Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറന്ന വാതിൽ

jojo-mathew-28 ജോജോ മാത്യു

മൂവാറ്റുപുഴ നമ്പ്യാപറമ്പിൽ തയ്യിൽ ടി.ജെ. മാത്യു - അച്ചാമ്മ ദമ്പതികളുടെ മകൻ ജോജോ നാലുതവണ സിവിൽ സർവീസ് പരീക്ഷയെഴുതി. മൂന്നുതവണ മെയിൻ പരീക്ഷയിൽതട്ടി വീണു. ഒരുതവണ അഭിമുഖംവരെ എത്തിയെങ്കിലും കടമ്പ കടക്കാനായില്ല. അതുകൊണ്ട് എന്തുസംഭവിച്ചു - സ്വന്തം സഹോദരൻ അനൂപ് ഉൾപ്പെടെ കൃത്യം 2208 പേർ സിവിൽ സർവീസ് എന്ന സ്വപ്നനേട്ടത്തിലേക്കു ചിറകുവിരിച്ചു പറന്നു. ഇന്ന്, ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള സിവിൽ സർവീസ് പരിശീലകനാണു ജോജോ. ഡൽഹിയിലെ ആൾട്ടർനേറ്റീവ് ലേണിങ് സിസ്റ്റം (എഎൽഎസ്) എന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ സാരഥി. ഒറ്റ പരാജത്തിൽ എല്ലാം അവസാനിച്ചുവെന്നു തകർന്നുപോകുന്നവർ കണ്ടുപഠിക്കേണ്ട പാഠപുസ്തകമാണു ജോജോ മാത്യു.

യാത്രയ്ക്കിടെ കോയമ്പത്തൂരിൽ കണ്ട ഒരു ബോർഡാണു ജോജോയുടെ ജീവിതം മാറ്റിമറിച്ചത്. കാലം തൊണ്ണുറുകളുടെ തുടക്കം. ദുർഗാപുർ എൻഐടിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കി. ഓസ്ട്രേലിയ ആസ്ഥാനമായ കമ്പനിയുടെ ബെംഗളൂരു ശാഖയിൽ മാർക്കറ്റിങ് ഓഫിസറായി ജോലി ലഭിച്ചു. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണു മനസ്സിൽ പുതിയ സ്വപ്നങ്ങൾക്കു വിത്തുപാകിയ ആ ബോർഡ് കണ്ടത്-സിവിൽ സർവീസ് പരിശീലന കേന്ദ്രം.

പരിശീലനത്തിനു ചേരുന്നതിനു മുന്നോടിയായി ഉയർന്ന ശമ്പളമുള്ള ജോലി രാജിവച്ചു. സിവിൽ സർവീസ് പരിശീലനത്തിനു ചേരാനുള്ള മകന്റെ തീരുമാനത്തിൽ റിട്ടയേർഡ് ഹെഡ്മാസ്റ്ററായ അച്ഛനു സന്ദേഹമുണ്ടായിരുന്നു. കിട്ടിയജോലി കളഞ്ഞ് വീണ്ടും പഠിക്കാൻ പോകാനുള്ള തീരുമാനം നാട്ടിലും ചർച്ചയായി. അതൊന്നും വകവയ്ക്കാതെ സിവിൽ സർവീസ് എന്ന സ്വപ്നത്തെ ഒപ്പം കൂട്ടി ജോജോ ഡൽഹിയിലേക്കു വണ്ടി കയറി. കോയമ്പത്തൂരിൽ നിന്നുള്ള സമാന മനസ്കനായ സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ തേടി മൂന്നുദിവസം അലഞ്ഞു. ഒടുവിൽ അന്നത്തെ പ്രശസ്തനായ സിവിൽ സർവീസ് പരിശീലകൻ ശശാങ്ക് ആറ്റത്തിന്റേതുൾപ്പെടെയുള്ള മൂന്നു പരിശീലന കേന്ദ്രങ്ങളിൽ  ചേർന്നു. സമാന ലക്ഷ്യവുമായി ഡൽഹിയിലെത്തിയ നാലുപേർ ചേർന്ന് കരോൾ ബാഗിൽ മുറിയെടുത്തു സ്വപ്നത്തിലേക്കു ചുവടുവച്ചു തുടങ്ങി. സമയം ക്രമീകരിച്ച് ചിട്ടയായ പഠനം. നാലുലക്ഷത്തോളം പേർ എഴുതിയ പ്രിലിമിനറി പരീക്ഷയിൽ കരോൾ ബാഗിലെ ഒറ്റ മുറിയിൽ നിന്നു മൂന്നുപേർ വിജയികളുടെ പട്ടികയിലുണ്ടായിരുന്നു-ജോജോ മാത്രം പുറത്ത്. പരാജിതന്റെ ഒറ്റപ്പെടലും വേദനയും മനസ്സിൽനിന്നു മാറിയപ്പോൾ ഉറച്ച തീരുമാനമെടുത്തു- സിവിൽ സർവീസില്ലാതെ നാട്ടിലേക്കു മടക്കമില്ല. 

അധ്യാപനത്തിലേക്ക്

രണ്ടാംതവണ പ്രിലിമിനറിയുടെ കടമ്പ കടന്നു. മെയിൻ പരീക്ഷയ്ക്കു യോഗ്യത നേടിയ പതിനയ്യായിരത്തോളം പേരിൽ ഒരാളായി. ഇതിനിടെ മഞ്ഞപ്പിത്തം വില്ലനായെത്തി, നാട്ടിലേക്കു മടങ്ങേണ്ടിവന്നു. പഠനത്തിന്റെ താളം നഷ്ടപ്പെട്ടതോടെ വീണ്ടും പരാജയം. രണ്ടു പരാജയങ്ങളുടെ വേദനയിൽ, തൽക്കാലം ഡൽഹിയിലേക്കില്ലെന്നു തീരുമാനിച്ചു. സിവിൽ സർവീസ് എന്ന സ്വപ്നത്തിനു മനസ്സിൽ വിത്തുപാകിയ, കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ഡൽഹിയിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവിടെ ചെറിയതോതിൽ ക്ലാസെടുക്കാനും തുടങ്ങി. അധ്യാപനത്തിൽ തിളങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസം കിട്ടിയത് അവിടെവച്ചാണ്. ആയിടെയാണു പാലാ സെന്റ് തോമസ് കോളജിൽ സിവിൽ സർവീസ് ക്ലാസുകൾ തുടങ്ങിയത്. കുറച്ചുകാലം അവിടെ പഠിപ്പിച്ചു. ഇതിനിടെ മെയിൻ പരീക്ഷയിൽ തട്ടി ഒരിക്കൽക്കൂടി സിവിൽ സർവീസ് അകന്നുപോയി.

സിവിൽ സർവീസ് എന്ന സ്വപ്നം അപ്പോഴും മനസ്സിൽത്തന്നെ കിടന്നു. അവസാനമായി ഒരുശ്രമംകൂടി നടത്തുന്നതിന്റെ ഭാഗമായി ഡൽഹിയിലെത്തിയപ്പോൾ യാദൃശ്ചികമായി പഴയ പരിശീലകൻ ശശാങ്ക് ആറ്റത്തെ കണ്ടു. അദ്ദേഹത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കാനായി ക്ഷണിച്ചെങ്കിലും നിരസിച്ചു. രണ്ടുംകൽപിച്ചുള്ള ആ ശ്രമത്തിൽ പ്രിലിമിനറിയും മെയിനും കടന്ന് അഭിമുഖ പരീക്ഷവരെ എത്തി. എന്നാൽ, കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടാനായിരുന്നു വീണ്ടും വിധി. 

പുതിയ പാഠങ്ങൾ

തലസ്ഥാന നഗരത്തിലെ സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളുടെ കേന്ദ്രമായ മുഖർജി നഗറിലെ ഓരോ തെരുവിനും ഒരായിരം കഥകൾ പറയാനുണ്ട്. അതിൽ ലക്ഷ്യം കൈവരിച്ചവന്റെ സാഫല്യവും ഉപേക്ഷിച്ചു പോകേണ്ടിവന്നവന്റെ വേദനയുമുണ്ട്. പുതിയ ലക്ഷ്യവുമായി 1998ലാണു ജോജോ മുഖർജി നഗറിൽ എത്തുന്നത്. മുഖർജി നഗറിൽ വന്നിറങ്ങുമ്പോൾ ജോജോ മനസ്സിലെ ഒരു വലിയ പാഠം പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടായിരുന്നു; ഇവിടെ പരാജയപ്പെട്ടാൽ ഇനിയൊരു അവസരമുണ്ടാകില്ല.

സിവിൽ സർവീസ് പരിശീലനരംഗത്തു പേരെടുത്ത അധ്യാപകരുടെ സ്ഥാപനങ്ങളോടു മൽസരിക്കാനായിരുന്നു ജോജോയുടെ തീരുമാനം. ആത്മവിശ്വാസവും ചെറുപ്പത്തിന്റെ ഊർജവും മൂലധനമാക്കി ആൾട്ടർനേറ്റീവ് ലേണിങ് സിസ്റ്റം (എഎൽഎസ്) എന്ന സ്ഥാപനം ജോജോ തുടങ്ങി. മറ്റു സ്ഥാപനങ്ങളെക്കാൾ പകുതി ഫീസ് ഈടാക്കിയായിരുന്നു തുടക്കം. സ്ഥാപനത്തിന്റെ പരസ്യ നോട്ടിസുകൾ ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിക്കുന്നതും ജോജോ തന്നെയായിരുന്നു. അങ്ങനെ, 40 വിദ്യാർഥികളുമായി ആദ്യബാച്ച് ആരംഭിച്ചു. ആദ്യബാച്ചിന്റെ ഫലം വന്നപ്പോൾ വിജയികളുടെ പട്ടികയിലുണ്ടായിരുന്നതു നാലുപേർ. ഒൻപതാം റാങ്കു നേടിയ ശന്തനു ബസുവിന്റേതായിരുന്നു തിളക്കമുള്ള വിജയം. ശന്തനു ഇപ്പോൾ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സെക്രട്ടറിയാണ്.

ജോജോയ്ക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നാൽപതിൽനിന്നു നാനൂറും അയ്യായിരവുമായി വിദ്യാർഥികളുടെ എണ്ണം വർധിച്ചു. കറന്റ് അഫയേഴ്സാണു ജോജോ പഠിപ്പിക്കുന്നത്. അതിനാൽ, ഓരോദിവസവും സ്വയം പുതുക്കിക്കൊണ്ടിരിക്കണം. ലോകത്തു നടക്കുന്ന എല്ലാ ചലനങ്ങളെക്കുറിച്ചും ബോധവാനായിരിക്കണം. ഓരോവർഷം സിവിൽ സർവീസ് ഫലം വരുമ്പോഴും ജോജോയുടെ ശിഷ്യർ നൂറുപേരെങ്കിലും പട്ടികയിലുണ്ടാകും. മൂന്നുതവണ ഒന്നാം റാങ്കിന്റെ അഭിമാനനേട്ടവും കൈവരിച്ചു. പതിനെട്ടുവർഷത്തിനിടെ 2208 പേരാണു ജോജോ കാണിച്ച വഴിയിലൂടെ സിവിൽ സർവീസിലേക്കു നടന്നുകയറിയത്.

ആയിരക്കണക്കിനുപേരെ സ്വപ്ന നേട്ടത്തിലെത്തിച്ചെങ്കിലും ഒരുപാട് ആഗ്രഹിച്ച കടമ്പ കടക്കാനാവാത്തതിന്റെ സ്വകാര്യ ദുഃഖം ഇപ്പോഴും ജോജോയുടെ മനസ്സിലുണ്ട്. എന്നാൽ, അനുജൻ അനൂപ് ടി.മാത്യുവിനെ സ്വന്തം സ്ഥാപനത്തിലൂടെ സിവിൽ സർവീസിലേക്കു വഴിനടത്തിയപ്പോൾ ആ ദുഃഖത്തിന്റെ ഭാരം കുറഞ്ഞു. 2006ൽ പരീക്ഷ പാസായ അനൂപ് ഐപിഎസ് നേടി. നിലവിൽ ജംഷഡ്പുരിൽ എഎസ്പിയാണ്. രെഞ്ചുവാണു ജോജോയുടെ ഭാര്യ. മക്കൾ: ഡൊമിനിക്, സാവിയോ. ജോജോയിലെ പിതാവ് മനസ്സിൽ സ്വകാര്യമായി സൂക്ഷിക്കുന്ന ഒരാഗ്രഹമുണ്ട്; തനിക്കു നേടാനാകാതെ പോയതു മക്കളിലൂടെ നേടണം.

ഒരു വാതിൽ അടയുമ്പോൾ ആയിരം വാതിലുകൾ മുന്നിൽ തുറക്കുമെന്നു പറയാറുണ്ട്. അതു കണ്ടെത്തുകയാണു പ്രധാനം. ജോജോ സ്വന്തം വാതിൽ കണ്ടെത്തി. ആയിരക്കണക്കിനാളുകളെ ആ വാതിലിലൂടെ കടത്തിവിട്ടു.

Your Rating: