Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതിചിന്തയ്ക്കുപരിയായി ഗുരുദർശനം

sree-narayana-guru

അദ്വൈതാശ്രമത്തിൽ എല്ലാവരും ഒരുമിച്ചിരുന്നാണു ഭക്ഷണം കഴിച്ചിരുന്നത്. ഒരുദിവസം ഉച്ചഭക്ഷണത്തിനിരുന്നപ്പോൾ ശ്രീനാരായണ ഗുരു പ്രത്യേകമായി ഒരു അധ്യാപകനെ തന്റെ അടുത്തിരുത്തി. സംസ്കൃത സ്കൂളിലെ അധ്യാപകന്റെ പേര് കുറ്റിപ്പുഴ കൃഷ്ണപിള്ള. ഊണു കഴിച്ചുകൊണ്ടിരുന്നപ്പോൾ ആ അധ്യാപകനോട് ഗുരു ചോദിച്ചു: ‘പോയോ?’ കാര്യമെന്തെന്നു മനസ്സിലാകാതെ, തന്റെ മുഖത്തു നോക്കിയിരുന്ന ആ അധ്യാപകനോടു ഗുരു വീണ്ടും ചോദിച്ചു: ‘പൂർണമായും പോയോ?’ അധ്യാപകനു കാര്യം പിടികിട്ടി.

അദ്ദേഹം വിനയപൂർവം പറഞ്ഞു: ‘പോയി സ്വാമീ, പൂർണമായും പോയി.’ ഊണുകഴിക്കുന്ന പന്തിയിൽ പുലയ-പറയ ജാതിയുൾപ്പെടെ എല്ലാ ജാതിയിൽപ്പെട്ടവരും ഉണ്ടായിരുന്നു. ജാതിവികാരമുള്ളവർ, പ്രത്യേകിച്ച് ഉയർന്നതെന്നു കരുതപ്പെടുന്ന ജാതിയിലുള്ളവർ, ആ പന്തിയിൽ പങ്കെടുക്കുകയില്ല. പങ്കെടുത്താൽ തന്നെയും ജാതിവികാരത്തിന്റെ അസ്വസ്ഥത അവരനുഭവിക്കാതിരിക്കയില്ല. ഗുരുവിന്റെ നേർക്കുള്ള ഭക്തിമൂലം മാത്രമാണ് അക്കൂട്ടർ ആ പന്തിയിലിരിക്കുക.

ജാതിവികാരം പൂർണമായും പോയോ എന്നാണു കുറ്റിപ്പുഴയോടു ചോദിച്ച ചോദ്യത്തിന്റെ അർഥം. അന്ന് അദ്ദേഹം യുക്തിവാദിയായി വളർന്നിരുന്നില്ല. ശ്രീനാരായണ ഗുരുവുമായുള്ള സമ്പർക്കം അദ്ദേഹത്തെ ജാതിവികാരം തീണ്ടാത്ത മനുഷ്യനാക്കി ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. അദ്വൈതാശ്രമം ആലുവയിൽ സ്ഥാപിച്ചപ്പോൾ, ഗുരുദേവൻ നിർദേശിച്ചതനുസരിച്ച് ഒരു വിജ്ഞാപനം അവിടെ എഴുതിവച്ചിരുന്നു. അതെന്തെന്നു നോക്കൂ: ‘ഓം തത് സത്.

ഈ മഠത്തിലെ അഭിപ്രായം മനുഷ്യർക്ക് ഒരു ജാതിയും ഒരു മതവും ഒരു ദൈവവും അല്ലാതെ ഓരോരുത്തർക്കും വെവ്വേറെ ജാതിയും മതവും ദൈവവും ഇല്ലെന്നാകുന്നു.’

കർമകാണ്ഡത്തിലേക്കു പ്രവേശിച്ച കാലം മുതൽ ഈ തത്വം ഗുരുദേവൻ ഉദ്ബോധിപ്പിച്ചുപോന്നു. അതു സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി അനവരതം പരിശ്രമിക്കുകയും ചെയ്തു. എങ്കിലും, വിദൂര ഭൂതകാലത്തിൽ വേരൂന്നിയിട്ടുള്ള ജാതിവികാരം മനുഷ്യരിൽ നിന്നൊഴിപ്പിക്കുക എളുപ്പമുള്ള കാര്യമാണോ? ഗുരുദേവനു ജന്മംനൽകിയ സമുദായത്തിലുള്ളവർ തന്നെ ജാതിവികാരത്തിനടിമകളായി സങ്കുചിതബുദ്ധിയോടെ പ്രവർത്തിക്കുന്ന രംഗങ്ങൾ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരുന്നു.

താണതെന്നു കരുതപ്പെടുന്ന ജാതിക്കാരെ അവർ അയിത്തം കൽപിച്ച് അകറ്റിനിർത്തി. തങ്ങളുടെ ക്ഷേത്രങ്ങളിൽ അവർക്കു പ്രവേശനം നൽകാൻ വിസമ്മതിച്ചു. അന്യസമുദായങ്ങളുടെ നേർക്കു സ്പർധ കാട്ടുകയും ചെയ്തു. ഈഴവനെന്ന ജാതിബോധം അവരുടെ വീക്ഷണത്തെ വികൃതമാക്കിത്തീർത്തു എന്നു സാരം. എന്തിനധികം? ഗുരുദേവനെ പോലും ഈഴവനായി കാണുന്ന വീക്ഷണത്തിലേക്ക് അവർ ചുരുങ്ങി.

ആ സാഹചര്യത്തിലാണ് 1916ൽ ഗുരുദേവൻ താഴെ കാണുന്ന ‘വിളംബരം’ പ്രസിദ്ധപ്പെടുത്തിയത്. ‘പ്രബുദ്ധകേരളം’ എന്ന മാസികയിൽ. (ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മുഖപത്രമാണത്.)

‘നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എങ്കിലും ചില പ്രത്യേക വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും, അതു ഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവർഗത്തിൽ നിന്നും മേൽപ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യസംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലിൽ ചേർക്കയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.’

ഗുരുദേവന്റെ ഈ വിളംബരം ഇന്നു പ്രത്യേകമായ പ്രാധാന്യം അർഹിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ സ്പർധ വളർത്തി, അന്തരീക്ഷത്തെ മതവിദ്വേഷത്തിന്റെ വിഷാണുക്കളാൽ മലിനമാക്കാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതു മൂലം നമ്മുടെ മൂല്യങ്ങളും ചിരപുരാതന സംസ്കാരവും അപകടത്തിലാകാൻ തുടങ്ങുന്ന ഈ ഘട്ടത്തിൽ ഗുരുദേവ സന്ദേശം വിശുദ്ധമായ അഭയകേന്ദ്രമായി ഏവരെയും ആകർഷിക്കുന്നു. ഇപ്രകാരമൊരു സന്ദർഭത്തിൽ ഈ വിളംബരത്തിന്റെ നേർക്കു മനുഷ്യസ്നേഹികൾ ശുഭപ്രതീക്ഷയോടെ തിരിയേണ്ടതാകുന്നു.

ശ്രീനാരായണ ധർമത്തിന്റെ പേരിൽ നടക്കുന്ന സമുദായ വിദ്വേഷപ്രവർത്തനങ്ങളും പ്രസംഗങ്ങളും ഗുരുനിന്ദയാണെന്ന് ആദർശസ്നേഹികൾ തിരിച്ചറിയണം. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നാണു ശ്രീനാരായണ ഗുരു ആവർത്തിച്ചുപദേശിച്ചത്. ലോകോത്തരമായ ആ ഉപദേശം ‘മനുഷ്യൻ എത്ര ചീത്തയായാലും നമ്മുടെ സമുദായക്കാരനായാൽ മതി’ എന്നു പ്രവർത്തനങ്ങളിലൂടെ തലകീഴാക്കി മാറ്റാൻ തുനിയുന്ന നിക്ഷിപ്ത താൽപര്യക്കാർക്കെതിരെ ജാഗ്രത പാലിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Your Rating: