Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോശവിജയം ‘ആട്ടിയ’ കഥ

ID Company Leaders ഐഡി കമ്പനിയെ നയിക്കുന്ന ടി.കെ.നാസർ, പി.സി മുസ്തഫ, ടി.കെ.നൗഷാദ്, കെ.ജാഫർ, ടി.കെ.ഷംസുദ്ദീൻ എന്നിവർ.

ദോശ ചുടും പോലെ ചുട്ടെടുത്തെന്നൊക്കെ പറയാം.. പക്ഷേ, ദോശയോടു ചോദിക്കണം ദോശയാകാനുള്ള പാട്. വേണമെങ്കിൽ വയനാട്ടിലെ പത്തായക്കോടൻ മുസ്തഫയോടും കായക്കണ്ടി നാസറിനോടും സഹോദരങ്ങളോടും ചോദിച്ചാലും മതി. ബെംഗളൂരുവിലെ ഒറ്റമുറിയിലെ ഗ്രൈൻഡറിൽ അരച്ചുണ്ടാക്കിയ മാവിൽനിന്നു പ്രതിവർഷം നൂറുകോടിയിലധികം രൂപയുടെ ഇഡ്ഢലി, ദോശമാവ് വിൽപന നടത്തുന്ന ‘ഐഡി’ എന്ന കമ്പനിയെ ചുട്ടെടുത്ത കഥ. ഏറ്റവും പോഷകപ്രദവും ആരോഗ്യദായകവുമായ ഭക്ഷണമെന്ന രീതിയിൽ ഇഡ്ഢലിയെ ലോകമാകെ പ്രചരിപ്പിക്കാനുള്ള വിപുലമായ പദ്ധതിയിലാണിവർ.

ഐഡി എന്നാൽ ഇഡ്ഢലിയും ദോശയും

വയനാട്ടിലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ പട്ടിണിയോടും ദാരിദ്ര്യത്തോടും പടപൊരുതിയ ഈ ‘കസിൻസ്’ എത്രയോ രാത്രി തലപുകഞ്ഞാലോചിച്ചപ്പോൾ തെളിഞ്ഞ ഐഡിയയാണ് ഇന്ത്യയ്ക്കകത്തും പുറത്തും രുചിയേറിയ മാവിന്റെ ഒറ്റവാക്കായ ‘ഐഡി’ എന്ന കമ്പനിയായി മാറിയത്.

ബോർഡ് ഓഫ് ഡയറക്ടേഴ്സ് എന്നല്ല ബോർഡ് ഓഫ് കസിൻസ് ആണ് ഈ സ്ഥാപനം നടത്തുന്നതെന്നു പറയാം. മുസ്തഫയും അദ്ദേഹത്തിന്റെ അമ്മാവന്റെ മക്കളായ നാസറും ഷംസുവും ജാഫറും നൗഷാദും. ഈ അഞ്ചു പേർ ചേർന്നു തുടങ്ങിയ സംരംഭത്തിൽ ഇപ്പോൾ ആയിരത്തിലധികം പേരാണ് ജോലി ചെയ്യുന്നത്. പത്തുവർഷം മുൻപ് ഇരുപതോ മുപ്പതോ മാവ് പായ്ക്കറ്റുകൾ മാത്രം വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ വിൽക്കുന്നത് ദിനംപ്രതി 50,000 പായ്ക്കറ്റ്. അതായത് ഒരു പായ്ക്കറ്റിൽ നിന്ന് 20 ഇഡ്ഢലിയുണ്ടാക്കുമ്പോൾ ഇവരുടെ മാവുപയോഗിച്ച് അടുക്കളകളിൽ ഒരു ദിവസം ചുട്ടുകൂട്ടുന്നത് പത്തുലക്ഷത്തോളം ഇഡ്ഢലി.., ചിലപ്പോൾ അതു ദോശയും അകാം. ബെംഗളൂരുവിനു പുറമെ മൈസൂർ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, മംഗളൂരു, പുണെ എന്നിവിടങ്ങളിലും ദുബായിലും അബുദാബിയിലും ഫാക്ടറിയും വിൽപനയും ഉണ്ട്.

മയമില്ലാത്ത ജീവിതം

കൃത്യമായ കൂട്ടാണ് രുചിയുടെ രഹസ്യമെങ്കിൽ കൂട്ടായ്മയുടെ കരുത്താണ് ഈ രുചിക്കമ്പനിയുടെ രഹസ്യം. മയമേറിയ രുചിക്കൂട്ട് വിൽക്കുന്നവരാണെങ്കിലും ഒട്ടും മയമില്ലാത്ത ജീവിതമായിരുന്നു മുസ്തഫയുടേതും നാസറിന്റേയും. ദാരിദ്ര്യത്തിന്റെ ചൂടുകല്ലിലായിരുന്നു മുസ്തഫയുടെ ബാല്യം. ആറാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി അച്ഛനൊപ്പം കൂലിപ്പണിക്കുപോകാൻ തീരുമാനിച്ചു. ആ സമയത്താണ് മാത്യൂസ് എന്ന കണക്കു മാഷ് വീട്ടിൽ അവതരിക്കുന്നത്. ഇപ്പോൾ ഇത്തിരി കഷ്ടപ്പെട്ടു പഠിപ്പിച്ചാൽ ഭാവിയിൽ അവൻ തണലാകുമെന്നു പറഞ്ഞതു മാഷാണ്. അങ്ങനെ പത്താം ക്ലാസ് പാസായ മുസ്തഫ സ്കോളർഷിപ്പും പാവപ്പെട്ട വിദ്യാർഥികൾക്കു കിട്ടുന്ന ധനസഹായവും കൊണ്ട് ഫാറൂഖ് കോളജിൽനിന്നു പ്രീഡിഗ്രിയും എൻഐടിയിൽ നിന്ന് എൻജിനീയറിങ്ങും പൂർത്തിയാക്കി. വിദേശത്തു ജോലി കിട്ടിയെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു മുസ്തഫ,..

മുസ്തഫ വിദേശത്തായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ അമ്മാവന്റെ മകൻ നാസർ വയനാട്ടിൽ ഈ ചിന്തയുമായി നടക്കുകയായിരുന്നു. നാട്ടിലെ കണ്ടക്ടർ പണിയെടുത്ത് കുത്തുപാളയെടുത്തകാലത്താണ് എന്തെങ്കിലുമൊരു ജോലി തേടി ബെംഗളൂരുവിലെത്തിയത്. പലപല കച്ചവടങ്ങളും ചെയ്തെങ്കിലും മെച്ചമില്ലാത്ത കാലത്ത് പലചരക്കുപീടിക തുടങ്ങി.. തട്ടിയും മുട്ടിയും ഒരു ജീവിതം.

സ്വപ്നങ്ങളുടെ മാവ് പൂക്കുന്നു

2005ലാണ് സ്വപ്നങ്ങളുടെ മാവ് പൂക്കുന്നത്. വീട്ടിൽ അരച്ചമാവ് പ്ലാസ്റ്റിക് കവറിൽ ഒരു റബർ ബാൻഡിട്ട് കെട്ടി നാസറിന്റെ കടയിൽ ഒരു തമിഴൻ വിൽക്കാൻ കൊടുക്കുമായിരുന്നു. രുചിയുണ്ടെങ്കിലും പലർക്കും വാങ്ങാനൊരു പേടി. ആര്, എപ്പോൾ, എവിടെ, എങ്ങനെ ‌ഇതുണ്ടാക്കുന്നുവെന്നാണ് ചോദ്യം. ഇതു കേട്ടുമടുത്തപ്പോഴാണ് സ്വന്തമായി ഒരു ഗ്രൈൻഡർ സംഘടിപ്പിച്ച് മാവുണ്ടാക്കി നന്നായി പായ്ക്ക് ചെയ്ത് ഐഡി എന്ന പേരുമിട്ട് കടയിൽ വച്ചത്. വാങ്ങിയവർ പിന്നെയും വാങ്ങാൻ തുടങ്ങി. മാവ് തൊട്ടടുത്ത കടകളിൽ കൊടുത്തു. നൂറുപായ്ക്കറ്റുവരെ ദിവസം വിൽക്കുമെന്നായി. കുറച്ചു കൂടി വലിയൊരു മുറിയും നല്ല ഗ്രൈൻഡറുകളും വാങ്ങിയതോടെ ഒരു ദിവസം 2000 പായ്ക്കറ്റുവരെ ചെലവാകുമെന്നായി.

ഇതിനിടെ ഐടി കമ്പനിയിലെ ജോലി അവസാനിപ്പിച്ച് മുസ്തഫ കച്ചവടത്തിലേക്കിറങ്ങാനെത്തി. ഐടി മേഖല ശക്തിപ്പെട്ട സമയമായിരുന്നു. എന്തെങ്കിലും വാരിത്തിന്നു ജോലിക്കു പോകുന്നവരുടെ കാലത്ത് ഈ മാവും വീട്ടിലേക്കു പൊതിഞ്ഞുകെട്ടി ആരുണ്ടാക്കിത്തിന്നുമെന്ന് സ്വയം തോന്നി. ആശയത്തിന്റെ കല്ല് ഇതോടെ അടുപ്പത്തുനിന്ന് വാങ്ങിവച്ച് ‘കസിൻസ്’ മറുവഴി തേടി. അപ്പോഴാണ് ഇത്തരമൊരു കണക്ക് ഇവർ ആലോചിക്കുന്നത്. അറുപതുലക്ഷത്തോളം പേർ ബെംഗളൂരുവിലുണ്ട്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇഡ്ഢലിയോ ദോശയോ നിർബന്ധം. ഒരാൾ നാല് ഇ‍ഡ്ഢലി കഴിച്ചാൽ തന്നെ ആഴ്ചയിൽ രണ്ടരക്കോടി ഇഡ്ഢലി വേണ്ടിവരും. ഏറ്റവും മികച്ച രുചിയിൽ വൃത്തിയോടെ നൽകിയാൽ സംഗതി ചൂടപ്പമാകുമെന്നു ചിന്തിച്ചതോടെ പാത്രം വീണ്ടും അടുപ്പിലെത്തി. വ്യവസായപാർക്കിൽ ഭൂമി പാട്ടത്തിനെടുത്ത് മാവ് നിർമാണം വിപുലമാക്കി. നാസറിന്റെ സഹോദരങ്ങളായ നൗഷാദ്, ഷംസുദ്ദീൻ, ജാഫർ എന്നിവരെല്ലാം വിപണനത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധിക്കാൻ തുടങ്ങി.

തലമറിഞ്ഞ ആശയം

എല്ലാം എളുപ്പമാകണമെന്നു ചിന്തിക്കുന്നവരുടെ കാലത്താണ് വിഷമം പിടിച്ച കാര്യങ്ങൾ എങ്ങനെ എളുപ്പത്തിലാക്കാമെന്ന് ഇവർ ചിന്തിക്കുന്നത്. ഹോട്ടലിൽ പോയി കൊതിതീർക്കാൻ ഇഡ്ഢലി കഴിച്ചിരുന്നവർ മാവു വാങ്ങി വീട്ടിൽ കൊണ്ടുപോയി ഉണ്ടാക്കാൻ തുടങ്ങി. മാവ് ഐഡിയുടേതാണെങ്കിലും മയമുള്ള ഇഡ്ഢലിയുടെയും ദോശയുടെയും ക്രെഡിറ്റ് വീട്ടിലെ പെണ്ണുങ്ങൾക്കു കിട്ടാൻ തുടങ്ങി. ഇതിനിടെ പൊറോട്ട നാടുകീഴടക്കിയതോടെ പൊറോട്ടയിലും പരീക്ഷണങ്ങൾ നടത്തി. ആരോഗ്യപ്രദമായ ഗോതമ്പ് പൊറോട്ടെ ചെറിയ വലിപ്പത്തിൽ ഇറക്കിയതോടെ സ്കൂളിലെ ടിഫൻബോക്സിനും കൃത്യമായി. ഇഡ്ഢലിക്കു കൂട്ടായി വട വേണ്ടവർക്കായി വടയുടെ മാവും അടുത്ത് വിപണിയിൽ ഇറങ്ങും. തിളയ്ക്കുന്ന എണ്ണയിൽ ടൂത്ത് പേസ്റ്റ് പോലെ അമർത്തിയാൽ മതി. നല്ല ആകൃതിയിലും രുചിയിലും വടയായി.

ലോകമേ ഇഡ്ഢലി കഴിക്കൂ

ഇഡ്ഢലിയുടെ പ്രചാരം ലോകമാകെ അറിയിക്കാനുള്ള ഉദ്യമത്തിലാണ് ഇവർ. കാരണം ആവിയിൽ വെന്ത ഇത്രയും പോഷകഗുണമുള്ള ഭക്ഷണം വേറെയില്ല. ഫാസ്റ്റ്ഫുഡിന്റെ അമിതോപയോഗം മൂലം ആരോഗ്യം നശിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും മുന്നിൽ ആവിയിൽ വെന്ത ഇഡ്ഢലിയെന്ന ഭക്ഷണം അവതരിപ്പിക്കുകയാണ്. അമേരിക്കയിലെ ഹീലിയോൺ എന്ന കമ്പനി ഐഡി കമ്പനിയിൽ 35 കോടിയാണ് മുതൽ മുടക്കുന്നത്. മറ്റൊരു വിദേശ കമ്പനി 200 കോടി മുതൽ മുടക്കാനൊരുങ്ങുന്നു. ഇഡ്ഢലിയിൽ കൊതിമൂത്ത് സായ്പൻമാരും മദാമ്മമാരും ഇങ്ങോട്ടു വിമാനം പിടിച്ചുവരേണ്ട. കൊതിയൻമാർക്കു മുന്നിൽ ഐഡി കമ്പനി അവിടേയും ഇഡ്ഢലിയായോ ദോശയായോ ചൂടോടെ അവതരിക്കും.

Your Rating: