Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവം തൊട്ടു

andrino-03-09-jpg അൻഡ്രിനോ ഭാര്യയോടൊത്ത്

ഓപ്പറേഷൻ തിയറ്ററിലെ കടുത്ത വെളിച്ചത്തിൽ നടുക്കത്തോടെ കണ്ണു തുറന്ന അൻഡ്രിനോ ഡോക്ടറോടു ചോദിച്ചു: എന്നെ എന്തിനാണ് ഇവിടെ കിടത്തിയിരിക്കുന്നത്? എനിക്ക് എന്താണു കുഴപ്പം?

ഓപ്പറേഷൻ മേശയിൽ അയാൾ എഴുന്നേറ്റിരുന്നു. തലച്ചോറിൽ ട്യൂമർ ബാധിച്ചു ‘കോമ’യിലായ രോഗി സംസാരിക്കുന്നതു കേട്ട് അവിടെയുണ്ടായിരുന്നവർ അമ്പരന്നു. ഓപ്പറേഷൻ തിയറ്ററിനു പുറത്തു നിറകണ്ണുകളോടെ കാത്തുനിന്ന ഭാര്യ ഫെർണാണ്ട നാസിമെന്റ റോച്ചയുടെ മുന്നിലേക്കു വീൽചെയറിൽ പുഞ്ചിരി തൂകി അൻഡ്രിനോ ഇറങ്ങിച്ചെന്നു. ബന്ധുക്കളും സുഹൃത്തുക്കളും അദ്ഭുതപൂർവം അയാളെ നോക്കി. ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല; വൈദ്യശാസ്ത്രത്തിനും!

മദർ തെരേസയെ ഇന്നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയെന്നു പേരുവിളിക്കുമ്പോൾ, അൻഡ്രിനോയുമുണ്ടാകും അതിനു സാക്ഷിയായി. ബ്രസീലിലെ തുറമുഖ നഗരമായ സാന്റോസിൽനിന്നുള്ള മെക്കാനിക്കൽ എൻജിനീയറാണ് നാൽപത്തിരണ്ടുകാരനായ അൻഡ്രിനോ. ഡോക്ടർമാർ ഒരു ശതമാനംപോലും സാധ്യതയില്ലെന്നു വിധിയെഴുതിയ തലച്ചോറിലെ ട്യൂമറുകൾ, വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത അദ്ഭുതപ്രതിഭാസത്തോടെ ഭേദമായതിന്റെ ജീവിക്കുന്ന സാക്ഷിയാണ് അൻഡ്രിനോ. ഈ അദ്ഭുതമാണു മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു നിമിത്തമായി കത്തോലിക്കാസഭ അംഗീകരിച്ചത്. 2008ൽ ആയിരുന്നു അത്. പക്ഷേ, സംഭവം പുറംലോകമറിയാൻ അഞ്ചുവർഷംകൂടിയെടുത്തു.

കടുത്ത തലവേദനയെത്തുടർന്നാണ് അൻഡ്രിനോ ഡോക്ടർമാരെ സമീപിച്ചത്. വിവാഹം കഴിഞ്ഞ് അധികം നാളായിരുന്നില്ല അപ്പോൾ. സാന്റോസിലെ സാവോ ലൂക്കാസ് ആശുപത്രിയി‍ൽ അൻഡ്രിനോ അഡ്മിറ്റായി. ഡോക്ടർമാർ ഉടൻ ശസ്ത്രക്രിയ നിർദേശിച്ചു. വൈകാതെ അൻഡ്രിനോ കോമയിലുമായി. ഭർത്താവിന്റെ രോഗാവസ്ഥയ്ക്കു പരിഹാരം തേടി റോച്ച സാവോ വിസെന്റെയിലെ കന്യകാമറിയത്തിന്റെ പള്ളിയിൽ പ്രാർഥിക്കാൻ പോയി. അവിടെയുണ്ടായിരുന്ന വൈദികൻ എൽമിറാൻ ഫെറേരയാണു മദർ തെരേസയുടെ ചിത്രം നൽകിയതും പ്രാർഥിക്കാൻ നിർദേശിച്ചതും.

അൻഡ്രിനോയുടെ ട്യൂമർ ഓപ്പറേഷൻ കൂടാതെ ഭേദമായ വിവരം സകലരും ആശ്ചര്യത്തോടെയാണു കേട്ടതെങ്കിലും ഇതു സാന്റോസിനു പുറത്തേക്കു വ്യാപിച്ചില്ല. എന്നാൽ, 2013 ജൂലൈയിൽ ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ റിയോ ഡി ജനീറോയിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പയോട് ഇക്കാര്യം പറ‍ഞ്ഞത് ഒരു ഡോക്ടറാണ്. അൻഡ്രിനോ ജോലി കിട്ടി റിയോയിൽ എത്തിയിരുന്നു അപ്പോൾ. തുടർപരിശോധനകൾക്കും മറ്റുമായി അൻഡ്രിനോ സന്ദർശിച്ചിരുന്ന ന്യൂറോ സർജൻ ജോസ് അഗസ്തോ നാസെറായിരുന്നു റിയോയിൽ മാർപാപ്പയുടെ പഴ്സനൽ ഡോക്ടർ. പരിശോധനാ സമയത്തിനിടെ ഡോക്ടർ അൻഡ്രിനോയുടെ കാര്യം മാർപാപ്പയോടു പറഞ്ഞു. മദർ തെരേസയുടെ മാധ്യസ്ഥ്യത്തെക്കുറിച്ചും സൂചിപ്പിച്ചു.

മാർപാപ്പയുടെ നേരിട്ടുള്ള നിർദേശത്തെത്തുടർന്ന് ഉടൻ സാന്റോസിൽ നാമകരണക്കോടതി സ്ഥാപിക്കപ്പെട്ടു. 2008ലെ ആശുപത്രി രേഖകൾ വീണ്ടെടുത്തു. ഡോക്ടർമാരെയും ആശുപത്രിയിലെ ടെക്നീഷ്യന്മാരെയും നാമകരണക്കോടതി നേരിട്ടു വിളിച്ചുവരുത്തി തെളിവെടുത്തു. രണ്ടു വർഷം നീണ്ട തെളിവെടുപ്പുകളും പരിശോധനകളും. ഒടുവിൽ, അദ്ഭുത രോഗശാന്തി വത്തിക്കാൻ ഔദ്യോഗികമായി അംഗീകരിച്ചു.