Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാമുകി

Author Details
Nitish-Kumar

അർധസൈനിക വിഭാഗമായ ഗ്രഫിലെ ആലപ്പുഴ ജില്ലക്കാരായ ജീവനക്കാർക്കും പെൻഷൻ പറ്റിയവർക്കും പറയാൻ ഒരു ‘കാമുകി’പ്പെരുമയുണ്ട്...

കാമുകിമാർ പലർക്കും പലതും നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാമുകി ജോലി നൽകിയ കഥ പറയാൻ കഴിയുന്ന 14,500 പേർ ആലപ്പുഴയിലുണ്ട്. അർധസൈനിക വിഭാഗമായ ഗ്രഫിലെ (ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സ്) ജില്ലയിൽ നിന്നുള്ള ജീവനക്കാർക്കും പെൻഷൻ പറ്റിയവർക്കുമാണ് ഈ കാമുകി പെരുമ പറയാൻ കഴിയുന്നത്.

ഗ്രഫിലെ മലയാളികളിൽ ഭൂരിപക്ഷവും ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മുതുകുളം, കീരിക്കാട് മേഖലകളിൽ ഉള്ളവരാണ്. 10,000 പെൻഷൻകാർ മാത്രം ഈ മേഖലയിൽ ഉണ്ട്, സർവീസിൽ 4500 പേരും. കാർത്തികപ്പള്ളി, മുതുകുളം, കീരിക്കാട് എന്നീ വാക്കുകളുടെ ചുരുക്കമായ ‘കാമുകി’ ഉണ്ടാവുന്നത് ഇങ്ങനെയാണ്. മലയാളി ആണെന്നറിഞ്ഞാൽ ഗ്രഫിലെ ആദ്യ ചോദ്യം കാമുകി ആണോയെന്നാണ്. മേഖലയിലെ എല്ലാ വീടുകളിലും ഗ്രഫുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടാവും. ഗ്രഫ് പെൻഷനേഴ്സ് അസോസിയേഷന്റെ ദേശീയ ഓഫിസും മുതുകുളത്താണ്. ഒരു സേനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത അപൂർവതയാണ് ഈ കാമുകി പ്രതിഭാസം.

രാജ്യം പടുത്തുയർത്തി

രണ്ടാം ലോകമഹായുദ്ധകാലത്ത് ഷില്ലോങ് ആസ്ഥാനമായാണ് ഗ്രഫിന്റെ തുടക്കം. യുദ്ധത്തിനു ശേഷം 1944ൽ അവസാനിപ്പിച്ചുവെങ്കിലും 1966 മേയ് ആറിന് ഗ്രഫിനെ വീണ്ടും പുനരുജ്ജീവിപ്പിച്ചു. സൈനിക പ്രാധാന്യമുള്ള റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമിക്കുകയായിരുന്നു ദൗത്യം. എല്ലാ യുദ്ധങ്ങളിലും തന്ത്രപരമായ പങ്കുവഹിച്ചിട്ടുള്ള ഗ്രഫ് ജീവനക്കാർ ഇതുവരെ 46,000 കിലോമീറ്റർ റോഡും 40,000 മീറ്റർ പാലങ്ങളും 19 എയർഫീൽഡുകളും ഒട്ടേറെ കെട്ടിടങ്ങളും നിർമിച്ചിട്ടുണ്ട്. 1950ലെ ആർമി ആക്ടിനു കീഴിലാണ് പുണെ ആസ്ഥാനമായി ഗ്രഫ് രൂപീകരിച്ചിരിക്കുന്നത്. കരസേനയിലെ റാങ്കുകൾക്കു തുല്യമാണ് ഗ്രഫിലെ ജീവനക്കാരുടെ തസ്തികകളും. സേനാവിഭാഗങ്ങൾക്ക് തുല്യമായി കാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്.

കാമുകി പെരുമ

1967 മുതലാണ് കായംകുളം, മുതുകുളം, കീരിക്കാട് മേഖലകളിൽ നിന്നു ഗ്രഫിലേക്കുള്ള ഒഴുക്ക് തുടങ്ങിയത്. കായംകുളം കായൽ നികത്തി നെൽക്കൃഷി തുടങ്ങിയതോടെയായിരുന്നു ഇത്. ജോലി നഷ്ടപ്പെട്ട കയർ-മത്സ്യബന്ധന - കക്കാവാരൽ തൊഴിൽ ചെയ്തിരുന്ന ആയിരക്കണക്കിനു ചെറുപ്പക്കാർ പുതിയ തൊഴിലിടങ്ങളിലേക്ക് സഞ്ചരിച്ചുതുടങ്ങിയ കാലം.

ഈ സമയത്താണ് ഗ്രഫിൽ ഉയർന്ന പദവി വഹിച്ചിരുന്ന മുതുകുളത്തുകാരനായ കെ.ആർ.കെ. നായർ എന്ന നായർ സാബ് നാട്ടിലെത്തുന്നത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ അവസ്‌ഥ കണ്ട നായർ മുതുകുളം, ഹരിപ്പാട് പ്രദേശങ്ങളിൽ നിന്നായി ആറു ചെറുപ്പക്കാരെ പഠാൻകോട്ടുള്ള ഗ്രഫിൽ ജോലിക്കായി കൊണ്ടുപോയി.

ഗ്രഫിലെ ജോലിക്കു വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലാത്ത അക്കാലത്ത് ആരോഗ്യമുള്ളവർക്കെല്ലാം ജോലി നൽകിയിരുന്നു. 90 രൂപയായിരുന്നു വേതനം. ഇങ്ങനെ പോയവർ ബന്ധുക്കളെയും അയൽക്കാരെയും പരിചയക്കാരെയുമെല്ലാം കൊണ്ടുപോയി. പിന്നീട് അതൊരു ഒഴുക്കായി മാറി. ഗ്രഫിൽ 8000 മലയാളികളാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

കേരളത്തിലുള്ള പെൻഷൻകാർ 25,000 വരും. ഇതിൽ ആലപ്പുഴ ജില്ലക്കാരുടെ എണ്ണം 12,000 വരും. ഇതിൽ ഭൂരിപക്ഷം പേരും കാമുകി മേഖലയിൽ നിന്നുള്ളവരാണ്. ഗ്രഫിലെ കാമുകി പെരുമയുടെ ഏറ്റവും വലിയ കരുത്തും ഇതുതന്നെയാണ്. എക്‌സ് ഗ്രഫ് വെൽഫെയർ അസോസിയേഷന്റെ ദേശീയ, സംസ്‌ഥാന കമ്മിറ്റി ഓഫിസ് മന്ദിരം നിലകൊള്ളുന്ന കണ്ടല്ലൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ മാത്രം ഗ്രഫിൽനിന്നു പിരിഞ്ഞ മുന്നൂറിലധികം പേരുണ്ട്.

കഠിനം, ദുരിതം

അർധസൈനിക വിഭാഗങ്ങളിൽ ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നത് ഗ്രഫിലെ ജീവനക്കാർക്കാണ്. സൈനികർക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യങ്ങളിൽ എത്തി അവർക്കായി റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത് ഇവരാണ്. പലപ്പോഴും താമസസൗകര്യവും കുടിവെള്ളവും ഭക്ഷണവും പോലുമില്ലാത്ത സാഹചര്യങ്ങളിൽ ദിവസങ്ങളോളം ജോലി ചെയ്യേണ്ടിവരും. അപകടങ്ങളും രോഗങ്ങളും കാരണം മരണങ്ങൾ പതിവാണ്. ഓരോ കിലോമീറ്റർ നിർമാണത്തിനും ഒരു മരണം എന്നതാണ് ഗ്രഫിലെ കണക്ക്. ലിബിയ, ഇറാൻ, അഫ്ഗാൻ തുടങ്ങിയ രാജ്യങ്ങളിലും ഗ്രഫ് ജീവനക്കാർ ജോലി ചെയ്തിട്ടുണ്ട്.

വേദനയായി രക്തസാക്ഷികൾ

ഗ്രഫിലെ സേവനത്തിനിടയിൽ മരണമടഞ്ഞവരുടെ എണ്ണം ആയിരത്തിലധികം വരും. അതിൽ കേരളം എന്നും വേദനയോടെ ഓർക്കുന്ന പേര് ഹരിപ്പാട് ചിങ്ങോലി സ്വദേശി മണിയപ്പന്റേതാണ്. 2005 നവംബറിൽ അഫ്ഗാനിൽ റോഡ് നിർമാണത്തിനായി പോയ ഗ്രഫ് സംഘത്തോടൊപ്പമായിരുന്നു ഡ്രൈവറായിരുന്ന മണിയപ്പൻ. നവംബർ 19ന് മൂന്ന് അഫ്ഗാനികളുമായി യാത്ര ചെയ്യുമ്പോഴായിരുന്നു മണിയപ്പനെ താലിബാൻ ബന്ദിയാക്കിയത്. ഇന്ത്യൻ സംഘം 48 മണിക്കൂറിനകം രാജ്യം വിടണമെന്നായിരുന്നു അവരുടെ ആവശ്യം. ഒടുവിൽ നവംബർ 22ന് റോഡരികിൽ നിന്നു മണിയപ്പന്റെ മൃതദേഹം ലഭിച്ചു.

അവഗണന ബാക്കി

ഇന്ത്യൻ സേനാവിഭാഗങ്ങളുടെ അവിഭാജ്യഘടകമായി നിന്ന് എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും ഗ്രഫ് ജീവനക്കാർക്ക് പറയാൻ അവഗണനയുടെ കഥകൾ ധാരാളമുണ്ട്. വേതനവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച പരാതികളാണ് ഏറ്റവും കൂടുതൽ. പ്രതികൂല സാഹചര്യങ്ങളിൽ സൈനികരോടു ചേർന്നുനിന്നു ജോലി ചെയ്യണമെങ്കിലും വേതനം വരുമ്പോൾ ഗ്രഫ് ജീവനക്കാർക്കു ലഭിക്കുന്നത് കേന്ദ്രസർക്കാർ ജീവനക്കാരുടേതിനു തുല്യമായ ശമ്പളസ്കെയിലാണ്. പെൻഷനിലും ആരോഗ്യ പരിരക്ഷയിലുമെല്ലാം ഈ വേർതിരിവുണ്ട്.

ഗ്രഫ് രൂപീകരിച്ച കാലം മുതൽതന്നെ ഇതു സംബന്ധിച്ച പരാതികളും ഉയർന്നിരുന്നു. ഒരു ഘട്ടത്തിൽ ഈ പ്രതിഷേധം ഒരു സമരത്തിന്റെ രൂപത്തിലേക്ക് എത്തിയപ്പോൾ അതിനു നേതൃത്വം നൽകിയതും ഒരു കാമുകി നിവാസിയാണ്. ചിങ്ങോലി സ്വദേശി വിശ്വൻ. 1985ൽ കേസ് സുപ്രീം കോടതിയിലെത്തിയപ്പോൾ ഗ്രഫിനെ സൈന്യത്തിന്റെ ഭാഗമായി അംഗീകരിച്ച് ഉത്തരവുണ്ടായി. വർഷം 30 കഴിഞ്ഞെങ്കിലും ഇന്നും ഈ ഉത്തരവ് പൂർണരൂപത്തിൽ നടപ്പാക്കിയിട്ടില്ല.

പ്രതിരോധ മന്ത്രി മുതൽ എല്ലാ ഉന്നതരുടെയും ഓഫിസുകളിൽ വർഷങ്ങളായി ഗ്രഫ് പെൻഷൻ സംഘടനകളുടെ ഭാരവാഹികൾ കയറിയിറങ്ങുന്നുണ്ടെങ്കിലും അവഗണന മാത്രമാണ് ഫലം. നിലവിലെ കേന്ദ്രമന്ത്രിസഭയെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയാണുള്ളത്. അല്ലെങ്കിൽ കാമുകിയുടെ പോരാട്ടവീര്യം ഒരിക്കൽക്കൂടി രാജ്യമാകെ എത്തിക്കാനുള്ള തീരുമാനത്തിലാണ് ഈ ‘കാമുകന്മാർ.’