Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎസ് ഭീകരരെ വിറപ്പിച്ച കുർദിഷ് പെൺകരുത്ത്

kurdish-fighter ആസിയ റമസാൻ അന്താർ

യുദ്ധം അവസാനിപ്പിച്ച് ‘ആഞ്ജലീന ജോളി’ മടങ്ങി. തോളിൽ മെഷീൻ ഗണ്ണേന്തി, പെൺകുട്ടികളുടെ സൈന്യത്തെ നയിച്ച ആസിയ റമസാൻ അന്താർ (19) എന്ന ഹ്രസ്വ ജീവിതത്തിന് ഒരു ചാവേർ ആക്രമണം അടിവരയിട്ടു.

‘കുർദിഷ് ആഞ്ജലീന ജോളി’ ആയിരുന്നു ആസിയ. ഏറെ പ്രശസ്ത. ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ ഓർമിപ്പിക്കുന്ന സുന്ദരി. നീളമുള്ള ബ്രൗൺ മുടി. സിറിയയിലെ കുർദിഷ് വനിതകളുടെ സംഘടനയായ ‘വൈപിജെ’യുടെ പോസ്റ്റർ ഗേൾ. സിനിമയിൽ ആഞ്ജലീന തോക്കെടുത്തപ്പോൾ കുർദിഷ് ആഞ്ജലീന ജോളി മെഷീൻഗണ്ണുമായി നേരിട്ടത് ഐഎസ് ഭീകരരെ. സിറിയയുടെ വടക്ക്, തുർക്കി അതിർത്തിയിലെ മിൻബിക് നഗരം ആസിയയുടെ നേതൃത്തിലുള്ള വൈപിജെയുടെ സംരക്ഷണയിലായിരുന്നു.

ഓഗസ്റ്റ് ഏഴിനു മൂന്ന് കാറുകളിലായി ഐഎസ് ചാവേറുകൾ വരുന്നതായി വിവരം കിട്ടി. ആസിയയും സംഘവും ജാഗരൂകരായി. കൺവെട്ടത്ത് എത്തിയപ്പോൾ ആദ്യത്തെ രണ്ടുകാറുകളും ആസിയ വെടിവച്ചുതകർത്തു. അപ്പോഴേക്കും മൂന്നാമത്തെത് അവളുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപ് അതു പൊട്ടിത്തെറിച്ചു. ആസിയയും ഒപ്പം സംഘാംഗങ്ങളായ രണ്ടു പെൺകുട്ടികളും കൊല്ലപ്പെട്ടു.

മരണം ‘കുർദിസ്ഥാനായി ഞങ്ങൾക്കു സ്വാതന്ത്ര്യം വേണം’ എന്ന ഫെയ്സ്ബുക്ക് പേജ് സ്ഥിരീകരിച്ചു. കരച്ചിൽ മറന്നവരെങ്കിലും അവൾക്കു വേണ്ടി വൈപിജെ പോരാളികൾ കണ്ണീർ പൊഴിച്ചു. വൈപിജെ എന്ന ആയുധമേന്തിയ കുർദ് വനിതാ സേനയെ ലോകശ്രദ്ധയിലെത്തിച്ചത് ആസിയ ആയിരുന്നു. ഹോളിവുഡ് നടിയുമായുള്ള മുഖസാമ്യം അതിനു നിമിത്തമായി.

ആസിയ പറഞ്ഞിരുന്നു: ‘സൗന്ദര്യത്തിന്റെ പേരിൽ ആഞ്ജലീനയുമായി താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല. അവർ ചെയ്യുന്ന സാമൂഹികപ്രവർത്തനങ്ങളുടെ പേരിൽ വേണമെങ്കിൽ ആയിക്കോട്ടെ’. കുർദ് അഭയാർഥി ക്യാംപുകളിലും സിറിയയിലെ യുദ്ധ മേഖലകളിലും സാന്ത്വനവുമായി എത്തുന്ന ആഞ്ജലീനയെ അവൾക്കിഷ്ടമായിരുന്നു.

വടക്കു കിഴക്കൻ സിറിയയിലെ ഖ്വാമിഷ്‌ലിയിൽ ജനിച്ച് സെക്കൻഡറി സ്കൂൾ വരെ പഠിച്ച ആസിയ 2014ൽ ആണ് വൈപിജെയുടെ ഭാഗമായത്; ‘ഐഎസിന് എതിരായ യുദ്ധം മനുഷ്യജീവിതത്തിലെ വൃത്തികേടുകൾക്ക് എതിരായ പോരാട്ടമാണ്’ എന്ന പ്രഖ്യാപനത്തോടെ. അന്ന് 17 വയസ്. 

‘വൈപിജി’ എന്ന കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ സേനയുടെ ഭാഗമായ വിമെൻ പ്രോട്ടക്ഷൻ യൂണിറ്റ് ആണ് ‘വൈപിജെ’. പതിനായിരത്തോളം വനിതകളുണ്ട് വൈപിജെയിൽ. എല്ലാവരും 18നും 40നും ഇടയിൽ പ്രായമുള്ളവർ.

kurd-women-team ആസിയ റമസാൻ അന്താർ (ഇടത്തുനിന്ന് രണ്ടാമത്) മറ്റു വനിതാ പോരാളികൾക്കൊപ്പം.

എന്നാൽ റഷ്യൻ നിർമിത മെഷീൻ ഗൺ ചുമലിലേറ്റി നടക്കുന്നത് ആസിയ മാത്രമായിരുന്നു. മെഷീൻ ഗൺ ഉപയോഗിക്കുന്നതിൽ അവൾ വിദഗ്ധയായിരുന്നു. ‘വനിതകൾക്ക് സ്വന്തം കാഴ്ചപ്പാടും ചിന്തകളും വേണം. ആണുങ്ങളെ അനുകരിക്കുകയല്ല വേണ്ടത്’ എന്ന മറുപടിയിൽ ആസിയ ഉണ്ട്. കുർദ് പെൺകുട്ടികളെ വേട്ടയാടുകയും അവരെ പിടികൂടിയാൽ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയാണ് ഐഎസ് ഭീകരർ ചെയ്യുന്നത്.

അതിനാൽ കുർദ് വനിതകൾക്കു മുന്നിലുള്ളത് പിടികൊടുക്കാതിരിക്കുക, ആയുധമേന്തി പോരാടുക എന്നീ രണ്ടു വഴികൾ മാത്രം. എല്ലാ യുദ്ധമുറകളും തന്ത്രങ്ങളും പരിശീലിച്ചിട്ടുതന്നെയാണ് വനിതകൾ വൈപിജെയിൽ ചേരുന്നത്. ഒപ്പം ചില പ്രിയപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കും– വിവാഹം, കുടുംബം, കുട്ടികൾ എന്നീ സ്വപ്നങ്ങൾ. 

യുദ്ധത്തിൽ തകർന്ന, ഒരു സൗകര്യവുമില്ലാത്ത കെട്ടിടങ്ങൾ താവളമാക്കി അവർ ശത്രുവിനെ കാത്തിരിക്കുന്നു. രണ്ടാഴ്ച ഇടവിട്ടാണ് യുദ്ധമുഖത്തേക്ക് ഇറങ്ങുന്നത്.

‘ഐഎസിന് പെൺകുട്ടികളെ ഭയമാണ്’ എന്ന് വൈപിജെ പറയുന്നതിൽ കാര്യമുണ്ട്. വനിതകളാൽ കൊല്ലപ്പെട്ടാൽ സ്വർഗം കിട്ടില്ല എന്നാണ് അവരുടെ വിശ്വാസം! ഐഎസിന് എതിരായ യുദ്ധത്തിൽ അസാധ്യമായ വിജയമാണ് കുർദ് വനിതാ പോരാളികൾ നേടിയത്. ആസിയ ഉൾപ്പെടെ ഒട്ടേറെ പെൺകുട്ടികളുടെ അധ്വാനം. ഐഎസിനെ ഭയന്ന് 2014ൽ സിഞ്ചാർ മലനിരകളിൽ കുടുങ്ങിപ്പോയ യസീദികളെ സംരക്ഷിച്ചതും വൈപിജെ ആയിരുന്നു. 

മനുജയിൽ നടത്തിയ പോരാട്ടങ്ങൾക്കിടയിൽ സമൂഹ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങൾ കണ്ട് ഇറാൻ ന്യൂസ് ഏജൻസിയാണ് ‘കുർദിഷ് ആഞ്‌ജലീന ജോളി’ എന്ന് ആദ്യം വിളിച്ചത്. ഐഎസിന്റെ പിടി അയയുന്ന സന്ദർഭത്തിലാണ് ആസിയയുടെ മരണം. ആ മരണം വ്യർഥമാകില്ലെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട് സുഹൃത്തുക്കൾ യുദ്ധം തുടരുന്നു.

Your Rating: