Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌കൊച്ചിയിലെ ഭാഷാസദ്യ

എഴുത്ത്, വര- ബോണി തോമസ്
kochi-language

കൊച്ചിയിൽ ഓണസദ്യയ്ക്കു പലഭാഷ, പല സംസ്കാര രുചി, ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും ഉൾപ്പെടുന്ന ഏതാണ്ടു നാലര കിലോമീറ്റർ വിസ്തൃതപ്രദേശത്തു ചരിത്രവശാൽ വന്നുചേർന്ന വിവിധ സംസ്കാരങ്ങളുടെ പ്രതിനിധികൾക്ക് ഓണം ഒഴിച്ചുകൂടാനാവാത്ത ആഘോഷമാണ്.

sara-kohan സാറ കോഹൻ

യഹൂദ മുത്തശ്ശി സാറ കോഹന് ഇത് 94–ാം ഓണം. മട്ടാഞ്ചേരി ജൂത ടൗണിൽ 1568ൽ പണിതീർത്ത പരദേശി യഹൂദ പള്ളിക്കടുത്താണു കേരളത്തിലെ യഹൂദരിൽ ഏറ്റവും പ്രായമുള്ള വ്യക്തിയായ സാറയുടെ വീട്. നാലു കൊല്ലം മുൻപുവരെ സാറ സുഹൃത്തുക്കളുടെ വീടുകളിൽ അതിഥിയായി ഓണാഘോഷങ്ങളിൽ പങ്കെടുക്കുമായിരുന്നു. ഇന്നു പ്രായം ശാരീരിക പ്രയാസങ്ങൾ ഉണ്ടാക്കുന്നു.
ഫോർട്ട്കൊച്ചിയിൽ നിന്ന് ഏതാണ്ടു 30 കിലോമീറ്റർ വടക്ക് ഇന്നത്തെ കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും പണ്ട് ഉണ്ടായിരുന്ന മുസിരിസ് തുറമുഖത്തു ക്രിസ്തുവിനു മുൻപുതന്നെ യഹൂദർ വന്നെത്തി പാർപ്പുറപ്പിച്ചെന്നാണു യഹൂദപ്പഴമ. 1341ൽ മുസിരിസ് നശിച്ചു. പെരിയാറിലെ കൂറ്റൻ പ്രകൃതിക്ഷോഭത്തിന്റെ തിരമാലകൾ കൊച്ചിയിലെ കായലിന്റെ അടിമണ്ണു കോരി മുസിരിസിനുമേൽ കൊണ്ടിട്ടുമൂടിയെന്നു ചരിത്രം. ഫലം മുസ്സിരിസ് തുറമുഖത്തിന്റെ അന്ത്യവും കൊച്ചി തുറമുഖത്തിന്റെ ആദിയും. മുസ്സിരിസിലെ ഒരുകൂട്ടം യഹൂദർ കൊച്ചി തുറമുഖപ്രദേശത്തു കുടിയേറി കച്ചവടം ചെയ്തു. യഹൂദരെ കൊച്ചിയിൽ പാർപ്പുറപ്പിക്കാൻ പ്രോൽസാഹിപ്പിച്ച് കൊച്ചി രാജാവു ഭൂമി ദാനം ചെയ്തുവത്രേ. ഇന്നു കൊച്ചിയിൽ യഹൂദർ സമൂഹമല്ല, ചുരുക്കം ചില വ്യക്തികളാണ്. 1948ൽ രൂപീകൃതമായ–യഹൂദരാജ്യം–ഇസ്രയേലിലേക്കു പോയിപ്പാർത്തു, കൊച്ചിയിലെ യഹൂദരിൽ ഭൂരിഭാഗം. കൊച്ചിയിൽ അവശേഷിക്കുന്ന യഹൂദരിൽ ഒരാൾ സാറ. ‘ഓണത്തിനു ശർക്കരപ്പായസം വേണമെന്നു സാറ ആന്റി ആവശ്യപ്പെടാറുണ്ട്’ ചിരിയോടെ പറയുന്നു താഹ. സാറയ്ക്കു മകനെപ്പോലെയാണു മട്ടാഞ്ചേരിക്കാരൻ താഹ. ലോക രാഷ്ട്രീയത്തിലെ വൈരുധ്യത്തിന്റെ മറുപുറമാണു സാറയ്ക്ക് വാർധക്യത്തിൽ താഹയിൽ നിന്നു ലഭിക്കുന്ന തുണയുടെ നന്മ.

rusef-disooza റൂഫസ് ഡിസ്സൂസ

തുറമുഖമായി രൂപപ്പെട്ടതു മുതൽ കൊച്ചിയിൽ അറബികളും ചൈനക്കാരും കച്ചവടത്തിനു വന്നു. സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ കേരളവിഭവങ്ങൾ കച്ചവടം ചെയ്തു. 1500ൽ കൊച്ചിയിൽ കപ്പലടുപ്പിച്ച പോർച്ചുഗീസുകാരെ കൊച്ചി രാജാവ് സ്വാഗതം ചെയ്തു. 1503ൽ കൊച്ചിയിൽ പോർച്ചുഗീസുകാർ ഇമ്മാനുവൽ കോട്ട കെട്ടി. കോട്ട കേന്ദ്രീകരിച്ചു പോർച്ചുഗീസ് ഭരണമുണ്ടായി. പോർച്ചുഗീസ് സംസ്കാരം പുലർന്നു, കോട്ടപ്രദേശത്ത്. പോർച്ചുഗീസ്–കൊച്ചി സങ്കര ജനത ഉണ്ടായി. ഈ ജനതയെ ഇന്നു ലൂസ്സോ ഇന്ത്യൻസ് എന്നു വിളിക്കുന്നു. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിൽ തലമുറകളെ ഫുട്ബോൾ കളി പഠിപ്പിച്ച ലൂസ്സോ ഇന്ത്യൻ വംശജനായ റൂഫസ് ഡിസ്സൂസ പറയുന്നു: ‘തിരുവോണത്തിനു ഫുട്ബോൾ കളി ഇല്ല. കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ സദ്യ കഴിക്കും. ഫുട്ബോൾ കളിക്കാരായ കുട്ടികളെ സൽക്കരിക്കും’. പല ലൂസ്സോ ഇന്ത്യൻ വീടുകളിലും സംസാരഭാഷ ഇംഗ്ലിഷാണ്. കൊച്ചി പിടിക്കാൻ വന്ന ഡച്ചുകാർ 1662ലെ യുദ്ധത്തിൽ പോർച്ചുഗീസുകാരെ തോൽപിച്ചു. പോർച്ചുഗീസ് കോട്ട തകർത്തു. കൊച്ചിയിൽ ഡച്ചു ഭരണകാലമുണ്ടായി. ഡച്ചുകാർക്കുശേഷം ഇംഗ്ലിഷ് ഭരണം. 1500 മുതൽ 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യംവരെ ഏതാണ്ടു നാലര നൂറ്റാണ്ടു നീണ്ട യൂറോപ്യൻ കൊളോണിയൽ സാന്നിധ്യത്തിനൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു വിവിധ ഭാഷാസമൂഹങ്ങളും വ്യക്തികളും കൊച്ചിയിൽ കച്ചവടത്തിനും പണിക്കും കുടിയേറി പാർത്തു.

narendra-madhura നരേന്ദ്ര മധുരാദാസ് ആഷർ

‘മലയാളികളെപ്പോലെ കൊച്ചിയിലെ ഗുജറാത്തികളും ഓണം ആഘോഷിക്കുന്നു’– പറയുന്നത് നരേന്ദ്ര മധുരാദാസ് ആഷർ. 86 വയസ്സ് ആഷറിന്. ജനിച്ചതു മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമത്തിൽ. ആഷറിന്റെ അച്ഛനമ്മമാർ മഹാത്മാഗാന്ധിയെ അനുഗമിച്ചു, സബർമതിയിൽ താമസിച്ചു. കേരളത്തിൽ മഹാത്മാഗാന്ധിയുടെ യോഗങ്ങളിൽ പ്രസംഗ പരിഭാഷകനായിരുന്നു ആഷറിന്റെ അച്ഛൻ. അങ്ങനെയായിരുന്നു മഹാത്മാഗാന്ധിയുമായുള്ള പരിചയത്തിന്റെ ആരംഭം.
തുറമുഖമായി രൂപപ്പെട്ടതുമുതൽ കൊച്ചിയിൽ കച്ചവടത്തിനു വന്നുപൊയ്ക്കൊണ്ടിരുന്നു ഗുജറാത്തികൾ. 1815ൽ ടിക്കു മുരളീധരൻ എന്ന ഗുജറാത്തി ഒരു സംഘം കച്ചവടക്കാരുമായി വന്നതു മുതൽ കൊച്ചിയിൽ ഗുജറാത്തികളുടെ പാർപ്പുറപ്പുണ്ടായെന്നു ചരിത്രം. കൊച്ചി ഗുജറാത്തി മഹാജൻ 2009ൽ പുറത്തിറക്കിയ ഡയറക്ടറിപ്രകാരം മട്ടാഞ്ചേരിയിൽ മാത്രം 650 ഗുജറാത്തി കുടംബങ്ങളുണ്ട്. ഗുജറാത്തി സംസാരിക്കുന്ന ഹിന്ദു വിഭാഗങ്ങൾ കൂടാതെ ജൈനൻമാരായ കച്ചി ദസ്സാ ഒസ്‍വാൾമാരും മുസ്‌ലിംകളായ കച്ചി മേമൻമാരും ബോറമാരും കൊച്ചിയിൽ കുടിയേറിയ ഗുജറാത്ത് പൈതൃകക്കാരാണ്.

mukesh-jain മുകേഷ് ജെയ്ൻ

ഗുജറാത്തിലെ കച്ച് മേഖലയിൽ നിന്നുള്ളവരാണു മേമൻമാർ. ഇവരുടെ ഭാഷ കച്ചി. 2002ലെ കച്ചി മേമൻ ജമാ അത്ത് ഡയറി പ്രകാരം ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും 383 കച്ചി മേമൻ കുടുംബങ്ങളുണ്ട്. കൊച്ചിയിലെ പ്രശസ്ത പാട്ടുസംഘമായ മെഹബൂബ് മെമ്മോറിയൽ ഓർക്കസ്ട്രയുടെ പ്രവർത്തകനായ കച്ചി മേമൻ പൈതൃകക്കാരൻ സത്താർ അയ്യൂബ് സേട്ട് എല്ലാ ഓണവും ആഘോഷിക്കുന്നു. ‘സദ്യയും പായസവും മുടക്കാറില്ല’– സത്താർ അയ്യൂബ് സേട്ട് പറയുന്നു. കച്ച് മേഖലയിൽനിന്നു കുടിയേറിവരാണു ദസ്സാ ഓസ്‍വാളുമാർ. കച്ചിയും ഗുജറാത്തിയും സംസാരിക്കുന്നവർ. കൊച്ചിയിലെ അറിയപ്പെടുന്ന പക്ഷി–മൃഗസ്നേഹി മുകേഷ് ജെയ്ൻ ദസ്സാ ഓസ്‍വാളുകാരനാണ്. മുകേഷ് ജെയ്ൻ പറയുന്നു: ‘ഗുജറാത്തുകാരാണെങ്കിലും ഞങ്ങൾ നൂറുശതമാനം കേരളീയരാണ്, ഓണസദ്യ മുടക്കില്ല!’ മട്ടാഞ്ചേരിയിൽ 130 കച്ചി ദസ്സാ ഓസ്‍വാൾ കുടുംബങ്ങളുണ്ട്.

mukesh-agarwal മുകേഷ് അഗർവാൾ

കഴിഞ്ഞ ഓണത്തിനു കുടുംബസമേതം സദ്യ കഴിക്കുന്നതിന്റെ ഫൊട്ടോ ഫെയ്സ് ബുക്കിൽ പോസ്റ്റു ചെയ്തു കൊച്ചിയിലെ പ്രശസ്ത ഗായകനായ മാർവാഡി ഭാഷക്കാരൻ മുകേഷ് അഗർവാൾ. പണ്ട് അഗ്രസേനൻ എന്ന രാജാവ് ഇന്നത്തെ ഹരിയാനയിലെ ഹിസ്സാറിനടുത്ത് അഗ്രോഹ എന്ന കച്ചവടക്കാരുടെ രാജ്യം ഭരിച്ചിരുന്നെന്നും അഗ്രസേനന്റെ പിൻമുറക്കാരാണ് അഗർവാൾമാരെന്നും കൊച്ചിയിലെ 45 അഗർവാൾ കുടുംബങ്ങൾ വിശ്വസിക്കുന്ന വംശകഥയുടെ തുടക്കം. പൊതുവെ കച്ചവടക്കാരാണ് അഗർവാൾമാർ. മാർവാഡി കൂടാതെ രാജസ്ഥാനിയും ഹരിയാൺവിയും സംസാരിക്കുന്നവരുണ്ട് അഗർവാൾമാർക്കിടയിൽ. ‘സദ്യ ഒരുക്കാൻ അറിയില്ല, അതിനാൽ ഓണസദ്യ റസ്റ്ററന്റിൽ ബുക്ക് ചെയ്യുന്നു!’– അടുത്ത ഓണസദ്യാ ഫൊട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഒരുങ്ങുന്ന മുകേഷ് അഗർവാൾ പറയുന്നു. മട്ടാഞ്ചേരിയിൽ അഗർവാൾമാരുടെ ക്ഷേത്രമായ റാംമന്ദിറിൽ ഓണക്കാലത്ത്, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കു സൗജന്യമായി അരി വിതരണം ചെയ്യുന്നു.

rs-bhasker ആർ.എസ്.ഭാസ്കർ

ദേശീയതലത്തിൽ അറിയപ്പെടുന്ന കൊങ്കണി കവിയാണു കൊച്ചിക്കാരൻ ആർ.എസ്.ഭാസ്കർ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്നീ കൃതികൾ കൊങ്കണിയിലേക്കു പരിഭാഷപ്പെടുത്തി. ‘കുട്ടിക്കാലം മുതൽക്കേ ഓണക്കോടി ഒഴിവാക്കില്ല’– ഭാസ്കർ പറയുമ്പോൾ രാധാമണി കൂട്ടിച്ചേർക്കുന്നു: ‘കുട്ടികൾ പൂക്കളമിടും. കേരള മട്ടിൽ സദ്യ ഒരുക്കും. സദ്യയിലെ കൊങ്കണി വിഭവങ്ങളാണു കടലപ്പരിപ്പും ചേനയും ഉരുളക്കിഴങ്ങും ചേർത്ത കൂട്ടുകറി ഗസ്സിയും, ഇഞ്ചിയും പച്ചമുളകും ശർക്കരയും പുളിയും ചേർത്ത ഇഞ്ചിക്കറിയും.’ അഞ്ചു ജാതികളുണ്ടു കൊച്ചിയിലെ കൊങ്കണി ഭാഷക്കാർക്കിടയിൽ. 16–ാം നൂറ്റാണ്ടു മുതൽ ഗോവയിൽ പോർച്ചുഗീസുകാരുടെ ഭരണകാലത്തുണ്ടായ പീഡനങ്ങളിൽനിന്നു രക്ഷപ്പെട്ട് അഭയം തേടിയവരാണു കൊച്ചിയിലെ കൊങ്കണി ഭാഷക്കാരുടെ പൂർവികരെന്നു പൊതുചരിത്രം.

m-sivalingam എം.ശിവലിംഗം

പല കാലങ്ങളിൽ തമിഴ്ഭാഷാ സമൂഹങ്ങൾ കുടിയേറി കൊച്ചിയിൽ. കരുവേലിപ്പടിയിൽ മുതലിയാർഭാഗം രാമേശ്വരം അമ്പലം കേന്ദ്രീകരിക്കുന്ന വെള്ളാള പിള്ളമാർ, ആനവാതിലിനടുത്ത് തെക്കേമഠം എന്നറിയപ്പെടുന്ന കരന്തയാർപാളയം അഗ്രഹാരത്തിലെ ബ്രാഹ്മണർ, ഫോർട്ടുകൊച്ചി വെളിയിലെ അലക്കുകാരായ വണ്ണാൻമാർ, സ്വർണപ്പണിക്കാരായ വിശ്വകർമ ബ്രാഹ്മണർ, പാണ്ടിക്കുടിയിൽ എണ്ണയാട്ടുകാരായിരുന്ന വണിയൻമാർ, നായ്ക്കർ കുടുംബങ്ങൾ, കപ്പലണ്ടിമുക്കിലെ ശ്രീമാരിയമ്മൻ കോവിലുമായി ബന്ധപ്പെട്ട യാദവർ എന്നിവർ തമിഴ് സമൂഹങ്ങളാണ്. ശ്രീകൃഷ്ണഭഗവാന്റെ യദുകുലക്കാരെന്നും കൊച്ചിയിൽ ആട് കച്ചവടക്കാരായിരുന്നതിന്റെ പൈതൃകം പറ്റുന്നവരുമായ യാദവരുടെ സമുദായ പ്രവർത്തകൻ എം.ശിവലിംഗം പറയുന്നു: ‘മുൻ തലമുറകൾ ഓണം ആഘോഷിച്ചിരുന്നില്ല. ഇന്നു ഞങ്ങളുടെ കുട്ടികൾ മുറ്റത്തു പൂക്കളമിടുന്നു. അയൽവാസികൾ സദ്യ ഉണ്ണാൻ ക്ഷണിക്കുന്നു ഓണത്തിന്. റസ്റ്ററന്റിൽനിന്നു ശർക്കരപായസം വാങ്ങും!’

rajan-rao രാജൻറാവു

തെലുങ്കു സമൂഹങ്ങളുണ്ടു കൊച്ചിയിൽ. 24 മനൈ തെലുങ്കു ചെട്ടിയാൻമാർ, ചക്കിലിയാർമാർ, നായിഡുമാർ എന്നിങ്ങനെ തെലുങ്കു സമൂഹങ്ങൾ. കരകൗശല വിഭവങ്ങൾ വിൽക്കാൻ വന്ന കശ്മീരികളുണ്ട്. കൊച്ചിയിൽ മസാലദോശ അവതരിപ്പിച്ച സസ്യാഹാരക്കടകൾ ആരംഭിച്ച തുളുഭാഷക്കാരുണ്ട്. മഹാജനവാഡിയിലും ഷേർവാഡിയിലും കന്നഡ ഭാഷക്കാരുണ്ട്. ചിരട്ടപ്പാലത്തു ചായക്കടയുടമകളായ കന്നഡഭാഷക്കാരായ സഹോദരൻമാർ രാജൻറാവു, മനോഹർ റാവു, സുരേഷ് റാവു എന്നിവരിൽ മൂത്തയാൾ രാജൻറാവു പറയുന്നു: ‘ഓണം എല്ലാവരുടേതുമാണ്, തനി കേരളമട്ടിൽ ഞങ്ങൾ ഓണം ആഘോഷിക്കുന്നു. വീട്ടിൽ സദ്യ ഒരുക്കും. ഒരൊറ്റ വ്യത്യാസം–സേമിയ പായസമാണു ഞങ്ങൾ ഉണ്ടാക്കുക!’

said-askar സെയ്ദ് അസ്കർ

പട്ടാളത്തെ ഉറുദു സംസാരിക്കുന്ന ദഖ്നി മുസ്‌ലിം സമൂഹാംഗമായ സെയ്ദ് അസ്കർ ഇംതിയാസിന്റെ വീട്ടിൽ ഓണസദ്യ ഒരുക്കാറില്ലെങ്കിലും കൂട്ടുകാരോടൊപ്പം ഓണം ആഘോഷിക്കുകയാണു പതിവ്. ‘കൂട്ടുകാരുടെ വീടുകളിൽനിന്നു ക്ഷണമുണ്ടാകും’– പറയുന്നു സെയ്ദ് അസ്കർ ഇംതിയാസ്.

chandraprakash-dev ചന്ദ്രപ്രകാശ് ദേവ്

മറാഠി പൈതൃകക്കാരൻ ചന്ദ്രപ്രകാശ് ദേവിനു പതിവുപോലെ ഓണസദ്യ ഭാര്യ രേണുക തമ്പുരാന്റെ വീടായ തൃപ്പൂണിത്തുറ കോവിലകത്താണ്. മട്ടാഞ്ചേരി ശ്രീഗോപാലകൃഷ്ണസ്വാമി ക്ഷേത്രം മഹാരാഷ്ട്ര ബ്രാഹ്മണൻമാരുടേതാണ്. ക്ഷേത്രത്തിനടുത്തു മഹാരാഷ്ട്ര ബ്രാഹ്മണ കുടുംബങ്ങളുണ്ട്. 15 കുടുംബങ്ങളുള്ള ചെറിയ സമൂഹമാണു മഹാരാഷ്ട്ര ബ്രാഹ്മണരുടേത്. കൊച്ചിയിൽ ഗണേശോൽസവത്തിന്റെ കേന്ദ്രമാണു ശ്രീഗോപാലകൃഷ്ണസ്വാമി ക്ഷേത്രം. ചന്ദ്രപ്രകാശ്ദേവും രേണുക തമ്പുരാനും ഗണേശോൽസവവും ഓണവും ആഘോഷിക്കാൻ ഒരുങ്ങുന്നു.

മലയാളം കൂടാതെ, ഇംഗ്ലിഷ്, തമിഴ്, കന്നഡ, തുളു, തെലുങ്ക്, ഉറുദു, ഹിന്ദി, ഗുജറാത്തി, കച്ചി, കൊങ്കണി, കാഷ്മീരി, മാർവാഡി, രാജസ്ഥാനി, ഹരിയാൻവി, പഞ്ചാബി, മറാഠി ഭാഷകൾ സംസാരിക്കുന്നു കൊച്ചിയിൽ. ഹീബ്രുഭാഷ ഇല്ലാതായി, യഹൂദരുടെ എണ്ണം കുറഞ്ഞതോടെ. 1980കളുടെ ആദ്യംവരെ പോർച്ചുഗീസ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞ സംസാരഭാഷ അറിയുന്നവരുണ്ടായിരുന്നു കൊച്ചിയിൽ. കൊച്ചിയിൽ കുടിയേറിയ വിവിധ ഭാഷക്കാർ ജീവിതംകൊണ്ടു കേരളീയരായിരിക്കുന്നു. ഓണം ഉണ്ണുന്നവരായിരിക്കുന്നു. കൊച്ചി ആഘോഷങ്ങളുടെ പ്രദേശമാണ്. വിവിധ ഭാഷാ സമൂഹങ്ങളുടെ ഓരോ ആഘോഷവും ഒന്നൊന്നായി, ചിലപ്പോൾ ഒരേനേരം കൊച്ചിയിൽ ആഘോഷിക്കപ്പെടുന്നു. ഓരോ സമൂഹത്തിന്റെയും ആഘോഷങ്ങൾ കൊച്ചിയുടെ സാംസ്കാരിക വൈവിധ്യത്തെ പൊലിപ്പിക്കുന്നു.. ലോകത്ത് ഓണം മലയാളികളുടെ ഉൽസവമാണെങ്കിൽ കൊച്ചിയിൽ പല ഭാഷക്കാർ ആഘോഷിക്കുന്ന ഉൽസവമാണ് ഓണം.

(ഡൽഹിയിലും മുംബൈയിലും ഇക്കണോമിക് ടൈംസ് ദിനപത്രത്തിൽ കാർട്ടൂണിസ്റ്റും ഇലസ്ട്രേറ്ററുമായിരുന്ന ലേഖകൻ ഇപ്പോൾ കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയാണ്)

Your Rating: