Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബദ്രീബാല

balan-badrinath ബാലൻ നമ്പ്യാർ ബദ്രിനാഥിലെ കൃഷിയിടത്തിൽ.

ശ്രീനീലകണ്ഠ പർവതത്തിൽ ആദ്യ സൂര്യകിരണം വീഴുമ്പോൾ യുഗങ്ങളായി വെള്ളപ്പട്ടുടുത്ത ഗിരിശൃംഗം സ്വർണമായ് തിളങ്ങും. ആ തിളക്കങ്ങളുടെ പ്രഭയെ വന്ദിച്ചു നര പർവതത്തിൽനിന്ന് അളകനന്ദയ്ക്കു കുറുകെയുള്ള പാലവും കടന്നു നാരായണ പർവതത്തിലെ ബദ്രിനാഥ് ക്ഷേത്രത്തിനെ ബാലേട്ടൻ പ്രദക്ഷിണം ചെയ്യാൻ തുടങ്ങിയിട്ടു 48 വർഷങ്ങൾ പൂർത്തിയാവുന്നു. ഹിമാലയത്തിലെ ഏറ്റവും പ്രശസ്തമായ ബദ്രിനാഥിൽ ഏറ്റവും അധികം വർഷം തങ്ങിയ മലയാളി എന്ന റെക്കോർഡ് ബാലേട്ടനുമാത്രം സ്വന്തമാണ്.

വടകരയിൽനിന്നു വെറും യാദൃശ്ചികതകൊണ്ടാണു ബാലൻ നമ്പ്യാരെന്ന ബദ്രിനാഥ്കാരുടെ ‘ബാലാ മാമ’ റാവൽജീയുടെ സഹായിയായെത്തിയത്. മലയാളി നമ്പൂതിരിമാർക്കു മാത്രം റാവൽ ജീ എന്ന മുഖ്യപൂജാരിയാവാൻ കഴിയുന്ന ഇവിടെ, 19 വയസ്സുള്ളപ്പോഴാണ് ബാലൻ തേവണംകോട് കേശവൻ നമ്പൂതിരിയെന്ന റാവലിനൊപ്പം ബദ്രിനാഥിൽ എത്തിയത്. ഗാന്ധിജിയുടെ കേരളയാത്രാ സമയത്ത് ആഭരണം ഊരി നൽകിയ കൗമുദി ടീച്ചറാണ് ബാലേട്ടനെ റാവലിനടുത്തേക്കയച്ചത്.

1970 ൽ ബദ്രിനാഥ് ക്ഷേത്ര ദേവസ്വം സ്ഥിരം ജീവനക്കാരനായി. 2002ൽ ക്ഷേത്രത്തിൽനിന്നു റിട്ടയർ ചെയ്തു. റിട്ടയർ ചെയ്തിട്ടും നാട്ടിലേക്കു പോകാൻ മനസ്സനുവദിച്ചില്ല. എല്ലാവരും കൊടുംതണുപ്പാണ് എന്നൊക്കെപ്പറഞ്ഞ് അവസാനിപ്പിച്ചു പോകുംപോലെ ഹിമാലയം വിട്ടുപോവാൻ ബാലേട്ടനു കഴിയുമായിരുന്നില്ല. കാരണം, ആറുമാസമുള്ള ഈ മഞ്ഞിലെ ജീവിതം അത്യന്തം ആഹ്ലാദം നിറഞ്ഞതാണ്.

ഒരു മലയാളിക്കു ശരീരസുഖത്തോടെ ഇത്രനാൾ ഇവിടെ ജീവിക്കണമെങ്കിൽ വളരെ ശ്രദ്ധയോടെ ജീവിച്ചേ പറ്റൂ. ശരീരം സംരക്ഷിക്കാൻ ബാലേട്ടൻ സ്വയം പരിശീലിച്ചെടുത്ത ചില വിദ്യകൾ ഉണ്ട്.ബദ്രീ റാവൽമാർ ദിവസവും നാലു പ്രാവശ്യം ക്ഷേത്രപൂജയ്ക്കായി കുളിക്കണം. തണുപ്പിൽ കുളി ശരീരത്തിനെ സംബന്ധിച്ച് എല്ലാവർക്കും ഒരേപോലെ ആരോഗ്യത്തോടെ നിൽക്കാൻ ത്രാണി നൽകിയെന്നു വരില്ല. ബാലേട്ടൻ ഒന്നിടവിട്ട ദിവസങ്ങളിലാണു കുളിക്കാൻ പോകുന്നത്.

തപ്തകുണ്ഡെന്ന ചൂടുവെള്ളത്തിലേക്കു രാത്രി ഇറങ്ങും. ഒന്നര പതിറ്റാണ്ടു മുൻപാണു ബാലേട്ടൻ ആ രഹസ്യം ആദ്യമായി പറഞ്ഞും കാണിച്ചും തന്നത്. തപ്തകുണ്ഡ‍് എല്ലാ ദിവസവും ഉച്ചയ്ക്കു മൂന്നു മണിക്കുശേഷം ശുദ്ധിയാക്കി പുതിയ ജലം നിറയ്ക്കും. ശുദ്ധിയാക്കി കഴിഞ്ഞാൽ പിന്നെ അടുത്ത ദിവസം വെളുപ്പിനെവരെ ആളുകൾക്ക് ഇറങ്ങി കുളിക്കാൻ സാധ്യമല്ല. ചുരുങ്ങിയത് 60 ഡിഗ്രി ചൂടുണ്ടാവും. ആ സമയത്ത് ആളുകൾ വെള്ളംകോരി കരയിൽവച്ചു കുളിക്കും.

രാത്രി മുഴുവൻ വെള്ളംകിടന്നു പിറ്റേദിവസമാവുമ്പോഴേക്കും കുളിക്കുവാൻ പാകമാകും. അവിടെയാണു ബാലേട്ടന്റെ ജാലവിദ്യ തുടങ്ങുന്നത്. ആദ്യമായി തപ്തകുണ്ഡിനെ കാണുന്നവർ തൊട്ട് ഇടയിൽ ഒന്നോ രണ്ടോ പ്രാവശ്യം വന്ന കുട്ടികൾവരെ ബാലേട്ടനെ ഉപദേശിക്കും ‘‘ഭയങ്കര ചൂടാണ്, ഇറങ്ങിക്കുളിക്കാൻ പറ്റില്ല’’ എന്നൊക്കെ. വളരെ വിനയപൂർവം അതൊക്കെ സമ്മതിച്ചമട്ടിൽ നിന്നശേഷം ആദ്യം പാദങ്ങൾ കുണ്ഡിലിറക്കിവയ്ക്കും. ദേഹത്ത് അൽപം ചൂടുവെള്ളമൊഴിക്കും. എന്നിട്ടു കരയിൽ അൽപം ഇരുന്നു തണുക്കും. വീണ്ടും ഇറങ്ങും. കഴുത്തോളം ഒന്ന് മുങ്ങിയിട്ട് കരയിൽ ഇരുന്നു തണുക്കും. തണുത്തശേഷം വീണ്ടും ഇറങ്ങിയാൽ പിന്നെ തപ്തകുണ്ഡിന്റെ ആ ചൂട് ഒരു ചൂടേയല്ല. കുറച്ചധികനേരം വെള്ളത്തിൽ നിന്ന് എല്ലുവരെ ചൂടായശേഷം കുളി പൂർത്തിയാക്കി കയറിപ്പോരും.

ഗന്ധകജലമായതുകൊണ്ട് അധികനേരം നിന്നാൽ ചെറുതായി തലചുറ്റൽ അനുഭവപ്പെടും എന്നൊക്കെ ഓരോരുത്തർ ഉപദേശിക്കും. ഭക്തജനങ്ങളായെത്തിയ യാത്രക്കാരുടെ ആ ഉപദേശം കേൾക്കുമ്പോൾ ഉവ്വോ ദേ കയറുന്നു എന്ന മട്ടിൽ ബാലേട്ടൻ കയറിപ്പോരും. രാത്രിയിലെ ആ കുളി കഴിഞ്ഞാൽ പിന്നെ ദേഹത്ത് വസ്ത്രമില്ലാതെയും അളകനന്ദയ്ക്കു മുകളിലെ പാലം കടന്നു മറുകരയിലെ താമസസ്ഥലത്തെത്താനുള്ള ചൂട് ശരീരത്തിനുണ്ടാകും. പുലർച്ചെ വരെ തണുപ്പും അറിയില്ല.

‘‘കാലാനുസൃതം ലോകം മാറുന്നു. ഭക്തിയും തപസുംകൊണ്ടു മാനവഹൃദയങ്ങളെ സാന്ത്വനിപ്പിച്ചവർ ഒരു കാലത്തിവിടെ വാണിരുന്നു’’ – ഓർമകളിൽ അളകനന്ദയുടെ കളകളാരവങ്ങളെ പുളകംകൊള്ളിച്ച ചില സന്യാസികളുടെ മുഖം ബാലേട്ടൻ വരഞ്ഞിട്ടു. വെളുപ്പിനു മൂന്നുമണിക്കു മൂന്നോ നാലോ ഡിഗ്രിയിൽ ദേഹം വിറകൊള്ളുന്ന അവസ്ഥയിൽ മഞ്ഞുറഞ്ഞൊഴുകുന്ന അളകനന്ദയുടെ കൊടുംതണുപ്പിൽ മുങ്ങിക്കയറിവന്നു കൗപീനം മാത്രമുടുത്ത് ക്ഷേത്രത്തിനടുത്തു പത്തുമണിവരെ ധ്യാനിച്ചിരിക്കുന്ന അവധൂത് പരമാനന്ദനാണ് അതിൽ ഒരാൾ.

ക്ഷേത്രമടച്ച് എല്ലാവരും മടങ്ങുമ്പോൾ ചുറ്റും വെള്ളപുതച്ച മഞ്ഞിൽ ബദ്രിധാമത്തിൽ നഗ്നപാദനായ മറ്റൊരാൾ അങ്ങനെ ചെയ്യുന്നതു ബാലേട്ടൻ നിത്യം കണ്ടിരുന്നു. ഒൻപതു കൊല്ലം കൈലാസത്തിൽ താമസിച്ച സ്വാമി മുക്താനന്ദ സരസ്വതി. കൈലാസത്തിലും ബദ്രിനാഥിലും ഒരേ വേഷം. ഒരു കൗപീനവും തലയിൽ കമിഴ്ത്തിവച്ചിരിക്കുന്ന ഭിക്ഷാപാത്രവും. നാരായണ പർവതം പുലർച്ചെ മുതൽ ചുറ്റിക്കറങ്ങി പലതരം ഓർക്കിഡും മറ്റു പൂക്കളും ചേർത്ത് ഭഗവാന് ഏറ്റവും ഭംഗിയായ മാലകൾ കെട്ടിയിരുന്നു മുക്താനന്ദ് ജീ.

അളകനന്ദയുടെ തീരത്തു കണ്ട വിസ്മയങ്ങളിൽ ഒന്നായിരുന്നു നാദയോഗി. വിചിത്രവീണയിലും രുദ്രവീണയിലും സിതാറിലും വിസ്മയമായിരുന്നു വീണ മഹാരാജ് എന്ന ലോകപ്രശസ്ത വീണാ വിദ്വാനായ സന്യാസി. അദ്ദേഹത്തിന്റെ സന്യാസനാമം പർവതേക്കർ മഹാരാജ്. പുലർച്ചെ ആദ്യം തപ്തകുണ്ഡിലെ ചൂടുവെള്ളത്തിൽ മുങ്ങിനിവരും. അവിടെനിന്നു നേരെ അളകനന്ദയിലെ മഞ്ഞുറഞ്ഞ ജലത്തിലേക്കിറങ്ങി മുങ്ങും. അതിനുശേഷം യോഗാസനം ചെയ്യും. പിന്നീടു ക്ഷേത്രത്തിൽ ഇരുന്നു സംഗീതസാധന.

യുനെസ്കോയുടെ ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ശേഖരത്തിലേക്കു വീണാ മഹാരാജിന്റേതായി വീണാവാദനത്തിന്റെ മഹത്തായ സംഭാവനയുണ്ട്. അദ്ദേഹം സമാധിയായത് 1990ലാണ്. നാവുകൊണ്ട് നാരായണ എന്നദ്ദേഹം പറയുന്നതും വീണകൊണ്ടു പറയുന്നതും തമ്മിൽ ഒരേ സ്വരമായിരുന്നെന്നു ബാലേട്ടൻ. അങ്ങനെ ബദ്രിനാഥെന്ന ഭക്തിപ്രപഞ്ചത്തിലെ സന്യാസിമാരുടെ നിഴലുപറ്റി ഗ്രാമീണരുടെ കളിചിരികൾക്കിടയിലൂടെ അളകനന്ദയ്ക്കിരുവശവുമുള്ള നര നാരായണ പർവതങ്ങളിൽ മാറിമാറി സഞ്ചരിച്ചിട്ടും ഈ ശാന്തത അനുഭവിച്ചു കൊതിതീരുന്നില്ല.

പതിനായിരമടി ഉയരത്തിലേക്കു വന്നെത്തുന്ന ഓരോ യാത്രക്കാരെയും ഇന്നലെ വന്നിറങ്ങിയ, ഒന്നുമറിയാത്ത ഒരാളുടെ കൗതുകക്കണ്ണോടെ പുഞ്ചിരികൊണ്ട് എതിരേൽക്കും. ഏറ്റവും കുറവ് ദുരന്തങ്ങൾ നടന്നിട്ടുള്ള ഒരു വഴിയാണ് ബദ്രിനാഥ് റോഡ്. 2013ലെ പ്രളയകാലത്തും വഴിയടഞ്ഞുപോയി എന്നല്ലാതെ ഒരാൾക്കുപോലും ജീവഹാനി സംഭവിച്ചില്ല.

badrinath-balan തപ്ത കുണ്ഡിലെ പാതി തിളച്ച വെള്ളത്തിൽ രാത്രി സ്നാനത്തിനിടെ ബാലൻ നമ്പ്യാർ.

‘‘മണ്ണിടിയലും വാഹന അപകടവും ആണ് ഈ വഴിയിൽ ആകെ ഭയക്കാനുള്ളത്. എത്ര മണ്ണിടിഞ്ഞാലും ബോർഡർ റോഡ് ഓർഗനൈസേഷൻ അതു പരമാവധി കുറച്ചു മണിക്കൂറുകൾകൊണ്ടു നീക്കംചെയ്യും. വലിയ കല്ലോ മറ്റോ ആണെങ്കിൽ പൊട്ടിച്ചുമാറ്റാനുള്ള സമയം വേണം. അതിനപ്പുറം മഴക്കാലത്തു മിക്കവാറും എല്ലായിടത്തും മണ്ണിടിയും. ജൂലൈ മുതൽ മഴക്കാലമാണ്. ആ സമയത്തു യാത്ര ശ്രദ്ധിക്കണം. സെപ്റ്റംബർ പകുതിയാവുമ്പോൾ വഴി നേരെയാവും.’’

കാഴ്ചകളിൽ ഏറ്റവും വലിയ മഞ്ഞുവീഴ്ച കണ്ടത് 2015ലാണ്. കയറി വരുമ്പോൾ എതിരേറ്റത് ഇരുപതടിക്കു മുകളിലുള്ള മഞ്ഞുകൂമ്പാരങ്ങളാണ്. കാലാവസ്ഥ മാറുന്നുണ്ട്. മഴ കൂടി, മഞ്ഞു കൂടി, ചൂടും കൂടി. 2014ൽ ക്ഷേത്രം അടച്ചശേഷം മഞ്ഞിൽ സാധനയനുഷ്ഠിച്ചിരുന്ന സ്വാമിമാരൊക്കെ രണ്ടുനിലക്കെട്ടിടത്തിന്റെ പൊക്കത്തിൽ വീണ മഞ്ഞു തുരന്നു കാലാവസ്ഥ വല്ലാതങ്ങു മാറി. കാലാവസ്ഥാ മാറ്റത്തെപ്പറ്റിയും ആശങ്കാകുലനാണ് ബാലേട്ടൻ.

ബദ്രിനാഥും മാനയും അടങ്ങുന്ന രണ്ടു കുഞ്ഞു ഗ്രാമങ്ങളിലെ ഓരോരുത്തരും ബാലേട്ടനു സുപരിചിതരാണ്. വൈഷ്ണവ ശൈവ പരമ്പരയിൽപെട്ട സന്യാസിമാർതൊട്ട് കച്ചവടക്കാർക്കും ഗ്രാമീണർക്കും പ്രിയങ്കരനായ ബാലമാമ. എല്ലാവരോടും നിർമലമായ പുഞ്ചിരിയും സ്നേഹഭാഷണങ്ങളും കുശലാന്വേഷണങ്ങളും നടത്തി ബാലേട്ടന്റെ കണ്ണുകൾ ബദ്രിനാഥിന്റെ മുക്കിനും മൂലയിലും എത്തിച്ചേരും.

ബാലേട്ടന്റെ ഓർമകളുടെ യൗവനം നാൾക്കുനാൾ തെളിഞ്ഞു ബഹുദൂരം സഞ്ചരിക്കുന്നു. ആദിശങ്കര ഫൗണ്ടേഷന്റെ അതിഥിമന്ദിരത്തിൽ തെന്നിന്ത്യൻ താരം രജനീകാന്ത് മുതലിങ്ങോട്ട് മലയാളത്തിന്റെ എഴുത്തുകാരൻ സക്കറിയ വരെ എല്ലാവരും വന്നുചേരും. ദക്ഷിണേന്ത്യയിൽ നിന്നു വരുന്ന എല്ലാവർക്കും ഒരുപോലെ സ്നേഹത്തിന്റെ നറുംപുഞ്ചിരിയുമായി ബാലേട്ടനൊപ്പമുണ്ട്. ബദ്രിനാഥിലേക്കുള്ള അവസാന യാത്രാബസ് വന്നുചേർന്നു. മഴ ചാറുന്നുണ്ട്. തണുപ്പിന്റെ ശക്തിയും കൂടുന്നു. പരിചയമില്ലാത്ത അമ്മയുടെ വിറയാർന്ന കൈയും പിടിച്ചു രണ്ടു മക്കൾ കയറിവന്നു.

‘ഓരിപ്പ വന്നേള്ള് ലേശം ചായ അനത്തിക്കൊടുപ്പിക്കട്ടെ’ എന്നും പറ‍ഞ്ഞു ബാലേട്ടൻ കയറിവന്നവരറിയാതെ, അവരുടെ ഉള്ളറിഞ്ഞ്, വിദൂരത്തിൽ ചിരപരിചിത ബന്ധുവിനോടെന്നപോലെ കരുതൽ നിറ‍ഞ്ഞു പെട്ടെന്നു പിൻവാങ്ങുന്നു.

Your Rating: