Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താ ലേ...!

Author Details
ലമോചന്ദ് വ്യൂ പോയിന്റിൽ നിന്നുള്ള ദ്രാസിന്റെ ദൃശ്യം. ദ്രാസ് നദിയും ദേശീയപാത ഒന്നും വിശ്വനാഥൻ പോളോ ഗ്രൗണ്ടും  അങ്ങകലെ ടൈഗർ ഹില്ലും കാണാം. ലമോചന്ദ് വ്യൂ പോയിന്റിൽ നിന്നുള്ള ദ്രാസിന്റെ ദൃശ്യം. ദ്രാസ് നദിയും ദേശീയപാത ഒന്നും വിശ്വനാഥൻ പോളോ ഗ്രൗണ്ടും അങ്ങകലെ ടൈഗർ ഹില്ലും കാണാം.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 70–ാം വർഷത്തിലേക്കു കടക്കുമ്പോൾ, കാർഗിൽ യുദ്ധത്തിലൂടെ ലോകം അറിഞ്ഞ സുന്ദര താഴ്‍വരയിലൂടെ ഒരു യാത്ര !

‘‘ഇനിയുമുണ്ടാവില്ല മറ്റൊരു കാർഗിൽ യുദ്ധം. കാർഗിൽ ആവർത്തിക്കില്ലെന്ന് രാജ്യത്തിന് ഉറപ്പു നൽകുന്നു. ഈ മലനിരകളിൽ പിഴവു കൂടാതെയുള്ള സുരക്ഷ നൽകാൻ സേനയ്ക്കു കഴിയുന്നുണ്ട്’’
– ആർമി നോർത്തേൺ കമാൻഡർ ലഫ്. ജനറൽ ഡി.എസ്.ഹൂഡ.
(കാർഗിൽ യുദ്ധ വിജയ വാർഷിക ആഘോഷ സന്ദേശത്തിൽ നിന്ന്.)

ലേ. ജമ്മു കശ്മീരിലെ ലഡാക് മേഖലയുടെ തലസ്ഥാനം. സമുദ്ര നിരപ്പിൽ നിന്ന് 10682 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലേ വിമാനത്താവളം. ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളങ്ങളിലൊന്ന്. ഇവിടെ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് കാർഗിൽ. കാർഗിൽ യുദ്ധത്തിലൂടെ ലോകം അറിഞ്ഞ സുന്ദര താഴ്‍വര. കാർഗിലിൽ നിന്ന് ലേ–ശ്രീനഗർ ദേശീയപാത ഒന്നിൽ 50 കിലോമീറ്റർ പിന്നിട്ടാൽ ദ്രാസ് എന്ന ചെറുപട്ടണം. കാർഗിൽ യുദ്ധ വിജയ വാർഷിക ആഘോഷം നടക്കുന്നത് ദ്രാസിലെ യുദ്ധ സ്മാരകത്തിലാണ്.

ദേശീയപാത ഒന്ന്


ലേയിൽ നിന്നു ശ്രീനഗറിലേക്കുള്ള യാത്ര ഭൂമിയിലെ സുന്ദര തീരത്തൂടെയാണ്. പരന്നു കിടക്കുന്ന ലഡാക്ക് പീഠഭൂമി. അതിനിടയിലൂടെ നീണ്ടു നിവർന്നു കിടക്കുന്ന ദേശീയപാത ഒന്ന്. റോഡിന് ഇരുവശത്തും ചെങ്കൽ നിറത്തിലുള്ള മലനിരകളും അങ്ങകലെ നീലാകാശവും. ലേയിൽ നിന്നു മലയിറങ്ങുമ്പോൾ ഇൻഡസ് നദി ഒപ്പമെത്തും. നിമുവിലെത്തുമ്പോൾ സൻസ്കാർ നദി ഇടതു കൂടി ഇൻഡസിലേക്കു ചേരും. കാലാ പാനിയെന്നാണ് സൻസ്കാറിന്റെ വിളിപ്പേര്. സൻസ്കാറിലെ കലങ്ങിമറിഞ്ഞ കറുത്ത വെള്ളമാണ് ആ പേരു നൽകിയത്. ഖത്സിയിലെത്തുമ്പോൾ ദേശീയപാത ഒന്നിനെ ഇൻഡസ് മുറിച്ചു കടക്കും. പിന്നെ ഇൻഡസ് താഴ്‍വാരങ്ങളിലൂടെ ഒഴുകിഒഴുകി പാക്കിസ്ഥാനിലേക്ക്.

നിമുവിൽ ഇൻഡസ് നദിയുടെയും സൻസ്കാർ നദിയുടെയും സംഗമസ്ഥാനം. നിമുവിൽ ഇൻഡസ് നദിയുടെയും സൻസ്കാർ നദിയുടെയും സംഗമസ്ഥാനം.

പിന്നീടുള്ള യാത്ര മലനിരകളെ തഴുകിയാണ്. ഇതിനിടെ രണ്ട് ഉയരമുള്ള സ്ഥലങ്ങൾ പിന്നിടും. ആദ്യത്തേത് ശ്രീനഗർ ദേശീയ പാതയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം – ഫോട്ടു ലാ അഥവാ ഫോട്ടു പാസ്. ഉയരം സമുദ്ര നിരപ്പിൽ നിന്ന് 13478 അടി. അടുത്തത് നമിക് ലാ – ഉയരം 12135 അടി. ഇതിനിടെയാണ് ലമായുരു – ബുദ്ധ സന്യാസികളായ ലാമമാരുടെ കേന്ദ്രം. അവിടെയാണ് മൂൺ ലാൻഡ് എന്നറിയപ്പെടുന്ന തൂ നിലാവിന്റെ നിറമുള്ള മലനിരകൾ. മലനിരകളിലെ മണ്ണിനു പ്രകൃതി നൽകിയ നിറമാണത്.

സയീദ് അലി


ലേ വിമാനത്താവളത്തിലിറങ്ങി, ദ്രാസിലേക്കുള്ള ജീപ്പിൽ കയറുമ്പോൾ പതിനേഴു വർഷം മുൻപുണ്ടായ യുദ്ധത്തിന്റെ തീവ്രത അറിഞ്ഞിരുന്നില്ല. കാർഗിൽ സ്വദേശിയാണ് ജീപ്പ് ഡ്രൈവർ സയീദ് അലി.

‘‘എനിക്കും ഒരു സ്വപ്നം ഉണ്ടായിരുന്നു, കാർഗിൽ യുദ്ധം സ്വപ്നങ്ങളെ കശക്കിയെറിഞ്ഞു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു നഗരത്തിലെ വലിയ കോളജിൽ പഠിക്കണം, പിന്നിടു വിദേശത്തു നിന്ന് അറിവു നേടണം. ആ അറിവു നാട്ടിലെ കുരുന്നുകൾക്കു കൈമാറണം’’ - സയീദ്‌ അലി പറയുമ്പോൾ ആ മുഖത്ത് സ്വപ്നം തകർന്നെന്ന വേദന ഉണ്ടായിരുന്നില്ല, ഇനി എന്തു സ്വപ്നമെന്ന നിസംഗതയായിരുന്നു മുഖത്ത്.

കാർഗിലിന് അടുത്തൊരു ഗ്രാമത്തിലാണ് അലി ജനിച്ചത്. അലിയുടെ പിതാവ് കാർഗിൽ പട്ടണത്തിൽ പലചരക്കു വ്യാപാരിയാണ്. പിതാവിനോടൊപ്പം താമസിച്ചായിരുന്നു അലിയുടെ പഠനം. പതിനൊന്നാം ക്ലാസിലേക്കു പ്രവേശിച്ച സമയത്താണ് കാർഗിൽ യുദ്ധം. പാക്ക് ഷെല്ലാക്രമണത്തിൽ എല്ലാം തകർത്തെറിഞ്ഞു. അലിയും പിതാവും കുടുംബവും ദൂരെ ഗ്രാമത്തിലേക്കു പലായനം ചെയ്തു. കടയിൽ സാധനങ്ങളെല്ലാം കൊള്ളയടിക്കപ്പെട്ടു. ആറു മാസത്തിനു ശേഷമാണ് തിരികെ എത്തിയത്. അപ്പോഴേക്കും പട്ടണം യുദ്ധത്തിൽ തകർന്നു തരിപ്പണമമായി. പണവും വസ്തുവകകളും നഷ്ടപ്പെടുത്തിയാണ് തങ്ങൾ പലായനം ചെയ്തതെന്ന് അലി പറഞ്ഞു. തിരികെ വന്നപ്പോൾ ഒന്നുമുണ്ടായില്ല, എല്ലാം ഒന്നിൽ നിന്നു തുടങ്ങി. യുദ്ധത്തിൽ പഠനവും ഉപേക്ഷിച്ചു. ഇപ്പോൾ ടാക്സി ഡ്രൈവറാണ്.

ശൈത്യകാലത്ത് ദേശീയപാതയിൽ മഞ്ഞുമൂടും. പിന്നീട് വാഹനം ഓടിക്കാനാവില്ല. ആറു മാസം വിനോദ സഞ്ചാരികൾ എത്തും. പക്ഷേ, ശ്രീനഗറിലെ കല്ലേറും മറ്റു പ്രശ്നങ്ങളും ഈ വർഷം വിനോദ സഞ്ചാരികളെ കശ്മീരിൽ നിന്നും ലഡാക്കിൽ നിന്നും അകറ്റിയതിന്റെ ദുഃഖവും അലി പങ്കുവച്ചു. ശൈത്യത്തിനു മുൻപു പണം ഉണ്ടാക്കണം, പിന്നീട് മഞ്ഞു വീണാൽ പിന്നെ ഒന്നും നടക്കില്ല. ശ്രീനഗറിലെ പ്രശ്നങ്ങൾ സംബന്ധിച്ച ചോദ്യത്തിന് ഒറ്റ വാചകത്തിൽ അലി മറുപടി നൽകി – ഹം ഹിന്ദുസ്ഥാനി ഹൈ (ഞാൻ ഇന്ത്യക്കാരനാണ്).

ദ്രാസ് എന്ന മനോഹര തീരം

കാർഗിൽ ബാറ്റിൽ സ്കൂളിൽ പട്ടാളക്കാർ യോഗ പരിശീലനത്തിൽ. കാർഗിൽ ബാറ്റിൽ സ്കൂളിൽ പട്ടാളക്കാർ യോഗ പരിശീലനത്തിൽ.


യുദ്ധത്തിനു മുൻപ് ദ്രാസ് ഒരു ഗ്രാമമായിരുന്നു. രണ്ടു മാസം പിന്നിട്ട യുദ്ധം ദ്രാസിന് ഒരു പട്ടണത്തിന്റെ പരിവേഷം നൽകി. ലോകത്തിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള രണ്ടാമത്തെ സ്ഥലമെന്ന പ്രത്യേകത ദ്രാസിനും പട്ടണത്തിനു കാവലൊരുക്കുന്ന മലനിരകൾക്കും സ്വന്തം. തണുപ്പ് ഏറ്റവും കൂടുതലുള്ള സ്ഥലം സൈബീരിയയാണ്. വർഷത്തിൽ ആറു മാസത്തെ ജീവിതമാണ് ദ്രാസിലെ ജനങ്ങൾക്കുള്ളത്. അവശേഷിക്കുന്ന ആറു മാസം കൊടുംശൈത്യത്തിൽ അവരുറങ്ങും. ഒക്ടോബർ മുതൽ മാർച്ച് വരെ ഹിമപാതത്തിൽ വെള്ളുപ്പിന്റെ ബ്ലാങ്കെറ്റിലാണ് ദ്രാസ് ഉറങ്ങുന്നത്. ശൈത്യകാലത്ത് മൂന്നു മുതൽ ഏഴ് അടി വരെ മഞ്ഞുവീഴും. ഒരുവശത്തു ദേശീയപാത ഒന്ന്, മറുവശത്ത് ദ്രാസ് നദിയും.

തണുപ്പു കാലത്ത് ഐസ് സ്കേറ്റിങ്ങും അമ്പെയ്ത്തുമാണ് ഇന്നാട്ടുകാരുടെ വിനോദം. പോളോയാണ് മറ്റൊരു കായിക വിനോദം. കുതിരപ്പുറത്തേറിയുള്ള പോളോ മൽസരങ്ങൾ ലാഡാക്ക് മേഖലയിലെ ഗ്രാമങ്ങൾ തമ്മിലാണ്. മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഒരു പോളോ മൈതാനമുണ്ട്. ജനങ്ങൾ തമ്മിലുള്ള ഐക്യമാണ് ഗ്രാമങ്ങളുടെ പ്രത്യേകത. മലയിടിച്ചിലിനെയും മഞ്ഞുവീഴ്ചയെയും നേരിടാൻ ഗ്രാമവാസികളുടെ ഐക്യം അനിവാര്യമെന്നു പണ്ടുള്ളവർ പഠിപ്പിച്ചത് ഇപ്പോഴും പാലിക്കുന്നു.

ദ്രാസിലെ പോളോ മൈതാനത്തിന് ഒരു മലയാളിയുടെ പേരാണ് – വിശ്വനാഥൻ പോളോ ഗ്രൗണ്ട്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു വിശ്വനാഥൻ.

ദ്രാസിന്റെ ഹൃദയത്തിൽ നിന്നു കാണാം ടൈഗർ ഹില്ലിന്റെ മനോഹര ദൃശ്യം. പതിനേഴു വർഷം മുൻപ് പാക്ക് സൈന്യം നുഴഞ്ഞു കയറിയ ഇന്ത്യൻ പർവതങ്ങളിലൊന്ന്. പർവതത്തിന് അപ്പുറം ഇന്ത്യ–പാക്ക് അതിർത്തി. ടൈഗർ ഹില്ലിന് അടുത്തുള്ള ഇന്ത്യയുടെ നിരീക്ഷണ പോസ്റ്റ് – സാൻഡ പോസ്റ്റ് – ഏകദേശം 14500 അടി ഉയരത്തിൽ. ദ്രാസിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ പോസ്റ്റ്, തൊട്ടടുത്ത് ഒഴുക്കുന്ന സാൻഡ തോടിന്റെ പേരിലാണ് ഈ പർവതം. മഞ്ഞു വീഴ്ചയിലും കോടക്കാറ്റിലും പ്രതികൂല കാലാവസ്ഥയിലും ഇരുരാജ്യങ്ങളുടെയും സൈനികൾ മുഖാമുഖം നോക്കിയിരിക്കും, രാജ്യങ്ങളുടെ സുരക്ഷയ്ക്കായി.

ബോഫോഴ്സ് ടാങ്ക് ബോഫോഴ്സ് ടാങ്ക്

ദ്രാസിൽ നിന്നു കാർഗിലിലേക്കുള്ള വഴിയിലാണ് കാർഗിൽ യുദ്ധ സ്മാരകം, വീരമൃത്യു വരിച്ച ധീരയോദ്ധാക്കളുടെ സ്മരണ ഉറങ്ങുന്നതിവിടെയാണ്. ഗൂർഖ റജിമെന്റിലെ വിശാൽ ഛേത്രിയാണ് യുദ്ധ സ്മാരകത്തിലെ വിവരങ്ങൾ നൽകുന്നത്. യുദ്ധത്തിന്റെ ചരിത്രം, രക്തസാക്ഷികൾ, ഇന്ത്യയുടെ വിജയം, രക്തസാക്ഷികൾക്കു ലഭിച്ച പുരസ്കാരങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം 10 മിനിറ്റിൽ പങ്കുവയ്ക്കും. വിശാലിന്റെ പിന്നിലാണ് ടൈഗർ ഹില്ലും ടോളോലിങ് പർവത നിരയും.

കാർഗിൽ ബാറ്റിൽ സ്കൂൾ


ദ്രാസിൽ നിന്നു ശ്രീനഗറിലേക്കുള്ള യാത്രയിലാണ് കാർഗിൽ ബാറ്റിൽ സ്കൂൾ. യുദ്ധത്തിനു ശേഷമാണ് സേന ലഡാക് മേഖലയിലേക്കു നിയോഗിക്കപ്പെട്ടവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്ന സ്കൂൾ തുടങ്ങിയത്. നാലു ചുവരുകളുടെ സ്കൂളല്ലിത്. പർവതാരോഹണവും നദി മുറിച്ചു കടക്കുന്നതും പാറകളിലൂടെ അള്ളിപ്പിടിച്ചു കയറുന്നതും നാലാഴ്ചത്തെ പരിശീലനത്തിന്റെ ഭാഗമായി ഈ സ്കൂളിൽ പഠിപ്പിക്കും. യോഗ പരിശീലനവും ഇവിടെ നിർബന്ധമാണ്.

മദ്രാസ് റെജിമെന്റാണ് ബാറ്റിൽ സ്കൂളിന്റെ മേൽനോട്ടം. ബട്ടാലിക്, ദ്രാസ് തുടങ്ങിയ ഇന്ത്യൻ അതിർത്തിയിൽ നിയമിക്കുന്ന ജവന്മാർക്കു പരിശീലനം നൽകും. തോക്കും മറ്റ് ആയുധങ്ങളും വഹിച്ച് പർവതം കയറിയുള്ള നിരീക്ഷണത്തിനു ജവാന്മാരെ പരിശീലിപ്പിക്കും. തമിഴ്നാട് സ്വദേശി സുബേദാർ ഡി.എൻ. പ്രസാദാണ് പരിശീലകരിൽ ഒരാൾ. ആയുധങ്ങളടക്കം ഏകദേശം 25 കിലോഗ്രാം ഭാരം വഹിച്ചു വേണം ഓരോ ജവാനും മലകയറുന്നത്. ഭക്ഷണത്തിനായി ഉണക്കപഴങ്ങൾ കൈയിൽ കരുതും.

ബോഫോഴ്സും ധനുഷും


മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഏറെ പേരുദോഷം കേട്ട ബോഫോഴ്സ് ടാങ്കുകളാണ് കാർഗിൽ യുദ്ധത്തിൽ സേനയെ സഹായിച്ചത്. ഏകദേശം രണ്ടര ലക്ഷം ഷെല്ലുകൾ കാർഗിൽ യുദ്ധത്തിന് ഉപയോഗിച്ചതായാണു കണക്ക്. ധനുഷ് എന്ന ഇന്ത്യൻ നിർമിത ആയുധം അടുത്ത വർഷം സ്വന്തമാകുമെന്ന് ആർട്ടിലറി റെജിമെന്റിന്റെ ഭാഗമായ കേണൽ എസ്.എൻ.എസ്. ചൗഹാൻ പറഞ്ഞു. എങ്കിലും ബോഫോഴ്സിനെ ഉപേക്ഷിക്കില്ല. ദൂരപരിധി ഉൾപ്പെടെയുള്ള ചില പ്രത്യേകതകൾ ധനുഷിനുണ്ട്, പരീക്ഷിച്ചറിഞ്ഞ ബോഫോഴ്സ്, ‌സേനയുടെ ഭാഗമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ദ്രാസിന് മുകളിലുള്ള ലമോചന്ദ് വ്യൂപോയിന്റിൽ നിന്നായിരുന്നു ടൈഗർ ഹില്ലിലേക്കു ബോഫോഴ്സ് നിറയൊഴിച്ചത്. യുദ്ധത്തിനു മുൻപ് ടൈഗർ ഹില്ലിന് സമുദ്ര നിരപ്പിൽ നിന്ന് 17500 അടി ഉയരമുണ്ടായിരുന്നെന്ന് നാട്ടുകാരുടെ ഭാഷ്യം. ശത്രു സൈന്യത്തെ തുരത്താനുള്ള ശ്രമത്തിൽ ബോഫോഴ്സിന്റെ ഷെല്ലുകൾ പർവതത്തിന്റെ ഉയരം കുറച്ചതായി നാട്ടുകാരനായ ബഷീർ അലി പറഞ്ഞു.

മേജർ രവിയുടെ കുരുക്ഷേത്രം


കാർഗിലിലെ ജനങ്ങൾക്ക് മലയാള സിനിമയോടു കടപ്പാടുണ്ട്. മേജർ രവി നിർമിച്ച മോഹൻലാൽ ചിത്രം കുരുക്ഷേത്ര ഈ മേഖലയിലാണ് ചിത്രീകരിച്ചത്. കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ടുള്ള ചിത്രം യുദ്ധ ഭൂമിയിൽ തന്നെയാണ് ചിത്രീകരിച്ചതെന്ന പ്രത്യേകതയും കുരുക്ഷേത്രയ്ക്കുണ്ട്. പ്രദേശിക മാധ്യമ പ്രവർത്തകനായ ബർഷദ് ഉൾപ്പെടെയുള്ള നാട്ടുകാർ ഈ ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളായിരുന്നു. മലയാളത്തിൽ എങ്കിലും തങ്ങളുടെ നാട്ടിൽ ഒരു സിനിമ ഷൂട്ടിങ് കാണാനുള്ള സൗകര്യം ലഭിച്ചെന്നു ബർഷദ് പറഞ്ഞു.

ലേയിലേക്കുള്ള മടക്കവും സയീദ് അലിയുടെ ജീപ്പിലായിരുന്നു. യുദ്ധത്തിനു ശേഷമുള്ള ലഡാക് മേഖലയെ കുറിച്ചായിരുന്നു വാതോരാതെ സംസാരിച്ചത്. കാവലിനു പട്ടാളമുണ്ട്. ദേശീയപാത ഒന്ന് ബോർഡർ റോഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ തീർത്തു നന്നാക്കി എടുക്കുന്നു. സ്ഥിരമായി പട്ടാളം പട്ടണത്തിൽ എത്തിയതോടെ നാടും റോഡും വികസിച്ചു, ആശവിനിമയ സൗകര്യങ്ങളും വികസിച്ചു.

യാത്ര പറഞ്ഞു പിരിയുമ്പോൾ അലി പറഞ്ഞതിങ്ങനെ: ഞങ്ങൾക്കു സ്വപ്നങ്ങളൊന്നുമില്ല സാർ. മറ്റൊരു ലോകം ഞങ്ങൾക്ക് പറ്റില്ല. ഇന്ത്യയിലെ തന്നെ മറ്റൊരു സ്ഥലത്തും ഞങ്ങൾക്കു താമസിക്കാനും കഴിയില്ല. ഞങ്ങളെ ഇവിടെ ജീവിക്കാൻ അനുവദിക്കൂ.

കാർഗിൽ വിജയ ദിവസ വാർഷികത്തിൽ ലഫ്. ജനറൽ ഹൂഡയുടെ വാക്കുകളാണ് അലിക്കും മറ്റുള്ളവർക്കുമുള്ള ഉറപ്പ്.