ഇതു വായിക്കുന്നുവെങ്കിൽ ആ കുടുംബത്തെ നേരിൽ വിളിക്കാം: 9605073605

Your Rating: