Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മവീട്

mother-teresa-03-09-2016

കൊൽക്കത്തയിലെ മദർ ഹൗസിൽ മദർ തെരേസയുടെ കബറിടം നിശ്ശബ്ദതയുടെ വേറിട്ട ലോകം. കല്ലറയ്ക്കു മുന്നിൽ പൂക്കളർപ്പിച്ച് സന്ദർശകർ ആദരത്തോടെ മുട്ടുകുത്തുന്നു. ഇന്ത്യ മാത്രമല്ല, യൂറോപ്പും ലാറ്റിനമേരിക്കയും ആഫ്രിക്കയുമെല്ലാം അതിരുകളില്ലാത്ത കരുണാസാഗരമായിരുന്ന മദറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണമിക്കുന്നു...

മദർ ഹൗസിന്റെ ഇടുങ്ങിയ മുറിയിലെ ക്ലോക്ക് സമയസഞ്ചാരം നിർത്തിയിട്ടു നാളെ 19 വർഷം പൂർത്തിയാകുന്നു; 1997 സെപ്റ്റംബർ അഞ്ചിനു രാത്രി 9.15ന് ആണ് ആ സ്പന്ദനം നിലച്ചത്. കൊൽക്കത്തയിൽ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി (ഉപവിയുടെ സഹോദരിമാർ) സന്യാസ സമൂഹത്തിന്റെ ആസ്ഥാന മന്ദിരത്തിലെ ആ കൊച്ചുമുറിയിൽ അന്നുരാവിലെ മദർ എല്ലാവരോടുമായി പറഞ്ഞു: ‘എനിക്ക് ഇനി അധികം സമയമില്ല. ജോലികൾ വേഗം പൂർത്തിയാക്കണം’.

പുറംവേദനയും നെഞ്ചുവേദനയും പതിവിലും അധികമുള്ളതായി മദർ പറഞ്ഞു. വൈകിട്ടായപ്പോഴേക്കും അസ്വസ്ഥതകൾ കൂടിവന്നു. മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളെല്ലാം മദറിന്റെ മുറിക്കു ചുറ്റുംകൂടി. രാത്രിയായപ്പോൾ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി. ഡോക്ടറെ വിളിച്ചു. അന്ത്യകൂദാശ നൽകാൻ വൈദികനെയും വിവരമറിയിച്ചു.

മദറിനു ശ്വാസതടസ്സം കൂടി വന്നു. ഓക്സിജൻ നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഓക്സിജൻ സിലിണ്ടറാണ് അവിടെയുണ്ടായിരുന്നത്. പവർകട്ട് സമയമായിരുന്നതിനാൽ അതു പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. ഓക്സിജൻ നൽകാൻ പറ്റാതെ വന്നതോടെ അസ്വസ്ഥത വർധിച്ചു.

mother-theresa-room-03 നാൽപത്തിനാലു വർഷം മദർ തെരേസ ജീവിച്ചത് കേവലം പത്തടി നീളവും അഞ്ചടി വീതിയും മാത്രമുള്ള ഈ മുറിയിലാണ്. ചെറിയ തടിമേശയും ബെഞ്ചും. ചെറിയൊരു കട്ടിൽ. അടുക്കളയുടെ നേരെ മുകളിലുള്ള മുറിയായിരുന്നിട്ടും ഇടുങ്ങിയ മുറിയിൽ സീലിങ് ഫാനില്ല. ലോകം മുഴുവനുമുള്ള പാവപ്പെട്ടവരുടെ അമ്മയായി മാറിയ മദർ തെരേസയുടെ ജീവിതം അത്രമേൽ ലളിതമായിരുന്നു; വിശുദ്ധവും. ചിത്രം: സലിൽ ബേറ

മദർ കണ്ണുതുറന്ന് അടുത്തുണ്ടായിരുന്ന കന്യാസ്ത്രീകളെ നോക്കി. മരണസമയത്ത്, എല്ലാവരും ഒപ്പം വേണമെന്നതായിരുന്നു മദറിന്റെ ആഗ്രഹങ്ങളിൽ പ്രധാനപ്പെട്ടത്. അതു യാഥാർഥ്യമായതിന്റെ സന്തോഷത്തോടെ മുറിയിലുണ്ടായിരുന്ന ക്രൂശിതരൂപത്തിലേക്കു പ്രാർഥനാപൂർവം നോക്കി. പിന്നീടു കണ്ണുകളടച്ചു.

അഗതികളുടെ അമ്മയായി, ജീവിക്കുന്ന വിശുദ്ധയായി ലോകം മുഴുവൻ അറിയപ്പെട്ട മദർ തെരേസ യാത്രയായി. അപ്പോൾ സമയം രാത്രി 9.15. ആ മുറിയിൽ മദറിനൊപ്പം ദീർഘനാൾ സ്പന്ദിച്ച ആ ക്ലോക്കും അന്നു നിലച്ചു. ക്ലോക്കിന്റെ സൂചികൾ ഇപ്പോഴും അവിടെത്തന്നെ നിൽക്കുന്നു.

തുറന്ന വാതിലുകൾ...

കൊൽക്കത്തയിൽ, മദർ ഹൗസിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങൾ സ്വീകരിക്കാൻ വാതിൽപ്പടിക്കലുണ്ട്. അവരുടെ വാക്കുകളിൽ സ്നേഹവും കരുണയും പുഞ്ചിരിയുമുണ്ട്. മദറിന്റെ കബറിടത്തിലേക്കാണ് ആ ക്ഷണം ചെന്നെത്തുക. അവിടെ നിശ്ശബ്ദം മദർ ഉറങ്ങുന്നു. കല്ലറയ്ക്കു മുന്നിൽ ഭക്ത്യാദര‍പൂർവം പ്രാർഥിക്കുന്നവർ.

നിശ്ശബ്ദതയുടെ വേറിട്ട ലോകം. കല്ലറയ്ക്കു മുന്നിൽ പൂക്കളർപ്പിച്ചു സന്ദർശകർ ആദരവോടെ മുട്ടുകുത്തുന്നു. കൈകൾ കൂപ്പി പ്രാർഥിക്കുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും ജൈനമതക്കാരുമായി പല വിശ്വാസക്കാർ. മദറിന്റെ നിർമലമായ മുഖപ്രസാദം അവരെ ഒന്നാക്കുന്നു. ഇന്ത്യക്കാർ മാത്രമല്ല, യൂറോപ്പും ലാറ്റിനമേരിക്കയും ആഫ്രിക്കയുമെല്ലാം അതിരുകളില്ലാത്ത കരുണാസാഗരമായിരുന്ന മദറിന്റെ ഓർമകൾക്കു മുന്നിൽ മുട്ടുകുത്തുന്നു.

കല്ലറയ്ക്കു മുകളിൽ മദർ തെരേസയുടേതായി അടയാളങ്ങളൊന്നുമില്ല. പകരമുള്ളതു കന്യകാമറിയത്തിന്റെ ചിത്രം. ചിത്രത്തിനു താഴെ ബൈബിൾ വാക്യം: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക.

മദറിന്റെ മരണംവരെ നവസന്യാസിനിമാരുടെ (നൊവിഷ്യേറ്റ്) മുറിയായിരുന്നു അത്. മദറിന്റ കബറിടമായി പിന്നീടതു രൂപാന്തരപ്പെട്ടു. ആ നീളൻ മുറിയിൽനിന്നു വാതിലുകൾ മഠത്തിന്റെ ഉൾവഴികളിലേക്കാണു തുറക്കുന്നത്. ജനാലകൾ പുറത്തേക്കു തുറന്നിട്ടിരിക്കുന്നു.

mother-teresa-03-09 വര: ബൈജു പൗലോസ്

മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിനോടനുബന്ധിച്ചു വലിയ തിരക്കാണെങ്ങും. വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ മദർ സുപ്പീരിയർ പ്രേമയും ഇരുപതോളം കന്യാസ്ത്രീമാരും നേരത്തേ തന്നെ വത്തിക്കാനിലെത്തി. മറ്റുള്ളവരുടെ നേതൃത്വത്തിലാണ് കൊൽക്കത്തയിലെ ചടങ്ങുകൾ. തീർഥാടകരെ നിയന്ത്രിക്കാനും മദർ ഹൗസിൽ അവർക്കു വഴികാട്ടാനും വൊളന്റിയർമാരുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ളവർ ഇവിടെ വൊളന്റിയർമാരായി സേവനം ചെയ്യുന്നു. അതിലൊരാളായ പാബ്ലോ വഴികാട്ടാൻ മുന്നിൽ വന്നു. മെക്സിക്കോയിൽനിന്നാണു പാബ്ലോ വരുന്നത്. പാബ്ലോയും സുഹൃത്ത് ഏയ്ഞ്ചലും കൊൽക്കത്തയിലെ മദർ ഹൗസ് സന്ദർശിക്കാൻ ആഗ്രഹിച്ചിട്ടു വർഷങ്ങളായി. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സമയത്തു വൊളന്റിയറായി സേവനം ചെയ്യാമെന്ന വിവരമറിഞ്ഞയുടൻ ഇരുവരും കൊൽക്കത്തയിലെത്തി. മദർ ഹൗസിൽ അനുദിനമെത്തുന്ന സന്ദർശകർക്ക് ഇവർ വഴികാട്ടികളാവുന്നു.

നിശ്ചലമായ  ക്ലോക്ക്

പാബ്ലോ കൈചൂണ്ടി നയിച്ചതു മദറിന്റെ മുറിക്കു മുന്നിലേക്കാണ്. മദറിന്റെ മരണശേഷം ആ വാതിലുകൾ മറ്റൊരു അന്തേവാസിക്കു വേണ്ടി തുറന്നിട്ടില്ല.

കേവലം പത്തടി നീളവും അ‍ഞ്ചടി വീതിയും മാത്രമുള്ള കൊച്ചുമുറി. താഴത്തെനിലയിൽ അടുക്കള. ഒന്നാം നിലയി‍ൽ അടുക്കളയുടെ നേരെ മുകളിലുള്ള മുറിയായിരുന്നതിനാൽ ഏറ്റവും കൂടുതൽ ചൂടും അവിടെയായിരുന്നു. ഒരു സീലിങ് ഫാൻ പോലുമില്ലാത്ത ആ മുറിയിലാണ് മദർ തെരേസ 1953 മുതൽ മരണം വരെ ജീവിച്ചത്. ക്ലാസ് മുറികളുടേതിനു സമാനമായ ചെറിയ തടിമേശയും ബെഞ്ചും.

മദർ കത്തുകളെഴുതിയിരുന്നതും വായിച്ചിരുന്നതുമെല്ലാം അവിടെ ഇരുന്നാണ്. സന്യാസ സമൂഹത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വിവിധ ചുമതലകളുള്ള കന്യാസ്ത്രീമാരുടെ പേരെഴുതിയ എഴുത്തുപെട്ടികൾ. സിസ്റ്റർ പ്രിസിലിയ, സിസ്റ്റർ ലൈസ, സിസ്റ്റർ നിർമല എന്നിങ്ങനെ പല പേരുകൾ. അവരിൽ പലരും ഇന്നു ജീവിച്ചിരിപ്പില്ല. ഓരോരുത്തർക്കുമുള്ള കത്തുകൾ മദർ അതിൽ എഴുതിയിടും. ഈ കത്തുകളായിരുന്നു ഒരു കാലത്തു ലോകമെമ്പാടും വേരുകളുള്ള മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തെ നയിച്ചുകൊണ്ടിരുന്നത്. ടെലിഫോൺ വിളികൾക്കു മറുപടി നൽകിയിരുന്നതും പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നതുമെല്ലാം ഈ മുറിയിൽ വച്ചായിരുന്നു.

മദറിന്റെ വിയോഗത്തെ ഓർമപ്പെടുത്തുന്ന ക്ലോക്ക് ആ മുറിയിലുണ്ട്. ചെറിയ കിടക്കയുള്ള കട്ടിൽ അതേപടി മുറിയിലുണ്ട്. കിടക്കുന്ന നേരത്തും മദറിനു കാണാവുന്ന വിധത്തിൽ കന്യകാമറിയത്തിന്റെ ചിത്രം മേശപ്പുറത്തു വച്ചിരുന്നു. മുറിയിൽ മറ്റു രണ്ടു ചിത്രങ്ങൾ കൂടി മാത്രമാണുണ്ടായിരുന്നത്. കത്തോലിക്കാ സഭ അടുത്തിടെ വിശുദ്ധനായി പ്രഖ്യാപിച്ച ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ചിത്രങ്ങളാണ് രണ്ടും.

ലോകത്തോളം വിശാലമായ മനസ്സുണ്ടായിരുന്ന മദറിന്റെ മുറി ഇത്ര ചെറുതായിരുന്നല്ലോ! പാവപ്പെട്ടവർക്കായി ജീവിതം മാറ്റിവച്ച ഒരാൾക്ക് അതുപോലും ചിലപ്പോൾ അധികമായി തോന്നിയിട്ടുണ്ടാവാം. ‘ലോകചരിത്രത്തിൽ ഇവയെല്ലാം എഴുതിച്ചേർക്കപ്പെട്ടു കഴി‍ഞ്ഞു. ഇത്ര ലളിതമായി ജീവിച്ച മറ്റൊരു മനുഷ്യസ്നേഹിയും ഉണ്ടാവില്ല’ – മദർ ഹൗസിനോടു യാത്ര പറയുമ്പോൾ കിഴക്കനാഫ്രിക്കക്കാരിയായ ഒരു കന്യാസ്ത്രീ പറഞ്ഞു.

Your Rating: