Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിമാ വിലാസം

Author Details
റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ് റെഡീമർ പ്രതിമയ്ക്കു മുന്നിൽ നിന്ന് സെൽഫിയെടുക്കുന്ന യുവതി റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ് റെഡീമർ പ്രതിമയ്ക്കു മുന്നിൽ നിന്ന് സെൽഫിയെടുക്കുന്ന യുവതി

മരച്ചില്ലകളിൽ തട്ടി, മല കയറിവന്ന കാറ്റിനു കുളിരേറെയായിരുന്നു. കോച്ചിവിറയ്ക്കുന്ന സായാഹ്നത്തണു-പ്പിൽ സഞ്ചാരികളാരും അതറിയുന്നുണ്ടായിരുന്നില്ല. ലോകത്തെ നോക്കി കൈവിരിച്ചുനിൽക്കുന്ന ക്രൈസ്റ്റ് ദ് റെഡീമർ എന്ന ചരിത്രപ്രസിദ്ധമായ പ്രതിമയ്ക്കു മുന്നിൽ നെഞ്ചിലെ അണയാത്ത ആഹ്ലാദച്ചൂടിൽ മതിമറന്നു നിൽക്കുകയായിരുന്നു പലരും. യേശുക്രിസ്തുവിന്റെ വലിയ ശിൽപം സെൽഫിക്കൊപ്പം പെടുത്താൻ പാടുപെട്ടു കൈകൾ നീട്ടിപ്പിടിക്കുന്നവർ, നിലത്തുകിടന്നും ഒടിഞ്ഞുനിന്നും ശിൽപത്തെ പകർത്തുന്നവർ, കെട്ടിപ്പുണർന്നു നിൽക്കുന്ന യുവമിഥുനങ്ങൾ, മാറിയിരുന്നു കാഴ്ചകൾ കാണുന്നവർ, താഴെക്കാണുന്ന റിയോ നഗരത്തിന്റെ മായക്കാഴ്ചകൾ കണ്ട് കൺകുളിർക്കുന്നവർ... കാഴ്ചകൾ പലതുണ്ടായിരുന്നു കാണാൻ.

ക്രൈസ്റ്റ് ദ് റെഡീമർ കുന്നിനു മുകളിൽ നിന്നുള്ള കാഴ്ചയിൽ റിയോ നഗരം ക്രൈസ്റ്റ് ദ് റെഡീമർ കുന്നിനു മുകളിൽ നിന്നുള്ള കാഴ്ചയിൽ റിയോ നഗരം


 
ബ്രസീലിലെ റിയോ ഡി ജനീറോ എന്ന ഒളിംപിക് നഗരത്തിന്റെ കാവലാളായി നിൽക്കുന്ന ഈ ചരിത്രശിൽപത്തിനുമുന്നിൽ സർവം മറന്നുനിൽക്കുന്നവരുടെ എണ്ണം അനുനിമിഷം കൂടിക്കൊണ്ടിരുന്നു. രാജ്യങ്ങൾ പലതായിട്ടും നിറവും ഭാഷയും വിഭിന്നമായിട്ടും എല്ലാവരുടെയും കണ്ണുകളിലെ തിളക്കത്തിനൊറ്റഭാവമായിരുന്നു. അവരെല്ലാം ഉന്നതങ്ങളിലേക്കു കൺപാർത്തിരുന്നു.

അഞ്ചു വളയങ്ങളുടെ ഒളിംപിക് ചിഹ്നവുമായി ലോകത്തിനു മുന്നിൽ നിറഞ്ഞുനിൽക്കുന്ന റിയോ ഡി ജനീറോ എന്ന ഒളിംപിക് നഗരത്തിലെ കാഴ്ചവിസ്മയങ്ങൾ തിരയുന്ന സ‍ഞ്ചാരികളുടെ ആദ്യലക്ഷ്യം ക്രൈസ്റ്റ് ദ് റെഡീമർ പ്രതിമതന്നെയായിരുന്നു. ഒളിംപിക് വേദിയിൽ മൽസരിക്കാനെത്തിയ താരങ്ങൾ അടക്കമുള്ളവർ ചിത്രങ്ങളിൽ മാത്രം കണ്ടുശീലിച്ച ഈ രൂപത്തെ അദ്ഭുതം വിടർത്തിയ മിഴികളിൽ നിറച്ചുവച്ചു.

റിയോ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ജർമൻ കുന്ന് റിയോ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ജർമൻ കുന്ന്

1850ൽ തുടക്കമിട്ട ഒരാലോചനയുടെ പര്യവസാനമാണ് റിയോയെ നോക്കി കൈവിരിച്ചുനിൽക്കുന്ന ഈ രൂപം. ഏറ്റവുമുയരത്തിൽ, വലിയൊരു പ്രതിമ എന്ന ആദ്യ ആശയം ക്രമേണ മന്ദീഭവിച്ചെങ്കിലും 1920ൽ പ്രതിമയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ വീണ്ടും സജീവമായി. നിർമാണത്തിനുള്ള പണം കണ്ടെത്താനായി സ്മാരകവാരം പോലും ആചരിച്ചു. പലയിടത്തുനിന്നും ഒഴുകിയെത്തിയ പണം നിർമാണ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. 1931 ഒക്ടോബർ 12നു ശിൽപം നാടിനു സമർപ്പിക്കുമ്പോൾ ഇതിന്റെ ആദ്യ ആശയം രൂപപ്പെട്ടിട്ട് 81 വർഷം കഴിഞ്ഞിരുന്നു.

പിന്നീട് 2003ലും 2010ലും പ്രതിമയ്ക്ക് നവീകരണജോലികളും നടത്തി. പ്രതിമയ്ക്കു മുന്നിലെത്താൻ എസ്കലേറ്ററുകൾ സ്ഥാപിച്ചതോടെ സഞ്ചാരം അനായാസമായി. പ്രതിമ നിർമിക്കാനുപയോഗിച്ച അതേ ക്വാറിയിലെ 60,000 ശിലാപാളികൾ വീണ്ടുമെടുത്താണു 2010ൽ അറ്റകുറ്റപ്പണികൾ നടത്തിയത്. ബ്രസീൽ ലോകകപ്പ് ഫുട്ബോൾ കാലത്ത് ദേശീയപതാകയുടെ മഞ്ഞയും പച്ചയും കലർന്ന പ്രഭാവലയത്തിൽ പ്രതിമ അണിഞ്ഞൊരുങ്ങിയതു ലോകം ആഹ്ലാദത്തോടെ കണ്ടുനിന്നു.

ഈ ക്രിസ്തുരൂപത്തിന്റെ ഒരു കൈ ചൂണ്ടുന്നതു ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിന്റെ നേർക്കാണ്. അടിത്തറ അടക്കം 38 മീറ്ററാണ് ഉയരം. 13 നിലയുള്ള കെട്ടിടത്തിന്റെ പൊക്കം. പ്രതിമയ്ക്കുമാത്രമുണ്ട് 30 മീറ്റർ ഉയരം. വിരിച്ചുപിടിച്ചിരിക്കുന്ന ഇരുകൈകൾക്കുമിടെയുള്ള നീളം 28 മീറ്ററാണ്! പ്രതിമയുടെ ഉയരത്തിന്റെ അതേ നീളമാണു ചൂണ്ടുവിരലുകൾ തമ്മിലെന്നാണു പറയുന്നത്. പ്രതിമയുടെ പീഠഭാഗത്ത് ഒരു ചാപ്പൽ കൂടിയുണ്ട്.റിയോ നഗരഹൃദയത്തിൽനിന്ന് അൽപം മാറി ടിജുക ഫോറസ്റ്റ് ദേശീയപാർക്കിലാണു ക്രൈസ്റ്റ് ദ് റെഡീമർ പടർന്നുപന്തലിച്ചു നിൽക്കുന്നത്. 700 മീറ്ററോളം ഉയരമുള്ള കൊർകോവാദോ മലയുടെ തുഞ്ചത്താണ് പ്രതിമയുടെ സ്ഥാനം.

മനോഹരമായ യാത്രയാണ് ക്രൈസ്റ്റ് ദ് റെഡീമറിലേക്ക്. താഴെയുള്ള കോസ്മേ വെൽഹോ റെയിൽവേ സ്റ്റേഷനിൽനിന്നു മടക്കയാത്രയ്ക്കും പ്രതിമാസന്ദർശനത്തിനുമടക്കമുള്ള ടിക്കറ്റെടുക്കണം. 68 റിയാൽസാണ് (1400 രൂപയോളം) ഒരാൾക്കുള്ള ടിക്കറ്റിന്. രണ്ടര കിലോമീറ്റർ നീളമുള്ള പർവത റെയിൽപാത അതിസുന്ദരം; നമ്മുടെ നീലഗിരിപ്പാതപോലെ തന്നെ. ഇരുവശത്തും കാനനനിഗൂഢത. കാടിറങ്ങുന്ന അപൂർവജീവജാലങ്ങൾ. കയറ്റം കയറിപ്പോകുന്ന വണ്ടിക്കും ഇറങ്ങിവരുന്ന വണ്ടിക്കും വഴിമാറാനുള്ള ഇരട്ടപ്പാളങ്ങൾ ചിലയിടങ്ങളിൽ. മലകയറി പകുതിയാകുമ്പോഴേ താഴെ റിയോ നഗരത്തിന്റെ മായികസൗന്ദര്യം മരങ്ങൾക്കിടയിൽ തെളിഞ്ഞുതുടങ്ങും. മുകളിലെത്തുമ്പോൾ കാണാം തടസ്സങ്ങളേതുമില്ലാതെ റിയോയെ. കാലാവസ്ഥകൂടി അനുകൂലമായാൽ പറയുകയും വേണ്ട. റിയോയിലെ കടൽനീലയും ഒരു കാലിക്കോപ്പപോലെയുള്ള മാറക്കാന സ്റ്റേഡിയവും മനോഹരമായ പച്ചത്തുരുത്തുകളും യൂണിഫോമിട്ടതുപോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങളും... ഇവിടെനിന്നുള്ള കാഴ്ചയിൽ അതിസുന്ദരിയായൊരു അപ്സരസ്സായി മാറും റിയോ.

ലോകരാജ്യങ്ങളുടെ ഒരു സംഗമകേന്ദ്രമാണിവിടം. പല രാജ്യങ്ങളിൽ നിന്നും പല ഭൂഖണ്ഡങ്ങളിൽ നിന്നുമെത്തിയവർ പരസ്പരം പരിചയപ്പെടുന്നു. കുറ്റിപ്പുറം സ്വദേശി വി. ജ്യോതിഷ് എന്ന ഒളിംപിക് വൊളന്റിയറും മോസ്കോയിലെ അഭിഭാഷക സുന്ദരി സേനിയ പ്ലോങ്കോട്ട്ന്യുക്കും ചിലിയിൽനിന്നുള്ള പൗളിന എന്ന വിദ്യാർഥിനിയുമൊക്കെ ഒരേകണ്ണിലൂടെ പ്രതിമയെ നോക്കിനിൽക്കുന്നു.


തെക്കേ അമേരിക്കയിലേക്കു കന്നിക്കാൽവച്ചു കയറിവന്നതാണ് ഇക്കുറി ഒളിംപിക്സ്. കായികലോകത്തിനു മുന്നിലേക്ക് ബ്രസീൽ സമർപ്പിക്കുന്ന കൈനീട്ടം. ലോകകപ്പ് ഫുട്ബോളിന്റെ ആരവങ്ങൾക്കു വേദിയായ ഈ നാട് ഒളിംപിക്സിന്റെ ആവേശപ്പൂരത്തിലാണിപ്പോൾ. ഇനിയുള്ളതു കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടാണ്. ലോകം റിയോയിലേക്കു നോക്കിയിരിക്കുമ്പോൾ ലോകത്തെ നോക്കിനിൽക്കുകയാണ് ഈ പ്രതിമ.
മനോഹരമായ അസ്തമയദൃശ്യവും കണ്ടു മലയിറങ്ങുമ്പോൾ നെഞ്ച് പടപടാ മിടിക്കുന്നുണ്ട്. ഇതുപോലൊരു കാഴ്ച ഒരുക്കിവച്ച് ഇവിടേക്കു ക്ഷണിച്ചതാരാവോ. ഇതിലേ ഇനിയും വരണമെന്നു കാറ്റ് വിളിക്കുന്നുണ്ട്. അദ്ഭുതം അവസാനിക്കാത്ത മനസ്സോടെ, ആയിരങ്ങൾക്കൊപ്പം മലയിറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ പതിവിലേറെ വിടർന്നിരുന്നു.

ക്രൈസ്റ്റ് ദ് റെഡീമർ

പോളിഷ്– ഫ്രഞ്ച് ശിൽപി പോൾ ലാൻഡോവ്സികിയുടെ ഡിസൈൻ. ബ്രസീലിലെ എൻജിനീയർ ഹെയ്തോർ ദാ സിൽവ കോസ്റ്റയും ഫ്രഞ്ച് എൻജിനീയർ ആൽബർട്ട് കാഖ്വോട്ടും ചേർന്നു നിർമാണം. മുഖത്തിന്റെ രൂപകൽപന നടത്തിയതു റുമാനിയൻ ശിൽപി ഖോർജേ ലിയോണിഡ. ശിരസ്സും കൈകളും നിർമിച്ചതു പാരീസിൽ. ശിരസ്സ് 50 കഷണങ്ങളും കൈകൾ എട്ടു കഷണങ്ങളുമായി ബ്രസീലിലെത്തിച്ചു കൂട്ടിച്ചേർക്കുകയായിരുന്നു.

Your Rating: