Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിനുംകിട്ടി ഒളിംപിക് സ്വർണം

അലൻ  സ്കോ ഫീൽഡ് അലൻ സ്കോ ഫീൽഡ്

‘‘മലയാളിയാണെന്നു പറയാൻ എനിക്ക് അഭിമാനമുണ്ട്’’ അലൻ സ്കോഫീൽഡ് എന്ന ഒളിംപിക് ഹോക്കി താരം ഇങ്ങനെ പറയുമ്പോൾ കേരളത്തിന്റെ ഒളിംപിക് മെഡൽ നേട്ടത്തിന്റെ തിളക്കം ഇരട്ടി കടക്കുന്നു. കണ്ണൂരിന്റെ മാനുവൽ ഫെഡറിക്സിന്റെ വെങ്കല മെഡലിനു പുറമെ മൂന്നാറിലെ അലൻ സ്കോഫീൽഡിന്റെ സ്വർണവും നമുക്ക് സ്വന്തം.

1980ൽ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം.  മധ്യത്തിൽ കൈ ഉയർത്തി നിൽക്കുന്നത് അലൻ സ്കോഫീൽഡ് 1980ൽ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം. മധ്യത്തിൽ കൈ ഉയർത്തി നിൽക്കുന്നത് അലൻ സ്കോഫീൽഡ്

മാനുവൽ ഫെഡറിക്സ് 1972ൽ മ്യൂണിക് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോളിയായിരുന്നു; അലൻ സ്കോഫീൽഡ് 1980ൽ മോസ്കോ ഒളിംപിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറും. ഒളിംപിക് ഹോക്കിയിൽ ഇന്ത്യ നേടിയ അവസാന മെഡൽ മോസ്കോയിലായിരുന്നു. ഫൈനലിൽ ഉൾപ്പെടെ എല്ലാ മൽസരങ്ങളിലും അലൻ കളിച്ചു. ഇരുവരും ബെംഗളൂരുവിൽ നിന്നു സർവീസസിലൂടെയാണ് ഇന്ത്യൻ ടീമിൽ എത്തിയത്. മാനുവൽ ആർമി സപ്ളൈ കോറിലും അലൻ നേവിയിലുമായിരുന്നു.

അയർലൻഡിൽ നിന്നു ശ്രീലങ്ക വഴി കേരളത്തിൽ എത്തിയ ടീ പ്ലാന്റർ ജോർജ് സ്കോഫീൽഡിന്റെയും കോട്ടയം കഞ്ഞിക്കുഴി വളഞ്ഞാറ്റിൽ ഗ്രേസ് തോമസിന്റെയും പുത്രനാണ് അലൻ. മൂന്നാറിൽ 1957 ജനുവരി 26നു ജനിച്ചു. കളമശേരി സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
ഗ്രേസ് നഴ്സിങ്ങി‌നു പഠിക്കുമ്പോഴാണ് സ്കോഫീൽഡിനെ പരിചയപ്പെട്ടത്. താമസിയാതെ അവർ വിവാഹിതരായി. അലന് അഞ്ചു സഹോദരൻമാരും രണ്ടു സഹോദരിമാരുമുണ്ട്.  എസ്റ്റേറ്റിൽ നിന്നു മാറിയ ജോർജ് സ്കോഫീൽഡ് ബെംഗളൂരുവിൽ താമസമാക്കി.

അലൻ നാവികസേനയിൽ ചേർന്നു ഹോക്കി കളിക്കാരനുമായി. ‘എന്റെ വേരുകൾ കേരളത്തിലാണ്.’ അച്ഛൻ 1990ലും അമ്മ 95ലും മരിച്ചു. സഹോദരങ്ങളിൽ മൂന്നുപേരും ഭാഗികമായി അലനും വിദേശത്താണ്. ഇന്ത്യയിൽ മറ്റു ബന്ധുക്കൾ അമ്മവീട്ടുകാരാണ്. അവരൊക്കെ കോട്ടയത്തും മുണ്ടക്കയത്തും. അലൻ ഗോവക്കാരിയെ വിവാഹം കഴിച്ചെങ്കിലും ഇപ്പോൾ വേറിട്ടാണു താമസം. ഏകപുത്രൻ മാർക്ക് കാനഡയിൽ. ഒരു ജർമൻകാരിയുമായി മകന്റെ വിവാഹം നിശ്ചയിച്ച് അലൻ മടങ്ങിവന്നതേയുള്ളൂ.

നാവികസേനയിൽ നിന്നു നന്നേ ചെറുപ്പത്തിൽ വിരമിച്ച അലൻ എംബിഎ ബിരുദമെടുത്തു ഗൾഫിലെത്തി. ദുബായിയിലും ഒമാനിലും ജോലി നോക്കി. പിന്നെ കാനഡയിൽ. അതാണു മോസ്കോ വിജയത്തിനുശേഷം അധികം കേൾക്കാതെ പോയതെന്ന് അലൻ. മലയാളം മറന്നില്ലെന്നു മാത്രമല്ല മൗത്ത് ഓർഗനിൽ ഇംഗ്ലിഷ്, മലയാളം ഗാനങ്ങൾ ആലപിക്കാറുമുണ്ട്. ഹോക്കി കഴിഞ്ഞാൽ സംഗീതത്തിലാണു താൽപര്യം. തികഞ്ഞ ദൈവവിശ്വാസി.

മോസ്കോ ഒളിംപിക്സിൽ സ്വർണം നേടി മടങ്ങിയെത്തിയ അലൻ ക്യാപ്റ്റൻ ഭാസ്കരനും മറ്റ് ഏതാനും കളിക്കാരുമൊത്തു കൊച്ചിയിൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരെ കണ്ടു. അലന്റെ മലയാളം സംഭാഷണം നായനാർക്ക് ഏറെ ഇഷ്ടപ്പെട്ടു. നായനാർ ആവേശത്തോടെ കൂടെയുണ്ടായിരുന്നവരോടു പറഞ്ഞു: ‘‘ഓൻ നമ്മുടെ ആളാണെടോ. മലയാളി.’’ അലന്റെ‌ ഹോക്കി കളി ഫിലിമിലാക്കി കുട്ടികളെയൊക്കെ കാണിക്കണമെന്നും നായനാർ നിർദേശിച്ചു. അലനു സംസ്ഥാന സർക്കാർ അർഹമായ അംഗീകാരം നൽകുമെന്നും നായനാർ വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിസഭ മാറിയതോടെ വാഗ്ദാനം ജലരേഖയായി.

വൈകിയാണെങ്കിലും മാനുവൽ ഫെഡറിക്സിനെ കേരളം അംഗീകരിച്ചതിൽ അലനു സന്തോഷം. ‘‘ഒളിംപിക് സ്വർണ മെഡൽ നേടിയ ഏക മലയാളിയാണു ഞാൻ. അത്തരത്തിൽ ഒരു അംഗീകാരം എനിക്കും വേണം’’– അലൻ പറഞ്ഞു. ‘ഹോക്കി കേരള’യുമായി ചേർന്നു കേരളത്തിൽ ഹോക്കി പരിശീലനം നൽകാമെന്നും അലൻ സ്കോഫീൽഡ്. ‘‘ഞാൻ മാത്രമല്ല ജൂഡ് ഫെലിക്സും വരും.’’ (ജൂഡിന്റെ അമ്മ പ്രിസില കോഴിക്കോട് കല്ലായി സ്വദേശിനിയാണ്).

നോർമൻ പ്രിച്ചാർഡിന്റെ ഒളിംപിക് വെള്ളി മെഡലുകൾക്ക് ഇന്ത്യയ്ക്ക് അവകാശവാദം ഉന്നയിക്കാമെങ്കിൽ അലൻ സ്കോഫീൽഡിന്റെ ഒളിംപിക് സുവർണ വിജയം തീർച്ചയായും കേരളത്തിന് അവകാശപ്പെട്ടതാണ്. ഒളിംപിക് മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരനായി നോർമൻ ജി. പ്രിച്ചാർഡിനെയാണ് ഇന്നും നാം ഉയർത്തിക്കാട്ടുന്നത്. 1875 ജൂൺ 23നു കൽക്കട്ടയിൽ (കൊൽക്കത്ത) ജനിച്ച പ്രിച്ചാർഡ് 1900ലെ പാരിസ് ഒളിംപിക്സിൽ 200 മീറ്റർ ഫ്ലാറ്റിലും 200 മീറ്റർ ഹർഡിൽസിലും വെള്ളി നേടി.


പാരിസ് ഒളിംപിക് നടക്കുമ്പോൾ ഇന്ത്യയ്ക്കു ദേശീയ ഒളിംപിക് സമിതി (ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ) ഇല്ലായിരുന്നു. ബ്രിട്ടീഷ് അസോസിയേഷൻ ആണു പ്രിച്ചാർഡിന് എൻട്രി നൽകിയത്. ലണ്ടനിൽ എഎഎ ചാംപ്യൻഷിപ്പ് ജയിച്ചാണു പ്രിച്ചാർഡ് പാരിസ് ഒളിംപിക്സിനു യോഗ്യത നേടിയതെന്നു ഒളിംപിക് ചരിത്രകാരൻ ഇയാൻ ബൂച്ചാനൻ ചൂണ്ടിക്കാട്ടുന്നു.
 
ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക് ഫെഡറേഷൻസിന്റെ ‘അത്‍ലറ്റിക് സ്റ്റാറ്റിസ്റ്റിക്സ്’ ബുക്കിൽ (എഡിറ്റർ മാർക് ബട്‍ലർ) ബ്രിട്ടീഷ് കോളനിയിലെ ഇന്ത്യൻ റസിഡന്റ് എന്നാണു നോർമൻ പ്രിച്ചാർഡിനെ വിശേഷിപ്പിക്കുന്നത്.പ്രിച്ചാർഡിന്റെ ഇരട്ട വെള്ളി സംബന്ധിച്ച അവകാശത്തർക്കം ഉടലെടുക്കുന്നത് 1984 ലാണ്. ഡേവിഡ് വാലൻഷിങ്ക്സിയുടെ ‘ദ് കംപ്ലീറ്റ് ബുക്ക് ഓഫ് ഒളിംപിക്സി’ന്റെ 84ലെ ആദ്യപതിപ്പിൽ പ്രിച്ചാർഡ് ഇന്ത്യക്കാരനായിരുന്നു. 96 വരെ ഇങ്ങനെ തുടർന്നു. 2000 ലെ പതിപ്പിൽ ബുച്ചാനന്റെ കണ്ടെത്തലുകൾ അംഗീകരിച്ചു പ്രിച്ചാർഡിനു ബ്രിട്ടീഷ് ലേബൽ നൽകി.

ജോർജ് പീറ്റേഴ്സിന്റെയും ഹെലൻ മെയ്നാർഡിന്റെയും പുത്രനായി കൊൽക്കത്തയിൽ ജനിച്ചുവളർന്ന പ്രിച്ചാർഡ്, കൊൽക്കത്തയിൽ ബേഡ് ആൻഡ് കമ്പനിയിൽ അസിസ്റ്റന്റായിരുന്നു. പിതാവിനെ ചണം വ്യവസായത്തിൽ സഹായിക്കാനാണ് ഇംഗ്ലണ്ടിലേക്കു പോയത്. ഒളിംപിക് മെഡലുമായി പ്രിച്ചാർഡ് ഇന്ത്യയിൽ മടങ്ങിയെത്തി.
1905 ഫെബ്രുവരി 25നു കൊൽക്കത്ത സോവാബസാർ ക്ലബ് ഗ്രൗണ്ടി‍ൽ ഫുട്ബോൾ സംഘാടകർ അദ്ദേഹത്തിനു യാത്രയയപ്പും നൽകി. നോർമൻ ട്രെവർ എന്ന പേരിൽ ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച പ്രിച്ചാർഡ് 1929 ഒക്ടോബർ 30നു ന്യൂയോർക്കിൽ അന്തരിച്ചു.പ്രിച്ചാർഡിന്റെ ഒളിംപിക് മെഡലിന് ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നാണ് യുഎസിലെ ഒളിംപിക് ചരിത്രകാരൻ ഡോ. ബിൽ മാലൻ പറയുന്നത്.

പക്ഷേ, പാരിസ് ഒളിംപിക് മെഡൽ പട്ടികയിൽ ഇന്ത്യയുടെ പേരില്ല. ബ്രിട്ടന് 17 സ്വർണം, എട്ടു വെള്ളി, 12 വെങ്കലം എന്നു ചേർത്തിട്ടുണ്ട്. ഇതിൽ രണ്ടു വെള്ളി പ്രിച്ചാർഡിന്റെ സംഭാവന. പ്രിച്ചാർഡിനെ അടിക്കുറിപ്പോടെ നമുക്ക് ഇന്ത്യക്കാരനാക്കാം; അലൻ സ്കോഫീൽഡിനെ കേരളീയനാക്കാൻ അടിക്കുറിപ്പെന്തിന്?

Your Rating: