Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്മയുടെ നാട്ടുകോടതി

kavanur-nattukodathi-24 മലപ്പുറം കാവനൂരിലെ ഗ്രാമക്കോടതി. ചിത്രം: സമീർ എ. ഹമീദ്

കാവനൂരുകാർ നീതി തേടി കോടതിപ്പടി കയറിയിട്ട് ഏഴു വർഷമെങ്കിലുമായി. കോടതിയിലും നിയമത്തിലും വിശ്വാസമില്ലാത്തതുകൊണ്ടല്ല. പ്രശ്‌നങ്ങൾ കേൾക്കാൻ നാട്ടുകോടതി അവർക്കരികിൽതന്നെയുണ്ട്. അതിർത്തിത്തർക്കം മുതൽ കുടുംബ വഴക്കുവരെ ഈ നാട്ടുകോടതിയിൽ ഒത്തുതീരുന്നു; ഒട്ടും കാലതാമസമില്ലാതെ. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കൊച്ചു ഗ്രാമമാണു കാവനൂർ. വില്ലേജ് വികസന സമിതിയാണ് അവിടെ ഏഴു വർഷം മുൻപു ഗ്രാമീണ കോടതി എന്ന സങ്കൽപം യാഥാർഥ്യമാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെ എല്ലാ സഹായവും ഇതിനുണ്ട്. ഇവിടത്തെ തീരുമാനങ്ങൾക്കു നിയമപരിരക്ഷയില്ല എന്നതൊഴിച്ചാൽ ഇതൊരു കോടതി തന്നെ. ഇവിടെ തർക്കങ്ങളെല്ലാം ഉരുകിയുരുകി ഇല്ലാതായിത്തീരുന്നു. നന്മയുടെ തിരിനാളം തെളിഞ്ഞുവരുന്നു. അതു ഗ്രാമമാകെ പരക്കുന്നു.

നീതിയെത്തുന്നു...

കണ്ണുകെട്ടിയിരിക്കുന്ന നീതിദേവതയില്ല. വാദിയെയും പ്രതിയെയും ന്യായാധിപനെയും വേർതിരിക്കുന്ന കള്ളികളില്ല. ആവലാതിക്കാരനും എതിർകക്ഷിയും ന്യായം നിശ്‌ചയിക്കുന്നവരുമെല്ലാം ഒരേ സമതലത്തിൽ മുഖാമുഖം ഇരിക്കുന്ന തരത്തിലാണു നാട്ടുകോടതിമുറിയിലെ ഇരിപ്പിട സംവിധാനം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹാളിലാണ് കോടതിമുറി ഒരുക്കിയിരിക്കുന്നത്. എല്ലാവർക്കും പറയാൻ അവസരമുണ്ട്. തർക്കങ്ങളുണ്ടാകും. നീക്കുപോക്കുകളും. വിട്ടുവീഴ്‌ചകൾ വേണ്ടിവരും. പ്രശ്‌നങ്ങൾ തീരാനും തീർക്കാനും വേണ്ടിയാണു വന്നതെന്ന ബോധ്യം ഓരോ മനസ്സിലും ഉള്ളതിനാൽ പൊതുസ്വീകാര്യതയുള്ള തീരുമാനം ഉണ്ടാകുന്നു.

വില്ലേജ് ഓഫിസർ എം.മുകുന്ദൻ, പഞ്ചായത്ത് പ്രസിഡന്റ് കെ. വിദ്യാവതി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.റംലാബി എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ, എംഎൽഎയുടെയും എംപിയുടെയും പ്രതിനിധികൾ, പൊതുപ്രവർത്തകർ, തദ്ദേശ സ്‌ഥാപന പ്രതിനിധികൾ, വ്യാപാരികളുടെ പ്രതിനിധികൾ എന്നിവരടങ്ങിയ നീതിപീഠമാണു പരാതികൾ കേൾക്കുന്നത്. മാസത്തിലെ മൂന്നാം ശനിയാണു കോടതി ചേരുന്നത്. കോടതി നടത്തിപ്പിന്റെ രീതികൾ പരിചയപ്പെടാൻ ഓഗസ്‌റ്റിൽ പരിഗണിച്ച കേസുകളിലേക്കു കടക്കാം.

വാശി ഉപേക്ഷിക്കാൻ ഒരിടം

തച്ചങ്ങോടൻ മുഹമ്മദ് കെ.ടി.അബ്‌ദുറഹിമാനിൽനിന്ന് 1995ൽ ഒന്നര സെന്റ് സ്‌ഥലം 15,000 രൂപ നൽകി വാങ്ങിയിരുന്നു. മുഹമ്മദിന്റെ വീട്ടിലേക്കുള്ള വഴിക്കു വേണ്ടിയായിരുന്നു അത്. ഒരു വർഷത്തിനകം സ്‌ഥലം റജിസ്‌റ്റർ ചെയ്യാമെന്നായിരുന്നു എഴുതി തയാറാക്കിയ കരാർ. വാങ്ങിയ സ്‌ഥലം വഴിയായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രമാണം റജിസ്‌റ്റർ ചെയ്‌തുനൽകിയില്ലെന്ന ആവലാതിയുമായാണു മുഹമ്മദ് ഗ്രാമക്കോടതിയിലെത്തിയത്. ഇരു കൂട്ടരെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദം പൊടിപൊടിച്ചു. ഒരു കാര്യത്തിൽ എല്ലാവർക്കും യോജിപ്പായിരുന്നു. ഒരു വർഷത്തിനകം പ്രമാണം റജിസ്‌റ്റർ ചെയ്യാമെന്ന വാഗ്‌ദാനം 21 വർഷമായിട്ടും പാലിക്കപ്പെട്ടില്ല.

അസൗകര്യം കാരണം അബ്‌ദുറഹിമാൻ ഹാജരായിരുന്നില്ല. പ്രതിനിധിയായി മറ്റൊരാളെ അയയ്‌ക്കുകയായിരുന്നു. മുഹമ്മദ് വഴിക്കായി വാങ്ങിയ സ്‌ഥലം മറ്റു കുടുംബങ്ങളും ഇപ്പോൾ വഴിയായി ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ അതു മുഹമ്മദിനു റജിസ്‌റ്റർ ചെയ്‌തു കൊടുത്താൽ മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാകുമെന്നു കരുതിയാണു റജിസ്‌ട്രേഷൻ നീണ്ടു പോയതെന്നുമായിരുന്നു അബ്‌ദുറഹിമാനു വേണ്ടിയുള്ള വാദം. രണ്ടു വശവും കേട്ട ശേഷം വിശദമായ വാദം നടന്നു. ചിലപ്പോഴൊക്കെ ഒച്ചപ്പാടായി. തർക്കങ്ങൾക്കും വാദങ്ങൾക്കുമൊടുവിൽ യോജിപ്പിന്റെ മേഖല സാവധാനം തെളിഞ്ഞുവന്നു.

വഴിക്കായി വാങ്ങിയ സ്‌ഥലം പറഞ്ഞ സമയത്ത് റജിസ്‌റ്റർ ചെയ്‌തുകൊടുക്കാതിരുന്നതു വലിയ തെറ്റാണ്. അതിനു പരിഹാരമായി അബ്‌ദുറഹിമാൻ 30,000 രൂപ എതിർ കക്ഷി മുഹമ്മദിനു നൽകണം. വഴി പഞ്ചായത്ത് ഏറ്റെടുത്തു പൊതുവഴിയായി സംരക്ഷിക്കും. അവിടെ കൂടിയവർക്കെല്ലാം സമ്മതം. അബ്‌ദുറഹിമാനെ ഫോണിൽ വിളിച്ചപ്പോൾ പകുതി സമ്മതം. കൊടുക്കേണ്ട പണം കൂടിപ്പോയോ എന്ന ആശങ്ക. നിർബന്ധം മുറുകിയപ്പോൾ വർഷങ്ങൾ നീണ്ട പ്രശ്‌നത്തിൽ മണിക്കൂറുകൾക്കകം തീരുമാനമായി. 

യോജിപ്പിന്റെ കണ്ണികൾ

പരാതിക്കാരൻ കുറുക്കൻകുന്നുമ്മൽ കീരൻ. എതിർ കക്ഷി അബ്‌ദുൽ ഹമീദ്. കീരന്റെ പരാതി ഇങ്ങനെ: തൊട്ടടുത്ത പറമ്പിൽ ഹമീദ് വീട് നിർമിക്കുന്നുണ്ട്. അതിനു ചുറ്റുമതിൽ കെട്ടാൻ തന്റെ പറമ്പിനോടു ചേർന്നു കുഴിയെടുത്തു. ഇതു തന്റെ പുരയിടത്തിന്റെ മതിലിനു ഭീഷണിയായി. മതിലിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും എതിർ കക്ഷികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല.

എതിർ കക്ഷി സ്‌ഥലത്തില്ലാത്തതിനാൽ പകരം ഹാജരായത് അദ്ദേഹം ചുമതലപ്പെടുത്തിയ അബ്‌ദുബർ ആയിരുന്നു. കീരന്റെ മതിൽ ബലപ്പെടുത്തി കൊടുക്കണമെങ്കിൽ മതിലിനു മുകളിലുള്ള മുളങ്കൂട്ടം വെട്ടിമാറ്റണം. അതിനു കീരൻ സമ്മതിക്കാത്തതുകൊണ്ടാണു മതിൽ പുതുക്കിപ്പണിതുകൊടുക്കാൻ കഴിയാത്തതെന്നായിരുന്നു വിശദീകരണം. മതിൽ പണിയാനായി എം സാൻഡും കല്ലും ഇറക്കിയിട്ടുണ്ടെന്നും പണിക്കാരെ കിട്ടാനില്ലെന്നും അറിയിച്ചു.

ഈ പരാതി ഗ്രാമീണ കോടതിക്കു മുന്നിൽ വന്നപ്പോൾ തന്നെ ഗ്രാമീണ വികസന സമിതി അംഗം കെ.പി.റംലാബി സ്‌ഥലം സന്ദർശിച്ചിരുന്നു. അവരുടെ വിലയിരുത്തൽ കോടതിക്കു മുന്നിലെത്തി. മതിൽ കെട്ടാൻ മണ്ണുമാന്തിയതും അതു കീരന്റെ പുരയിടത്തിന്റെ മതിലിനു ബലക്ഷയം ഉണ്ടാക്കിയതും മുളങ്കാട് വെട്ടിയാലേ പുതിയ മതിൽ പണിയാൻ കഴിയൂ എന്നതും അവർ ശരിവച്ചു. സ്‌ഥലം സന്ദർശിച്ചപ്പോൾ തനിക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടതായി റംലാബി കോടതിയെ അറിയിച്ചു. ഇതോടെ കാര്യങ്ങൾ തീർപ്പായി. കീരന്റെ മതിൽ എതിർ കക്ഷികൾ കെട്ടിക്കൊടുക്കും. പകരം മുളങ്കൂട്ടം വെട്ടിമാറ്റിക്കൊടുക്കണം. പണിക്കാരെ കൊടുക്കാൻ ഗ്രാമ വികസന സമിതിയിലെ ഒരംഗം തയാറായി. പണം എതിർ കക്ഷികൾ കൊടുക്കും. 

ജയമില്ല, തോൽവിയും

പള്ളിപ്പാടൻ ബീരാനുണ്ണി (88) വാർധക്യവും രോഗവും കൊണ്ട് അവശനാണ്. ഭാര്യ ബിരിയുമ്മ മരിച്ചുപോയി. അവർക്ക് അവകാശപ്പെട്ട സ്‌ഥലമുണ്ട്. ബീരാനുണ്ണിക്കും ഭാര്യക്കും മക്കളില്ലാത്തതിനാൽ ഭാര്യയുടെ സ്വത്തിൽ സഹോദരന്മാർക്കും അവകാശമുണ്ട്. മൊത്തം നാല് ഓഹരി വച്ചു വീതിച്ചുനൽകിയാൽ പ്രശ്‌നം തീരും. പക്ഷേ, സ്‌ഥലത്തിന്റെ ഒരു വശത്തു മാത്രമേ റോഡ് സൗകര്യമുള്ളൂ. റോഡിനോടു ചേർന്ന ഭാഗം ആർക്ക് എന്നതിനെച്ചൊല്ലിയാണു തർക്കം. സ്‌ഥലം നാലായി തിരിച്ചിട്ടെങ്കിലും ആർക്ക് ഏതൊക്കെ എന്നതു സംബന്ധിച്ചാണു തീരുമാനം വേണ്ടത്. തനിക്കു കിട്ടാനുള്ള സ്‌ഥലം വിറ്റിട്ടുവേണം ബീരാനുണ്ണിക്ക് ചികിൽസയ്‌ക്കു പണം കണ്ടെത്താൻ. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായി വില്ലേജ് വികസന സമിതിയിലെ അംഗങ്ങൾ ബീരാനുണ്ണിയുടെ സ്‌ഥലം നേരിൽ സന്ദർശിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. 

വൈകില്ല നീതി

വൈകിയെത്തുന്ന നീതികൊണ്ടു കാര്യമില്ല. കോടതി കയറിയിരുന്നെങ്കിൽ എപ്പോൾ പരിഹരിക്കപ്പെടുമെന്ന് ഊഹിക്കാൻ പോലും കഴിയാത്ത വിഷയങ്ങളാണ് ഏതാനും മണിക്കൂറുകൾ കൊണ്ടു നാട്ടുകോടതിയിൽ പരിഹരിക്കപ്പെടുന്നത്. പരാതി കിട്ടിയാൽ കോടതി കൂടുംമുൻപുതന്നെ പരമാവധി വിവരങ്ങൾ ഗ്രാമവികസന സമിതി ശേഖരിക്കുന്നു. അതിനു ശേഷമാണു വാദം കേൾക്കുന്നത്. ഏഴു വർഷത്തിനിടെ 213 പരാതികളാണ് ഗ്രാമക്കോടതിയിൽ എത്തിയത്. ഇതിൽ 197 എണ്ണത്തിൽ ഇരുകൂട്ടർക്കും യോജിക്കാവുന്ന തരത്തിൽ തീരുമാനമെടുത്തു. ബാക്കിയുള്ളവയും തീർക്കാനുള്ള യജ്‌ഞത്തിലാണു ഗ്രാമ ന്യായാലയമെന്ന് ഇതിനു തുടക്കമിട്ട വില്ലേജ് ഓഫിസർ എം. മുകുന്ദനും മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.റംലാബിയും പറഞ്ഞു.

ഒത്തുകിട്ടിയാൽ എല്ലാ നാട്ടിലേക്കും

ഗ്രാമക്കോടതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാൻ പോവുകയാണ്. ‘കില’യുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഒരുക്കം നടക്കുന്നത്. ഇതിനകം ജില്ലകളിൽനിന്ന് ഓരോ പഞ്ചായത്തുകളെ വീതം തിരഞ്ഞെടുത്തു. ആ പഞ്ചായത്തുകളിൽനിന്നുള്ള പ്രതിനിധികളെ തൃശൂർ ‘കില’യിൽ വിളിച്ചുവരുത്തി. കാവനൂർ ഗ്രാമവികസന സമിതിയിലെ അംഗങ്ങൾ അവർക്ക് തങ്ങളുടെ അനുഭവങ്ങൾ വിവരിച്ചുകൊടുത്തു. ഇതിൽ താൽപര്യം പ്രകടിപ്പിച്ച പല പഞ്ചായത്തുകളും തങ്ങളുടെ നാട്ടിൽ വില്ലേജ് ഓഫിസിന്റെ സഹകരണത്തോടെ നാട്ടുകോടതികൾ ഉണ്ടാക്കാൻ സന്നദ്ധരായിട്ടുണ്ട്.