Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രത്തിനു മുൻപേ

1887ലെ വെൻലോക്ക് ഒളിംപിക്സിന്റെ സമ്മാനദാനച്ചടങ്ങ്. വൃത്തത്തിനുള്ളിൽ ഡോ. വില്യം പെനി ബ്രൂക്ക്സ്. 1887ലെ വെൻലോക്ക് ഒളിംപിക്സിന്റെ സമ്മാനദാനച്ചടങ്ങ്.

എല്ലാം തുടങ്ങിയത് ഇവിടെയാണ്...

ഇംഗ്ലണ്ടിലെ മച്ച് വെൻലോക് മ്യൂസിയത്തിലെ ഈ ലിഖിതം ഒളിംപിക്‌സിനെക്കുറിച്ചാണ്. ആധുനിക ഒളിംപിക്‌സ് 1896ൽ ആതൻസിൽ ആരംഭിച്ചതായി ചിരിത്രം പറയുമ്പോൾ അതിനും മുൻപേ ഇവിടെ ഒളിംപിക്‌സ് നടന്നിരുന്നതായി, രേഖകളിലൂടെ വെൻലോക് ചൂണ്ടിക്കാണിക്കുന്നു... പേര് വെൻലോക് ഒളിംപ്യൻ ഗെയിംസ്...

2012 ലണ്ടൻ ഒളിംപിക്സിന്റെ ദീപശിഖ മച്ച് വെൻലോക്കിലൂടെ കടന്നുപോയതിന്റെ ഓർമയ്ക്ക് സ്ഥാപിച്ച ഫലകം. 1850ൽ തുടങ്ങിയ ഒളിംപിക് പാരമ്പര്യം രേഖപ്പെടുത്തിയിരിക്കുന്നു 2012 ലണ്ടൻ ഒളിംപിക്സിന്റെ ദീപശിഖ മച്ച് വെൻലോക്കിലൂടെ കടന്നുപോയതിന്റെ ഓർമയ്ക്ക് സ്ഥാപിച്ച ഫലകം. 1850ൽ തുടങ്ങിയ ഒളിംപിക് പാരമ്പര്യം രേഖപ്പെടുത്തിയിരിക്കുന്നു


തുടക്കത്തിൽ ഗ്രാമവാസികൾ മാത്രവും പിന്നീട് ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്ത മൽസരങ്ങൾ കായിക ഇനങ്ങളിൽ ഒതുങ്ങിയുമില്ല. മനുഷ്യനു മൽസരിക്കാവുന്ന എല്ലാ ഇനങ്ങളും എന്നാണു രേഖ. കലയും നാടൻ കളികളും എല്ലാം അതിലടങ്ങി. 1867ലാണത്രേ ഇതിനു ശരിയായ കായിക മൽസരത്തിന്റെ കെട്ടും മട്ടും കൈവന്നത്. വില്യം പെന്നി ബ്രൂക്‌സ് എന്ന ഡോക്ടറുടെ ഭാവനയിൽ നിന്നു പിറന്ന ഈ വാർഷികമേളയെ, വെൻലോക് ഈ 2016ലും കൈവിട്ടിട്ടില്ല.

ഒളിംപിക്‌സിന്റെ പുനരുദ്ധാരണം എന്ന ആശയവുമായി രാജ്യങ്ങൾ സന്ദർശിച്ചിരുന്ന പിയറി ഡി ക്യൂബർട്ടിൻ എന്ന ക്യൂബർട്ടിൻ പ്രഭു 1890ൽ വെൻലോക്കിലെത്തി ഗെയിംസ് കണ്ടു. ഇഷ്ടപ്പെട്ടു. അവിടെ നിന്നു പലതും ഉൾക്കൊണ്ടു. ലാ റിവ്യൂ അത്‌ലറ്റിക് എന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിദ്ധീകരണത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘‘ഒളിംപിക്‌സ് പുനരാരംഭിക്കുന്ന പക്ഷം, ആ നേട്ടം ഏതെങ്കിലും ഗ്രീക്ക്‌കാരനല്ല, ഡോ. വില്യം പെനി ബ്രൂക്‌സിന് അവകാശപ്പെട്ടതായിരിക്കും...’’

മച്ച് വെൻലോക്കിലെ തെരുവ് ഇപ്പോൾ മച്ച് വെൻലോക്കിലെ തെരുവ് ഇപ്പോൾ


അതോടെ, ഡോ. ബ്രൂക്‌സും ക്യൂബർട്ടിൻ പ്രഭുവും ചേർന്നായി ഒളിംപിക് പ്രസ്ഥാനത്തിനായുള്ള ശ്രമം.
ആറു വർഷത്തിനു ശേഷം ഗ്രീസിലെ ആതൻസിൽ ആധുനിക ഒളിംപിക്‌സ് പിറന്നു. ക്യൂബർട്ടിൻ പ്രഭു ആധുനിക ഒളിംപിക്‌സിന്റെ പിതാവാകുന്നതു കാണാൻ പക്ഷേ, ഡോ. ബ്രൂക്‌സ് ഉണ്ടായിരുന്നില്ല. നാലു മാസം മുൻപ് അദ്ദേഹം ലോകംവിട്ടുപോയിരുന്നു. ആദ്യ ഒളിംപിക്‌സിനു ശേഷം ക്യൂബർട്ടിൻ പറഞ്ഞു: ‘‘യഥാർഥ ഒളിംപ്യൻ പാരമ്പര്യം കാത്തുസൂക്ഷിച്ചത് വെൻലോക് ജനതയാണ്...’’

അപ്പറഞ്ഞതിൽ ഒട്ടും അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല. അത്ര സൂക്ഷ്‌മതയോടെയാണവർ വെൻലോക് ഗെയിംസിനെ പരിപാലിക്കുന്നത്. ഡോ. ബ്രൂക്‌സ് ആണെങ്കിൽ ഗെയിംസിനെ കൂടുതൽ ജനകീയവൽക്കരിക്കാൻ സ്വന്തമായി റെയിൽവെ പോലും നിർമിച്ചയാളാണ്. അങ്ങനെ മറുനാടുകളിൽ നിന്ന് അദ്ദേഹം ആരാധകരെ വെൻലോക്കിലെത്തിച്ചു. ആ റെയിൽവേയുടെ അവശിഷ്ടങ്ങൾ ഇന്നു വെൻലോക്കിലെ നിരത്തിലൂടെ നടന്നാൽ കാണാം.

ക്യൂബർട്ടിൻ പ്രഭു പറഞ്ഞതു തലമുറകളിലൂടെ നിലനിർത്തിപ്പോരുകയാണു വെൽലോക്. 215 വർഷം കഴിഞ്ഞിരിക്കുന്നു. ഗെയിംസിനു മാത്രമല്ല, വെൻലോക്കിന്റെ മുഖച്ഛായയ്ക്കും കഴിവതും മാറ്റങ്ങൾ വരുത്താതെ നിലനിർത്താൻ ശ്രമിക്കുകയാണവർ. മച്ച് വെൻലോക്കിൽ ചെന്ന് ഇറങ്ങുമ്പോഴേ അതു മനസ്സിലാകും. പരമ്പരാഗത ബ്രിട്ടീഷ്‌ ശൈലിയിലുള്ള തെരുവും കെട്ടിടങ്ങളും. വിക്ടോറിയൻ കാലഘട്ടത്തെ അനുസ്‌മരിപ്പിക്കുന്ന ചില വാഹനങ്ങളും...

വെൻലോക്കുകാരുടെ ഭാഷയിൽ ഇതു ഗ്രാമീണ നഗരമാണ്. ആധുനിക സൗകര്യങ്ങളൊരുക്കുമ്പോഴും ഗ്രാമീണ സൗന്ദര്യം കൈവിടാത്ത സ്ഥലം. പഴമയുടെ ആകർഷകത്വമാണു മുഖമുദ്ര.കൂട്ടത്തിൽ ഏറ്റവും പഴക്കംചെന്നതു പതിമൂന്നാം നൂറ്റാണ്ടിൽ സെന്റ് പോൾസ് ആശുപത്രിക്കായി പണിത കെട്ടിടമാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ ഇതൊരു സത്രമായി മാറി.

1642ൽ ഇവിടെ ചാൾസ് ഒന്നാമൻ രാജാവ് താമസിക്കാൻ എത്തിയതായി രേഖയുണ്ടത്രേ. കാലപ്പഴക്കം അതിനാണെങ്കിലും കൂടുതൽ ശ്രദ്ധേയം പതിനേഴാം നൂറ്റാണ്ടിലെ ഒരു കെട്ടിടമാണ്. പൂർണമായും തടിയിൽ തീർത്ത ഈ വീട് ജീർണാവസ്ഥയിൽ പൂട്ടിക്കിടക്കുന്നു. മുകളിലെ തടിയിൽ കൊത്തിവച്ചിരിക്കുന്ന ലിഖിതം അതിന്റെ കാലപ്പഴക്കം വെളിപ്പെടുത്തും... ‘ജോണും മേരിയും ഇതു പണി തീർത്തത് 1682ൽ...’ ആരും ഉപയോഗിക്കാത്ത ഈ കെട്ടിടം വർഷങ്ങളായി വിൽപനയ്‌ക്കു വച്ചിരിക്കുകയാണ്. തുക കുറവായിട്ടും വാങ്ങാനാളില്ല. കാരണം, ഈ വീട്ടിൽ പ്രേതബാധയുണ്ടത്രേ!

ബർമിങ്ങാമിനടുത്ത് ഷ്രോപ്‌ഷെർ കൗണ്ടിയി മച്ച് വെൻലോക്. കാർ മാർഗം ലണ്ടനിൽ നിന്നു മൂന്നര മണിക്കൂർ യാത്ര. ട്രെയിനിൽ ലണ്ടനിലെ യൂസ്‌റ്റണിൽ നിന്നു ടെൽഫഡ് സെൻട്രൽ സ്റ്റേഷൻ വരെ പോകാം. പിന്നീടുള്ള 20 കിലോമീറ്റർ രണ്ടു ബസുകൾ മാറി കയറി എത്താം. ഗ്രാമാന്തരീക്ഷമാണെങ്കിലും താമസ, ഭക്ഷണ സൗകര്യങ്ങൾ കിട്ടും. എല്ലാം പഴയരീതിയിലുള്ള കെട്ടിടങ്ങളായിരിക്കുമെന്നു മാത്രം.

ഇതിനെല്ലാം മേലെ നിൽക്കുന്നു, വെൻലോക്കിന്റെ ഒളിംപിക് പാരമ്പര്യം വിവരിക്കുന്ന ഒളിംപ്യൻ ട്രെയിൽ. വെൻലോക്ക് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴി‌കക്കല്ലുകളിലൂടെയുള്ളൊരു യാത്രയാണത്. നിലത്തു പതിച്ച ചെമ്പുഫലകങ്ങൾ പിൻതുടർന്നാൽ നാടിന്റെയും ഗെയിംസിന്റെയും ചരിത്രത്തിലൂടെയും വെൻലോക്കിന്റെ സൗന്ദര്യത്തിലൂടെയും ഒരു സഞ്ചാരം നടത്താം. നിരത്തിലൂടെയും നാട്ടുപാതയിലൂടെയും ഇടവഴികളിലൂടെയും പാടങ്ങളിലൂടെയുമുള്ള ആ യാത്ര പലപ്പോഴും നമ്മെ കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തിലേക്കു കൊണ്ടുപോകും. ഒന്നര മണിക്കൂർ നീളുന്ന യാത്രാസുഖം അതു തുടങ്ങിയിടത്തു തന്നെ നമ്മെ എത്തിക്കും.

വെൻലോക്കുകാർ ഇന്നു സന്തുഷ്ടരാണ്. 2012ലെ ലണ്ടൻ ഒളിംപിക്‌സോടെ അവരുടെ ഗെയിംസിന് അംഗീകാരം കൈവന്നു. അന്നത്തെ ഭാഗ്യമുദ്രയുടെ പേരുതന്നെ വെൻലോക് എന്നായിരുന്നു. ഒളിംപിക് ദീപശിഖ വെൻലോക്കിലൂടെ കടന്നുപോവുകയും ചെയ്‌തു.

Your Rating: