Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധി നിറം മങ്ങാതെ

gandhi-potser

ഗാന്ധിസിനിമയുടെ പോസ്റ്റർ ശരത്ചന്ദ്രൻ വീണ്ടും വരച്ചു. 1982ൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയുടെ പോസ്റ്റർ തന്നെ ! ഗാന്ധിസിനിമയുടെ പോസ്റ്ററിന്റെ ഒരു ഫോട്ടോയെങ്കിലും കാണാനാവുമോ എന്ന ആരാധകരുടെ അന്വേഷണമാണ് ശരത്ചന്ദ്രനു വീണ്ടും വരയ്ക്കാനുള്ള ഊർജമായത്. 34 വർഷങ്ങൾക്കു മുൻപ് താൻ വരച്ച അതേ പോസ്റ്ററുകൾ ശരത്ചന്ദ്രൻ വീണ്ടെടുത്തു. ഓർമയുടെ മൂടുപടത്തിലായിരുന്ന വരകളും വർണങ്ങളും ബ്രഷിലേക്ക് ഒഴുകിയെത്തി. സിഗരറ്റ് കവറുകൾ ഡിസൈൻ ചെയ്യുന്നതിൽ പ്രഗത്ഭനായിരുന്ന ശരത്ചന്ദ്രൻ ജീവിതത്തിൽ ഇന്നേവരെ മറ്റൊരു സിനിമയ്ക്കും പോസ്റ്റർ ചെയ്തിട്ടില്ല.

അതുകൊണ്ടുതന്നെ, വീടിനകത്തെ തട്ടിൽ മറ്റു ചിത്രങ്ങൾക്കൊപ്പം ആ പോസ്റ്ററുകൾ സൂക്ഷിച്ചിരുന്നു. പക്ഷേ, മഴയിൽ ചുവരിലൂടെ ഇറങ്ങിയ നനവ് ലോകസിനിമയുടെ ചരിത്രത്തിൽ അഹിംസകൊണ്ട് ഇടംനേടിയ രണ്ടക്ഷരത്തിലേക്കു പടർന്നു. ഗാന്ധിസിനിമയ്ക്കു വേണ്ടി ശരത്ചന്ദ്രൻ ഒരുക്കിയ പ്രധാന പോസ്റ്ററും മൂന്ന് ചെറു പോസ്റ്ററുകളും വീണ്ടെടുക്കാനാവാത്തവിധം നശിച്ചു.

sarath-vimala ശരത്ചന്ദ്രൻ ഭാര്യ വിമലയോടൊപ്പം.

ആ നഷ്ടം ചരിത്രനഷ്ടം കൂടിയാണെന്നു തിരിച്ചറിഞ്ഞതു പിന്നീടാണ്. വിന്റേജ് സിനിമാ പോസ്റ്ററുകൾ വിൽപ്പനയ്ക്കു വയ്ക്കുന്ന ഓൺലൈൻ സൈറ്റിലൊക്കെ ഗാന്ധി സിനിമയുടെ പോസ്റ്ററുകൾ പല തരത്തിലുള്ളവയുണ്ട്. പക്ഷേ, അതൊന്നും സിനിമയ്ക്കു വേണ്ടി ചെയ്തവയല്ലെന്നതാണു സത്യം. വിപണന സാധ്യത അറിഞ്ഞ് ആരൊക്കെയോ പിന്നീടു നിർമിച്ചെടുത്തവയാണ് അതൊക്കെയും.

ഗാന്ധിസിനിമയുടെ പോസ്റ്റർ ചെയ്യാനുള്ള അവസരം ശരത്ചന്ദ്രനു കിട്ടുന്നത് ഒരു പരസ്യ ഏജൻസി വഴിയാണ്. സുഹ‍ൃത്ത് ശാന്തകുമാറിന്റെ സോഴ്സ് മാർക്കറ്റിങ് ഏജൻസിക്കായിരുന്നു സിനിമയുടെ പൂർണ പരസ്യ കരാർ. ശരത്ചന്ദ്രൻ ജോലി ചെയ്തിരുന്ന ഗോൾഡൻ ടുബാക്കോയുടെ ജനറൽ മാനേജർ ആർ.കെ.സേത്തി അനുവദിച്ചതോടെ ശരത് പോസ്റ്ററിനായി ചില ഡിസൈനുകൾ ഒരുക്കി. അന്നു കളർ പടങ്ങൾ പോലും കിട്ടിയില്ല, ഏതാനും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ കൊടുത്തിട്ട് ഷോലെയുടേതുപോലെ കളർഫുൾ പോസ്റ്റർ വേണമെന്നാണ് പറഞ്ഞത്. സിനിമയുടെ പ്രിവ്യൂ കണ്ടാണ് കളർ സ്കീം മനസ്സിലാക്കിയത്. കംപ്യൂട്ടർ ഇല്ലാതിരുന്ന കാലം. സ്പ്രേ ചെയ്താണ് പശ്‍ചാത്തലമൊക്കെ ലയിപ്പിച്ചത്... ശരത്ചന്ദ്രൻ ഓർക്കുന്നു.

ഡിസൈൻ കണ്ട ശാന്തകുമാർ അടുത്ത ദിവസംതന്നെ അമേരിക്കയ്ക്കു പറന്നു, ആറ്റൻബറോയെ പോസ്റ്റർ മാതൃക കാണിക്കുവാൻ. വിദേശികളെക്കൊണ്ട് ഗാന്ധിസിനിമയുടെ പോസ്റ്റർ ചെയ്യിച്ചിട്ട് ഇന്ത്യൻ ഫീൽ കിട്ടാത്തതിൽ ഖിന്നനായിരുന്ന ആറ്റൻബറോ പോസ്റ്ററിന്റെ നാലു മാതൃകകളും കണ്ട് സന്തോഷിച്ചു. ജാലിയൻവാലാ ബാഗിൽ വെടിയേറ്റു വീണ അമ്മയുടെ അടുത്തിരുന്ന് വിലപിക്കുന്ന കുട്ടിയുടെ ചിത്രമുള്ള പോസ്റ്റർ 10 x 20 അടി വലുപ്പത്തിൽ രാജ്യമാകെ പ്രചരിച്ചു. 1 x 2 അടിയിൽ ചെയ്തിട്ട് ബ്ളോഅപ് ചെയ്താണ് പോസ്റ്റർ അച്ചടിച്ചത് സിനിമയുടെ പത്രപ്പരസ്യത്തിന്റെയും ചുമതലയുണ്ടായിരുന്നു.

രാജ്യമെല്ലാം ജാലിയൻവാലാ ബാഗിലെ കരുണയറ്റ ദൃശ്യം കണ്ട് ജനം തിയറ്ററിലേക്കൊഴുകി. ചിത്രം ഇരട്ട ഓസ്കർ നേടി. പ്രതിഫലവും വാങ്ങി ശരത്ചന്ദ്രൻ മുംബൈ വിലേപാർലെ വെസ്റ്റിലെ ഗോൾഡൻ ടുബാക്കോയുടെ ഓഫിസിലിരുന്ന് പുകച്ചുരുളിനെ പെട്ടിയിൽ ആവാഹിക്കുന്ന പണി തുടർന്നു. 18 വർഷത്തിനു ശേഷം ജോലി ഉപേക്ഷിച്ച് കൂട്ടുകാരുമായി സ്ഥാപനം തുടങ്ങി – ഓർബിറ്റ്. പിന്നീട് ഫ്രീലാൻസ് ഡിസൈനറായി.

എന്തുകൊണ്ട് സിഗരറ്റ് കവറുകൾ മാത്രം ? വില്ലൻ വേഷത്തിൽ ശോഭിച്ച നടനെ പിന്നെ ആരെങ്കിലും നായകനാക്കുമോ? ചെറു ചിരിയോടെ കോഴിക്കോട്ട് എരഞ്ഞിപ്പാലത്തെ വീട്ടിലിരുന്ന് ശരത്ചന്ദ്രൻ ചോദിക്കുന്നു. ഇന്ത്യയുടെ മെട്രോമാൻ ഇ.ശ്രീധരന്റെ പഴ്സനൽ സെക്രട്ടിയായി വിരമിച്ച വിമലയാണ് ഭാര്യ. ആദിത്യ പണിക്കരാണ് മകൻ.

കേരളത്തിൽ തിരിച്ചെത്തിയ ശേഷം പത്തോളം എക്സിബിഷനുകൾ നടത്തി. കാഴ്ചകളെ പ്രതിബിംബമെന്നപോൽ പകർത്തുന്ന ഫൊട്ടൊഗ്രഫർമാർ ലജ്ജിക്കും, ജലച്ചായത്തിന്റെ സെല്ലുലോയ്ഡിൽ ശരത്ചന്ദ്രൻ വരയ്ക്കുന്ന ജീവനുള്ള ചിത്രങ്ങളുടെ സൂക്ഷ്മത കണ്ടാൽ. ആ സൂക്ഷ്മതയുടെ തലം ശരത്ചന്ദ്രൻ പോലും അറിയാതെ പകർന്നുവീണതാകുമോ ഗാന്ധി പോസ്റ്ററുകളെ ചൈതന്യവത്താക്കിയത്!

Your Rating: