Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശപ്പറിഞ്ഞ് രാജാവിന്റെ മകൻ

Dravya-21 ദ്രവ്യ ധൊലാക്കിയ സൂററ്റില്‍ പിതാവിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനത്തിനു മുന്നില്‍

സമാനമായത് അമ്മൂമ്മക്കഥകളിൽ മാത്രം. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച രാജകുമാരൻ കൊട്ടാരക്കെട്ടിനു പുറത്തുള്ള ലോകം എന്തെന്നറിയാൻ യാത്ര പുറപ്പെടുന്നു. വേഷം മാറി, പാവപ്പെട്ടവരിലെ പാവപ്പെട്ടവരിൽ ഒരുവനായി... മലയാളിയുടെ തനതു ഭാഷയിൽ പറഞ്ഞാൽ, ബംഗാളിയായി.

ഒരുമാസം നീണ്ടൂ ഈ അജ്ഞാതവാസം. അതിനിടെ ജീവിതം പഠിപ്പിച്ച വലിയ പാഠങ്ങൾ‌. അതിനുവേണ്ടിത്തന്നെയാണു ദ്രവ്യ ധൊലാക്കിയ എന്ന ഇരുപത്തൊന്നുകാരൻ ഇറങ്ങിപ്പുറപ്പെട്ടത്. കേരളമായിരുന്നു അജ്ഞാതവാസത്തിനായി തിരഞ്ഞെടുക്കപ്പെട്ട ദേശം. ഹിന്ദി ഹൃദയഭൂമിയിൽ നിന്നകലെ, വ്യത്യസ്തമായ ഭക്ഷണം, ഭാഷ, സംസ്കാരം... അങ്ങനെ ഒരു നൂറുകൂട്ടം കാരണങ്ങളുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിനു പിന്നിൽ. വലിയ അറിവുകളിൽ ചിലതു കലാലയങ്ങളിലോ ക്ലാസ് മുറികളിലോ ലഭിക്കുകയില്ലെന്ന തിരിച്ചറിവിൽ നിന്നാണു കോടിപതിയായ ദ്രവ്യയുടെ യാത്രയും.

അച്ഛനാണ് താരം

എന്നാൽ ദ്രവ്യ എന്ന വിദ്യാർഥി സ്വയമെടുത്തതായിരുന്നില്ല ഈ തീരുമാനം. അതറിയുമ്പോഴാണ് ദ്രവ്യയുടെ പിതാവ് സാവ്‌ജി ധൻജി ധൊലാക്കിയ എന്ന വലിയ മനുഷ്യൻ രംഗത്തുവരുന്നത്. അച്ഛനായാൽ ഇങ്ങനെയായിരിക്കണം എന്ന് ആരെക്കൊണ്ടും പറയിക്കുന്ന അച്ഛൻ. മൺകുടിലിൽ നിന്നു കൊട്ടാരത്തോളം വളർന്ന അറബിക്കഥകളിലെ സുൽത്താന്റേതിനു സമാനമാണ് അദ്ദേഹത്തിന്റെ കഥയും.

ഗുജറാത്തിലെ ദുധാലയിൽ 1962ൽ ഒരു കർഷക കുടുംബത്തിലായിരുന്നു സാവ്ജിയുടെ ജനനം. പതിമൂന്നാം വയസ്സിൽ‌ സ്കൂൾ പഠനം അവസാനിപ്പിക്കേണ്ടി വന്നതോടെ സൂററ്റിലേക്കു വണ്ടി കയറി. അവിടെ ഒരു ബന്ധുവിന്റെ ഡയമണ്ട് പോളിഷിങ് സ്ഥാപനത്തിൽ ജോലിക്കു ചേർന്നു.

നാൽപതു വർഷങ്ങൾക്കിപ്പുറം 6000 കോടിയിലേറെ രൂപ വാർഷിക വിറ്റുവരവുള്ള കമ്പനിയുടെ ഉടമയാണ് അദ്ദേഹം. ഹരികൃഷ്ണ എക്സ്പോർട്സ് എന്ന ഡയമണ്ട് കമ്പനിയുടെ കയറ്റുമതി മാത്രം 5000 കോടി രൂപയ്ക്കു മുകളിലാണ്. തൊട്ടതൊക്കെ രത്നമാക്കിയ ചരിത്രമാണു സാവ്ജി കാക്കയെന്ന പേരിൽ അറിയപ്പെടുന്ന സാവ്ജി ധൊലാക്കിയയുടേത്. എൺപതിലേറെ രാജ്യങ്ങളിലായി കമ്പനിയുടെ പ്രവർത്തനങ്ങൾ വളർന്നു പന്തലിച്ചിരിക്കുന്നു. കിസ്ന ഡയമണ്ട് എന്ന ബ്രാൻഡ് നാമത്തിൽ വജ്രാഭരണങ്ങളുടെ നിർമാണവും വിപണനവുമായി മറ്റൊരു സ്ഥാപനവും അനുബന്ധമായി പ്രവർത്തിക്കുന്നു. രാജ്യത്ത് അഞ്ഞൂറോളം ജില്ലകളിലായി ഏഴായിരത്തോളം വിപണന കേന്ദ്രങ്ങളാണു കിസ്നയ്ക്കുള്ളത്.

1984ൽ സ്വന്തമായി ഡയമണ്ട് പോളിഷിങ് കമ്പനിയിലൂടെ തുടക്കം. സഹോദരങ്ങളായ ഹിമ്മത്ത് ധൊലാക്കിയ, തുൾസി ധൊലാക്കിയ എന്നിവരെയും ഒപ്പം കൂട്ടി. 1992ൽ ഇളയ സഹോദരൻ ഗണശ്യാമും ഇവരോടൊപ്പം ചേർന്നു. അതേവർഷമായിരുന്നു ഹരികൃഷ്ണ എക്സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ തുടക്കവും.

സൂററ്റിലെ കോട്ട

സൂററ്റ് പട്ടണത്തിൽ നിന്ന് ഇരുപതു കിലോമീറ്ററോളം യാത്ര ചെയ്താൽ ഇച്ചാപ്പോറിലെ ഗുജറാത്ത് ഹിരാ ബോർഴ്സ് എന്ന ജെം ആൻഡ് ജ്വല്ലറി പാർക്കിലെത്താം. സൂററ്റിലെ പ്രമുഖ രത്നവ്യാപാരികൾക്കെല്ലാം ഈ രത്നവ്യവസായ പാർക്കിൽ നിർമാണ യൂണിറ്റുണ്ട്. ഈ പ്രദേശത്തേക്കുള്ള പ്രവേശനം പോലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. തിരിച്ചറിയൽ രേഖകളുടെ കോപ്പിയും ഉദ്ദേശ്യവും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയേ അകത്തേക്കു കയറ്റിവിടൂ.

പാർക്കിനുള്ളിലെ ഏറ്റവും ശ്രദ്ധേയമായ കെട്ടിടങ്ങളിലൊന്ന് ഹരികൃഷ്ണ എക്സ്പോർട്സിന്റെ ആസ്ഥാനമായ എച്ച്കെ ഹബ് ആണ്. ആകാശപാലങ്ങളിലൂടെ പരസ്പരം ബന്ധിപ്പിച്ച മൂന്നു ടവറുകളുടെ ഒരു ബഹുനില കെട്ടിട സമുച്ചയം–നടുക്ക് ഒൻപതു നിലയുള്ള പ്രധാന മന്ദിരം. ഇരുവശത്തും നിർമാണ യൂണിറ്റുകൾ അടങ്ങുന്ന അതേ ഉയരമുള്ള രണ്ടു കൂറ്റൻ കെട്ടിടങ്ങളും. പ്രധാന ഗേറ്റിൽ മാത്രമല്ല എകെ 47 തോക്കുകളുമായി സുരക്ഷാ ഭടന്മാർ ഉള്ളത്. കെട്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിലും അതിന്റെ അനുബന്ധമായി നിർമിച്ചിരിക്കുന്ന കൊത്തളങ്ങളിലുമൊക്കെ തോക്കേന്തിയ സുരക്ഷാ ഭടന്മാരെ കാണാം.

Dravya-and-father-sreejith-4 ദ്രവ്യയ്ക്കും പിതാവ് സാവ്ജി ധൊലാക്കിയയ്ക്കുമൊപ്പം കെ. ശ്രീജിത്ത് (ഇടത്)

വന്നവഴി മറക്കാത്ത 

വിശപ്പിന്റെയും ഇല്ലായ്മകളുടെയും കടുത്ത വഴികളിലൂടെ കടന്നുവന്ന സാവ്‍ജി കാക്ക വേരുകൾ ഒന്നും മുറിച്ചുമാറ്റിയില്ല. പതിനായിരത്തിലേറെ പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എല്ലാവരും തന്റെ കുടുംബാംഗങ്ങൾ എന്നാണ് അദ്ദേഹം പറയുന്നത്.

ഗുജറാത്തിൽ ഹരികൃഷ്ണ എക്സ്പോർട്സിന്റേത് ഒരു ദിവസംകൊണ്ടു നേടിയെടുത്ത സൽപേരല്ല. 2014ലെ ദീപാവലിക്കു കമ്പനി മികച്ച സേവനം നടത്തിയ തൊഴിലാളികൾക്കു ബോണസ് നൽകിയതു കേട്ടാൽ ഇതു കുറച്ചുകൂടി വ്യക്തമാകും. 207 പേർക്ക് ഫ്ലാറ്റുകൾ, 491 പേർക്കു ഫിയറ്റ് പൂന്തോ കാറുകൾ, 570 പേർക്കു വിലപിടിപ്പുള്ള വജ്രാഭരണങ്ങൾ... എച്ച്കെ എന്ന പേര് ജോലി തേടുന്നവരെ ആകർ‌ഷിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.

‘‘ഞാൻ ഇത്രയും കാലത്തെ ജീവിതംകൊണ്ടു പഠിച്ചതെല്ലാം 21 വയസ്സുള്ള ഒരു ചെറുപ്പക്കാരനു പകർന്നു നൽകാനുള്ള ചില മാർഗങ്ങൾ. അറിവ് എന്നതിനും മുകളിൽ ജ്ഞാനം എന്നൊന്നുണ്ടല്ലോ. ചിലതു ഹൃദയത്തിലൂടെ പഠിക്കേണ്ടതാണ്.’’ വിശാലമായ ഓഫിസിലിരുന്നു സാവ്ജി ധൊലാക്കിയ മകനെ കേരളത്തിൽ അയച്ചതിനെക്കുറിച്ചു പറഞ്ഞു.

‘‘കുടുംബത്തിൽ നിന്ന് ആദ്യമായല്ല ഇങ്ങനെ കുട്ടികളെ വിടുന്നത്. ദ്രവ്യ അഞ്ചാമനാണ്. സഹോദരന്മാരുടെ മൂന്നു മക്കളെ 12 വർഷം മുൻപ് ഇതേപോലെ അയച്ചിരുന്നു. മറ്റൊരു സഹോദരന്റെ മകനെ ആറുവർഷം മുൻപും.’’

‘‘ഒരിക്കൽ സഹോദരന്മാരുടെ മക്കളെ കൂട്ടി ഞാൻ ലണ്ടനിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ പോയി. കുട്ടികൾ വേണ്ടതൊക്കെ ഓർഡർ ചെയ്തു. ഒടുവിൽ ബിൽ വന്നപ്പോൾ, അന്നും ഇന്നും ചെയ്യാറുള്ളതുപോലെ, ഞാൻ അതിന്റെ വിശദാംശങ്ങൾ നോക്കി. മേശപ്പുറത്തു മിച്ചമിരുന്ന ഒരു പപ്പടത്തിനും നാലു പൗണ്ട് (ഉദ്ദേശം 350 രൂപ) വിലയിട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുട്ടികൾ പണത്തിന്റെ വില അറിഞ്ഞു ജീവിക്കണം എന്നത് അന്നെടുത്ത തീരുമാനമാണ്. അങ്ങനെയാണ് 12 വർഷം മുൻപ് അവരെ ഇതുപോലെ ജീവിതം അനുഭവിച്ചു പഠിക്കാൻ പറഞ്ഞയച്ചത്.’’ രണ്ടു പെൺമക്കൾക്ക് ഇളയതായി ജനിച്ച ഏക ആൺതരിയെ കൊച്ചിയിലെ ദിവസക്കൂലിക്കാർക്കൊപ്പം പണിക്കയയ്ക്കാനുള്ള പ്രചോദനം അദ്ദേഹം വ്യക്തമാക്കി.

‘‘മറ്റുള്ളവരെക്കാൾ പ്രയാസമേറിയതായിരുന്നു ദ്രവ്യയുടെ ‘ഇന്റേൺഷിപ്.’ ആദ്യത്തെ മൂന്നു പേർ ജയ്പൂർ, പുണെ, ബറോഡ എന്നിവിടങ്ങളിലായിരുന്നുവെങ്കിൽ നാലാമൻ ബെംഗളൂരുവിൽ ആയിരുന്നു ‘ജോലി തേടിയത്.’ ഭാഷ, ഭക്ഷണം എന്നിവ അവർക്കു കുറച്ചൊക്കെ അനുകൂലമായിരുന്നു. അതു മാത്രവുമല്ലെന്നു സാവ്ജി ധൊലാക്കിയ പറയുന്നു. ‘‘മറ്റുള്ളവർ ഇങ്ങനെ പുറപ്പെടുമ്പോൾ ഞങ്ങൾ വളർച്ചയുടെ ഒരു ഘട്ടത്തിലേക്കു പ്രവേശിക്കുന്നതേയുണ്ടായിരുന്നുള്ളൂ. സമ്പത്തില്ലാത്തവരുടെ ജീവിതവുമായി അവർക്കു കുറച്ചുകൂടി പരിചയം ഉണ്ടായിരുന്നു. ഇവൻ വളർന്നപ്പോഴേക്കും കാര്യങ്ങൾ ഏറെ മാറിയിരുന്നു.’’

പക്ഷേ, ഇതൊരു വലിയ കാര്യമായൊന്നും അച്ഛനോ മകനോ കരുതുന്നില്ല. ജീവിതത്തെ യഥാർഥമായി ആസ്വദിക്കുന്നതിന്റെ ഭാഗമാണിതെന്നു ദ്രവ്യയും പിതാവും ഒരേസ്വരത്തിൽ പറയുന്നു.

കൊച്ചിയിലെ ജീവിതം

‘‘തലേന്നു ടിക്കറ്റ് കയ്യിൽ കിട്ടുമ്പോൾ മാത്രമാണു കൊച്ചിയിലേക്കാണു പോകേണ്ടതെന്നു മനസ്സിലായത്. ഒരുമാസത്തെ സമയം. ആഴ്ചയിൽ ഒരു ജോലി. അങ്ങനെ കുറഞ്ഞതു നാലു ജോലികൾ എങ്കിലും ചെയ്യണം. കൈവശം തന്നിരിക്കുന്നത് 7000 രൂപ മാത്രം. അതാകട്ടെ വളരെ അനിവാര്യമായ സാഹചര്യം വന്നാൽ മാത്രം എടുത്തുപയോഗിക്കുന്നതിനെന്നുള്ള പിതാവിന്റെ നിർദേശവും.’’ ദ്രവ്യ കൊച്ചിയിലേക്കുള്ള യാത്രയെക്കുറിച്ചു വാചാലനായി.

ജൂൺ 26നു കൊച്ചിയിലെത്തി. താമസിക്കാൻ ഒരിടത്തിനായും ജോലിക്കായും അലഞ്ഞ ആദ്യ അഞ്ചുദിവസങ്ങൾ ഏറെ ബുദ്ധിമുട്ടിയെന്നു ദ്രവ്യ പറയുന്നു. പിതാവ് തന്നതിൽ നിന്നു 2000 രൂപയെടുത്താണു താമസസ്ഥലം ഒപ്പിച്ചെടുത്തത്. അത്രയും മോശമായ സ്ഥലത്തു ജീവിതത്തിൽ അന്നേവരെ ചെലവഴിക്കേണ്ടി വന്നിട്ടില്ലായിരുന്നുവെന്നതും ദ്രവ്യ ഓർക്കുന്നു. എച്ച്കെ ഹബ്ബിലെ കക്കൂസ് മുറിയുടെപോലും വലുപ്പമില്ലാത്ത ഒരിടം. വൃത്തിയുടെ കാര്യമടക്കം ബാക്കിയെല്ലാം ഇതേ ഗണത്തിൽ. അവിടെയാണു ദ്രവ്യ ധൊലാക്കിയ വേഷംമാറി താമസമാക്കിയത്.

ജോലിക്കായി ചെന്ന അറുപതോളം സ്ഥലങ്ങളിൽ ‘ഒഴിവില്ല’ എന്ന മറുപടി കേട്ടു മടങ്ങേണ്ടിവന്നു. ജോലി തേടുന്നവന്റെ വേദനയറിഞ്ഞ ദിവസങ്ങൾ. ആറാം ദിവസം ബേക്കറി ജോലിയോടെ തുടക്കം. ആ ദിവസങ്ങളിൽ ഊണും ഉറക്കവും എല്ലാം ബേക്കറിയിൽ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികൾക്കൊപ്പം.

പിന്നീട് ഒരു പ്രമുഖ ഷൂ കമ്പനിയുടെ ഷോറൂമിൽ. സാധനം വാങ്ങാനെത്തുന്നവരുടെ അടുത്ത് എളിമയോടെ പെരുമാറാനും ചിരിക്കാനും അറിയില്ലെന്നും പരിശീലനം ആവശ്യമുണ്ടെന്നും പറഞ്ഞ് ആദ്യദിവസം കഴിഞ്ഞതേ പുറത്തേക്ക്... ഇനി വരേണ്ടത് എപ്പോഴെന്ന് അറിയിക്കാമെന്നു പറഞ്ഞു പുറത്തേക്കുള്ള വാതിൽ തുറക്കപ്പെട്ടതോടെ ആയിരങ്ങൾക്കു ജോലി നൽകുന്നവനെങ്കിലും ദ്രവ്യയും പണി നഷ്ടപ്പെടുന്നവന്റെ വേദന തിരിച്ചറിഞ്ഞു.

പിന്നീട് ഒരു കമ്പനിയുടെ കോൾ സെന്ററിൽ ജോലി. അവസാന ആഴ്ച മക്ഡൊണാൾസ് ഔട്ട് ലെറ്റിൽ ജോലികിട്ടി. അതു ചെയ്തു തുടങ്ങും മുൻപേ പിതാവിന്റെ പ്രതിനിധി എത്തി. നാട്ടിലേക്കു മടക്കത്തിനായി. ജോലി ചെയ്ത് അതിനോടകം 6000 രൂപ സമ്പാദിച്ചിരുന്നു ദ്രവ്യ. കഴിച്ചു പരിചയമില്ലാത്ത ഭക്ഷണമാണു കൊച്ചിയിൽ ഏറെ വലച്ചതെന്നു ദ്രവ്യ പറഞ്ഞു. പല ദിവസങ്ങളിലും ഒരു നേരം ചോറും സാമ്പാറും മാത്രം കഴിച്ചു വിശപ്പടക്കി. കോൾ സെന്ററിലെ ചായയ്ക്കും ബിസ്കറ്റിനുമൊക്കെ രുചി കൂടുതൽ ഉണ്ടെന്നും മനസിലാക്കിത്തന്നു ആ ദിവസങ്ങളിലെ ജീവിതം.

കണ്ടുമുട്ടിയ ചിലർ

‘ദരിദ്ര’ ജീവിതത്തിന്റെ രണ്ടാം ദിനം. ജോലിക്കു ചെല്ലുന്നിടത്തൊക്കെ ബയോഡേറ്റ ചോദിക്കുന്നു. പന്ത്രണ്ടാം ക്ലാസ് മികച്ച രീതിയിൽ പാസായി എന്നു കാണിച്ചു തയാറാക്കിയ ബയോഡേറ്റയുടെ കോപ്പിയെടുക്കാനെത്തിയ ഫോട്ടോസ്റ്റാറ്റ് കടയുടമ അറിയാവുന്ന ഭാഷയിൽ പറഞ്ഞു: ‘മോനേ, നീ ജോലി കിട്ടിയിട്ടു കാശു തന്നാൽ മതി.’

ജോലിതേടിയുള്ള അലച്ചിലിനിടെ അദ്ഭുതപ്പെടുത്തിയ മറ്റൊരാൾ ഒരു സെക്യൂരിറ്റി ഗാർഡാണ്. താമസിക്കാനൊരിടവും ജോലികിട്ടുംവരെ ഭക്ഷണവും നൽകാമെന്ന് ആ സാധു വാഗ്ദാനം ചെയ്തു. പക്ഷേ, ദ്രവ്യയ്ക്ക് അതു സ്വീകരിച്ചു നിൽക്കാൻ പറ്റില്ലായിരുന്നു.

‘പണി’ നൽകിയ മലയാളി

കൊച്ചിയിൽ ജീകോം ലോജിസ്റ്റിക്സ് എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കോഴിക്കോട് വടകര സ്വദേശി കുന്നിയൂർ ശ്രീജിത്ത് പറയും അക്കഥ. ‘‘ചായ കുടിക്കാനെത്തിയപ്പോഴാണു ബേക്കറിയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനിൽ കണ്ണുടക്കുന്നത്. വിളിച്ചുനിർത്തി ചോദിച്ചപ്പോൾ ഗുജറാത്തിലെ പാവപ്പെട്ട കുടുംബത്തിൽ നിന്നു മികച്ച മാർക്കോടെ 12–ാം ക്ലാസ് പാസായവൻ. നല്ലപോലെ ഇംഗ്ലിഷും ഹിന്ദിയും സംസാരിക്കുന്നു. വേറൊരു ജോലി അന്വേഷിക്കുന്നുവെങ്കിൽ വിളിക്കണം എന്നു പറഞ്ഞു കാർഡ് നൽകി.’’

‘‘ഇത്രയും സമ്പന്നനായ ഒരാളിനാണ് ജോലി നൽകാമെന്നേറ്റതെന്നു സ്വപ്നത്തിൽപോലും കരുതിയില്ല.’’ ദ്രവ്യയുടെയും പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം സൂററ്റിൽ ഹരികൃഷ്ണയുടെ ആസ്ഥാനത്ത് സന്ദർശിക്കാനെത്തിയ ശ്രീജിത്ത് പറഞ്ഞു.

ജോലിക്കായി ദ്രവ്യ വിളിച്ചിരുന്നു. ചില കാരണങ്ങൾകൊണ്ട് അതു സാധ്യമായില്ലെന്നു മാത്രം. എന്നാൽ ജോലി വാഗ്ദാനമല്ല ശ്രീജിത്തിനെ ക്ഷണിച്ചുവരുത്തി നേരിൽ കാണാൻ സാവ്ജി ധൊലാക്കിയയെ പ്രേരിപ്പിച്ചത്.

‘‘മകൻ, തൊഴിൽ കിട്ടാതെയും മറ്റു പ്രയാസങ്ങളിലൂടെയും അലയുന്നതിനിടെ ഒരു വൈകുന്നേരം വിളിച്ചു. അവൻ അവിടെ എങ്ങനെ കഴിയുന്നു എന്ന കാര്യത്തിൽ എനിക്കും വലിയ ആശങ്കയുണ്ടായിരുന്നു. പക്ഷേ, അന്ന് അവൻ ആഹ്ലാദവാനായിരുന്നു. ബേക്കറിയിൽ കണ്ടുമുട്ടിയ ഒരാൾ പറഞ്ഞുവത്രേ, ‘മോനേ നിനക്കു നല്ല ഭാവിയുണ്ട്. ഇത്രയും പഠിപ്പുള്ള നീ ഇങ്ങനെ ജീവിതം പാഴാക്കരുത്. എങ്ങനെയും മുടങ്ങിയ പഠനം തുടരൂ.’ ദ്രവ്യയ്ക്ക് അതു നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല. കുരുക്ഷേത്ര ഭൂമിയിൽ‌ തളർന്നിരുന്ന അർജുനന് ശ്രീകൃഷ്ണ ഭഗവാൻ നൽകിയ ഉപദേശത്തിനു തുല്യമായിരുന്നു അത്.’’ മകൻ പോയ ദിവസങ്ങളിൽ ഉറക്കം നഷ്ടപ്പെട്ട പിതാവായിരുന്നു താനെന്നു തുറന്നു സമ്മതിച്ച അതേ മനസ്സോടെ അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് ആദ്യവാരം ദ്രവ്യ ദൊലാക്കിയ ന്യൂയോർക്കിലെ പേസ് യൂണിവേഴ്സിറ്റിയിൽ ബിബിഎ പഠനം തുടരാനായി മടങ്ങി. വിദ്യയെന്നാൽ കാംപസിലും ക്ലാസ് റൂമിലും മാത്രം നേടുന്ന ഒന്നല്ല എന്ന ബോധ്യത്തോടെ... എന്നാൽ അമേരിക്കയിൽ പഠിക്കാൻ വിട്ടാലും മകന്റെ വിദ്യാഭ്യാസം പൂർത്തിയാകില്ലെന്നു മനസ്സിലാക്കിയ ഒരു പിതാവുണ്ട്. 

ഏഴാം ക്ലാസ് വിദ്യാഭ്യാസവുമായി ആറായിരം കോടിയുടെ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത കർമയോഗി. റാങ്കുകൾക്കു പിന്നാലെ പായുന്ന മക്കളോടും മാതാപിതാക്കളോടും അദ്ദേഹത്തിനു ചോദിക്കാനുള്ളതും പറയാനുള്ളതും മറ്റൊന്നാണ്:

‘നിങ്ങളുടെ ചുറ്റുമുള്ളവന്റെ വേദന കാണാൻ കഴിയാതെ ഏതു വിദ്യയാണ് പൂർണമാകുന്നത്’. മക്കളെ എങ്ങനെ വളർത്തണമെന്നു സ്വജീവിതത്തിലൂടെ അദ്ദേഹം മറുപടിയും നൽകുന്നു.

Your Rating: