Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുന്നോളം വളർന്ന കടുക്

doctor ഡോ. രഹ്ന അഗസ്റ്റിൻ ചിത്രം: ആർ.എസ്. ഗോപൻ

കടുകുമണിയിലായിരുന്നു പരീക്ഷണമെങ്കിലും രഹ്നയുടെ സ്വപ്നങ്ങൾക്കു കുന്നോളം ഉയരമുണ്ടായിരുന്നു. ആരോഗ്യത്തിനു ഹാനികരമായി കടുകിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനലേറ്റ് എന്ന പദാർഥത്തെ ദുർബലമാക്കി മിടുക്കനായ കടുകിനെ വളർത്തിയെടുത്തപ്പോൾ കൃഷിശാസ്ത്രത്തിൽ രാജ്യത്തെ ഏറ്റവും മികച്ച യുവശാസ്ത്രജ്ഞയായി ഈ കുറവിലങ്ങാട്ടുകാരി.

ഇനി തലയുയർത്തിപ്പിടിക്കാം

രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കടുകിന് എന്നും തല താഴ്ത്തിയിരിക്കാനായിരുന്നു യോഗം. വില്ലനായി നിന്നത് ഗ്ലൂക്കോസിനലേറ്റെന്ന അനാവശ്യ പദാർഥവും. കടുകും കടുകുൽപ്പന്നങ്ങളും കയറ്റുമതി ചെയ്യണമെങ്കിൽ 30 മൈക്രോ മോൾസിനു താഴെ ഗ്ലൂക്കോസിനലേറ്റ് മാത്രമേ പാടുള്ളു എന്നാണു നിബന്ധന. ഇന്ത്യൻ കടുകിൽ 120 മൈക്രോ മോൾസ് വരെയാണു ഗ്ലൂക്കോസിനലേറ്റിന്റെ അളവ്. കനോള കൗൺസിൽ‍ ഓഫ് കാനഡയാണ് കടുകെണ്ണയുടെയും പിണ്ണാക്കിന്റെയും ആഗോളമൂല്യം നിർണയിക്കുന്നത്.

ഗ്ലൂക്കോസിനലേറ്റ് 120 മൈക്രോ മോളിൽനിന്ന് 10 മൈക്രോമോളിലേക്കാണു രഹ്നയ്ക്കു കുറയ്ക്കാനായത്. ജനിതകമാറ്റം വരുത്തിയ 36 കടുകു വിത്തുകളിൽ പഠനം നടത്തിയാണ് ഗ്ലൂക്കോസിനലേറ്റിന്റെ അളവു കുറച്ചത്. പരീക്ഷണത്തിനു വിധേയമാക്കിയ 36 വിത്തുകളും ചെടികളായി വളർന്നെങ്കിലും പലതിലും പല അളവിലാണു ഗ്ലൂക്കോസിനലേറ്റ് കുറഞ്ഞത്.

10 മുതൽ 18 വരെ വ്യത്യസ്തമായ മൈക്രോമോൾ അളവാണ് അവയിൽ കണ്ടെത്തിയത്. അതിൽ 10 മൈക്രോമോൾ ഗ്ലൂക്കോസിനലേറ്റ് കണ്ടെത്തിയ ചെടിയെ തിരഞ്ഞെടുത്തു. ആ ചെടിയുടെ മൂന്നു തലമുറകൾവരെ വളർത്തി പരിശോധിച്ചു. അതിന്റെ തുടർച്ചക്കാരെല്ലാം 10 മൈക്രോമോൾ ഗ്ലൂക്കോസിനലേറ്റ് ഉൽപ്പാദിപ്പിക്കുന്നതായി കണ്ടെത്തി. ഇപ്പോൾ ആറു തലമുറ കടുകുകൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്.

നമ്മുടെ കടുകിനും സ്വീകാര്യത കൂടും

ഗ്ലൂക്കോസിനലേറ്റിന്റെ അംശം കുറയ്ക്കാനായതോടെ ആഗോള മാർക്കറ്റിൽ ഇന്ത്യൻ കടുകിനു വർഷങ്ങളായി നേരിടേണ്ടിവന്നിരുന്ന അപമാനമാണു മാറിക്കിട്ടുന്നത്. കടുകെണ്ണ ഉൽപ്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പിണ്ണാക്ക് മികച്ച കാലിത്തീറ്റയാണ്. എന്നാൽ, അതിൽ വലിയ തോതിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിനലേറ്റിന്റെ അംശം ഗോയിറ്ററിനു കാരണമാകുന്നതിനാൽ വളർത്തുമൃഗങ്ങൾക്കു നൽകാൻ കഴിയാത്ത അവസ്ഥയുമാണുള്ളത്. അതുകൊണ്ടുതന്നെ പിണ്ണാക്കിൽ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള പ്രോട്ടീൻ ഉപയോഗശൂന്യമായിപ്പോകുകയാണ്. കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ വലിയ തോതിൽ കടുകെണ്ണ ഉപയോഗിക്കുന്നുണ്ട്.

ആഗോളതലത്തിൽ വലിയ ആവശ്യക്കാരുള്ള സോയാബിൻ, നിലക്കടല എന്നിവയുടെ പിണ്ണാക്കിനു തുല്യമായ ഗുണങ്ങളെല്ലാം കടുകുപിണ്ണാക്കിലുമുണ്ട്. ഗ്ലൂക്കോസിനലേറ്റിന്റെ അളവ് കുറയ്ക്കാനായാൽ ഇന്ത്യയിൽ മികച്ച കാലിത്തീറ്റ ഉൽപ്പാദിപ്പിക്കാനാകുമെന്നും ആഗോള മാർക്കറ്റിൽ ഇന്ത്യൻ കടുകിനും കടുകെണ്ണയ്ക്കും സ്വീകാര്യത ലഭിക്കുമെന്നുമുള്ള തിരിച്ചറിവാണ് പരീക്ഷണത്തിലേക്കു രഹ്നയെ എത്തിച്ചത്. ഗ്ലൂക്കോസിനലേറ്റിന്റെ അളവ് കുറയ്ക്കാനായതോടെ കടുകെണ്ണയുടെയും പിണ്ണാക്കിന്റെയും ദുർഗന്ധവും കയ്പും കുറഞ്ഞു.

കടുകിനെ കൈവിടില്ല

കടുകിനെ കൈവെടിയാൻ രഹ്ന തയാറായിട്ടില്ല. പുതിയ പരീക്ഷണങ്ങൾ നടത്തുകയാണിപ്പോഴും. കാൻസറിനെ പ്രതിരോധിക്കുന്ന ഗ്ലൂക്കോറഫാനിൻ എന്ന പദാർഥം ഗ്ലൂക്കോസിനലേറ്റിനു പകരം കടുകിൽ ഉൽപ്പാദിപ്പിച്ചാണു പുതിയ പരീക്ഷണം. ഗവേഷണത്തിൽ വിജയിച്ചുവെന്നു രഹ്ന പറയുന്നു. കാൻസർ, വയറിലെ അൾസർ തുടങ്ങി ഒട്ടേറെ രോഗങ്ങൾക്കുള്ള മരുന്നാണു ഗ്ലൂക്കോറഫാനിൻ. ഇത്തരത്തിൽ വികസിപ്പിച്ചെടുക്കുന്ന കടുകുചെടിയുടെ ഇല കറിവച്ചു കഴിക്കുന്നതും കടുകെണ്ണ ഉപയോഗിക്കുന്നതും കാൻസറിനു മരുന്നായി മാറും.

ഗുരുവിനു പിന്നാലെ ശിഷ്യയും

2007ലാണ് ഗവേഷക വിദ്യാർഥിയായി രഹ്ന ഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോം റിസർച്ച് സെന്ററിൽ എത്തുന്നത്. ആ വർഷം കൃഷിശാസ്ത്രത്തിൽ ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ യുവശാസ്ത്ര പുരസ്കാരം ലഭിച്ചത് ഡോ. നവീൻ ചന്ദ്ര ബിഷ്ടിനായിരുന്നു. അനുഗ്രഹമെന്നവണ്ണം ഡോ. നവീൻ ചന്ദ്ര ബിഷ്ടിനെ രഹ്നയ്ക്കു ഗുരുവായി ലഭിച്ചു. വർഷങ്ങൾക്കുശേഷം പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ താനൊരു നല്ല ശിഷ്യയാണെന്നു രഹ്ന തെളിയിച്ചു. ഗവേഷണ വിഷയം തിരഞ്ഞെടുക്കാൻ സഹായിച്ചതും ഡോ. നവീൻ ചന്ദ്ര ബിഷ്ടാണ്.

ഗവേഷണം തുടങ്ങി ഒരു വർഷംകൊണ്ടുതന്നെ പുതിയ കടുകുവിത്തു വികസിപ്പിച്ചെടുക്കാൻ രഹ്നയ്ക്കു കഴിഞ്ഞു. കണ്ടെത്തലിനു 2012ൽ പേറ്റന്റെടുത്തു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് 2014ൽ ഔട്ട്സ്റ്റാൻഡിങ് പിഎച്ച്ഡി തീസിസായി തിരഞ്ഞെ‌ടുത്തതും രഹ്നയുടെ പഠനമാണ്. സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിക്ക് ഗോൾഡ് മെഡലും ലഭിച്ചു.

ഡോക്ടറാകാൻ മോഹിച്ച കുട്ടി

ചെറുപ്പത്തിൽ ഡോക്ടറാകാനായിരുന്നു രഹ്നയുടെ ആഗ്രഹം. പച്ചക്കറിത്തോട്ടത്തിൽ അമ്മയെ സഹായിച്ചു തുടങ്ങിയതോടെ കൃഷിയോടുള്ള താൽപര്യം മനസ്സിൽ നിറഞ്ഞു. പ്ലസ് ടു കഴി‍ഞ്ഞു കാർഷിക സർവകലാശാലയിൽ പ്രവേശനം ലഭിച്ചതോടെ ഡോക്ടറെന്ന ആഗ്രഹം മാറിനിന്നു. കർഷകർക്കായി എന്തെങ്കിലും ചെയ്യണമെന്നായി പിന്നീട്. അങ്ങനെ ബിരുദവും ബിരുദാനന്തര ബിരുദവും കേരള കാർഷിക സർവകലാശാലയിൽ നിന്നു പൂർത്തിയാക്കിയാണു ഡൽഹിയിലെത്തിയത്.

കുറവിലങ്ങാട് ദേവമാതാ കോളജിലെ അധ്യാപകനായിരുന്ന കോട്ടയം കോഴാ ശങ്കരപുരി ചിറയിൽ അഗസ്റ്റിന്റെയും പാലാ അൽഫോൻസ കോളജിലെ അധ്യാപികയായിരുന്ന പെണ്ണമ്മയുടെയും മൂന്നു മക്കളിൽ ഇളയവളാണു രഹ്ന. നഴ്സറി മുതൽ മൂന്നുവരെ കാഞ്ഞിരത്താനം സെന്റ് ജോൺസ് എൽപി സ്കൂളിലായിരുന്നു പഠനം. നാലുമുതൽ അഞ്ചുവരെ മുട്ടുചിറ സെന്റ് ആഗ്‌ന‌സ് ഗേൾസ് ഹൈസ്കൂളിലും. ആറുമുതൽ 12 വരെ വടവാതൂർ ജവാഹർ നവോദയ വിദ്യാലയത്തിൽ പഠിച്ചു. തുടർന്ന് വെള്ളായണി കാർ​ഷിക കോളജിൽനിന്നു ബിരുദ ബിരുദാനന്തരം.

അധികം വൈകാതെ കേരളത്തിലേക്കു തിരിച്ചുവരാനാണു ഡോ. രഹ്നയുടെ ആഗ്രഹം. തുടർന്നും ഗവേഷണം നടത്തണം, കേരളത്തിലെ കർ​ഷകർക്കു ഗുണകരമാകുന്ന ഏതെങ്കിലും വിഷയത്തിൽ വേണം ഗവേഷണം എന്നതാണ് ഇപ്പോഴത്തെ സ്വപ്നം.