Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീ രാഗാർദ്രം മലയാളം

Author Details
90-SREEKUMARAN-THAMPI-8-col-new

പാട്ടുകൾ ‘കാട്ടുമല്ലിക’കൾ പോലെ പൂക്കുകയാണ്.പക്ഷേ, പുഷ്‌പസുഗന്ധങ്ങളൊന്നും പി. സുബ്രഹ്‌മണ്യത്തിന്റെ മുഖം വിടർത്തുന്നില്ല. ‘ഇതൊക്കെ കവിതകളല്ലേ? ഇതു കാട്ടുജാതിക്കാരുടെ സിനിമയാണ്. ഇതിലെന്തിനാണ് ഇത്രയധികം കവിത? നിങ്ങൾ പാട്ടെഴുതൂ തമ്പീ’. പാട്ടിലൂടെ തന്റെ കവിത പൂമ്പരാഗങ്ങളായി ആസ്വാദക മനസ്സുകളിൽ പാറിയിറങ്ങുന്നതു സ്വപ്‌നം കണ്ട കവി, ആദ്യ സിനിമയിൽത്തന്നെ പേനയടയ്‌ക്കാൻ തീരുമാനിച്ചു.

സംഗീത സംവിധായകൻ ബാബുരാജ് തടഞ്ഞു: ‘തമ്പീ, സിനിമയിൽ ഒരുപാടു വിട്ടുവീഴ്‌ച ചെയ്യേണ്ടിവരും. താമസമെന്തേ വരുവാൻ, പൊട്ടിത്തകർന്ന കിനാവിന്റെ, തളിരിട്ട കിനാക്കൾ... ഒക്കെ എഴുതിയ പി. ഭാസ്‌കരൻ തന്നെയല്ലേ ‘എന്തൊരു തൊന്തരവ്...’ എന്ന പാട്ടെഴുതിയത്? ട്യൂണിട്ടതു ഞാനുമാണ്.


വിഷാദചന്ദ്രികപോലെ മങ്ങിനിന്ന തമ്പിയെ ബാബുരാജ് ‘ആംനേ സാംനേ’ എന്ന ഹിന്ദി സിനിമ കാണിക്കാൻ കൊണ്ടുപോയി. പിറ്റേന്നു രാവിലെ എഴുന്നേറ്റു തമ്പി എഴുതി, കവിതയുടെ കനകാംബരങ്ങൾ ചൂടിയ പത്തു പാട്ടുകൾ. ‘താമരത്തോണിയിൽ താലോലമാടി...’ എന്ന ആദ്യ ഗാനത്തോളം പിന്നെയൊരു ശ്രീകുമാരൻതമ്പി ഗാനവും വന്നിട്ടില്ലെന്നു മരിക്കുംവരെയും പറഞ്ഞിരുന്നു, മെരിലാൻഡ് സുബ്രഹ്‌മണ്യം!

ആ താമരത്തോണിയിൽ കയറി, മലയാളഗാനങ്ങളുടെ ഹൃദയസരസ്സിലൂടെ ശ്രീകുമാരൻതമ്പി എന്ന പാട്ടുനൗക തുഴയാൻ തുടങ്ങിയിട്ട് അൻപതു വർഷമാവുകയാണ്; 1966ൽ ‘കാട്ടുമല്ലിക’ റിലീസ് ചെയ്‌ത ജൂലൈ ഒൻപതെത്തുമ്പോൾ. ആസ്വാദക മനസ്സുകളുടെ ആരാമത്തിൽ പാട്ടിന്റെ തേൻ നിറയ്‌ക്കുന്നൊരു തുമ്പിയായി ഈ തമ്പി ഇന്നും മലയാളഭാഷയുടെ മാദകഭംഗിയാണ്.

പുലിത്തിട്ട കോയിക്കൽ തമ്പി രാജേന്ദ്രൻ എന്നു സ്‌ഥാനപ്പേരുള്ള പുന്നൂർ പത്മനാഭൻ തമ്പി ശ്രീകുമാരൻ തമ്പി, പാരമ്പര്യംകൊണ്ടു വിഷഹാരിയാകേണ്ടയാളാണ്. കണ്ണൂരിലെ ചിറയ്‌ക്കൽനിന്നു പലായനം ചെയ്‌ത് ആലപ്പുഴയിലെ ഹരിപ്പാട്ടെത്തി പുന്നൂർ മഠം സ്‌ഥാപിച്ച താവഴിയിലെവിടെയും പാട്ടുകൾ പട്ടു ചാർത്തിയിട്ടില്ല. മരുമക്കത്തായ മഹിമ നിലനിർത്തിയ തറവാട്ടിൽ, ഇളയമ്മാവൻ കുമാരൻ തമ്പിയുടെ പേരിനൊരു ‘ശ്രീ’ത്വം പകർന്നാണു ശ്രീകുമാരൻ തമ്പിയായത്. (മൂത്ത അമ്മാവനാണ്, പേരിൽ ഒപ്പമുള്ള പത്മനാഭൻ തമ്പി). വിഷചികിൽസകനും ദന്തവൈദ്യനും ശ്രീമൂലം അസംബ്ലിയിൽ അംഗവുമായിരുന്നു, കുമാരൻ തമ്പി. അമ്മാവനൊപ്പം വിഷചികിൽസയ്‌ക്കു പലപ്പോഴും സഹായിയായിട്ടുണ്ട്, ശ്രീകുമാരൻ. ഒരിക്കൽപ്പോലും അമ്മാവന്റെ ചികിൽസ പാഴായിപ്പോയ ഓർമയില്ല. അമ്മാവന്റെ മുറ തെറ്റിച്ചു വഴിമാറി നടന്നെങ്കിലും, ഒരു വാക്കിടവഴിയിൽപ്പോലും അനന്തിരവന്റെ കാലും ഇടറിയിട്ടില്ല.

ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനും ‘വൃന്ദാവൻ’ തിയറ്ററിനും ഇടയ്‌ക്കാണു തമ്പിയുടെ തറവാട്. അമ്പലത്തിൽ ദീപാരാധന കഴിഞ്ഞാൽ പഠിക്കാനിരിക്കും. അപ്പോഴേക്കു ‘വൃന്ദാവനി’ൽ ഫസ്‌റ്റ് ഷോ തുടങ്ങിയിട്ടുണ്ടാവും. ഇന്റർവെല്ലാവുമ്പോൾ ഊണു കിട്ടും. ഫസ്‌റ്റ് ഷോ കഴിയുംവരെയും പഠിക്കണമെന്നാണ് അമ്മ ഭവാനിക്കുട്ടി തങ്കച്ചിയുടെ ശാസന. സെക്കൻഡ് ഷോ തുടങ്ങുമ്പോൾ ഉറങ്ങുകയും വേണം. അച്‌ഛൻ കളരിക്കൽ കൃഷ്‌ണപിള്ള ദീർഘകാലം പട്ടാളത്തിലായിരുന്നു.


സിനിമയുടെ ഷെഡ്യൂളിൽ ജീവിതം ക്രമീകരിച്ച പയ്യന്, സിനിമ ഭ്രാന്തായിപ്പോയതൊരു വിസ്‌മയമല്ല. പത്താം വയസ്സിൽ ‘വൃന്ദാവനി’ൽനിന്നു കേട്ട ‘നല്ലതങ്ക’യിലെ ‘കൃപാലോ വൽസരാഗം മൽസുതരെ കാണാറാകേണം...’ എന്ന അഭയദേവിന്റെ വരികൾ തമ്പി ആദ്യം മനസ്സിലുറപ്പിച്ച ഗാനമായിരുന്നു. പതിനൊന്നാം വയസ്സിൽ ‘നവലോകം’ വന്നു. പി.ഭാസ്‌കരന്റെ പാട്ടുകൾ. ‘തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്തചന്ദ്രികയാരോ നീ...’ എന്ന പാട്ടു കേട്ടപ്പോൾ, വരികളുടെ വഴിയും മൊഴിയും മാറിയതു തമ്പിയുടെ കൊച്ചുമനസ്സ് പിടിച്ചെടുത്തു.

അതേ പതിനൊന്നാം വയസ്സിൽ കവിതയെഴുതിത്തുടങ്ങി. നാട്ടിലെ ലൈബ്രേറിയൻ വിരുത്തത്തു നാരായണപിള്ള പ്രത്യേകം എടുത്തുകൊടുക്കുന്ന പുസ്‌തകങ്ങൾ‌ വസന്തമായി. വായിക്കുന്നതിനെയും കവിതയെഴുതുന്നതിനെയും അമ്മ വഴക്കു പറയില്ല. പക്ഷേ, പതിനാറാം വയസ്സിൽ മൂത്ത ചേട്ടൻ (പ്രശസ്‌ത നോവലിസ്‌റ്റ് പി.വി.തമ്പി) അനിയന്റെ മുന്നൂറോളം കവിതകളെടുത്തു കത്തിച്ചു. പിന്നീടിങ്ങോട്ട് അറുപതാണ്ടിനിടെ അഞ്ഞൂറിൽ താഴെ മാത്രം കവിതകളെഴുതിയ ശ്രീകുമാരൻ തമ്പിക്ക്, അഞ്ചു കൊല്ലത്തിനിടെ എഴുതിയ ആ മുന്നൂറു കവിതകൾ ഇപ്പോഴും വിശ്വസിക്കാനാവാത്ത വിസ്‌മയം.

തൃശൂർ എൻജിനീയറിങ് കോളജിൽനിന്നു സിവിൽ എൻജിനീയറിങ് പാസായി അസി. ടൗൺ പ്ലാനർ ജോലിയുണ്ടായിരുന്നയാൾ ആ രംഗത്തു തുടർന്നിരുന്നെങ്കിൽ കേരളത്തിന്റെ ചീഫ് ടൗൺ പ്ലാനറായെനേ. പക്ഷേ, തമ്പി മനസ്സിൽ പടവുകൾ പണിതതു പാട്ടിലാണ്. ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നപ്പോൾ ഇടത്താവളമായി ഇളയ ചേട്ടൻ പി.ജി.തമ്പിയുടെ (മുൻ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ്) പാരലൽ കോളജിൽ അധ്യാപകനായി.

തമ്പീസ് കോളജ് അന്നു മോശമില്ലാത്ത വരുമാനമാർഗമാണ്. പക്ഷേ, മനസ്സിൽ പാട്ടിന്റെ മണി മുഴങ്ങിക്കൊണ്ടേയിരുന്നു. മദ്രാസ് കോർപറേഷനിൽ ടൗൺ പ്ലാനർ ജോലി കിട്ടിയത് അടുത്ത വഴിത്തിരിവായി. ആ ജോലിയിൽനിന്ന് അതിവേഗം ഇറങ്ങിപ്പോന്ന ശ്രീകുമാരൻതമ്പി, പിൽക്കാലം രണ്ടായിരത്തിലേറെ സിനിമാഗാനങ്ങളും ആയിരത്തിലേറെ ലളിതഗാനങ്ങളും തന്നു മലയാളത്തിന്റെ ഇഷ്‌ട പാട്ടുപുസ്‌തകമായി. 85 തിരക്കഥ, 29 സിനിമകളുടെ സംവിധാനം, 25 സിനിമകളുടെ നിർമാണം, 42 ഡോക്യുമെന്ററി, 13 ടിവി സീരിയൽ... ഈ സർഗാത്മക മഹാസൗധത്തിലേക്കു നോക്കിയാൽ സാധാരണക്കാരനു കണ്ണെത്തണമെന്നില്ല.

പ്രതിഭയുടെ പ്രകാശം ശ്രീകുമാരൻതമ്പിക്കു നൽകിയ ആത്മവിശ്വാസം അദ്ദേഹത്തിന്റെ വാക്കുകളിൽ പലപ്പോഴും ഉച്ചത്തിൽ മുഴങ്ങിക്കേൾക്കാം. പക്ഷേ, പാട്ടിൽ തമ്പിയുടെ തൂലിക സ്‌നേഹവും പ്രണയവും ആനന്ദവും വേദനയുമൊക്കെയായി തഴുകുന്നൊരു തൂവലാണെന്നും. ആകാശം ഭൂമിയെ വിളിക്കുന്നതുപോലെ..., ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം പോലെ..., കസ്‌തൂരി മണക്കുന്ന കാറ്റുപോലെ...

ജി.ദേവരാജനെന്ന എതിർപാട്ട്, വി.ദക്ഷിണാമൂർത്തിയെന്ന ഗുരുസാഗരം, എം.കെ.അർജുനനെന്ന ഹൃദയസാമിപ്യം... ശ്രീകുമാരൻ തമ്പിയെന്ന ഗാനകാലത്തിന്റെ മൂന്നു ഘട്ടങ്ങളാണിവ. തമ്പിയുടെ മൂന്നാമത്തെ സിനിമയായ ‘ചിത്രമേള’യിലും അതു കഴിഞ്ഞു ‘വെളുത്ത കത്രീന’യിലും ദേവരാജന്റേതായിരുന്നു ഈണം. എല്ലാ പാട്ടുകളും ഹിറ്റിൽ നിൽക്കുമ്പോൾ, പക്ഷേ, ആ ഹിറ്റ് ദ്വയം അകലുകയായിരുന്നു.

‘നീ ഭയങ്കര ധിക്കാരിയാണ്’ എന്നു ദേവരാജൻ. ‘എന്നെ നീ എന്നു വിളിക്കരുത്. വേണമെങ്കിൽ താൻ എന്നു വിളിച്ചോ’ എന്നു തമ്പി. ‘ദേവരാജനെന്ന വലിയ ധിക്കാരി ജീവിച്ചിരിക്കുന്ന ഈ ഭൂമിയിൽ ശ്രീകുമാരൻ തമ്പി എന്ന ചെറിയ ധിക്കാരിക്കും ഇടമുണ്ടാകും’ എന്നു പറഞ്ഞു തമ്പി വാക്കുകൾ മുറിച്ചിട്ടു. ‘നിങ്ങൾക്കു നിങ്ങളുടെ സംഗീതത്തിൽ വിശ്വാസമുള്ളതുപോലെ എനിക്ക് എന്റെ വരികളെക്കുറിച്ചും വിശ്വാസമുണ്ട്. നിങ്ങളുടെ ഹാർമോണിസ്‌റ്റ് സംഗീതം ചെയ്‌താലും എന്റെ പാട്ടുകൾ നന്നാവും’-എന്നുപറഞ്ഞു മടങ്ങുമ്പോൾ, യഥാർഥത്തിൽ തമ്പിക്കു ദേവരാജന്റെ ഹാർമോണിസ്‌റ്റിനെ അറിയുകയേ ഇല്ലായിരുന്നു. പക്ഷേ, ആ ഹാർമോണിസ്‌റ്റ് പിൽക്കാലത്തു തമ്പിയുടെ ഏറ്റവും കൂടുതൽ പാട്ടുകൾക്ക് ഈണം നൽകി. അതാണ് എം.കെ.അർജുനൻ!

ശ്രീകുമാരൻ തമ്പി-വി. ദക്ഷിണാമൂർത്തി കാലം പുഷ്‌പിക്കുന്നതാണു പിന്നെ കണ്ടത്. തമ്പിയുടെ ഇരട്ടിയോളം വയസ്സുള്ള സ്വാമിയും കോപത്തിൽ മുമ്പൻ. ‘ഭാര്യമാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിലെ ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്ത’ത്തിന്റെ പിറവി അത്തരമൊരു ശണ്‌ഠയിൽനിന്നാണ്. ഈ പാട്ടിന്റെ അഞ്ചു ട്യൂണുകളും നിർമാതാവ് ടി.ഇ.വാസുദേവൻ തള്ളി. തമ്പി തഞ്ചത്തിൽ സ്വാമിയുടെ അടുത്തു ചെന്നു: ‘സ്വാമീ, നമുക്കൊന്നു സിംപിളാക്കാം. മോഹനരാഗം ശ്രമിച്ചാലോ?’. സ്വാമി കത്തിജ്വലിച്ചു. ‘തന്റെ പാട്ടു കൊള്ളത്തില്ല’ എന്നു പറഞ്ഞു ചുരുട്ടിക്കൂട്ടി എറിഞ്ഞു പുറത്തേക്കു പോയി മുറുക്കി. കുറേനേരം വരാന്തയിലൂടെ നടന്നു മടങ്ങിവരുമ്പോഴും ചുരുട്ടിക്കളഞ്ഞ ആ കടലാസ് നിലത്തു കിടക്കുന്നു.

എന്തുവന്നാലും ആ കടലാസ് എടുക്കില്ലെന്നതു തമ്പിയുടെ തീരുമാനമായിരുന്നു. സ്വാമി അതെടുത്തു ചുളിവു നിവർത്തി. ‘തന്റെ താളമൊന്നു പറഞ്ഞേ, കേൾക്കട്ടെ’-സ്വാമി തണുത്തിരുന്നു. എം.എസ്.വിശ്വനാഥന്റെ ‘പട്ടഴക് തങ്കമുഖം തിരുനാളോ...’ എന്ന പാട്ട് മനസ്സിൽ മൂളിക്കൊണ്ടാണു തമ്പി പാട്ടെഴുതിയിരുന്നത്. അതു സ്വാമിയെ പാടിക്കേൾപ്പിച്ചു. ‘ഇതു മോഹനത്തിൽ മതിയല്ലോ’ എന്നു പറഞ്ഞു സ്വാമി ഈണത്തിലേക്കു കടന്നു. പക്ഷേ, പല്ലവി ഒഴികെയുള്ള വരികൾ തമ്പിയെക്കൊണ്ടു സ്വാമി മാറ്റി എഴുതിച്ചു എന്നതു ക്ലൈമാക്‌സ്.

സ്വാമിയോടുള്ള ഈ അല്ലറചില്ലറ പിണക്കംപോലെയല്ല, ദേവരാജനോട്. പക്ഷേ, മുറിഞ്ഞുകിടന്ന ആ ബന്ധം ദേവരാജൻതന്നെ മുൻകയ്യെടുത്തു പിന്നെ വിളക്കി. മദ്രാസിൽ ദേവരാജന്റെ വീടുപണി മുടങ്ങിക്കിടക്കുന്നു. ഒരു ദിവസം തമ്പിക്കൊരു ഫോൺ: ‘തമ്പി ഇതൊന്നു പൂർത്തിയാക്കിത്തരണം’.
 
അന്നു തമ്പിക്കു മദ്രാസിൽ നിർമാണക്കമ്പനിയുണ്ട്. തമ്പി ചെന്നു. ‘മാഷേ, ഒരു സിനിമയിൽ അഞ്ചു പാട്ടുണ്ട്. അതിൽ മൂന്നെണ്ണം ബാബുരാജ് ചെയ്‌തശേഷം പ്രൊഡ്യൂസറുമായി പിണങ്ങിപ്പോയാൽ ബാക്കി രണ്ടെണ്ണം മാഷ് ചെയ്യുമോ?’-തമ്പി ചോദിച്ചു. നിർമാണ രംഗത്തു തമ്പിയുടെ ആദ്യകാല വഴികാട്ടി എ.കെ.ഗോപാലനായിരുന്നു കോൺട്രാക്‌ടർ. ‘തമ്പി അതു തീർത്തുകൊടുത്തേക്ക്. വല്ല പളനിയപ്പനും വന്ന് അദ്ദേഹത്തെ പറ്റിക്കാതിരിക്കട്ടെ. ഞാനേതായാലും ഇനിയില്ല’-എന്ന് എകെജി. തമ്പി വീടുപണി തീർത്തുകൊടുത്തു. പക്ഷേ, പഴയ പിണക്കത്തിന്റെ മധുരപ്രതികാരമായി ഒറ്റപ്പൈസ പ്രതിഫലം വാങ്ങിയില്ല.


ഈ ഇണക്കത്തിനിടയിൽ വീണ്ടും ശ്രീകുമാരൻ തമ്പി-ദേവരാജൻ ഈണത്തിനു സ്വരങ്ങളൊരുങ്ങി. തമ്പിതന്നെ തിരക്കഥയെഴുതണമെന്നു നിർദേശിച്ചതും ദേവരാജനാണ്. തിരക്കഥയ്‌ക്കു ‘കാലചക്രം’ എന്നു മനപ്പൂർവം തമ്പി പേരിട്ടു. മറ്റൊരു കാലചക്രത്തിന്റെ തുടക്കം ആ ചിത്രത്തിലുണ്ടായിരുന്നു. പ്രേംനസീർ കടത്തുകാരനായ ചിത്രത്തിൽ, പകരക്കാരനായ കടത്തുകാരനായി വേഷമിട്ടത് ഒരു ചെറുപ്പക്കാരനാണ്-മുഹമ്മദ്‌കുട്ടി എന്ന ഇന്നത്തെ മമ്മൂട്ടി! ഷൂട്ടിങ്ങിനു വന്നപ്പോൾ നസീർ മമ്മൂട്ടിയോടു ചോദിച്ചു: ‘എനിക്കു പകരംവന്ന ആളാണല്ലേ?’ ആ ചോദ്യത്തിന്റെ ഉത്തരം തന്നതു കാലമാണ്!

ദേവരാജൻ–തമ്പി പിണക്കം വീണ്ടുമുണ്ടായി. ഒരു അഭിമുഖത്തിൽ, പാട്ടുകാരെ തിരഞ്ഞെടുക്കുന്ന ദേവരാജന്റെ നിലപാടിനോടു തമ്പി വിയോജിച്ചതിൽ തുടങ്ങി, രണ്ടാം ശണ്‌ഠ. (ഈ വിവാദ അഭിമുഖമെടുത്ത അന്നത്തെ പത്രപ്രവർത്തകൻ ഇന്നു നെടുമുടി വേണുവാണ്!). അതിനുശേഷം ഇവരുടെ സംഗമത്തിൽ ഗാനങ്ങളുണ്ടായില്ല. എന്നിട്ടും, 36 ചിത്രങ്ങളിൽ ഈ കൂട്ടുകെട്ട് പാട്ടുകളൊരുക്കി എന്നതു ചരിത്രം.

ഒരുദിവസം ഹരിപ്പാട്ടുവച്ചാണ് ‘മാനത്തിൻ മുറ്റത്ത് മഴവില്ലാലഴ കെട്ടും...’ എന്ന പാട്ടു തമ്പി കേൾക്കുന്നത്. ഈണം കേട്ടപ്പോൾ തമ്പി ഉറപ്പിച്ചു, ഇതു ദേവരാജന്റേതുതന്നെ. പക്ഷേ, പടമേതാണെന്നറിയില്ല. ആർ.കെ. ശേഖറിനെ കണ്ടപ്പോൾ ചോദിച്ചു: ‘ശേഖറേ, ഇതു മാഷുടെ ഏതു പടത്തിലെ പാട്ടാണ്?’ ‘ഇതു മാഷുടെ പാട്ടല്ല. മാഷുടെ ഹാർമോണിസ്‌റ്റായിരുന്ന എം.കെ. അർജുനന്റെ പാട്ടാണ്’ എന്നു ശേഖർ.

‘ഹാർമോണിസ്‌റ്റ്’ എന്ന വാക്ക് തമ്പിയുടെ ഉള്ളിൽ കൊളുത്തി. ‘കറുത്ത പൗർണമി’ എന്ന എം.കെ.അർജുനന്റെ ആദ്യ സിനിമയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായെങ്കിലും പടം വിജയിച്ചില്ല. കെ.പി.കൊട്ടാരക്കര ‘റസ്‌റ്റ് ഹൗസ്’ എടുക്കാൻ തീരുമാനിച്ചത് ആയിടെയാണ്. കാലത്തിന്റെ നറുക്ക് അർജുനനെ കാത്തിരിക്കുകയായിരുന്നു. കിട്ടിയ അവസരത്തിൽ അർജുനന്റെ പേര് തമ്പി നിർദേശിച്ചു.

അർജുനൻ കൊച്ചിയിലാണ്. രണ്ടു ദിവസത്തിനകം മദ്രാസിൽ റെക്കോർഡിങ് നടത്തണം. തമ്പിയും സംഘവും യേശുദാസിനെ കാണാൻ പോയി. ദാസിന്റെ ബാല്യകാല സുഹൃത്താണ് പള്ളുരുത്തിക്കാരൻ അർജുനൻ. ദാസിന്റെ കൊച്ചിയിലെ മാനേജർ പോളിനെ വിളിച്ചു. അന്ന് ഉച്ചയ്‌ക്കത്തെ ട്രെയിനിൽ പോൾ എങ്ങനെയൊക്കെയോ അർജുനനെ മദ്രാസിലേക്കു കയറ്റിവിട്ടു. ‘ഉയരം കുറഞ്ഞു താടിയുള്ളയാൾ. എല്ലാവരും പോയിക്കഴിഞ്ഞാലും ഇറങ്ങിയ സ്‌ഥലത്തുതന്നെയുണ്ടാവും’ എന്ന ഉറപ്പാണ് അർജുനനെക്കുറിച്ചു പോൾ നൽകിയിരുന്ന അടയാളം.

കയ്യിൽ തുണിസഞ്ചിയുമായി മദ്രാസിൽ ചെന്നിറങ്ങിയ അർജുനനെ തമ്പിക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ടാക്‌സിയിൽ കയറിയപ്പോൾ അർജുനൻ പറഞ്ഞു: ‘എനിക്ക് ഉറപ്പു പറയാൻ പറ്റില്ല. മൂപ്പരു സമ്മതിച്ചാലേ ഞാൻ ചെയ്യൂ’.
‘ആരു സമ്മതിച്ചാൽ?’
‘ദേവരാജൻ മാഷ്’.
‘മാഷും ഞാനും തമ്മിൽ പ്രശ്‌നത്തിലാണ്’ എന്നു തമ്പി.
‘അതൊന്നും എനിക്കറിയില്ല. അദ്ദേഹം പറഞ്ഞാലേ ഞാൻ ചെയ്യൂ’ എന്ന് അർജുനൻ.


കാർ നേരെ ന്യൂ വുഡ്‌ലാൻഡ്‌സ് ഹോട്ടലിലേക്ക്. ദേവരാജൻ അവിടെയുണ്ട്. അർജുനൻ ചെന്നു ദേവരാജന്റെ അനുഗ്രഹം വാങ്ങി. തമ്പി താഴെ കാറിലിരുന്നതേയുള്ളൂ. തമ്പി താഴെയുണ്ടെന്നറിഞ്ഞു ദേവരാജൻ ഇറങ്ങിവന്നു. ഒപ്പം കൊണ്ടുപോയി ചായ കുടിച്ചു. എന്നിട്ടു പറഞ്ഞു: ‘അർജുനാ, തമ്പി നന്നായി എഴുതും. നീ ചെയ്യ്. 1,500 രൂപയിൽ കുറച്ചു പാട്ടു ചെയ്യരുത്’. തമ്പി ഞെട്ടിപ്പോയി. വെട്ടും മുറിയുമായി നിന്ന ദേവരാജൻ മാഷാണോ ഇത്?! ‘റസ്‌റ്റ് ഹൗസി’ലെ ‘പൗർണമിച്ചന്ദ്രിക തൊട്ടുവിളിച്ചു...’ എന്ന പാട്ട് സ്‌റ്റുഡിയോയിൽ ചെന്നിരുന്നു റെക്കോർഡ് ചെയ്‌തു കൊടുക്കുകയും ചെയ്‌തു, ദേവരാജൻ!

പാട്ടിന്റെ ദേവാംഗണം ഇങ്ങനെയൊക്കെയാണ്. വസന്തത്തിൻ മണിച്ചെപ്പു തുറക്കുമ്പോൾ ദുഃഖമെത്തി പുലർകാലവന്ദനം നടത്തുന്ന സ്വരമിശ്രിതം. ‘ഏതു നഷ്ടസ്വപ്നങ്ങളിലും ഞാൻ സ്വപ്നങ്ങൾ കൈവിടാറില്ല, ഞാൻ. അതു തകർന്നാൽ തീർന്നു, ഞാനെന്ന ജ്വാല’–എന്ന വാക്പന്തവുമായി എഴുപത്താറാം വയസ്സിലും ഈ ഹൃദയം കവിതകൊണ്ടെഴുതുന്നു. അരികിലുണ്ട്, രാജേശ്വരിയെന്ന ജീവിതസഖി, കവിതയെന്ന മകൾ, രാജകുമാരൻ തമ്പിയെന്ന മകന്റെ ഓർമകൾ, മരുമക്കൾ, പേരക്കുട്ടികൾ...
പാട്ടിന്റെ മലർമേഘത്തിരയായി ഈ ജീവിതവും.


പ്രിയപ്പെട്ട 25 ഗാനങ്ങൾ


 (സ്വന്തം ഗാനങ്ങളിൽനിന്നു ശ്രീകുമാരൻ തമ്പി
തിരഞ്ഞെടുത്ത പ്രിയപ്പെട്ട 25 ഗാനങ്ങൾ;
മറ്റു ഗാനങ്ങളും ഹൃദയത്തിലേറ്റുന്ന
ആസ്വാദകരോടു ക്ഷമാപണത്തോടെ...)

∙ ആ നിമിഷത്തിന്റെ നിർവൃതിയിൽ...
(ചിത്രം: ചന്ദ്രകാന്തം-
സംഗീതം: എം.എസ്.വിശ്വനാഥൻ)
∙ സ്വർണഗോപുര നർത്തകീശിൽപം...
(ദിവ്യദർശനം, എം.എസ്‌.വിശ്വനാഥൻ)
∙ ഹൃദയസരസ്സിലേ പ്രണയപുഷ്‌പമേ...
(പാടുന്ന പുഴ, വി.ദക്ഷിണാമൂർത്തി)
∙ പൊൻവെയിൽ മണിക്കച്ച . ‌
(നൃത്തശാല, ദക്ഷിണാമൂർത്തി)
∙ ഉത്തരാസ്വയംവരം കഥകളി..
(ഡേഞ്ചർ ബിസ്‌കറ്റ്, ദക്ഷിണാമൂർത്തി)
∙ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...
 (ഭാര്യമാർ സൂക്ഷിക്കുക,
ദക്ഷിണാമൂർത്തി)
∙ മനസ്സിലുണരൂ ഉഷസ്സന്ധ്യയായ്...
(മറുനാട്ടിൽ ഒരു മലയാളി,
ദക്ഷിണാമൂർത്തി)
∙ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ...
(ഉദയം, ദക്ഷിണാമൂർത്തി)
∙ സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം...
(മായ, ദക്ഷിണാമൂർത്തി)
∙ ആലാപനം... ആലാപനം...
 (ഗാനം, ദക്ഷിണാമൂർത്തി)
∙ മലയാള ഭാഷതൻ മാദകഭംഗി...
(പ്രേതങ്ങളുടെ താഴ്‌വര, ജി.ദേവരാജൻ)
∙ ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു..
. (അയൽക്കാലി, ദേവരാജൻ)
∙ അകലെ... അകലെ... നീലാകാശം...
(മിടുമിടുക്കി, എം.എസ്.ബാബുരാജ്)
∙ നിൻമണിയറയിലെ...
(സിഐഡി നസീർ, എം.കെ.അർജുനൻ)
∙ വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി...
(പിക്‌നിക്, അർജുനൻ)
∙ കസ്‌തൂരി മണക്കുന്നല്ലോ കാറ്റേ...
(പിക്‌നിക്, അർജുനൻ)
∙ ദുഃഖമേ നിനക്കു പുലർകാല വന്ദനം
 (പുഷ്‌പാഞ്‌ജലി, അർജുനൻ)
∙ സുഖമൊരു ബിന്ദു...
(ഇതു മനുഷ്യനോ, അർജുനൻ)
∙ മല്ലികപ്പൂവിൻ മധുരഗന്ധം...
(ഹണിമൂൺ, അർജുനൻ)
∙ ഒരു മുഖം മാത്രം കണ്ണിൽ...
 (ഏതോ ഒരു സ്വപ്‌നം, സലിൽ ചൗധരി)
∙ നഷ്ടസ്വപ്നങ്ങളേ..
(വീണപൂവ്, വിദ്യാധരൻ)
∙ ഹൃദയം കൊണ്ടെഴുതുന്ന കവിത..
. (അക്ഷരത്തെറ്റ്, ശ്യാം)
∙ ഇന്നുമെന്റെ കണ്ണുനീരിൽ...
(യുവജനോൽസവം, രവീന്ദ്രൻ)
∙ ഒന്നാം രാഗം പാടി...
(തൂവാനത്തുമ്പികൾ,
പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്)
∙ മലയാളിപ്പെണ്ണേ നിന്റെ മനസ്സ്...
(ബന്ധുക്കൾ ശത്രുക്കൾ,
ശ്രീകുമാരൻ തമ്പി).