Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പറന്നുയർന്ന സ്വപ്നം

v-k-mathews-and-latha-28 വി.കെ. മാത്യൂസും ഭാര്യ ലതയും

വിമാനത്താവളത്തിലെ ചെക്ഇൻ കൗണ്ടറിൽ വച്ച് നമ്മോട് ഗുഡ്ബൈ പറഞ്ഞ് കൺവെയർ ബെൽറ്റിലൂടെ ഇരുളിലേക്കു മറയുന്ന ബാഗ്!!! ആ വലിയ ബാഗും അതുവരെ ആ ബാഗ് ചുമന്ന നമ്മളും പിന്നെ രണ്ടു വഴിക്കാണ്. നാട്ടിൽ കാത്തുകാത്തിരിക്കുന്ന ഒട്ടേറെപ്പേരുടെ പ്രതീക്ഷയാണ് ആ ബാഗിൽ അമർന്നിരിക്കുന്നത്. മണിക്കൂറുകൾ പറന്ന്, ഒടുവിൽ കോഴിക്കോട്ടോ കൊച്ചിയിലോ തിരുവനന്തപുരത്തോ ഇറങ്ങി ടെർമിനലിലെ കൺവേയർ ബെൽറ്റിനു മുന്നിൽ ഉൗഴം കാത്തു നിൽക്കുമ്പോൾ ചങ്കിടിക്കാത്ത എത്ര പ്രവാസികളുണ്ടാകും? ബെൽറ്റിലൂടെ വേച്ചുവേച്ച് ഒടുവിൽ ആ ബാഗ് കൺമുന്നിൽ വന്നു നിൽക്കുമ്പോഴേ നമുക്കു ശ്വാസം വീഴൂ.

ലോകത്ത് ഒരു ദിവസം ഒരു ലക്ഷത്തിലേറെ യാത്രാവിമാനങ്ങൾ പറക്കുന്നുണ്ടെന്നാണു കണക്ക്. ദിവസേന യാത്ര ചെയ്യുന്നതാകട്ടെ 80 ലക്ഷം പേർ. അവർ ഒപ്പം കൊണ്ടുപോകുന്ന ബാഗുകളുടെ എണ്ണം ഒരു കോടി കവിയും. ഇൗ ലഗേജുകളെല്ലാം എങ്ങനെ കൃത്യമായി ലക്ഷ്യ സ്ഥാനത്ത് എത്തുന്നുവെന്നു ചിന്തിച്ചിട്ടുണ്ടോ? ഇൗ ചിന്തിക്കുന്ന നമ്മൾ എങ്ങനെ എത്തേണ്ടിടത്ത് എത്തുന്നുവെന്ന് ആലോചിക്കാറുണ്ടോ?

പറഞ്ഞുവന്നത് അതുതന്നെയാണ്, ഇതിനു പിന്നിലും ഇതാ ഒരു മലയാളി. ലോകത്തെ പ്രമുഖ വിമാനക്കമ്പനികളുടെയെല്ലാം ജീവനക്കാരെയും യാത്രക്കാരെയും ഒരു ചരടിൽ കോർത്തിട്ടു നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ സ്രഷ്ടാവ്, വി.കെ. മാത്യൂസ്. ലോകത്തെ ഏറ്റവും വലിയ 20 വിമാനക്കമ്പനികളുടെ പട്ടികയെടുത്താൽ അതിൽ പത്തെണ്ണവും ഇന്നു പ്രവർത്തിക്കുന്നതു വികെയുടെ ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസിന്റെ കരുത്തിലാണ്. ആദ്യ അഞ്ചു വമ്പൻ എണ്ണക്കമ്പനികളിൽ നാലും ഐബിഎസിനെ ആശ്രയിക്കുമ്പോൾ 80 ഭീമൻ ഹോട്ടൽ ശൃംഖലകൾക്കും 30 ട്രാവൽ കമ്പനികൾക്കും ഐബിഎസാണു ജീവനാഡി. ജപ്പാനിലെയും ഓസ്ട്രേലിയയിലെയും 70% ചരക്കുഗതാഗതത്തിനും സാങ്കേതിക സഹായം ഒരുക്കുന്നതും ഐബിഎസാണ്.

കേരളത്തിന്റെ സ്വന്തം

വിമാനത്തെക്കാൾ വേഗത്തിലും ഉയരത്തിലുമുള്ള ഇൗ വളർച്ചയിൽ, വി.കെ. മാത്യൂസും ഐബിഎസും പറന്നു പറന്ന് അങ്ങ് ന്യൂയോർക്കിലോ ദുബായിലോ പോയില്ല. തിരുവനന്തപുരത്ത് ടെക്നോപാർക്കിലെ പച്ചപ്പിനു നടുക്ക് രണ്ടായിരത്തോളം ജീവനക്കാരോടൊപ്പം മാത്യൂസ് ഇവിടെത്തന്നെയുണ്ട്. ‘ഇവിടെ ബിസിനസ് ചെയ്യാൻ പാടില്ലെന്ന് ആരാണു പറഞ്ഞത്? എന്റെ വിജയം ഞാൻ കേരളത്തിലിരുന്നു ബിസിനസ് ചെയ്യുന്നതുകൊണ്ടാണെന്നു വിശ്വസിക്കുന്നു. ചെയ്യുന്ന ബിസിനസിൽ നൂറു ശതമാനം ആത്മാർഥതയും സത്യസന്ധതയും വേണം. ജനങ്ങളെ ചൂഷണം ചെയ്യാൻ നോക്കരുത്. ഇൗ കാര്യങ്ങൾ പാലിച്ചാൽ കേരളത്തിൽ ഏതു ബിസിനസും വിജയകരമാക്കാമെന്നാണു ഞാൻ പഠിച്ചത്’

ഐബിഎസിന്റെ വിജയകഥ ഇന്ത്യൻ വ്യോമയാന മേഖലയുടെ പഴയൊരു കാലത്തെക്കൂടി ഓർമിപ്പിക്കും. പണ്ട് മുംബൈ-ലണ്ടൻ-ന്യൂയോർക്ക് സർവീസ് നടത്തുന്ന ഒരു വിമാനത്തിൽ 300 സീറ്റ് ഉണ്ടെന്നു കരുതുക. മുംബൈയ്ക്കും ലണ്ടനുമായി 150 ടിക്കറ്റു വീതം മാറ്റിവയ്ക്കുന്ന ക്വോട്ട വ്യവസ്ഥയായിരുന്നു അന്ന്. ലണ്ടനിൽനിന്ന് എത്രപേർ കയറുമെന്നു മുംബൈയിൽ അറിയില്ല. അതിനാൽ മുംബൈ ക്വാട്ടയിൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് ന്യൂയോർക്ക് വരെ അങ്ങനെ കാലിയായിക്കിടക്കും. പരസ്പരം ഒരു തരത്തിലുള്ള ആശയവിനിമയവും സാധ്യമാകാതിരുന്ന കാലം. പിന്നീട് ടെലിഗ്രാം വന്നതോടെ ആഭ്യന്തര സർവീസുകൾക്കു മാത്രമായി ചെറിയ തോതിൽ വിവര കൈമാറ്റം നടന്നു. ടെലിഗ്രാം ടെലക്സിനു വഴിമാറി.

1995ൽ പോലും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്സിന്റെ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കംപ്യൂട്ടർ റിസർവേഷൻ സംവിധാനത്തിനു നമ്മുടെ മൊബൈൽ ഫോണിന്റെ സംഭരണശേഷി പോലും ഉണ്ടായിരുന്നില്ല. അത്ര കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളിൽനിന്നും സൗകര്യങ്ങളിൽനിന്നുമുള്ള കുതിച്ചു ചാട്ടത്തിനാണ് ഐബിഎസ് വഴിയൊരുക്കിയത്. ഇന്ന്, യാത്രക്കാരുടെ റിസർവേഷൻ, വിമാനക്കമ്പനികളുടെ അക്കൗണ്ടിങ്, എൻജിനീയറിങ് മെയിന്റനൻസ്, വിമാന സർവീസുകളുടെ ഏകോപനം, വിമാനത്താവളങ്ങളുടെ പ്രവർത്തനം എന്നിവയിലെല്ലാം ഐബിഎസിന്റെ കയ്യൊപ്പുണ്ട്. എൻജിനീയറിങ് പഠനം കഴിഞ്ഞു രണ്ടും കൽപിച്ച് ഒരു സ്റ്റാർട്ടപ്പ് തുടങ്ങിയതു വഴി ഭാഗ്യം കൊണ്ടുണ്ടായ ഉയർച്ചയല്ല ഐബിഎസിന്റേത്. 

ചങ്കൂറ്റത്തിന്റെ വിജയം

ഒരു മലയാളിക്ക് അക്കാലത്ത് സ്വപ്നം കാണാൻ കഴിയാത്തത്ര ഉയരത്തിൽനിന്നു പെട്ടെന്നൊരുനാൾ എല്ലാം ഇട്ടെറിഞ്ഞുവന്ന് വീടും ഭൂമിയും ഒക്കെ പണയപ്പെടുത്തി വ്യവസായരംഗത്തേക്ക് ഇറങ്ങാൻ കാട്ടിയ ചങ്കൂറ്റമാണ് ഐബിഎസിന്റെ ഏറ്റവും വലിയ മുടക്കു മുതൽ. ഫെഡറൽ ബാങ്കിന്റെ സ്ഥാപക മാനേജരായ കെ.പി.കോരതിന്റെ മകൻ വി.കെ.മാത്യൂസിനു പഠനം ഒരിക്കലും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. എൻജിനീയറിങ് കഴിഞ്ഞയുടൻ ജോലിയിൽ കയറണമെന്ന ആഗ്രഹവുമില്ലായിരുന്നു. ബിടെക് കഴിഞ്ഞ് നേരെ കാൺപൂർ ഐഐടിയിൽ എയറോനോട്ടിക്കൽ എൻജിനീയറിങ്ങിനു ചേർന്നു. അതിനുശേഷം പിഎച്ച്ഡിക്കു പോകാനിരുന്നതാണ്. പക്ഷേ, മഞ്ഞപ്പിത്തം വില്ലനായി വന്നു. നല്ലൊരു സ്കോളർഷിപ് കിട്ടിയിട്ടും രോഗം കാരണം എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാതെ യാത്ര മുടങ്ങി. അന്ന് അതു സംഭവിച്ചില്ലായിരുന്നെങ്കിൽ മാത്യൂസിന്റെ ജീവിതഗതി മറ്റൊന്നായേനെ.

ഏത് ആൺകുട്ടികൾക്കും വാഹനങ്ങളോടു താൽപര്യമുണ്ടാകും. അതിൽത്തന്നെ കൂടുതൽ താൽപര്യം വിമാനങ്ങളോടാകും. ആ ഇഷ്ടം കൊണ്ടാണ് എയറോനോട്ടിക്കൽ എൻജിനീയറിങ് പഠനം. പിന്നാലെ സെക്കന്തരാബാദിലെ മിലിട്ടറി കോളജ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അധ്യാപകനായി ജോലിയിൽ കയറി. തലമുടി നീട്ടി വളർത്തി എല്ലാ വ്യവസ്ഥിതികളെയും ചോദ്യം ചെയ്തു കഴിയുമ്പോഴാണ് സൈന്യത്തിന്റെ പട്ടാളച്ചിട്ടയിലേക്കു കടക്കുന്നത്. കംപ്യൂട്ടർ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ കാലമായിരുന്നു അത്. സ്ഥാനക്കയറ്റം വേണമെങ്കിൽ സൈനികൻ കംപ്യൂട്ടറും അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ വന്ന സമയം. ആദ്യത്തെ കോഴ്സ് വളരെ ഉത്തരവാദിത്തത്തോടെ പഠിപ്പിച്ചു. പക്ഷേ ഫലം വന്നപ്പോൾ മുക്കാൽ പങ്കും തോറ്റു. വീണ്ടും പരീക്ഷ നടത്തി എല്ലാവരെയും ജയിപ്പിച്ചു. അതു തന്റെ വഴിയല്ലെന്നു നന്നായി അറിയാമായിരുന്നു. രണ്ടു വർഷമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പിന്നെ എയർ ഇന്ത്യയിലേക്ക്.

എയറോനോട്ടിക്കൽ എൻജിനീയറിങ്ങും കംപ്യൂട്ടർ എൻജിനീയറിങ്ങും അറിയാവുന്നവനാണ് അന്ന് എയർ ഇന്ത്യയിൽ ഏറ്റവും വിലപിടിപ്പുള്ള ആൾ. 50 ഐഐടിക്കാരെ അക്കാലത്ത് എയർ ഇന്ത്യ കൂട്ടത്തോടെ റിക്രൂട്ട് ചെയ്തു. രണ്ടു വർഷത്തിനുശേഷം 1983ൽ എമിറേറ്റ്സ് ഗ്രൂപ്പിലേക്ക്. വൈകാതെ എയർലൈൻസ് ഐടി വിഭാഗം തലവനായി. എമിറേറ്റ്സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ (39) ഐടി മേധാവി. ആദ്യത്തെ ഏഷ്യക്കാരനും.

‘‘അന്ന്, വിമാനക്കമ്പനികളും അവർക്കു സോഫ്റ്റ്‌വെയർ ഒരുക്കുന്ന കമ്പനികളും ചേർന്നുള്ള യോഗങ്ങൾ യുദ്ധം തന്നെയായിരുന്നു. വിമാനക്കമ്പനികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സോഫ്റ്റ്‌വെയർ കമ്പനികൾക്കു കഴിഞ്ഞിരുന്നില്ല. ആ വിടവായിരുന്നു എന്റെ മുന്നിലെ ഏറ്റവും വലിയ അവസരം. എന്തുകൊണ്ട് ഇൗ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്ന ഒരു സംരംഭത്തെക്കുറിച്ച് ആലോചിച്ചുകൂടാ എന്നു തോന്നി. ആരും എമിറേറ്റ്സിൽനിന്നു വിരമിച്ച ചരിത്രം അന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വില്ല, കാർ എന്നു വേണ്ട കമ്പനി നമ്മളെ പൂർണമായി ഏറ്റെടുത്തിരിക്കുകയാണ്. ഒന്നും നമ്മൾ അറിയേണ്ട.

ഞാനാണെങ്കിൽ ഗോവണിയുടെ അവസാനത്തെ പടിയും കയറി നിൽക്കുകയാണ്. മുകളിൽ പിന്നെ എന്റെ ബോസ് മാത്രമേയുള്ളൂ. പക്ഷേ, വിടാൻതന്നെ തീരുമാനിച്ചു. ഒരു സ്ഥാപനത്തിലെ ഏറ്റവും നല്ല സമയത്താണു നമ്മൾ അവിടം വിടേണ്ടത്. അല്ലാതെ കഷ്ടകാലത്തല്ല. പുറത്തേക്കു വരാൻ കൃത്യമായ കാരണം വേണമെന്നു മാത്രം.

കേരളത്തിലേക്ക് മടക്കം

വ്യോമയാനരംഗത്തു വിപ്ലകരമായ മാറ്റങ്ങൾക്കു കഴിയുമെന്ന പൂർണ ഉറപ്പോടെയാണ് അന്ന് എമിറേറ്റ്സ് വിടുന്നത്. 14 വർഷത്തെ സേവനത്തിനുശേഷം എമിറേറ്റ്സിനോടു വിടപറഞ്ഞ് 1997ൽ കേരളത്തിലേക്ക്. ആ തീരുമാനം എന്റെ ഭ്രാന്താണെന്നു പലരും പറഞ്ഞു. ഭാര്യ ലത പക്ഷേ, ഒപ്പം നിന്നു. കൂടുതൽ ആരോടും ബിസിനസിനെക്കുറിച്ചു പറഞ്ഞില്ല. എങ്കിൽ എതിർപ്പു കാരണം ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. തിരുവനന്തപുരത്തെത്തി വാടകവീട്ടിൽ താമസം തുടങ്ങി. ആദ്യദിവസംതന്നെ കറണ്ടു പോയി. രണ്ടു ദിവസം വെള്ളവുമില്ല വെളിച്ചവുമില്ല. പക്ഷേ, കുട്ടികൾ അതിനോടൊക്കെ പൊരുത്തപ്പെട്ടു. ഒരാൾക്ക് ബിസിനസ് ഉപേക്ഷിച്ചു പോകാൻ ഇൗ കാരണങ്ങൾ തന്നെ ധാരാളം. പോരെങ്കിൽ കേരളത്തിലേക്ക് ബിസിനിസുമായി വരല്ലേ എന്നുപദേശിക്കാൻ നൂറുകണക്കിനു സുഹൃത്തുക്കളും.

പക്ഷേ ഞാൻ പിന്തിരിഞ്ഞില്ല. പുതിയ സ്ഥാപനം എവിടെ തുടങ്ങും എന്നാലോചിച്ചു. അന്ന് ഒരേ ഒരു ഉത്തരമാണ് എല്ലാവരും തന്നത്: ബാംഗ്ലൂർ. അവിടെ ഗോൾഡൻ എൻക്ലേവിൽ 4,000 ചതുരശ്രയടി ഇടത്തിന് അഡ്വാൻസ് നൽകി. ടാറ്റ, ഇൻഫോടെക് അടക്കമുള്ള സ്ഥാപനങ്ങൾ അന്ന് അവിടെയുണ്ട്.

ഇതിനിടെ ചെന്നൈ ഐഐടിയിൽ വിസിറ്റിങ് പ്രഫസറായി ജോലി ചെയ്യാൻ രണ്ടു വർഷത്തേക്കു യുഎസിൽനിന്നു ചെന്നൈയിലെത്തിയ ബന്ധു തോമസ് സക്കറിയയാണ് തിരുവനന്തപുരത്തെ ടെക്നോപാർക്കിനെക്കുറിച്ചു പറയുന്നത്. ഞാൻ പോയി നോക്കി. ചുറ്റും മരങ്ങളും പുൽമേടുകളും ഒക്കെയായി മനോഹരമായ സ്ഥലം. എല്ലായിടത്തും സോഫ്റ്റ്‌വെയർ‌ പാർക്ക് എന്നു പറഞ്ഞാൽ എല്ലായിടത്തും കെട്ടിടങ്ങളാണല്ലോ. ഇതാണെങ്കിൽ ശരിക്കുമൊരു പാർക്കു തന്നെ. അങ്ങനെയാണു തിരുവനന്തപുരത്തേക്ക് എത്തുന്നത്. ജി. വിജയരാഘവനാണ് അന്നു ടെക്നോപാർക്കിന്റെ സ്ഥാപക സിഇഒ. അദ്ദേഹവും ഒട്ടേറെ സഹായിച്ചു. 8000 ചതുരശ്രയടി സ്ഥലം അപ്പോൾത്തന്നെ അഡ്വാൻസ് നൽകി ബ്ലോക്ക് ചെയ്തു.

മുതൽമുടക്കിനുള്ള പണമായിരുന്നു പിന്നീടുള്ള പ്രശ്നം. ഒന്നേമുക്കാൽ കോടി സ്വന്തമായി കണ്ടെത്തി. രണ്ടരക്കോടി രൂപ കൂടി വേണമായിരുന്നു. വായ്പയെടുക്കാൻ തീരുമാനിച്ചു. പക്ഷേ, തുടങ്ങാൻ പോകുന്ന ബിസിനസിനെക്കുറിച്ചു ബാങ്കുകളെ ബോധ്യപ്പെടുത്തുകയായിരുന്നു മുഖ്യ വെല്ലുവിളി. കെഎസ്ഐഡിസിയെ സമീപിച്ചെങ്കിലും അവർ കൈമലർത്തി. നമുക്ക് പ്രവർത്തന മൂലധനം ഇല്ലെങ്കിൽ വായ്പ തരില്ലത്രെ. ഫാക്ടറികൾക്കുള്ളതുപോലെ വലിയ മെഷീനുകളൊന്നും നമുക്കില്ലല്ലോ. ആകെയുള്ളതു കുറച്ചു കംപ്യൂട്ടറുകൾ മാത്രം. വായ്പ കിട്ടിയില്ല.’’അതേ കെഎസ്ഐഡിസിയിൽ വികെ പിന്നീട് ഡയറക്ടറായി വന്നതു കാലത്തിന്റെ കളി.

കെഎസ്ഐഡിസിയുടെ ചുമതലയുണ്ടായിരുന്ന അമിതാഭ് കാന്തിനോടു സംസാരിക്കുമ്പോൾ കനറാ ബാങ്കിന്റെ ചീഫ് മാനേജർ പ്രഭ അടുത്തിരിപ്പുണ്ട്. പുറത്തിറങ്ങിയപ്പോൾ പ്രഭ കനറാ ബാങ്കിലേക്കു ക്ഷണിച്ചു. വെറും മൂന്നു ദിവസം കൊണ്ട് അവർ വായ്പ അംഗീകരിച്ചു. അതു തന്നില്ലായിരുന്നെങ്കിൽ ഇന്ന് ഐബിഎസ് ഉണ്ടാകുമായിരുന്നില്ല.

പരമ്പരാഗത സ്വത്ത് അടക്കം സ്വന്തമായുണ്ടായിരുന്ന എല്ലാം വായ്പയ്ക്കായി പണയം വച്ചു. 55 പേരുമായിട്ടായിരുന്നു തുടക്കം. രാജ്യാന്തര നിലവാരത്തിലുള്ള ഓഫിസ് തന്നെ ടെക്നോപാർക്കിൽ സജ്ജീകരിച്ചു. ഫൈവ് സ്റ്റാർ ഹോട്ടലാണോ എന്ന് അന്നു പലരും ചോദിക്കുമായിരുന്നു. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. വിജയിക്കുമെന്നു 100 ശതമാനം ഉറപ്പുണ്ടായിരുന്നു. കാരണം ഞാൻ ചെയ്യാൻ ആഗ്രഹിച്ചതെന്തോ അത് അന്ന് വ്യോമയാന മേഖലയ്ക്ക് അടിയന്തരമായി വേണ്ട കാര്യങ്ങളായിരുന്നു. 40 വർഷം പഴക്കമുള്ള സംവിധാനത്തെ പാടേ പൊളിച്ചടുക്കി പുതിയ സാങ്കേതിക വിദ്യ കൊണ്ടുവന്നു എന്നതാണ് ഐബിഎസിന്റെ സംഭാവന. 

v-k-mathews-and-family-28 വി.കെ. മാത്യൂസ്, ഭാര്യ ലത മാത്യൂസ്, മകൾ മരിയ, മരുമകൻ നിഖിൽ പുന്നൂസ്, മകൾ ഹന്ന, മരുമകൻ നിഖിൽ ജോ ജേക്കബ്.

തിരിച്ചടികളെ നേരിട്ട്

പ്രതീക്ഷകളെ അപ്പാടെ തകർത്ത് നാലാം വർഷത്തിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായി. പ്രമുഖ പങ്കാളിയും ക്ലയന്റുമായ സ്വിസ് എയർ ഗ്രൂപ്പ് കടക്കെണിയിലേക്കു തള്ളപ്പെട്ടു. സാധാരണ നിലയ്ക്ക് കമ്പനി പൂട്ടിപ്പോകേണ്ടതാണ്. ശമ്പളം എങ്ങനെ നൽകുമെന്നറിയില്ല. പക്ഷേ ഞാൻ തുടരാൻ തീരുമാനിച്ചു. സാവധാനം പിടിച്ചുകയറി വരുമ്പോൾ അടുത്ത ആഘാതം. മറ്റൊരു പ്രമുഖ കമ്പനിയുമായി ഏർപ്പെട്ടിരുന്ന കരാർ പാലിക്കാൻ കഴിഞ്ഞില്ല. ഉദ്ദേശിച്ച സമയത്ത് ഉൽപന്നം കൈമാറാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരം നൽകേണ്ടിയും വന്നു. അതിനെക്കാൾ വലുതാണ് ഇതുമൂലമുണ്ടാകുന്ന മോശപ്പേര്.

പക്ഷേ, ഇതെല്ലാം യാത്രയുടെ ഭാഗമാണ്. വിദേശത്തുള്ളവയടക്കം ഇതുവരെ ആറു കമ്പനികൾ ഏറ്റെടുത്തു. രാജ്യത്തിന്റെ ഇൗയൊരു കോണിലിരുന്ന് ഇന്നുവരെ പലരും ചെയ്യാൻ മടിച്ച പ്ലാറ്റ്ഫോമുകളും സിസ്റ്റവും നമ്മൾ ഉണ്ടാക്കുന്നു. ബ്രിട്ടിഷ് എയർവേയ്സിലെ 30 വർഷം പഴക്കമുള്ള സോഫ്റ്റ്‌വെയർ ഞങ്ങൾ മാറ്റി. മുൻപ് മറ്റൊരു കമ്പനി രണ്ടു തവണ മാറ്റാൻ ശ്രമിച്ചിട്ടു പരാജയപ്പെട്ടതാണ്. ലുഫ്താൻസയിൽ കാർഗോ സാങ്കേതിക സംവിധാനം മുഴുവൻ മാറ്റി സ്ഥാപിച്ചു.

അഞ്ച് ഐടി ഉൽപന്നങ്ങൾപോലും പേരെടുത്തു പറയാനില്ലാത്ത രാജ്യത്താണ് ഐബിഎസിന്റെ ഇൗ വളർച്ച. ബ്രിട്ടിഷ് എയർവേയ്സ്, കാതെ പസഫിക്, ഓൾ നിപ്പോൺ എയർവേയ്സ്, എമിറേറ്റ്സ്, ഇതിഹാദ്, ഇൻഡിഗോ, ജെറ്റ് എയർവേയ്സ്, ഖത്തർ എയർവേയ്സ് തുടങ്ങി ഇരുന്നൂറോളം കമ്പനികളാണ് ഇന്ന് ഐബിഎസിന്റെ ബിസിനസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. 25 രാജ്യങ്ങളിൽനിന്നുള്ളവർ ജോലി ചെയ്യുന്നു. ടെക്നോപാർക്കിൽ മാത്രം രണ്ടായിരത്തോളം ജീവനക്കാർ. സ്ഥാപനത്തോടുള്ള അർപ്പണബോധം, തൊഴിലിനോടുള്ള അഭിനിവേശം, കൃത്യതയാർന്ന ഗുണമേൻമ, സത്യസന്ധത, പരസ്പര ബഹുമാനം എന്നീ അഞ്ചു കാര്യങ്ങളാണ് ഐബിഎസിന്റെ ഡിഎൻഎ. പുതുതായി രംഗത്തിറങ്ങുന്ന സംരംഭകർ പകർത്തേണ്ട പല പാഠങ്ങളാണ് തന്റെ ജീവിതമെന്നു വി.കെ.മാത്യൂസ് പറയുന്നു.

വെട്ടിപ്പിടിക്കാൻ കഴിയുന്നതിന്റെ അറ്റം വരെയെത്തിയിട്ടും തിരുവനന്തപുരം ജവഹർ നഗറിലെ വീട്ടിൽ കപ്പയും മീൻകറിയും ഇഷ്ടപ്പെടുന്ന ജാഡയില്ലാത്ത ഒരു സാധാരണക്കാരനായി മാത്യൂസിനെ നമുക്കു കാണാം. ഇവിടെ ഒന്നും ശരിയാകില്ലെന്നു പറഞ്ഞ് വ്യവസായവുമായി വിദേശത്തേക്കു പോകുന്നവർക്കും വിദേശത്തുനിന്നു വരാൻ മടിക്കുന്നവർക്കും നൽകാൻ മാത്യൂസിനു മറുപടിയുണ്ട്. ‘ഒന്നും ശരിയാകില്ലെന്നു പറഞ്ഞു നമുക്കു വേണമെങ്കിൽ മാറി നിൽക്കാം. പക്ഷേ, ആ പ്രതിബന്ധം കൂടി മറികടക്കാൻ സന്നദ്ധനാകുന്നവനാണ് യഥാർഥ വ്യവസായി’.

Your Rating: