Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീക്കളി

90-balu-nair-familty-5col

ഫയർ എൻജിനുകൾ നിർമിക്കുന്ന രാജ്യത്തെ ഏക മലയാളിയാണു ബാലു നായർ എന്ന കൊയിലാണ്ടിക്കാരൻ ബാലഗോപാൽ.

90-CLT-BALU-NAIR--6col

കളി തീയോടുമാവാം എന്നു നാവിക സേനയിലെ ജോലിക്കിടയിലാണു ബാലഗോപാൽ എന്ന ബാലു നായർ തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവ് ഇന്ത്യയിൽ ഫയർ എൻജിനുകൾ നിർമിച്ചുനൽകുന്ന ഏക മലയാളിയെന്ന പദവിയിലേക്ക് കൊയിലാണ്ടിക്കാരൻ ബാലഗോപാലിനെ എത്തിച്ചു. തീ കൊണ്ടു കളിക്കരുതെന്നു ചുറ്റുമുളളവർ പറഞ്ഞിട്ടും തീക്കളി കളിക്കാൻ തന്നെ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് സൂര്യൻ തീ പോലെ കത്തിനിന്നൊരു പകലിൽ കോഴിക്കോടു കടപ്പുറത്തിനടുത്തിരുന്നു ബാലു ചിരിച്ചു കൊണ്ടു പറയുന്നു.

90-fire-enginee-6col

കൊയിലാണ്ടി മധുവിഹാറിൽ വള്ളിക്കാട് ബാലഗോപാൽ ഒൻ‌പതു വർഷം നേവിയിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. തിരിച്ചു വന്നു കുറച്ചുകാലം ഓഫ് ഷോർ ഷിപ്പിങ് മേഖലയിൽ പ്രവർത്തിച്ചു. ബിസിനസ് തുടങ്ങണമെന്ന ആഗ്രഹം കലശലായത് അക്കാലത്താണ്. അങ്ങനെ ജോലി വിട്ട് മുംബൈയിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ബിസിനസ് തുടങ്ങി. ജീവിതം കനൽപ്പാതയാണെന്നു തിരിച്ചറിഞ്ഞപ്പോൾ വീണ്ടും ഷിപ്പിങ് മേഖലയിലേക്കു പോയി. പക്ഷേ ബിസിനസ് എന്ന മോഹം ഉള്ളിലിരുന്നു കലപിലകൂട്ടിക്കൊണ്ടേയിരുന്നു.

ഫയർ അലാം സംവിധാനങ്ങളുടെ ബിസിനസിലേക്കായിരുന്നു അടുത്ത കാൽവയ്പ്. ബിസിനസ് പാരമ്പര്യമൊന്നുമില്ലാത്തൊരാൾ ബിസിനസ് തുടങ്ങുന്നതു കാശു തലയ്ക്കു ചുറ്റി വലിച്ചെറിയുന്നതുപോലെയാണെന്ന് അഭ്യുദയകാംക്ഷികളെല്ലാം പറഞ്ഞു. രണ്ടും കൽപിച്ചു മുന്നോട്ടുവച്ച കാൽ പൊള്ളിയാലും പിൻവലിക്കില്ലെന്ന മട്ടിലായിരുന്നു ബാലു. ഷിപ്പിങ്ങിൽനിന്നു ‘തീക്കളി’യിലേക്ക്.

ഫയർ അലാം പരിപാടി ‘ക്ലിക്കാ’യി. മുൻപരിചയങ്ങളുടെ കരുത്തിൽ ഒൻജിസിയുടെ ഓഫ് ഷോർ പ്ലാറ്റ് ഫോമിൽ കരാർ കിട്ടിയതായിരുന്നു വഴിത്തിരിവ്. ആ തീപ്പൊരി പിന്നീടങ്ങു പടർന്നു. ഫയർ ആൻഡ് സേഫ്റ്റി മേഖലയിൽ ഇന്ത്യയിൽ കാര്യമായ സ്ഥാപനങ്ങളൊന്നുമില്ലെന്നു മനസ്സിലാക്കിയ ബാലുവും പങ്കാളികളും ഈ മേഖലയിലേക്കു വിദഗ്ധസേവനത്തിനുതകുന്നവരെ നൽകുന്ന സ്ഥാപനം തുടങ്ങി. ഒൻജിസി, ഗെയിൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ പതുക്കെ സ്വകാര്യ മേഖലയിലെ വമ്പൻമാരുടെ ഇടയിലേക്കു കടന്നു. റിലയൻസും ടാറ്റയും എസ്സാറുമെല്ലാം ബാലുവിന്റെ കസ്റ്റമേഴ്സായി.

ആവശ്യത്തിന് ആളെ കിട്ടുന്നില്ലെന്നു വന്നപ്പോൾ കൊയിലാണ്ടിയിൽ ഫയർ ആൻഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. പിന്നെ രാജസ്ഥാനിലും ഛത്തീസ്ഗഡിലും ശാഖകൾ തുടങ്ങി. 21 വർഷത്തോളം ഫയർ ആൻഡ് സേഫ്റ്റി മാൻപവർ സപ്ലൈ മേഖലയിൽ മുടിചൂടാമന്നനായി നിന്ന ശേഷമാണ് അഗ്നി ശമന യന്ത്രങ്ങളുടെ നിർമാണമെന്ന പുതിയ രംഗത്തേക്കു ബാലു കടക്കുന്നത്.

ബറോഡയിലെ ഇൻഡസ് ഫയർ സേഫ്റ്റി എന്ന സ്വന്തം ഫാക്ടറിയിൽ ഫയർ എൻജിൻ നിർമാണം തുടങ്ങി. വ്യവസായങ്ങൾക്കു വേണ്ട എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള ഫയർ എൻജിനുകളുടെ നിർമാണമാണു തുടങ്ങിയത്. വണ്ടിയുടെ ഷാസി വാങ്ങി വ്യവസായങ്ങളുടെ സ്വഭാവത്തിനനുസരിച്ചുള്ള ഫയർ എൻജിനുകളാണു നിർമിച്ചു നൽകുന്നത്. 50 മുതൽ 75 ലക്ഷം വരെ വരും ഒരു ഫയർ എൻജിന്റെ വില. ഇതിനു പുറമേ ആവശ്യക്കാർക്കു ഫയർ എൻജിനുകൾ വാടകയ്ക്കു നൽകുന്നുമുണ്ട്. ഇപ്പോൾ ഗുജറാത്തിലെയും ഉത്തര, പശ്ചിമേന്ത്യയിലെയും പ്രമുഖ വ്യവസായസ്ഥാപനങ്ങൾക്കു ബാലു ഫയർ എൻജിനുകൾ നിർമിച്ചു നൽകുന്നു. മറ്റൊരു മലയാളിയും ഈ മേഖലയിൽ ഇപ്പോഴില്ല.

അതിനിടെ, മാൻ പവർ സപ്ലൈ രംഗത്തെ പ്രമുഖരായ ‍ഡെന്മാർക്കിലെ ഫാൽക്ക് ബാലുവിന്റെ സ്ഥാപനത്തിന്റെ 51% ശതമാനം ഓഹരികൾ വാങ്ങാൻ തയാറായെത്തി. അതു കൂടിയായതോടെ പൂർണമായും എമർജൻസി റെസ്പോൺസ് വെഹിക്കിളുകളുടെ നിർമാണത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അദ്ദേഹം. ഫയർ എൻജിനുകൾക്കു പുറമേ ആംബുലൻസുകളും പ്രമുഖർക്കായുള്ള വാനിറ്റി വാനുകളും നിർമിക്കാനും പദ്ധതിയുണ്ട്. മകൾ ഇന്ദുവാണ് ബാലുവിന്റെ പുതിയ സാമ്രാജ്യത്തിന്റെ ചുമതലക്കാരി. ഭാര്യ സ്മിതയും വിദ്യാർഥിയായ മകൻ വൈശാഖും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.

ബിസിനസിലെ തുടക്കം പിഴച്ച് എല്ലാം തകർന്നുവെന്നു തോന്നിയ വേളയിൽ കോതമംഗലം എൽപി സ്കൂളിലെ ശേഖരൻ മാഷുടെയും കൊയിലാണ്ടി സ്കൂളിലെ ബാലകൃഷ്ണൻ മാഷുടെയും വാക്കുകളാണ് തനിക്കു തുണയായതെന്നു ബാലു പറയുന്നു. സ്വന്തം കഴിവിൽ വിശ്വാസമുണ്ടെങ്കിൽ ലക്ഷ്യം എളുപ്പമാകുമെന്ന അവരുടെ വാക്കുകളിലാണ് ബാലു തന്റെ വിജയം കുറിച്ചത്.

ഇന്ന് അനവധി പേരുടെ വയറ്റിലെ തീ കെടുത്തുന്ന ബോസാണു ബാലു. ആരും തൊടാത്ത ഒരു മേഖലയുടെ സാധ്യതകൾ തിരിച്ചറിയാൻ കഴിഞ്ഞുവെന്നതും അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനായിയെന്നതുമാണു വിജയത്തിന്റെ കൂട്ട്. 20 പേർക്ക് ഒരു സേഫ്റ്റി ഓഫിസർ വേണമെന്നതാണ് രാജ്യാന്തര തലത്തിൽ പിന്തുടരുന്ന മാനദണ്ഡം. ഇന്ത്യയിൽ 100 പേർക്ക് ഒരാൾപോലുമില്ലാത്ത അവസ്ഥ പലയിടത്തുമുണ്ട്. അവിടെയാണു പടർന്നു കയറേണ്ടതെന്ന തിരിച്ചറിവിൽ ബാലു നായർ വീണ്ടും ചിരിക്കുന്നു.

Your Rating: