Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലിനെ എത്രയിഷ്ടം? ഈ കടലിന്റെ അത്ര

SEA രാധിക മേനോൻ

മട്ടാഞ്ചേരിയിലെ ചീനവലകൾ കൗതുകത്തോടെ നോക്കിനിന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഒരിക്കൽ അവൾ ചോദിച്ചു: ‘‘കരയിൽനിന്നു പലതവണ ഞാനിതു കണ്ടിട്ടുണ്ട്. കടലിൽനിന്നു നോക്കിയാൽ ഇവയ്ക്കു കൂടുതൽ ഭംഗിയുണ്ടാകുമോ?’’. ആ ചോദ്യം അവളെ എത്തിച്ചതു ചരിത്രത്തിലെ ചില അപൂർവതകളിലേക്ക്. മർച്ചന്റ് നേവിയിലെ ആദ്യ വനിതാ ക്യാപ്റ്റൻ കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളത്തിനടുത്ത് അയ്യൻകുഴിയിൽ വീട്ടിലെ രാധിക മേനോൻ എഴുതിച്ചേർത്തതു ധീരതയുടെ പുത്തൻ അധ്യായം.

സ്വന്തംജീവൻ പണയപ്പെടുത്തി ഏഴു മത്സ്യത്തൊഴിലാളികൾക്കു ‘പുനർജന്മം’ നൽകിയ രാധിക മേനോൻ രാജ്യാന്തര സമുദ്ര സംഘടന (ഐഎംഒ) പുരസ്കാരം സമ്മാനിച്ചപ്പോൾ ഒപ്പമെത്തുന്നത് ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയെന്ന ബഹുമതിയും. രാധിക മുന്നോട്ടു നടന്നതു സ്വയം വെട്ടിത്തെളിച്ച വഴികളിലൂടെയാണ്. ആ വഴികളാവട്ടെ ആർക്കും പകർത്താവുന്ന നല്ലപാഠവും.

ജൂൺ മാസത്തിന്റെ ഓർമ

പതിവുപോലെ അന്നു രാധിക ക്യാപ്റ്റനായുള്ള ‘സുവർണ സ്വരാജ്യ’ കപ്പൽ ഒഡീഷയിലെ ഗോപാൽപൂരിൽനിന്നു വിശാഖപട്ടണത്തേക്കു നീങ്ങുകയായിരുന്നു. കടൽ പ്രക്ഷുബ്ധമായിരുന്നു. തിരമാലകൾ 25 അടിയിലധികം ഉയർന്നു. ഗോപാൽപൂരിൽ നിന്ന് 2.5 കിലോമീറ്റർ അകലെയെത്തി.

സെക്കൻഡ് ഓഫിസർ മനോജ് ചൗഹാൻ ബൈനോക്കുലറിലൂടെ കടൽ നിരീക്ഷിക്കുന്നതിനിടയിലാണ് ‌ഒന്നര നോട്ടിക്കൽ മൈൽ (ഏകദേശം 2.7 കിലോമീറ്റർ) അകലത്തിൽ ഒരു മത്സ്യബന്ധന ബോട്ട് കണ്ണിൽപ്പെടുന്നത്. മഴയിലും കാറ്റിലും കപ്പൽ ആടിയുലഞ്ഞു.

ആർത്തിരമ്പുന്ന കടലിൽ പാഴ്ത്തടി പോലെ ബോട്ട് ഒഴുകിനടക്കുന്നു. ഉൾക്കടലിലെ മത്സ്യബന്ധനത്തിന് ഒട്ടും യോജ്യമല്ലാത്ത ചെറിയ ബോട്ടാണ്. അതിലുണ്ടായിരുന്നവർ ഷർട്ടുകളഴിച്ചു കപ്പലിനു നേരെ വീശിക്കാണിക്കുന്നുണ്ടായിരുന്നു.

ആരാണെന്നോ എന്താണെന്നോ അറിയില്ലെങ്കിലും എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ അകലെനിന്ന് ആർത്തലച്ചുവരുന്ന തിര ഉയർന്നു താഴുമ്പോൾ അവർ എന്നെന്നേക്കുമായി മറയുമെന്നു രാധികയ്ക്ക് ഉറപ്പായിരുന്നു. തീരുമാനങ്ങൾക്ക് ഇടിമിന്നലിന്റെ വേഗം വേണ്ട സന്ദർഭം. മനസ്സിൽ ‘രക്ഷാപ്രവർത്തനം’ എന്ന വാക്കു മാത്രമാണു മുഴങ്ങിയത്. മറിച്ചൊന്നും ചിന്തിക്കാതെ രക്ഷാപ്രവർത്തനത്തിനുള്ള ഉത്തരവു നൽകി. ഏഴു പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിനും കപ്പലിനും ഇടയിലുള്ള ദൂരം ക്രമേണ കുറഞ്ഞു വന്നു. ബോട്ടിൽനിന്ന് ഇവരെ കപ്പലിൽ കയറ്റാനായി സ്ക്രാംബ്ലിങ് നെറ്റ് നിവർത്തി.

പ്രഥമ ശുശ്രൂഷാ കിറ്റ് ഉൾപ്പെടെ തയാറാക്കി. കടൽ വീണ്ടും പ്രക്ഷുബ്ധമായതോടെ കൂടുതൽ ലൈഫ് ജാക്കറ്റുകളും സജ്ജമാക്കി. രക്ഷാദൗത്യം എളുപ്പമായിരുന്നില്ല. രൗദ്രഭാവത്തിൽ ഇളകിമറിയുന്ന കടലിൽ ബോട്ട് കപ്പലിനോടു മുട്ടിയുരുമ്മി നീങ്ങിക്കൊണ്ടിരുന്നു. ജീവിതത്തെ കൊതിയോടെ നോക്കുന്ന ഒരുകൂട്ടം നിറകണ്ണുകൾ ബോട്ടിൽനിന്നു കപ്പലിന്റെ മുകൾത്തട്ടിൽ നിന്നവർക്കു നേരെ.

ആദ്യ ശ്രമത്തിൽ മൂന്നുപേരെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. മൂന്നു തവണയായിട്ടാണ് ഏഴുപേരെയും കപ്പലിനുള്ളിലെത്തിച്ചത്. നനഞ്ഞതും കീറിയതുമായ വേഷത്തിൽ വിറയ്ക്കുകയായിരുന്നു അവർ. പലരും പൊട്ടിക്കരഞ്ഞു. മുറിവുകളിൽനിന്നു രക്തമൊഴുകി. തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചശേഷം, ബോട്ട് കടലിൽ ഉപേക്ഷിക്കാൻ രാധിക നിർദേശം നൽകി. കപ്പലിലുണ്ടായിരുന്നവർ അവരുടെ വസ്ത്രങ്ങൾ ഇവർക്കു നൽകി. വീടുകളിലേക്കു വിളിക്കാൻ ഫോൺ സംവിധാനവും ഒരുക്കിക്കൊടുത്തു.

ദിവസങ്ങൾക്കു മുൻപു കടലിൽ പോയി മടങ്ങിവരാതായപ്പോൾ ഇവർ മരിച്ചുവെന്നു കരുതി പലരുടെയും മരണാനന്തര ക്രിയകൾ വീടുകളിൽ ആരംഭിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്തിയ 22–ാം തീയതിയായിരുന്നു ക്രിയകളുടെയും പ്രാർഥനകളുടെയും പൂർത്തീകരണ ദിവസം. തങ്ങളുടെ ആത്മാവിനു ശാന്തി നേർന്നുള്ള പ്രാർഥനകൾ അവസാനിപ്പിക്കാൻ മാത്രമായിരുന്നു ആ ഫോൺകോളുകൾ.

കഴിഞ്ഞ വർഷം ജൂൺ 16നു രാത്രിയിൽ കാക്കിനടയിൽ നിന്നു പുറപ്പെട്ട മത്സ്യത്തൊഴിലാളികളാണിവർ. പെർല, ദസാരി, ഡോൺ, ഗരാകിന രാജു, അപ്പ റാവു, മഹേഷ്, ശ്രീനു എന്നിവരുടെ സംഘത്തിലെ എറ്റവും പ്രായം കുറഞ്ഞ ആൾ 15 വയസ്സുള്ള മഹേഷായിരുന്നു. കടലിൽ പോയിത്തുടങ്ങിയിട്ട് അധികനാളായിട്ടില്ല. രാത്രിയിലുണ്ടായ കടൽക്ഷോഭം അവന്റെ സ്വപ്നങ്ങളെയാണു തകർത്തെറിഞ്ഞത്. രക്ഷയില്ലെന്നു വന്നതോടെ ‘ദുർഗാമ്മ’ എന്ന ബോട്ട് കരയിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചെങ്കിലും എൻജിൻ തകരാറിലായതോടെ കടലിൽ ഒഴുകി. ഉണ്ടായിരുന്ന ഭക്ഷണവും വെള്ളവും ഉപയോഗിച്ചു രണ്ടു ദിവസം പിടിച്ചുനിന്നു.

അന്നു വൈകിട്ടുണ്ടായ വലിയൊരു തിരയിൽ മിച്ചമുണ്ടായിരുന്ന ഭക്ഷണവും വസ്ത്രങ്ങളും എല്ലാം ബോട്ടിൽ നിന്നൊഴുകിപ്പോയി. ശേഷമുള്ള അഞ്ചുദിവസം മീൻ സൂക്ഷിച്ചുവയ്ക്കുന്ന പെട്ടിയിലെ ഐസുകട്ട അലിയിച്ചു വെള്ളം നക്കിക്കുടിക്കുക മാത്രമായിരുന്നു ജീവൻ നിലനിർത്താനുള്ള പോംവഴി.

ഏഴാം ദിവസം കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന സമുദ്രത്തിൽ രാധിക മേനോൻ ക്യാപ്റ്റനായ കപ്പൽ ഇവരുടെ ബോട്ടിനടുത്ത് എത്തുന്നത് ഒരു നിയോഗമായിട്ടാവണം. ഒരു ദിവസംകൂടി വൈകിയിരുന്നെങ്കിൽ എന്ന ചോദ്യത്തിനു രാധികയ്ക്കു മൗനമാണു മറുപടി. ജൂൺ 29നു കപ്പൽ വിശാഖപട്ടണത്ത് എത്തിയതോടെ ബന്ധുക്കൾ ഇവർക്കു വലിയ വരവേൽപ്പ് നൽകി. ഇവർ ഏഴുപേർക്കും രാധിക എന്നും ദൈവമാണ്. മരണം ചുറ്റും നിഴലായിരുന്നപ്പോഴും വിട്ടുകൊടുക്കാതെ കൈപിടിച്ചു തിരികെക്കൊണ്ടുവന്നയാൾ ദൈവമല്ലാതെ മറ്റാരാണ്!

കപ്പലിൽ സ്ത്രീയുടെ ശബ്ദമുള്ള പുരുഷൻ!

ഒരു കപ്പൽ തീരമടുക്കുമ്പോൾ ക്യാപ്റ്റൻ സഹപ്രവർത്തകർക്കു നിർദേശങ്ങൾ നൽകുക പതിവാണ്. മറ്റെല്ലാ കപ്പലുകളിലും പുരുഷശബ്ദം മൈക്കിലൂടെ മുഴങ്ങുമ്പോൾ ‘സുവർണ സ്വരാജ്യ’യിൽ ഒരു സ്ത്രീശബ്ദം കേൾക്കാം – മറ്റാരുമല്ല രാധിക മേനോൻ. 1917ൽ രൂപീകരിച്ച മർച്ചന്റ് നേവിയെ സംബന്ധിച്ച് ഈ സ്ത്രീശബ്ദം പുതുമയുള്ളതാണ്. കാരണം, രാധികയ്ക്കു മുൻപ് അവിടെ കമാൻഡിങ് പവറിൽ മറ്റൊരു വനിതയും എത്തിച്ചേർന്നിട്ടില്ല. ഒരു സ്ഥാപനത്തെ ഒരു സ്ത്രീ നയിക്കുന്നതുപോലെ തന്നെയാണ് ഒരു കപ്പലിനെ വനിതാ ക്യാപ്റ്റൻ നയിക്കുന്നതെന്നാണു രാധികയുടെ അഭിപ്രായം.

ജോലിയിൽ മികവു തെളിയിച്ചു കഴിഞ്ഞാൽ അവിടെ സ്ത്രീയോ പുരുഷനോ എന്നത് ഒരു പ്രശ്നമേയല്ല. ചില തീരങ്ങളിൽ എത്തുമ്പോൾ തുറമുഖ അധികാരികൾ കപ്പലിന്റെ ക്യാപ്റ്റന്റെ പേര് വയർലെസിൽ ചോദിക്കാറുണ്ട്. രാധിക എന്ന പേരു കേൾക്കുമ്പോൾ പലപ്പോഴും മറുവശത്തു നിശ്ശബ്ദതയായിരിക്കും. രണ്ടോ മൂന്നോ തവണ പേര് ആവർത്തിക്കുമ്പോഴാണു പലർക്കും ബോധ്യമാകുന്നത്. മറ്റു ചിലയിടത്താകട്ടെ വയർലെസിൽ രാധികയുടെ ശബ്ദം കേട്ടിട്ടു സ്ത്രീയുടെ ശബ്ദമുള്ള പുരുഷനാണു ക്യാപ്റ്റനെന്നു തെറ്റിദ്ധരിച്ച സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്.

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ തന്നെ എങ്ങനെ വ്യത്യസ്തയാകാം എന്നായിരുന്നു രാധികയുടെ ചിന്ത. കൂടെ പഠിച്ച പെൺകുട്ടികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കു ശേഷം നഴ്സിങ്ങിനും മറ്റും പോയപ്പോൾ ഷിപ്പിങ് കോർപറേഷനിൽ ട്രെയിനി റേഡിയോ ഓഫിസറായി രാധിക ജോലി ആരംഭിക്കുകയായിരുന്നു. രാജ്യത്തെ ആദ്യ വനിതാ റേഡിയോ ഓഫിസർ കൂടിയായിരുന്നു രാധിക.

കുറഞ്ഞകാലം കൊണ്ട് ഉയർന്ന റാങ്കുകളിലേക്കുള്ള പരീക്ഷകൾ ജയിച്ചു. 2010 ൽ മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ക്യാപ്റ്റനായി. വീട്ടിൽനിന്ന് ആറുമാസത്തിലധികം മാറി നിൽക്കേണ്ടി വരുന്നതിനാൽ സ്ത്രീകൾ എത്താത്ത മേഖലയായിരുന്നു ഇത്. ഈയിടെയായി ഒട്ടേറെ സ്ത്രീകൾ എത്തുന്നുണ്ടെങ്കിലും ഉയർന്ന റാങ്കുകളിൽ അപൂർവമാണ്. പലരും വർഷങ്ങൾക്കുള്ളിൽ ജോലി നിർത്താറാണു പതിവ്. മർച്ചന്റ് നേവിയിൽതന്നെ റേഡിയോ ഓഫിസർ ആയി പ്രവർത്തിച്ച ഭർത്താവ് പ്രവീൺ വേണുഗോപാലിന്റെ പിന്തുണ കൊണ്ടാണ് ഇത്രയും കാലം തുടരാൻ സാധിച്ചതെന്നു രാധിക പറയുന്നു.

പുരുഷൻമാർ കയ്യടക്കി വച്ചിരിക്കുന്ന മേഖലയിലേക്കു രാധികയുടെ വരവ് എളുപ്പമായിരുന്നില്ല. സ്ത്രീകളെ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെറിയ തെറ്റുകൾപോലും വലിയ പ്രശ്നമാകുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ തെറ്റ്, അശ്രദ്ധ എന്ന വാക്കുകളെ രാധിക തന്റെ നിഘണ്ടുവിൽ നിന്ന് എടുത്തുമാറ്റി. ചടുലമായ തീരുമാനങ്ങളിൽ പാളിച്ചകളുണ്ടായാൽ വലിയ അപകടത്തിലേക്കാവും നയിക്കുക. ഒരു വനിതാ ക്യാപ്റ്റനാണു വരുന്നതെന്നറിഞ്ഞപ്പോൾ ക്രൂവിന് ആദ്യം അമ്പരപ്പായിരുന്നുവെന്നു രാധിക ഓർമിക്കുന്നു. തന്നെക്കാളും ടെൻഷനായിരുന്നു അവർക്ക്. സംഘത്തെ നയിക്കാനുള്ള കഴിവുണ്ടെന്നു ബോധ്യപ്പെടുത്തുകയായിരുന്നു വലിയ ദൗത്യം.

ആദ്യം പ്രയാസമായിരുന്നുമെങ്കിലും ഇന്നു നാൽപ്പത് അംഗങ്ങളുള്ള ക്രൂവിന്റെ നിയന്ത്രണം, റൂട്ട് തീരുമാനിക്കൽ, സുരക്ഷാ ചർച്ചകളുടെ ഏകോപനം, കപ്പൽ കമ്പനിയുമായുള്ള ആശയവിനിമയം, അടിയന്തര ഘട്ടങ്ങളിലുള്ള തീരുമാനം എന്നിവ അനായാസം രാധിക കൈകാര്യം ചെയ്യുന്നു. രാജ്യാന്തര പുരസ്കാരത്തിനു മുന്നോടിയായി കഴിഞ്ഞ മാസം നാഷനൽ മാരിടൈം ഡേയിൽ ‘ഗാലന്ററി അറ്റ് സീ’ അവാർഡും രാധികയെ തേടിയെത്തി.

കടൽ എന്ന വികാരം

ഏതാനും വർഷങ്ങൾക്കു മുൻപു നാഗപട്ടണത്തുനിന്നുള്ള യാത്രയ്ക്കിടെ നീലം ചുഴലിക്കാറ്റിൽ കപ്പൽ അകപ്പെട്ട ഓർമ ഇന്നും മായാതെ കിടപ്പുണ്ടു രാധികയുടെ മനസ്സിൽ. ശ്രീലങ്കയുടെ തെക്കുകിഴക്കൻ ഭാഗത്തു രൂപപ്പെട്ട കാറ്റിനെക്കുറിച്ചു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു.

കാറ്റിന് 60 കിലോമീറ്ററിലധികമായിരുന്നു വേഗം. ഒരു കളിപ്പാട്ടം പോലെ കപ്പൽ ആടിയുലഞ്ഞു. കപ്പലിനു മുകളിൽ ഘടിപ്പിച്ചിരുന്ന ചില ഭാഗങ്ങൾ ഇളകിപ്പോയി. ക്യാബിനിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും നിലത്തുവീണു.

നങ്കൂരമിട്ടെങ്കിലും രണ്ടുതവണ കപ്പലിന്റെ സ്ഥാനം മാറി. രണ്ടു ദിവസത്തോളം കടൽ അതേ അവസ്ഥയിൽ തുടർന്നു. ഒടുവിൽ കൃഷ്ണപട്ടണം തീരത്തു നങ്കൂരമുറപ്പിച്ചതിനാൽ കപ്പൽ സുരക്ഷിതമായി. മകൻ ഭാവേഷും ആ യാത്രയിൽ രാധികയ്ക്ക് ഒപ്പമുണ്ടായിരുന്നു.

കാര്യം ഇതൊക്കെയാണെങ്കിലും കടൽ ഇന്നും രാധികയുടെ വികാരമാണ്. ഉയർന്നു പൊങ്ങുന്ന തിരമാലകളോട് എന്നും രാധിക മനസ്സുതുറന്നു സംസാരിക്കാറുണ്ട്; അവ തിരിച്ചും.

Your Rating: