Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യത്തിലേക്ക് അർധരാത്രിയിൽ

വലിയപറമ്പിൽ വർ‌ഗീസ് അലക്സാണ്ടർ ലാഹോറിൽ നിന്നു കൊണ്ടു വന്ന ക്ലോക്കുമായി. ചിത്രം: നിഖിൽരാജ് വലിയപറമ്പിൽ വർ‌ഗീസ് അലക്സാണ്ടർ ലാഹോറിൽ നിന്നു കൊണ്ടു വന്ന ക്ലോക്കുമായി. ചിത്രം: നിഖിൽരാജ്

ഇന്ത്യ– പാക്ക് വിഭജനത്തെത്തുടർന്ന് 1947 ഓഗസ്റ്റ് 14നു ലഹോറിൽനിന്നു ട്രെയിൻ കയറിയ കോഴഞ്ചേരി മാരാമൺ ചെട്ടിമുക്ക് വലിയപറമ്പിൽ വർഗീസ് അലക്സാണ്ടർ സ്വാതന്ത്ര്യത്തിലേക്കു വന്നിറങ്ങിയ കഥ.

ആ അർധരാത്രി അവർ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ‍ അവിടെ ഇന്ത്യൻ പതാക പാറിക്കളിക്കുന്നു. അങ്ങിങ്ങ് വിളക്കലങ്കാരങ്ങൾ തെളിയുന്നു. അതെ, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നു. മണിക്കൂറുകൾക്കു മുൻപ് അവർ ലഹോറിൽനിന്നു പുറപ്പെടുമ്പോൾ ഇല്ലാത്ത സ്വാതന്ത്ര്യം. അക്ഷരാർഥത്തിൽ അവർ സ്വാതന്ത്ര്യത്തിലേക്കു വന്നിറങ്ങി.

ഇന്ത്യ– പാക്ക് വിഭജനത്തെത്തുടർന്ന് 1947 ഓഗസ്റ്റ് 14നു ലഹോറിൽനിന്നു ഡൽഹിയിലേക്കു ട്രെയിൻ കയറി വന്ന കോഴഞ്ചേരി മാരാമൺ ചെട്ടിമുക്ക് വലിയപറമ്പിൽ വർഗീസ് അലക്സാണ്ടറിന് അന്ന് അറിയില്ലായിരുന്നു ആ യാത്ര ചരിത്രത്തിലേക്കാണെന്ന്. അന്ന് അദ്ദേഹത്തിനു 11 വയസ്സ് തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ അമ്മ ശോശാമ്മയും ജ്യേഷ്ഠൻ‌ ഫിലിപ്പും പിന്നെ ഒരു ബന്ധുവും ഉണ്ടായിരുന്നു യാത്രയിൽ. പിന്നെ, ഇന്ത്യയിൽ എത്തിപ്പെടാനുള്ള വേറെ കുറെ അപരിചിതരും. ആ യാത്ര അങ്ങനെയൊന്നും മറക്കാനാവില്ലെങ്കിലും അന്നു കൂടെ കൊണ്ടുവന്ന ഒരു ക്ലോക്കും തയ്യൽമെഷീനും ഇന്നും സൂക്ഷിക്കുന്നുണ്ട് അലക്സാണ്ടർ. അന്നു യാത്രയിൽ കൂടെ കരുതാൻ കഴിയാതിരുന്ന കുറെ ഉടുപ്പുകളും അദ്ദേഹത്തിനു മറക്കാനാവാത്ത ഓർമ സമ്മാനിച്ചിട്ടുണ്ട്; കോച്ചിവിറയ്ക്കുന്ന കുറെ ഓർമകൾ.

ആസൂത്രണ ബോർഡ് ഉപദേശകൻ ആയി വിരമിച്ച അദ്ദേഹം ഇപ്പോൾ എൺപതിനോടടുത്തിരിക്കുന്നു. ഓർമകൾ അടുക്കിപ്പെറുക്കി കുറെ കഥകൾ പറയാനുണ്ട് അദ്ദേഹത്തിന്, ലഹോറിനെക്കുറിച്ച്; ഇന്ത്യയെക്കുറിച്ചും.

വർഗീസ് അലക്സാണ്ടറിന്റെ അച്ഛൻ വി.സി.വർഗീസ് ഫിസിക്സിൽ ബിരുദാനന്തര ബിരുദധാരിയാണ്. കൊൽക്കത്തയിൽ സി.വി. രാമനോടൊപ്പവും മറ്റും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, പിന്നീടു ജോലി ആവശ്യാർഥം ഹസാരിബാഗിലെത്തി (ഇന്നത്തെ ജാർഘണ്ഡിൽ). അവിടെവച്ചാണ് 1936ൽ അലക്സാണ്ടറിന്റെ ജനനം. 1943ൽ ഈ കുടുംബം ലഹോറിലേക്കുപോയി. ഫോർമെൻ ക്രിസ്റ്റ്യൻ കോളജിൽ പ്രഫസറായി വർ‌ഗീസിനു ജോലി ലഭിച്ചതിനെത്തുടർന്നാണിത്. തുടർന്ന് 1946ൽ വർഗീസ് ‍ഡൽഹിയിലേക്കു മാറി. പക്ഷേ, കുടുംബം ലഹോറിൽത്തന്നെയായിരുന്നു. 1947 ജൂലൈയിൽ ലഹോറിൽ കുടുംബത്തെ കൂട്ടാൻ‌ വർഗീസ് എത്തുമ്പോൾ അലക്സാണ്ടർ എന്ന ബാലൻ നീന്തൽപരിശീലനത്തിനു പോയിരിക്കുകയായിരുന്നു. അതുകൊണ്ട് മറ്റു മക്കളെ അച്ഛന്റെകൂടെ വിട്ട ശോശാമ്മ, അലക്സാണ്ടറുമായി താൻ പിന്നീടു വന്നോളാമെന്നു പറഞ്ഞു. അങ്ങനെയാണു ശോശാമ്മയുടെ മൂത്തമകൻ ഫിലിപ് അമ്മയെയും അനുജനെയും കൂട്ടാൻ വീണ്ടും ലഹോറിലെത്തുന്നതും ഓഗസ്റ്റ് 14ന് ഇവർ ഡൽഹിക്കു തിരിക്കുന്നതും.

അന്ന്, സ്വാതന്ത്ര്യത്തിനു മുൻപ് ഒരു സ്ത്രീക്ക് ഇത്രയും ദൂരം ഒറ്റയ്ക്ക് വരാം എന്നു പറയാനുള്ള ധൈര്യമുണ്ടായിരുന്നു. ഇന്നു സ്വാതന്ത്ര്യം കിട്ടിയശേഷം എത്ര സ്ത്രീകൾ അങ്ങനൊരു യാത്രയ്ക്ക് ധൈര്യപ്പെടും എന്ന അലക്സാണ്ടറിന്റെ ചോദ്യം കൂടി കഥയോടു ചേർത്തു വായിക്കുക.

പത്തുവയസ്സുകാരൻ പയ്യന് അന്നു ട്രെയിൻ പുറപ്പെടാൻ വൈകിയതിലുള്ള നീരസം മാത്രമേ ഉണ്ടായുള്ളൂ. പ്രത്യേകിച്ച് മറ്റെന്തെങ്കിലും പ്രാധാന്യമുള്ള യാത്രയാണിതെന്ന് അവനു തോന്നിയതേയില്ല. ട്രെയിൻ വൈകിയത് അമൃത്‍സറിലെ കലാപത്തെത്തുടർന്നാണെന്നും അന്നു ട്രെയിൻ ഫിറോസ്പുർ വഴി തിരിച്ചുവിടുകയായിരുന്നുവെന്നും അലക്സാണ്ടർ അറിയുന്നതു കാലങ്ങൾ കഴിഞ്ഞാണ്.

‘‘ഡൽഹിയിൽ ഇറങ്ങി വിളക്കലങ്കാരങ്ങളും കൊടികളും കണ്ടപ്പോഴാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതാണെന്ന് ആരോ പറഞ്ഞത്. ആഘോഷം എന്നു പറഞ്ഞാൽ, ഇന്നു കാണുന്ന ആഘോഷമൊന്നും ഉണ്ടായിരുന്നില്ല.’’ അലക്സാണ്ടർ പറയുന്നു. പിറ്റേന്ന് ഇന്ത്യൻ പതാക ഉയർത്താൻ നെഹ്റു അടക്കമുള്ള നേതാക്കൾ പോകുന്നതു കാണാൻ അച്ഛൻ, തന്നെയും സഹോദരങ്ങളെയും കൂട്ടി വിജയ് ചൗക്കിൽ പോയി നിന്നതും അലക്സാണ്ടറിനു കൃത്യമായ ഓർമയുണ്ട്. അച്ഛൻ സ്കൂളിൽ പോവാഞ്ഞതിനാൽ അന്ന് അവധിയായിരുന്നിരിക്കാം എന്നേ അദ്ദേഹത്തിനു പറയാനാവുന്നുള്ളൂ. നെഹ്റു, പട്ടേൽ, ബൽദേവ് സിങ്, മൗലാന അബുൽ കലാം ആസാദ് എന്നിവരടക്കമുള്ള നേതാക്കൾ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെപോലും അകമ്പടിയില്ലാതെയാണ് അന്നു ബിർല ഹൗസിൽനിന്നു ചെങ്കോട്ടയിലേക്കു വന്നതെന്നും അലക്സാണ്ടർ പറയുന്നു. ‘‘1968 വരെ പ്രധാനമന്ത്രി അടക്കമുള്ളവർ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെ യാത്ര ചെയ്യുന്നതു താൻ കണ്ടിട്ടുണ്ട്. ഇന്നു മുന്നോട്ടു പോകുന്തോറും സുരക്ഷാജീവനക്കാരുടെ എണ്ണമാണു വർധിക്കുന്നത്.’’ അലക്സാണ്ടറിന്റെ ഭാര്യ സാറാമ്മ ഭർത്താവിന്റെ കഥയ്ക്കൊപ്പം ചേരുന്നു. ലേഡി ഇർവിൻ സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായിരുന്നു സാറാമ്മ.

ലഹോറിൽനിന്നു തുണിയും പുതപ്പും മറ്റും നിറച്ചുവച്ച പെട്ടികൾ പിന്നീടു ഡൽഹിക്ക് എത്തിക്കാമെന്നാണു തങ്ങൾ അവിടെനിന്നു കയറുമ്പോൾ അവിടെയുള്ളവർ പറഞ്ഞതെങ്കിലും പിന്നീട് ഇന്ത്യയിലും പാക്കിസ്ഥാനിലും പലയിടങ്ങളിലായി കലാപങ്ങൾ ആരംഭിച്ചതോടെ അതിനുള്ള സാധ്യതകൾ മങ്ങി. അങ്ങനെ ഡൽ‍ഹിയിലെത്തിയശേഷമുള്ള ആദ്യശൈത്യകാലം തണുത്തുവിറച്ചാണു തങ്ങളുടെ കുടുംബം കഴിച്ചുകൂട്ടിയത് എന്നു പറയുന്നു അലക്സാണ്ടർ. ആ കലാപം സമ്മാനിച്ച വിറയൽ ഇന്നും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. 1984ൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തെക്കുറിച്ചുമുണ്ട്, തണുത്തതല്ലാത്ത വിറയ്ക്കുന്ന ഓർമകൾ അലക്സാണ്ടറിനും ശോശാമ്മയ്ക്കും.

ഡൽഹി സർവകലാശാല‌യിൽനിന്നു ബിരുദവും ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്നു ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അലക്സാണ്ടർ സിവിൽ സർവീസ് പരീക്ഷ എഴുതി ഐആർടിഎസ് (ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ്) നേടി. കൊൽക്കത്ത പട്ന, ചെന്നൈ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം വിവിധ കാലങ്ങളിലായി ജോലിനോക്കിയ അദ്ദേഹം ആസൂത്രണ കമ്മിഷനിൽ 11 വർഷം ഉണ്ടായിരുന്നു. ആദ്യം ജോയിന്റ് അഡ്വൈസർ ആയും പിന്നീട് ഉപദേശകനായും. അവിടെ പ്രണബ് കുമാർ മുഖർജിയോടൊപ്പവും മൻമോഹൻ സിങ്ങിനോടൊപ്പവും പ്രവർത്തിക്കാൻ കഴിഞ്ഞതും നല്ല ഓർ‌മകളുടെ കൂട്ടത്തിലുണ്ട്. സിവിൽ സർവീസിൽ ഒപ്പമുണ്ടായിരുന്ന ഹാമിദ് അൻസാരിയുമായി ഇപ്പോഴും അദ്ദേഹം ആശയ വിനിമയം നടത്തിവരുന്നു.

ജോലിയുടെ പ്രത്യേകതകൊണ്ട് ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധിയായി വിവിധ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. എന്നാൽ, പാക്കിസ്ഥാനിൽ ഒരിക്കൽപോലും അദ്ദേഹത്തിനു പോകേണ്ടിവന്നില്ല. തന്നെ ഉറുദു പഠിപ്പിച്ച ലഹോറിൽ ഒരിക്കൽക്കൂടി പോകണമെന്നു വലിയ ആഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും ഒരിക്കൽപോലും അതിന് അവസരം വന്നില്ല. ഇന്നിപ്പോൾ, യാത്രയ്ക്ക് ശരീരം അനുവദിക്കാതെയുമായി എന്നു പറയുന്നു അദ്ദേഹം. സ്കൂളിൽനിന്നു ചരിത്രം പഠിച്ചപ്പോൾ അന്നത്തെ ലഹോർ– ഡൽഹി യാത്രയുടെ ചരിത്ര പ്രാധാന്യംകൂടിയാണ് അലക്സാണ്ടർ പഠിച്ചത്. അന്നു കൂടെ കൊണ്ടുവന്ന ആ ക്ലോക്കും തയ്യൽമെഷീനും വിരമിച്ചശേഷം ഡൽഹിയിൽനിന്നു മാരാമൺ ചെട്ടിമുക്കിലേക്കുള്ള യാത്രയിലും അദ്ദേഹം കൂടെ കരുതി. ലഹോറിൽനിന്നു സമയംതെറ്റിയോടിയ ട്രെയിനിൽ കയറിവന്ന ആ ക്ലോക്ക് പക്ഷേ, പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സമയം തെറ്റിച്ചിട്ടില്ല. സമയം മുന്നോട്ടോടുകയാണ്; പക്ഷേ, സമയമെത്ര പോയാലും അലക്സാണ്ടറിന്റെ ലഹോർ ഓർമകൾ പുറകോട്ടില്ല. 

related stories
Your Rating: