Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാം കാണും കാർ‌ത്തിക വിളക്ക്!

karthika-and-family-28 കാർത്തിക സഹോദരൻ ജയകൃഷ്ണൻ, അമ്മ ശ്യാമ, അച്ഛൻ എം.ബി. ജയചന്ദ്രൻ എന്നിവർക്കൊപ്പം. ചിത്രം: റിജോ ജോസഫ്

കാർത്തികയ്ക്കു കാഴ്ചയില്ല, എന്നാൽ അവൾക്കായി കാണാൻ ആറു കണ്ണുകളുണ്ട്. അമ്മയുടെ വാൽസല്യത്തിന്റെ, അച്ഛന്റെ കരുതലിന്റെ, കൈപിടിച്ചു നടത്തുന്ന അനുജന്റെയും. ഇവരുടെ കണ്ണുകളിലൂടെയാണു കാർത്തിക ലോകം കാണുന്നത്. ഏഴു വയസ്സുവരെ സ്വന്തം കണ്ണിലൂടെയാണു കാർത്തിക ലോകം കണ്ടത്. കാലം അവളുടെ കണ്ണിലേക്കു നിത്യമായ ഇരുൾ നിക്ഷേപിച്ചു. ജീവിതത്തിൽ പരാജയപ്പെടാൻ പക്ഷേ, കാർത്തിക തയാറായില്ല. കൈപിടിക്കാൻ കുടുംബം കൂട്ടായി. അധ്യാപികയായിരുന്ന അമ്മ മകൾക്കായി ജോലി ഉപേക്ഷിച്ചു. ചേച്ചിക്കായി അനുജൻ വാശികൾ മാറ്റിവച്ചു. നെഞ്ചിലെ ചൂടിൽ അച്ഛൻ മകൾക്കു തണലായി. വൈകല്യം മറന്ന കാർത്തികയുടെ മുന്നിൽ ഹയർ സെക്കൻഡറി പരീക്ഷപോലും തോറ്റു. കാർത്തികയ്ക്ക് അറിയാത്ത ഒരു ചോദ്യം പോലും ചോദിക്കാൻ ഹയർ സെക്കൻഡറി ബോർഡിനായില്ല. അങ്ങനെ ഈവർഷം ഹ്യുമാനിറ്റീസിൽ 600ൽ 600 മാർക്കുവാങ്ങിയാണ് ഈ കൊച്ചു മിടുക്കി പ്ലസ്ടു പരീക്ഷ പാസായത്. പത്താം ക്ലാസിലും എല്ലാവിഷയത്തിനും എപ്ലസ് ആയിരുന്നു കാർത്തികയ്ക്ക്. പാലക്കാട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കാരാപ്പുഴ തൃക്കാർത്തിക എം.ബി.ജയചന്ദ്രന്റെയും ശ്യാമയുടെയും മൂത്തമകളാണു കാർത്തിക. ജയകൃഷ്ണനാണു സഹോദരൻ.

മങ്ങിയ വെളിച്ചം

കാർത്തികയ്ക്ക് അന്ന് എട്ടു വയസ്സ്. കണ്ണെഴുതി പൊട്ടുതൊട്ട് മുഖത്ത് പൗഡറിടുകയാണ്. ഇടയ്ക്ക് കൈ വലതുകണ്ണു മറച്ചു. പെട്ടെന്ന് മുന്നിൽ ഇരുട്ടു പരന്നു. കൊച്ചു കാർത്തിക ഭയന്നുപോയി. ഒരു ഉറപ്പിനായി വലംകണ്ണ് ഒന്നുകൂടി പൊത്തിനോക്കി കൂരിരുട്ടുതന്നെ. വലതു കണ്ണും ഇടതു കണ്ണും മാറിമാറി അടച്ചു തുറന്നു. ഇടം കണ്ണിലെ വെളിച്ചം പൂർണമായും നഷ്ടമായിരിക്കുന്നു. അടുക്കളയിൽ പണിത്തിരക്കിലായിരുന്ന അമ്മയുടെ അടുക്കലേക്കോടി. വിതുമ്പിക്കൊണ്ടു മകൾ പറഞ്ഞ കാര്യം കളിയാണെന്നാണ് ആദ്യം അമ്മ കരുതിയത്. കണ്ണു തിരുമ്മിയപ്പോൾ ഉണ്ടായ ഇരുളായിരിക്കും എന്നു പറഞ്ഞു മകളെ അമ്മ ആശ്വസിപ്പിച്ചു. ആ വിശ്വാസത്തിലാണു കാർത്തിക അന്നു സ്കൂളിൽ പോയത്. ഉച്ചയ്ക്ക് ഊണുകഴിച്ചു മുഖം കഴുകുമ്പോൾ കൺമുന്നിലെത്തുന്ന വെള്ളത്തുള്ളികൾപോലും കാണാൻ തന്റെ ഇടം കണ്ണു കൂട്ടാക്കുന്നില്ലെന്നു കാർത്തിക തിരിച്ചറിഞ്ഞു. സ്കൂളിൽ ആരോടും വിഷമം പങ്കുവച്ചില്ല. ഇരുൾ മൂടിയ ഇടംകണ്ണു നിറഞ്ഞത് ആരും കാണാതെ ആ മൂന്നാം ക്ലാസുകാരി തുടച്ചു. ക്ലാസുവിട്ടു വീട്ടിലെത്തി അമ്മയോടു കാര്യം പറഞ്ഞു.‍ ഞെട്ടലോടെ അമ്മയും തുടർന്ന് അച്ഛനും ആ വേദനിപ്പിക്കുന്ന സത്യം തിരിച്ചറിഞ്ഞു; മകളുടെ ഇടതു കണ്ണിന്റെ കാഴ്ച പൂർണമായും മറഞ്ഞിരിക്കുന്നു.

കൂരിരുട്ട്

പിന്നെയുള്ള ഒരുവർഷം ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു. ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ആദ്യ ദിവസം ഡോക്ട​റെ ക​ാണാനായില്ല. രണ്ടുദിവസം കഴിഞ്ഞതോടെ കണ്ണിലെ കൃഷ്ണമണി തള്ളി വന്നുതുടങ്ങി. തുടർന്ന് മ‌ധുര അരവിന്ദ് ആശുപത്രിയിലേക്കാണു പോയത്. എട്ടു ഡോക്ടർമാർ പരിശോധിച്ചിട്ടും രോഗകാരണം കണ്ടെത്താൻ കഴിഞ്ഞില്ല. പരീക്ഷണങ്ങൾ പലതു നടത്തി, ഒടുവിൽ രോഗകാരണം കണ്ടെത്തി. സൈനസിൽ ഒരു കോശം ആവശ്യമില്ലാതെ വളരുന്നു, കാൻസർ. ഇടംകണ്ണിന്റെ നേർവിനെ ഞെരിച്ചമർത്തുന്നു. അതുവഴി രക്തയോട്ടം തടയപ്പെടുന്നു.

കാർത്തികയുടെ രോഗത്തിനു പരിഹാരം കാണണമെങ്കിൽ ശസ്ത്രക്രിയ ആവശ്യമാണ്. അതിനു കേരളമാണു നല്ലതെന്ന് ഉപദേശിച്ചത് അരവിന്ദിലെ ഡോക്ടർമാർതന്നെ. തിരുവനന്തപുരം ശ്രീചിത്രയിലെത്തി. ശസ്ത്രക്രിയയ്ക്കു ന്യൂറോ സർജൻ, ഇഎൻടി, പ്ലാസ്റ്റിക് സർജറി ഡോക്ടർമാരാണ് ആവശ്യം. വിധിയുടെ പരീക്ഷണം എന്നല്ലാതെ എന്തു പറയാൻ. ശ്രീചിത്രയിലെ ചീഫ് ന്യൂറോസർജൻ അവധിയിലാണ്. കാത്തിരിക്കാൻ ദിവസങ്ങളില്ല. ഒടുവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു. വിധി അവൾക്കെതിരായിരുന്നു. അതുകൊണ്ടാണല്ലോ ജനുവരി 25ന് ആശുപത്രിയിലെത്തിയിട്ടും ആ ദിവസം പരിശോധന പൂർത്തിയാക്കാൻ കഴിയാതെപോയത്.

പരിശോധനകൾ പൂർത്തിയാക്കി ചികിത്സ തുടങ്ങാൻ രണ്ടുദിവസമെടുത്തു. ആ താമസം ഇടതുകണ്ണിലെ കോശങ്ങളിൽ‌ വളർന്ന കാൻസർ വലതുകണ്ണിലേക്കും പടരാൻ ഇടയാക്കി. പതുക്കെ പതുക്കെ വലതുകണ്ണിന്റെയും കാഴ്ച മങ്ങുന്നതു കാർത്തിക അറിഞ്ഞു. ആശുപത്രിയിലെത്തി അഞ്ചാംനാൾ വലതു കണ്ണിനോടു വാച്ചു ചേർത്തുവച്ച് മകൾ സമയം നോക്കുന്നത് അമ്മ കണ്ടു. കാര്യം തിരക്കി. കരച്ചിലടക്കിക്കൊണ്ട് ആ ഞെട്ടിക്കുന്ന സത്യം അമ്മയോടു പറഞ്ഞു. വലതു കണ്ണിലും ഇരുൾ നിറഞ്ഞു തുടങ്ങി. മകളെ ചേർത്തുനിർത്തി കരയാൻ മാത്രമേ ആ അമ്മയ്ക്കായുള്ളൂ. പരിശോധനകൾ നടത്തിയ ഡോക്ടർമാർ പറഞ്ഞു. ഇരു കണ്ണുകളും അപകടത്തിലായിരിക്കുന്നു. കാൻസർ മാറ്റാം, ജീവൻ‌ രക്ഷിക്കാം. പക്ഷേ, കാഴ്ച തിരിച്ചുകിട്ടില്ല. വേദനയോടെ അവർ ആ സത്യം ഉൾക്കൊണ്ടു.

അന്ധത എന്ന സത്യം

പിന്നെ കീമോ തെറപ്പിയും ശസ്ത്രക്രിയയും ചികിത്സയുമായി കാർത്തിക ഇരുൾനിറഞ്ഞ പുതിയ ലോകത്തേക്കു പതുക്കെ പിച്ചവച്ചു തുടങ്ങി. 28 റേഡിയേഷനാണ് ആ കൊച്ചു ശരീരത്തിൽ ചെയ്യേണ്ടിവന്നത്. അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത അന്ധകാരത്തിന്റെ പൂർണതയിലേക്കായിരുന്നു പിന്നീടുള്ള അവളുടെ ജീവിതം. ചികിത്സയ്ക്കായി ഒരുവർഷം ചെലവഴിച്ചു. കാർത്തികയുടെ കാഴ്ചയില്ലാത്ത ലോകത്തേക്കു മാതാപിതാക്കൾ അവരുടെ മിഴികൾ തുറന്നുവച്ചു. പിന്നീടങ്ങോട്ട് അവളുടെ മനസ്സിലെ നിറങ്ങൾ ചാലിച്ചുനൽകിയതു മാതാപിതാക്കളാണ്.

അധികം താമസിയാതെ ഇതുവരെ കാർത്തിക കാണാത്ത കുഞ്ഞനിയനും കടന്നുവന്നു. പഠനത്തിൽ എന്നും മുൻപന്തിയിൽനിന്ന കാർത്തികയുടെ പഠിപ്പു മുടക്കരുതെന്നു മാതാപിതാക്കളെ ഉപദേശിച്ചതു ഡോ.പി.എസ്.ഗണേശാണ്. പക്ഷേ, മകളെ അന്ധവിദ്യാലയത്തിലയയ്ക്കാൻ മാതാപിതാക്കൾക്കായിരുന്നു മടി. ഒടുവിൽ കാർത്തികയുടെ നിർബന്ധമാണ് ഒളശ്ശ ബ്ലൈൻഡ് സ്കൂളിലേക്കുള്ള പ്രവേശനം. വിധി തളർത്തിയെങ്കിലും മനസ്സിലെ മോഹങ്ങൾക്ക് അവധികൊടുക്കാൻ കാർത്തിക തയാറായിരുന്നില്ല.

അമ്മ മകളുടെ വെളിച്ചം

കാണക്കാരി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപികയായിരുന്ന അമ്മ ജോലി രാജിവച്ചു. പിന്നെ ഈ അമ്മയുടെ ജീവിതത്തിൽ കണ്ടതെല്ലാം മകൾക്കു വേണ്ടിയായിരുന്നു. പുസ്തകങ്ങൾ അമ്മ വായിച്ചു കേൾപ്പിക്കും. അതുകേട്ട് കാർത്തിക പഠിച്ചുതുടങ്ങി. എട്ടാംക്ലാസ് മുതൽ സാധാരണ സ്കൂളിൽ സാധാരണക്കാരിയായി കാർത്തിക പഠിപ്പുതുടർന്നു. അപ്പോഴും അമ്മയാണു പഠന സഹായിയായി കൂടെയുള്ളത്. രാത്രിയുടെ യാമങ്ങളിൽ ലോകം മിഴിയടയ്ക്കുമ്പോൾ അമ്മയും മകളും ഉണർന്നിരുന്നു. മയങ്ങിപ്പോകുന്ന മിഴികളെ തട്ടിവിളിച്ച് കാർത്തികയ്ക്കായി അമ്മ പാഠപുസ്തകം വായിച്ചുകൊടുത്തു. തിക​ഞ്ഞ ശ്രദ്ധയോടെ കേട്ടിരുന്നു പഠിക്കുമ്പോൾ കാഴ്ചയില്ലായ്മ കാർത്തിക മറന്നു. അമ്മ മകളുടെ കണ്ണായി. കാർത്തികയ്ക്ക് ഉറക്കംവരുംവരെ അമ്മ പാഠങ്ങൾ പറഞ്ഞുകൊടുത്തു. നാട്ടറിവുകളെക്കുറിച്ചു സംസാരിച്ചു. പാട്ടുപഠിപ്പിച്ചു. പ്രസംഗം പഠിപ്പിച്ചു. കഥയും കവിതയുമെഴുതി മത്സരങ്ങളിൽ പലതിലും പങ്കെടുത്തു സമ്മാനങ്ങൾ വാരിക്കൂട്ടി. അങ്ങനെ കാഴ്ചയുള്ളവരെക്കാൾ ഉൾക്കാഴ്ചയുള്ളവളായി കാർത്തിക വളർന്നു.

പരിചിതം ഈ ഇരുൾ

ഇരുൾപരന്ന ലോകം, കാലം അവൾക്കു പരിചിതമാക്കി. അന്ധത എന്ന യാഥാർഥ്യം പൂർണമായും അഗീകരിച്ചു. ചുറ്റുപാടുകൾ പൂർണമായും മനസ്സി‍ൽ പകർത്തിവച്ച കാർത്തികയ്ക്കു വീടും നാടും കേൾവിയിലൂടെയും ഗന്ധത്തിലൂടെയും പരിചിതമായി. ഒറ്റയ്ക്കിരിക്കുന്ന സ്വന്തം മുറിയിൽ മറ്റൊരാൾ കാൽകുത്തിയാൽ പോലും കാർത്തിക അതു മനസ്സിലാക്കും. സ്വന്തം വസ്തുക്കൾ വച്ചിരിക്കുന്നതെവിടെ, അടച്ചും തുറന്നും കിടക്കുന്ന വാതിലുകൾ ഏതെല്ലാം, എല്ലാം കാർത്തികയുടെ അകക്കണ്ണിൽ പകൽപോലെ വ്യക്തം. സുപരിചിതമായ സാഹചര്യങ്ങളെ അതുപോലെ നിലനിർത്താൻ മാതാപിതാക്കളും സഹോദരനും എപ്പോഴും ശ്രമിക്കുന്നുണ്ട്.

ഇരുട്ടിന് വട്ടപ്പൂജ്യം!

ഇരുളിന്റെ ലോകത്തു മകളെ തനിച്ചുവിടാതെ എല്ലാവരും കൂടെനിന്നതോടെ മുന്നോട്ടുപോകാൻ കാർത്തികയ്ക്ക് ഊർജമായി. പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയാണു വിജയിച്ചത്. പ്ലസ് വണ്ണിനു ചേരാൻ കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെത്തി. നല്ല മാർക്കുള്ള, നിശ്ചയദാർഢ്യമുള്ള കാർത്തികയെ ഇരുകയ്യും നീട്ടി അധ്യാപകർ സ്വീകരിച്ചു. അഡ്മിഷൻ ലഭിക്കുമ്പോൾ പ്രധാന അധ്യാപികയായ സിസ്റ്റർ ലിനറ്റിനോടു കാർത്തിക ഒരുകാര്യം മാത്രമേ പറഞ്ഞുള്ളു. ‘എനിക്കു സ്കൂളിൽ ഒരു പ്രത്യേകസൗകര്യവും ഒരുക്കരുത്.’

പഠനത്തിന് അധ്യാപകരെല്ലാം കാർത്തികയെ സഹായിച്ചു. കാർത്തികയോടു മത്സരിച്ച ഇരുട്ട് തോറ്റു തുന്നംപാടി. കരുതലുകളോടു നീതി കാട്ടിയ കാർത്തിക പ്ലസ്ടു പരീക്ഷയ്ക്കു മുഴുവൻ മാർക്കും നേടി. കാലം തോൽപിക്കാൻ ശ്രമിച്ചവൾ കാലത്തെ തോൽപിച്ചു. കാർത്തിക ഇപ്പോൾ ബിസിഎം കോളജിൽ ഇംഗ്ലിഷ് സാഹിത്യവിദ്യാർഥിയാണ്. പഠിച്ച് അമ്മയെപ്പോലെ ഒരു ടീച്ചറാകുകയാണു ലക്ഷ്യം. പഠനത്തിനുപുറത്തു കവിതാരചന, ശാസ്ത്രീയ സംഗീതം, പ്രസംഗം തുടങ്ങി പാഠ്യേതര പ്രവർത്തനങ്ങളിലും കാർത്തിക മുന്നിലുണ്ട്.

Your Rating: