Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണൂ... ഞങ്ങളുണ്ട്...

c-achuthamenon-college-nss-unit-team തൃശൂർ സി.അച്യുതമേനോൻ ഗവ. കോളജിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾ. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

അന്ധതയെന്ന ഇരുട്ടുമുറിയിൽ പ്രത്യാശയുടെ ഒരു ജാലകം തുറക്കാനുള്ള ശ്രമത്തിലാണ് ഈ വിദ്യാർഥികൾ. പഠനത്തിന്റെയും സമയത്തിന്റെയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കാഴ്ചയില്ലായ്മയെ വെല്ലുവിളിക്കാൻ അന്ധരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. തൃശൂർ സി.അച്യുതമേനോൻ ഗവ. കോളജിലെ നാഷനൽ സർവീസ് സ്കീം യൂണിറ്റ് കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡുമായി ചേർന്ന് അന്ധരെ സഹായിക്കാൻ രൂപം കൊടുത്ത പദ്ധതികൾ കലാലയങ്ങളുടെ ചരിത്രത്തിൽ ആദ്യത്തേതാണ്. അന്ധർക്കു വേണ്ടിയുള്ളൊരു കാരുണ്യ പ്രവർത്തനമല്ല വിദ്യാർഥികളുടെ ഉദ്ദേശ്യം. പകരം അവരെ സഹായിക്കാൻ ഒരു വലിയ സമൂഹത്തെ രൂപപ്പെടുത്തുകയെന്നതാണ്.

നവമാധ്യമങ്ങളിലൂടെ രക്തദാതാക്കളുടെ വലിയ ഒരു ശൃംഖല രൂപപ്പെട്ടതുപോലെ അന്ധരെ സഹായിക്കാൻ സന്നദ്ധരായവരെ ചേർത്തു സംസ്ഥാന വ്യാപകമായി മനുഷ്യ ബാങ്കുകൾ രൂപീകരിക്കുകയാണ് ഇവർ ചെയ്യുന്നത്. അതിനായി അന്ധരുടെ ആവശ്യങ്ങൾക്കനുസരിച്ചു വ്യത്യസ്ത ലക്ഷ്യങ്ങളുള്ള മൂന്നു മനുഷ്യ ബാങ്കുകൾ രൂപീകരിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാണിവർ.

സ്നേഹമുള്ള ഊന്നുവടിയായി കംപാനിയൻ ബാങ്ക്

പരീക്ഷകൾക്കും മറ്റ് ഉപജീവനാവശ്യങ്ങൾക്കും വേണ്ടി ദൂരയാത്ര ചെയ്യുന്ന അന്ധരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ് കംപാനിയൻ ബാങ്ക്. കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സൗകര്യമില്ലായ്മ കാരണം അന്ധരുടെ യാത്ര മുടങ്ങുന്നതു സാധാരണം. ട്രെയിനുകളിലും ബസുകളിലും കയറ്റിവിടാനും പോകുന്ന ജില്ലകളിൽ അവരെ യഥാസ്ഥാനങ്ങളിൽ എത്തിക്കാനും ആളുണ്ടെങ്കിൽ ഈ ദുരവസ്ഥ പരിഹരിക്കാം. ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്ന അന്ധരെ സഹായിക്കാൻ അതതു ജില്ലകളിൽ സന്നദ്ധരായ വിദ്യാർഥികളുടെ പട്ടിക തയാറാക്കുകയാണ് കംപാനിയൻ ബാങ്ക് ചെയ്യുന്നത്. ഫോണിലൂടെയും വാട്സാപ്പിലൂടെയും മറ്റും വിദ്യാർഥികളെ ട്രെയിനിന്റെയോ ബസിന്റെയോ സമയം അറിയിക്കും. വരുന്നയാളിന്റെ നമ്പറും നൽകും. കംപാനിയൻ ബാങ്കിലെ വിദ്യാർഥികൾ അവരെ യഥാസ്ഥാനത്ത് എത്തിച്ച് ആവശ്യങ്ങൾ നിറവേറ്റാൻ സഹായിച്ചശേഷം തിരിച്ചുപോകേണ്ട വാഹനത്തിൽ കയറ്റിവിടും.

പരിചയമില്ലാത്ത സ്ഥലത്ത് എത്തിപ്പെടുന്നതിന്റെ ഭയപ്പാട് ഒഴിവാകുമെന്നതിനൊപ്പം പുതിയ സ്ഥലത്തെക്കുറിച്ചും അവിടത്തെ ജീവിതരീതിയെക്കുറിച്ചും വിദ്യാർഥികളിൽനിന്നു ലഭിക്കുന്ന വിവരണം കാഴ്ചയ്ക്കപ്പുറമൊരു ലോകം അവർക്കു തുറന്നു നൽകുമെന്നുറപ്പ്. ഓരോ ജില്ലയിലെയും എൻഎസ്എസ് യൂണിറ്റുകളുമായി ബന്ധപ്പട്ട് ഇതിനായി സന്നദ്ധ വിദ്യാർഥികളുടെ ജില്ലാതല പട്ടിക തയാറാക്കും. ബിരുദം കഴിഞ്ഞ് ഓരോ വർഷവും വിദ്യാർഥികൾ മാറിപ്പോകുമെന്നതിനാൽ പട്ടിക വർഷം തോറും പുതുക്കും. വിദ്യാർഥികളുടെ സ്ഥലം, പ്രായം, ഡ്രൈവിങ് പരിചയം തുടങ്ങിയ കാര്യങ്ങൾ റജിസ്ട്രേഷൻ ഫോമിൽ രേഖപ്പെടുത്തിയതനുസരിച്ചാണ് വിദ്യാർഥികളെ ബന്ധപ്പെടുന്നത്.

പരീക്ഷപ്പടവുകളിൽ തട്ടി വീഴാതിരിക്കാൻ സ്ക്രൈബ് ബാങ്ക്

അന്ധവിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പരീക്ഷയെഴുതി നൽകാൻ ആളെക്കിട്ടാതെ വരികയെന്നുള്ളത്. ഭൂരിഭാഗം മത്സരപ്പരീക്ഷകളും എഴുതാൻ അന്ധർക്ക് ഒരു തടസ്സവുമില്ലെന്നിരിക്കെ സഹായിയെ കിട്ടാത്തത് അവരെ ഒരു ജോലി ലഭിക്കുന്നതിൽനിന്നു പിന്നോട്ടടിക്കുന്നു. അന്ധവിദ്യാർഥിയെക്കാൾ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള സഹായി മാത്രമേ പരീക്ഷ എഴുതി നൽകാവൂ എന്നതാണ് ഭൂരിഭാഗം സർവകലാശാലകളുടെയും ചട്ടം. സഹായിയുടെ പ്രായം പ്രശ്നമല്ല. കോളജുകളിലെ സന്നദ്ധരായ വിദ്യാർഥികളെ ചേർത്ത് സ്ക്രൈബ് ബാങ്ക് രൂപീകരിക്കുന്നതിലൂടെ ഈ അവസ്ഥയ്ക്കു പരിഹാരമാകും. മാത്രമല്ല പലർക്കും എഴുതി സഹായിക്കാൻ പറ്റാത്ത കണക്ക്, ഭാഷാവിഷയങ്ങൾ പോലുള്ളവ പഠിച്ച വിദ്യാർഥികളെ ആവശ്യം വന്നാൽ എളുപ്പത്തിൽ സ്ക്രൈബ് ബാങ്കിൽനിന്നു ലഭ്യമാക്കുകയുമാകാം. പലരും അന്ധവിദ്യാർഥികൾക്കു പരീക്ഷ എഴുതി നൽകി അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതു പതിവാണ്. എന്നാൽ സ്ക്രൈബ് ബാങ്കിൽ അംഗങ്ങളായുള്ള വിദ്യാർഥികൾ തികച്ചും സൗജന്യമായാണ് ഈ സൽപ്രവൃത്തി ചെയ്യുന്നത്. വാട്സാപ്പിലൂടെയും ഫോണിലൂടെയുമാണ് സ്ക്രൈബ് ബാങ്കിൽ അംഗങ്ങളായ വിദ്യാർഥികളെ ബന്ധപ്പെടുന്നത്.

കാതുകളിലൂടെ വെളിച്ചമെത്തിച്ച് വോയ്സ് ബാങ്ക്

കാഴ്ചയില്ലായ്മയെ കേൾവി കൊണ്ടു മറികടക്കാൻ അന്ധരെ സഹായിക്കാനാണ് വോയ്സ് ബാങ്കിന്റെ രൂപീകരണം. സാഹിത്യ കൃതികളും പാഠപുസ്തകങ്ങളും വിദ്യാർഥികൾ വായിച്ച് സ്മാർട് ഫോണിൽ റിക്കോർഡ് ചെയ്തശേഷം കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡിന്റെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നു. സൈറ്റിൽനിന്ന് ഇവ ഡൗൺലോഡ് ചെയ്ത് കേൾക്കാം. തിരഞ്ഞെടുത്ത വാട്സാപ് ഗ്രൂപ്പുകൾ വഴി ദിനപത്രങ്ങൾ, മാസികകൾ തുടങ്ങിയവയും ഇതുപോലെ റിക്കോർഡ് ചെയ്ത് അയയ്ക്കുന്നു. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ചെറുകഥകളും കവിതകളും ഇതിനകം തന്നെ വിദ്യാർഥികളുടെ ശബ്ദത്തിൽ അന്ധർ ഹൃദിസ്ഥമാക്കാൻ തുടങ്ങിയിട്ടുണ്ട്.

കോളജിൽ പ്രത്യേകം ഓഡിയോ ലാബ് ഇല്ലാത്തതിനാൽ വീട്ടിലും ക്ലാസ് മുറികളിലുമിരുന്നാണ് റിക്കോർഡ് ചെയ്യുന്നത്. വലിയ പുസ്തകങ്ങൾ പല ഭാഗങ്ങളാക്കി ഫോട്ടോ കോപ്പി എടുത്തശേഷം മൂന്നോ നാലോ വിദ്യാർഥികൾ ചേർന്നു റിക്കോർഡ് ചെയ്യും. റിക്കോർഡ് ചെയ്യുന്നതിനിടെ മറ്റു പല ശബ്ദങ്ങളും കയറിവരുമെങ്കിലും അതിലൊന്നും അന്ധർക്കു തെല്ലും പരാതിയില്ലെന്നു വിദ്യാർഥികൾ പറയുന്നു. വിരമിച്ചശേഷം വിശ്രമജീവിതം നയിക്കുന്ന അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും ഇത്തരത്തിൽ അന്ധരെ കൂടുതൽ സഹായിക്കാൻ സാധിക്കുമെന്നാണ് വിദ്യാർഥികളുടെ അഭിപ്രായം.

കേരളത്തിനൊരു വഴികാട്ടി

സി.അച്യുതമേനോൻ ഗവ. കോളജ് എൻഎസ്എസ് യൂണിറ്റിലെ ഇരുപത്തിയഞ്ചോളം കുട്ടികൾ പദ്ധതിയിൽ മനസ്സർപ്പിച്ചു പ്രവർത്തിക്കുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ. സിജോ വർഗീസിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ. സംസ്ഥാന വ്യാപകമായി ഈ പദ്ധതി നടപ്പിലാക്കിയാൽ ആയിരക്കണക്കിനു പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി എൻഎസ്എസ് സംസ്ഥാന ഘടകത്തെ സമീപിച്ചിട്ടുണ്ട്. സർവകലാശാലാ തലത്തിൽ ഇതിനു മുൻകയ്യെടുക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. തൃശൂർ ജില്ലയിലെ എല്ലാ കോളജുകളിലേക്കും അംഗത്വ ഫോറം അയച്ചു കഴിഞ്ഞു.

കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് യൂണിറ്റ്, സി.അച്യുതമേനോൻ ഗവ. കോളജിലെ എൻഎസ്എസ് യൂണിറ്റ്, കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് എന്നിവർ ചേർന്നു കോളജിൽ നടത്തിയ സെമിനാറിലാണ് അന്ധർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ ചർച്ചയായത്. മടി കൂടാതെ വിദ്യാർഥികൾ തന്നെ ആദ്യം മുതൽ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കോളജിലെ മറ്റു കുട്ടികളും മുന്നോട്ടു വരുന്നുണ്ട്. നിറങ്ങളെന്തെന്നറിയാതെ ജീവിതം വഴിമുട്ടിയവർക്കു തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ കഴിഞ്ഞതിൽ ആത്മാർഥമായ പുഞ്ചിരി ഇവരുടെ ചുണ്ടുകളിലുണ്ട്.