Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീതം, വെളിച്ചം

BLIND-TEACHER-NIZAR നിസാർ തൊടുപുഴ ശിഷ്യയോടൊപ്പം.

മങ്കട കേരള സ്കൂൾ ഫോർ ദ് ബ്ലൈൻഡിൽ അധ്യാപകനായ നിസാറിന് സംഗീതമാണു വെളിച്ചം. കേരളമാകെ ശിഷ്യന്മാരുള്ള ഈ അധ്യാപകൻ ആ വെളിച്ചത്തിൽ അവരെ നയിക്കുന്നു...

സംഗീതമാണ് ഈ കണ്ണിലെ വെളിച്ചം. തലയോലപ്പറമ്പ് അസീസി മൗണ്ട് സ്കൂളിലെ സംഗീത അധ്യാപിക ഏലിയാമ്മ വർഷങ്ങൾക്കു മുൻപ് പകർന്നുനൽകിയ വെളിച്ചം നിസാർ തൊടുപുഴ എന്ന സംഗീത അധ്യാപകനെ ഇരുട്ടിൽത്തട്ടിവീഴാതെ വെളിച്ചത്തിലൂടെ നയിക്കുന്നു. മലപ്പുറം ജില്ലയിലെ മങ്കട കേരള സ്കൂൾ ഫോർ ദ് ബ്ലൈൻഡിൽ അധ്യാപകനായ നിസാറിന് ഇന്ന് കേരളമാകെ ശിഷ്യന്മാരാണ്.

സംഗീതം എന്ന നൂലിൽ കോർത്തുകൊണ്ട് ഈ അധ്യാപകൻ അവരെയെല്ലാം കൂടെ കൊണ്ടുനടക്കുന്നു. തൊടുപുഴ വെങ്ങല്ലൂർ മാപ്പിളശേരിയിൽ ഇസ്മായിൽ–സഫിയ ദമ്പതികളുടെ മൂത്തമകനായ നിസാർ പിറന്നുവീണത് ഇരുട്ടുനിറഞ്ഞ ലോകത്തിലേക്കാണ്. പക്ഷേ, തലയോലപ്പറമ്പിലെ അസീസി മൗണ്ട് സ്കൂളിൽ ചേർന്നതോടെ നിസാർ കാഴ്ചയില്ലായ്മ എന്ന പ്രശ്നം മറന്നു. കാരണം സഹപാഠികളെല്ലാം തുല്യദുഃഖിതരാണ്.

കാഴ്ചയില്ലാതെപോയതിന്റെ സങ്കടം അവരാരും പങ്കുവച്ചിരുന്നില്ല. എല്ലാവരും പരസ്പരം സഹായിച്ചുകൊണ്ട് ഒന്നിച്ചു മുന്നേറി. നിസാറിൽ ഒരു പാട്ടുകാരനുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് ഏലിയാമ്മ ടീച്ചറാണ്. സപ്തസ്വരം മുതൽ ടീച്ചർ പഠിപ്പിച്ചു തുടങ്ങി. ഹാർമോണിയം പഠിപ്പിക്കാൻ സേവ്യർ മാഷും. ജീവിതത്തിലൊരു വെളിച്ചം വന്നത് ആ നാളുകളിലായിരുന്നെന്ന് നിസാർ ഓർക്കുന്നു.

സംഗീതംകൊണ്ടുതന്നെ നിനക്കു ജീവിക്കാൻ കഴിയുമെന്ന് ഗുരുക്കന്മാർ അനുഗ്രഹിച്ചു. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പ്രഫഷനൽ ട്രൂപ്പുകാർക്കൊപ്പം പാടാൻ പോകാൻ തുടങ്ങി. കണ്ണുകാണാത്ത കുട്ടിയെന്നൊക്കെയായിരുന്നു നിസാർ പാടാനായി മൈക്കിനു മുന്നിലെത്തുമ്പോൾ പിന്നണിയിൽ നിന്ന് അനൗൺസ് ചെയ്തിരുന്നത്. ആദ്യകാലത്ത് അത് ഏറെ വിഷമമുണ്ടാക്കിയെങ്കിലും പാട്ടു നന്നായിരുന്നെന്ന് ആളുകൾ വന്ന് അഭിനന്ദിക്കുമ്പോൾ എല്ലാ വേദനയും അതിൽ അലിഞ്ഞില്ലാതാകും.

അസീസിയിൽ നിന്നു കുടമാളൂർ ഗവ. ഹൈസ്കൂളിൽ ചേർന്നു. മാവേലിക്കര എൽ. പൊന്നമ്മാൾ ആയിരുന്നു അവിടെ സംഗീതം പഠിപ്പിച്ചിരുന്നത്. ശാസ്ത്രീയ സംഗീതത്തിൽ താൽപര്യം വന്നത് ഹൈസ്കൂളിൽ നിന്നായിരുന്നു. ചിറ്റൂർ ഗവ. കോളജിലായിരുന്നു തുടർപഠനം. പ്രീഡിഗ്രി മുതൽ ബിരുദാനന്തര ബിരുദം വരെ അവിടെ. എംഎ മ്യൂസിക് എടുത്തത് സംഗീതത്തോടുള്ള താൽപര്യംകൊണ്ടുതന്നെ.

പെട്ടെന്നുതന്നെ അഷ്ടമൻപിള്ള എന്ന സംഗീത അധ്യാപകന്റെ ഇഷ്ടശിഷ്യനായി. അദ്ദേഹവും കണ്ണിൽ ഇരുട്ടുനിറഞ്ഞാണു ജനിച്ചത്. കാഴ്ചയില്ലായ്മയല്ല അവരെ തമ്മിൽ അടുപ്പിച്ചത്; സംഗീതത്തോടുള്ള അദമ്യമായ ആഗ്രഹമായിരുന്നു. ചിറ്റൂരിൽ പഠിക്കുന്ന സമയത്ത് രണ്ടുതവണ കാലിക്കറ്റ് സർവകലാശാലാ കലോത്സവത്തിൽ കലാപ്രതിഭയായി. പഠനം കഴിഞ്ഞിറങ്ങി ആറുമാസത്തിനു ശേഷം മലപ്പുറം ജില്ലയിലെ മങ്കട കേരള സ്കൂൾ ഫോർ ദ് ബ്ലൈൻഡിൽ അധ്യാപകനായി ജോലി ലഭിച്ചു.

ബ്ലൈൻഡ് സ്കൂളിലെ മതിൽക്കെട്ടിൽ മാത്രം ഒതുങ്ങാൻ നിസാർ താൽപര്യപ്പെട്ടില്ല. നന്നായി പാടുന്ന ഒട്ടേറെ പേർ തന്നെപ്പോലെ ശാരീരിക വെല്ലുവിളി നേരിടുന്നതിനാൽ ജീവിതത്തിൽ പിന്നാക്കം നിൽക്കുന്നുണ്ടെന്ന് നിസാറിന് അറിയാമായിരുന്നു. അവർക്കും ഒരവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മഞ്ചേരി കേന്ദ്രമാക്കി ചാലഞ്ചേഴ്സ് വോയ്സ് എന്ന ട്രൂപ്പ് തുടങ്ങിയത്. പെട്ടെന്നുതന്നെ ട്രൂപ്പ് അറിയപ്പെട്ടു.

blind-school നിസാർ ശിഷ്യർക്കൊപ്പം.

സഹതാപം കൊണ്ടാണ് ആദ്യമൊക്കെ അവസരങ്ങൾ തേടിയെത്തിയിരുന്നത്. എന്നാൽ സ്വരം നന്നായിരുന്നതുകൊണ്ട് സഹതാപത്തിനു പകരം കഴിവുകൾ അംഗീകരിക്കപ്പെട്ടു. ഭിന്നശേഷിയുള്ളവരാണ് ട്രൂപ്പിൽ പാടുന്ന ആറുപേരും. എം.എസ്. ബാബുരാജ് സംഗീതം നൽകിയ പാട്ടുകൾ പാടിക്കൊണ്ടാണ് നിസാർ ഗാനമേള തുടങ്ങുക.

മലയാളം ചാനലുകളിൽ റിയാലിറ്റി ഷോകൾ അരങ്ങുതകർക്കാൻ തുടങ്ങിയതോടെ നിസാറിന്റെ ജീവിതത്തിൽ സംഗീതം പുതിയൊരു വഴി തുറന്നുകൊടുത്തു. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന കുട്ടികളെ പരിശീലിപ്പിക്കുക. ഇന്ന് മിക്ക ചാനലുകളിലും മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിൽ വിജയിക്കുന്നത് ഇദ്ദേഹം പഠിപ്പിക്കുന്ന കുട്ടികളാണ്. സംഗീതം അഭ്യസിക്കാനായി ധാരാളം വിദേശമലയാളികളുടെ കുട്ടികളും നിസാറിനെ തേടിയെത്തുന്നു.

മങ്കട കേരള സ്കൂൾ ഫോർ ദ് ബ്ലൈൻഡിലെ വിദ്യാർഥികളായ റിൻഷയും ഫാത്തിമ അൻഷിയും റിയാലിറ്റി ഷോകളിൽ സെമിഫൈനലിൽ വരെയെത്തി. സംസ്ഥാന ബ്ലൈൻഡ് സ്കൂൾ കലാമേളയിൽ മങ്കട സ്കൂൾ കിരീടം നിലനിർത്തുന്നതിൽ പ്രധാന പങ്ക് ഇദ്ദേഹത്തിന്റേതാണ്.
ഷറഫുന്നീസയാണ് ഭാര്യ. അമീർ, അമീൻ, അമൻ, അംന ഫാത്തിമ എന്നിവർ മക്കളാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.