Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴ്ത്തപ്പെട്ട വിശുദ്ധി

VATICAN-POPE-THERESA

മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ശുശ്രൂഷകൾ വത്തിക്കാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത മലയാള മനോരമ പ്രതിനിധി റോമി മാത്യു ആ ഓർമകൾ പങ്കുവയ്ക്കുന്നു...

നന്മയുടെ കുളിരു പരക്കുന്ന വത്തിക്കാനിലെ പ്രഭാതം. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽ വസിക്കുന്ന പ്രാവുകൾ മാത്രം ഉണർന്ന നേരം. വിശുദ്ധി വാഴ്ത്തപ്പെടുന്ന ദിനം. 2003 ഒക്ടോബർ 19.

7.30നു കവാടം തുറക്കും. മൂന്നു മണിക്കൂർ കൂടി ബാക്കി. കൊടുംതണുപ്പ് വകവയ്ക്കാതെ എത്തിയവർ പിന്നിലായി ഇടംപിടിച്ചു തുടങ്ങി. ജീവിക്കുന്ന വിശുദ്ധ സ്വന്തമെന്ന് അഭിമാനിക്കുന്നവർ. മദറിന്റെ രാജ്യമായ അൽബേനിയയിൽ നിന്നുള്ളവരും സെർബിയക്കാരും മാസിഡോണിയക്കാരും. പിന്നെ, ത്രിവർണപതാകയുമായി ഇന്ത്യക്കാരും; പൗരത്വംകൊണ്ട് താൻ ഇന്ത്യക്കാരിയാണെന്ന് മദർ പറഞ്ഞിരുന്നുവെന്ന അഭിമാനത്തോടെ.

മദറിനൊപ്പം ബ്രദേഴ്സ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സ്ഥാപിച്ച ഫാ. സെബാസ്റ്റ്യൻ വാഴക്കാലയുടെ സഹോദരപുത്രി കണ്ണൂർ കൂട്ടുപുഴ മിനി എത്തിയത് ചക്രക്കസേരയിലാണ്. അംഗപരിമിതരും രോഗികളും അഗതികളുമായ രണ്ടായിരം പേർക്ക് ശുശ്രൂഷകളിൽ പ്രത്യേക സ്ഥാനവും ഇരിപ്പിടവും നൽകിയിരുന്നു. ഇവരിൽ ഒരാളായിരുന്നു മിനി. വീടിന്റെ ടെറസിൽ നിന്നു വീണാണ് മിനിയുടെ ഇരുകാലുകളും തളർന്നത് (അന്ന് ഡൽഹിയിൽ നിന്ന് വത്തിക്കാനിലെത്തിയ മിനി ഇപ്പോഴും റോമിലുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു).

mother-theresa-image-03 മദർ തെരേസയുടെ തിരുശേഷിപ്പുമായി ബ്രദർ യേശുദാസ്. സിസ്റ്റർ നിർമല, ജോൺ പോൾ രണ്ടാമൻ മാർപാപ്പ എന്നിവർ സമീപം

കാത്തിരിപ്പ് തുടർന്നു. പാപ്പാ മൊബീലിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അനുഗ്രഹവർഷവുമായി എത്തുന്നതുവരെ. പിന്നാലെ ഘോഷയാത്ര. നയിക്കുന്നത് സിസ്റ്റർ നിർമലയും നല്ല മലയാളിലക്ഷണമുള്ള കാഷായ വസ്ത്രധാരിയും. അദ്ദേഹം ചന്ദനത്തിൽ തീർത്ത തിരുഹൃദയശിൽപം ഹൃദയത്തോടു ചേർത്തുപിടിച്ചിട്ടുണ്ട്.

ചിത്രങ്ങളെടുത്തു, പരിചയപ്പെട്ടു. ബ്രദേഴ്സ് ഓഫ് ചാരിറ്റി സുപ്പീരിയർ ജനറൽ ആലപ്പുഴ ചമ്പക്കുളം സ്വദേശി ബ്രദർ യേശുദാസ് മണ്ണൂപ്പറമ്പിലിനാണ് മദർ തെരേസയുടെ തിരുശേഷിപ്പടങ്ങിയ, ചന്ദനത്തിൽ തീർത്ത തിരുഹൃദയശിൽപം അൾത്താരയിലേക്ക് വഹിക്കാൻ ഭാഗ്യമുണ്ടായത്. മദറിന്റെ രക്തം പുരണ്ട വസ്ത്രമായ തിരുശേഷിപ്പും മരത്തിൽ തീർത്ത ജപമാലയും മദർ തെരേസയും ജോൺപോൾ രണ്ടാമൻ മാർപാപ്പയും ഒപ്പം നിൽക്കുന്ന ചിത്രവും ബ്രദർ അൾത്താരയിൽ സമർപ്പിച്ചു.

ശുശ്രൂഷകൾ തുടങ്ങി. വിശ്വാസികൾ കാത്തിരുന്ന നിമിഷം വന്നു. ‘നമ്മുടെ സഹോദരൻ കൊൽക്കത്തയിലെ ആർച്ച് ബിഷപ് ലൂക്കാസ് സർക്കാറിന്റെയും വിശ്വാസികളുടെയും വിശുദ്ധരുടെയും സമൂഹത്തിന്റെയും ആഗ്രഹങ്ങൾക്കനുസൃതമായി അപ്പസ്തോലികമായ അധികാരം ഉപയോഗിച്ച് ഇനി മുതൽ കൊൽക്കത്തയിലെ മദർ തെരേസയെ വാഴ്‍ത്തപ്പെട്ടവളായി വിളിക്കാമെന്ന് പ്രഖ്യാപിക്കുന്നു' - മാർപാപ്പയുടെ ഈ വാക്കുകളോടെ ജീവിക്കുന്ന വിശുദ്ധ വിണ്ണിലെ വാഴ്ത്തപ്പെട്ടവളായി. ഇതിനുള്ള അപേക്ഷ വിശുദ്ധജനത്തിന്റെ പക്കൽ നിന്നു വരണമെന്നാണ് സഭയുടെ നിയമം. ഇതാണ് കൊൽക്കത്ത ആർച്ച് ബിഷപ്പിന്റെ അപേക്ഷപ്രകാരമാണ് അനുവാദമെന്നത് കൽപനയിലുണ്ടാവാൻ കാരണം. വിശുദ്ധ പ്രഖ്യാപനവേളയിൽ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അധ്യക്ഷനാണ് ഈ അഭ്യർഥന നടത്തുക.

mini-03-09 വത്തിക്കാനിൽ മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിനിടെ മിനി

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതോടെ മദർ തെരേസയെ അൾത്താരകളിൽ വണങ്ങാനും രൂപങ്ങൾ സ്ഥാപിക്കാനും തിരുനാളുകൾ ആഘോഷിക്കാനും വിശ്വാസികൾക്ക് അവകാശം ലഭിച്ചു. മദറുമായി നേരിട്ട് ബന്ധമുള്ള ഇടങ്ങൾക്കു മാത്രം ലഭിക്കുന്ന ഈ അവസരത്തിന് വിശുദ്ധ പ്രഖ്യാപനത്തോടെ സാർവത്രിക അംഗീകാരമാവും.

വിവിധ സംസ്കാരങ്ങളുടെയും ആചാര രീതികളുടെയും സംഗമമായിരുന്നു ശുശ്രൂഷകൾ. തമിഴും ബംഗാളിയും അടക്കമുള്ള ഭാഷകളിൽ പ്രാർഥനകളുണ്ടായിരുന്നു. സാരി ധരിച്ച വനിതകൾ ആരതിയും പുഷ്പാഞ്ജലിയും അർപ്പിച്ചു. മൂന്നരലക്ഷം പേരാണ് ചത്വരത്തിൽ തിങ്ങിനിറഞ്ഞത്.

‘എന്നെ ഈ ചടങ്ങുകൾ ഏറെ സ്പർശിച്ചു. ഏറെ ലളിതവും ആർദ്രവുമായ നിമിഷങ്ങൾ’– ശുശ്രൂഷകൾക്കു തൊട്ടുപിന്നാലെ കണ്ടപ്പോൾ മദറിന്റെ പിൻഗാമി സിസ്റ്റർ നിർമല പറഞ്ഞ വാക്കുകളാണിവ. ‘മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള യാത്രയാണിനി’ - തന്നെ പൊതിഞ്ഞ രോഗികൾക്കും അഗതികൾക്കും ഒപ്പം നിന്നാണ് സിസ്റ്റർ നിർമല ഇതു പറഞ്ഞത്. ആ യാത്ര ഇന്ന് അവസാനിക്കുകയാണ്. മണ്ണിലെ വിശുദ്ധ ഇനി വിണ്ണിലും വിശുദ്ധ.

Your Rating: