Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജി; നൊമ്പരം കോർത്ത സൂചി

ZUJI-MAINl സുജി എടമുട്ടത്തെ വീടിനു മുറ്റത്ത്. ഫോട്ടോ: ജിജോ ജോൺ

അഞ്ചുവർഷം കൂടുമ്പോഴല്ല, ഏതു കുഞ്ഞും ജനിക്കുമ്പോൾത്തന്നെ ലോകം ഒരു തിരഞ്ഞെടുപ്പു നടത്തും. ആൺകുഞ്ഞ്, അല്ലെങ്കിൽ പെൺകുഞ്ഞ് എന്ന തിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പിൽ 99% പേരും ജയിക്കും. ചില നിർഭാഗ്യർ ദയനീയമായി തോൽക്കും. ലോകം അവരെ വിളിക്കുക മൂന്നാം ലിംഗക്കാരെന്നാണ്. അവർ അങ്ങനെയായത് അവരുടെ കുറ്റംകൊണ്ടല്ല, നാം അങ്ങനെയാകാത്തത് നമ്മുടെ പുണ്യംകൊണ്ടുമല്ല.

അവർക്കുമുണ്ട് ഒരു ജീവിതം. കുത്തിനോവിക്കപ്പെട്ടും വേദനിച്ചും ജീവിച്ചുതീർന്നുപോകുന്ന അത്തരമൊരു ജീവിതമാണ് ഭിന്നലിംഗത്തിൽപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ വോട്ടർ എന്നു ചരിത്രത്തിലിടം നേടിയ സുജിത്കുമാർ എന്ന സുജി.

∙ കൊച്ചുപാവാടയും വളപ്പൊട്ടും

48 വർഷം മുൻപാണ്. സമ്പന്ന കുടുംബം. അച്ഛനും അമ്മയും അധ്യാപകർ. രണ്ടാമതായി പിറന്ന കുഞ്ഞ് ആണോ പെണ്ണോ എന്നു നോക്കിയ അച്ഛനമ്മമാർ ആവലാതിപ്പെട്ടു. പൂർണ വളർച്ചയെത്താത്തതുപോലെ, ആൺ– പെൺ സൂചനയില്ല. അന്നു ഭിന്നലിംഗ വ്യക്തിത്വമൊന്നും സമൂഹത്തിന് അത്ര പരിചിതമായിരുന്നില്ല. കുഞ്ഞിനു സുജിത്കുമാർ എന്നു പേരുവീണു. ആൺപേര്. കളിപ്പാട്ടങ്ങളിൽ കാറിനെയും തോക്കിനെയുംകാൾ വളപ്പൊട്ടും പാവക്കുഞ്ഞുമിഷ്ടപ്പെട്ട സുജിത്കുമാറിലെ സ്ത്രീഭാവത്തിനും അച്ഛൻ വിലകൊടുത്തു. പട്ടുപാവാടയണിയിച്ചും വളയിടീച്ചും കണ്ണെഴുതിയും വളർത്തി. കൺമഷികൊണ്ട് കണ്ണുനിറഞ്ഞപ്പോഴൊന്നും അതു ജീവിതകാലം മുഴുവൻ കരഞ്ഞുതീർക്കേണ്ട ജീവിതത്തിന്റെ തുടക്കമാണെന്ന് അവൻ/അവൾ അറിഞ്ഞതേയില്ല.

പ്രൈമറി സ്കൂളിൽ സാധാരണകുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും കടന്നുപോയി. മുതിർന്നുവരുന്തോറും നടപ്പിലും സംസാരത്തിലും പെൺഛായ. ആൺകുട്ടികളുടെ ഇടയിലിരിക്കാൻ അസ്വസ്ഥത തോന്നി സുജിത്കുമാറിന്. പെൺകുട്ടികളുടെ ഇടയിൽ ഇരിക്കാൻ തോന്നി. ആൺകുട്ടികളുടെ പരിഹാസം, പെൺകുട്ടികളുടെ തുറിച്ചുനോട്ടം... ക്ലാസിന്റെ മൂലയിൽ എപ്പോഴും സുജിത്കുമാർ ഒറ്റയ്ക്കിരുന്നു. ഇരുവഴിക്കും സഞ്ചരിക്കാനാവാത്ത വിജനമായൊരു കവലയിൽ, മഴയത്ത് കുടയില്ലാതെ ഒറ്റപ്പെട്ടുപോയൊരു കുഞ്ഞുമനസ്സ്. അവിടെ സുജിത്കുമാറിന്റെ ജീവിതം നെടുകെ പിളർന്നു.

∙ ജീവിത പാഠപുസ്തകം

ഒപ്പം ആരുമില്ലാത്തതിനാൽ എപ്പോഴും പാഠപുസ്തകത്തിലേക്കു മുഖം പൂഴ്ത്തിയിരുന്ന സുജിത്കുമാർ, നന്നായി പഠിച്ചു. മികച്ച മാർക്ക് നേടുന്ന കുട്ടിയെ ആണോ പെണ്ണോ എന്നു നോക്കാതെ അധ്യാപകർ സ്നേഹിച്ചു. ജീവിതത്തിൽ ആദ്യവും അവസാനവുമായി കിട്ടിയ സ്നേഹം. ക്ലാസ്മുറിയിലെ ലിംഗവിവേചനത്തിനിടെ ഒന്നുമറിയാത്ത ബാല്യവും കൗമാരവും എരിഞ്ഞുതീർന്നു. ആൺകുട്ടി എന്നു റജിസ്റ്ററിന്റെ താളിൽ കുറിക്കപ്പെട്ടത് അങ്ങനെതന്നെ തുടർന്നു.

സ്കൂൾ പീഡനകാലം കഴിഞ്ഞു. 1989ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നു ബിഎസ്‌സി നഴ്സിങ് നല്ല മാർക്കോടെ പാസായി. അന്നു ബിഎസ്‌സി നഴ്സിങ് പാസായാൽ വിദേശത്തു നല്ല ജോലി കിട്ടും. കൂടെ പഠിച്ചവരൊക്കെ അമേരിക്കയിലും കാനഡയിലുമൊക്കെ പോയി സമ്പാദിച്ചുതുടങ്ങി. സുജിയോ?

∙ ഇന്റർവ്യൂ: ആണോ, പെണ്ണോ?

ഒരു പതിറ്റാണ്ട് ജോലി തേടി നടന്നു. നന്നായി ഇംഗ്ലിഷ് അറിയാമെന്നതു മെച്ചം. പക്ഷേ, ഇന്റർവ്യൂവിലെത്തുമ്പോൾ എല്ലാവരും നെറ്റിചുളിക്കും. ആണോ പെണ്ണോ എന്ന ചോദ്യം നിഴലിക്കുന്ന നോട്ടത്തിനൊടുവിൽ ജോലി നിഷേധിക്കപ്പെടും. നിരാശയോടെ മടങ്ങും. സ്വന്തം നാട്ടിൽ കിട്ടാത്ത അംഗീകാരം കടലിനപ്പുറത്തു നിന്ന് വന്നു. തൊണ്ണൂറുകളുടെ ഒടുവിൽ സൗദി മിലിട്ടറി ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലികിട്ടി. അഞ്ചുവർഷം. ജോലിയിൽ മികവുകാട്ടി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയ കാലം.

ഒരിക്കൽ ഇമെയിൽ പരിശോധിക്കുന്നതിന് സൗദിയിലെ ഒരു നഗരത്തിൽ പോയി സുജി. തിരിച്ചിറങ്ങുമ്പോൾ അരികെ നിർത്തിയിട്ടിരുന്ന കാറിന്റെ വാതിൽ തുറന്നു. അതിലുണ്ടായിരുന്ന ചെറുപ്പക്കാർ സുജിയെ വലിച്ചു കാറിനകത്തിട്ടു. പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യം. ചെറുത്തുനിൽക്കാൻ ശ്രമിച്ചു. ദൈവം കൂടെയുണ്ടായിരുന്നതുകൊണ്ടുമാത്രം രക്ഷപ്പെട്ടെന്നു സുജിത് പറയുന്നു. അപ്പോഴാണത് ചോദിച്ചത്: ‘ദൈവത്തോടു പരാതിയുണ്ടോ’ ജനനം ഇങ്ങനെയായതിൽ – ‘ഇല്ല... വിളക്കുവച്ചു പ്രാർഥിക്കും. അപ്പോൾ ആരോ കൂടെയുണ്ടെന്നു തോന്നും. കണ്ണില്ലാതെയോ, നടക്കാൻ വയ്യാത്ത ആളായോ എന്നെ സൃഷ്ടിച്ചില്ലല്ലോ’’

∙ മടക്കം, വേദനകളിലേക്ക്

2005ൽ സൗദി മിലിട്ടറി ആശുപത്രിയിൽ പുതിയൊരു കേണൽ വന്നു. സുജിയെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു, ആണോ, പെണ്ണോ? സർട്ടിഫിക്കറ്റ് എടുത്തു നോക്കി. ആണ്. ദേഹപരിശോധന നടത്താൻ ഉത്തരവായി. ഭിന്നലിംഗ വ്യക്തിത്വമാണെന്നു കണ്ടു. വിധിയും നടപ്പായി. രേഖയിൽ ആണെന്നു രേഖപ്പെടുത്തിയിരിക്കുന്നതു കുറ്റകരമാണ്. നാട്ടിലേക്കു തിരിച്ചുകയറ്റിവിടുക. വിമാനത്തിലിരുന്നു സുജി കരഞ്ഞിട്ടുണ്ടാവണം... നാട്ടിലേക്ക്, വേദനകളിലേക്കു തിരികെ ഇറങ്ങുമ്പോൾ ചിറകു തളർന്നിട്ടുണ്ടായിരുന്നു. നാട്ടിൽ ഒട്ടേറെ ആശുപത്രികളിൽ ജോലി തേടിയെത്തി. സൗദിയിലെ ജോലിയുടെ പരിചയ സർട്ടിഫിക്കറ്റ് കാട്ടിയിട്ടും ആരും ജോലി കൊടുത്തില്ല. ഒരാശുപത്രിയിൽ നിന്ന് ആട്ടിയിറക്കിവിട്ടെന്നും സുജി പറയുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ബന്ധുക്കളിൽ ചിലർക്കു തന്റെ സാന്നിധ്യം അസ്വസ്ഥതയാകുന്നതുപോലെ സുജിക്കു തോന്നി. തനിയെ താമസിക്കാൻ തീരുമാനിച്ചു, ജീവിതത്തോടു തോൽക്കാതിരിക്കാനും.

∙ ഇടവഴിയിലെ പിശാചുകൾ

ഒരു വൈകുന്നേരം. ഇരുട്ടു പരന്നുതുടങ്ങി. വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സുജിത്കുമാറിനു നേരെ ബൈക്കിൽ ഹെൽമറ്റ് വച്ചുവന്ന രണ്ടുപേർ ചാടിവീണു. പീഡിപ്പിക്കാനായിരുന്നു ശ്രമം. ബഹളംവച്ചും പ്രതിരോധിച്ചും നേരിട്ടു. ശ്രമം അവസാനിപ്പിച്ച് അവർ പോയി. അന്നു സുജിത്കുമാർ തിരിച്ചറിഞ്ഞു. തനിക്ക് താൻ മാത്രമേയുള്ളു. പോരടിച്ചാലേ ജീവിക്കാനാകൂ.

അച്ഛനിട്ട പേര്.. വാശി മൂർച്ചകൂട്ടി ആ പേര് മുറിച്ചു. അന്നുമുതൽ സുജി ആയി. ഞാൻ ഒരു മൂന്നാംലിഗ വ്യക്തിയാണ് എന്ന അന്തസോടെ തന്നെ ജീവിക്കാൻ ശീലിച്ചു. അച്ഛൻ ചെറുപ്പത്തിൽ പറഞ്ഞുകൊടുത്തിരുന്ന ഉപദേശം മനസ്സിൽ തികട്ടിവന്നു. ‘ആണോ പെണ്ണോ എന്നതിലല്ല, സ്വഭാവത്തിലാണ് കാര്യം. ധാർമികത കൈവിടരുത്. അതാണ് വ്യക്തിത്വം. ഇതൊന്നുമില്ലെങ്കിൽ ആണായാലെന്ത്, പെണ്ണായാലെന്ത്?’ ശസ്ത്രക്രിയ നടത്തി ആണോ പെണ്ണോ ആകേണ്ടെന്നു തീരുമാനിച്ചു.

പാലപ്പെട്ടി വളവിനടുത്ത് വിജനമായൊരിടത്ത് ഒൻപതു സെന്റ് സ്ഥലം. അതിൽ ചെറിയൊരു വീടു പണിതു. ആ വീടിന് ഒരു വലിയ ഗേറ്റ് പണിതു. അതിൽ സ്വർണനിറം പൂശി. സ്വർണഭവൻ എന്നു പേരിട്ടു. ഇടവഴിയിൽ പതിയിരുന്ന പിശാചുക്കളെ നേരിടാൻ വീട്ടിൽ പത്തു നായ്ക്കളുടെ കാവൽ ഏർപ്പെടുത്തി. മുറ്റം നിറയെ സുജി നട്ടുവളർത്തിയ മരങ്ങൾ നടുനിവർത്തി കാവൽ നിൽക്കുന്നു.

suji സുജി തിരിച്ചറിയൽ കാർഡുമായി.

∙ മായാത്ത നോവുകൾ

കയ്യിൽ നന്നായറിയാവുന്നൊരു ജോലിയുണ്ട്. നഴ്സിങ്. പക്ഷേ, ആരും ജോലി തന്നില്ല. പോരാടാനുറച്ചു തന്നെയാണു സുജിയുടെ ജീവിതം. സ്പോക്കൺ ഇംഗ്ലിഷ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. ആദ്യം നല്ല പ്രതികരണമായിരുന്നു. പിന്നെ സമൂഹം മുഖം തിരിച്ചു. ഒന്നോ രണ്ടോ കുട്ടികളിലേക്കു ചുരുങ്ങി.

നിറഞ്ഞ ചിരിയോടെയാണ് സുജി സംസാരിക്കുക. അടുത്തവർഷം വയസ്സ് അൻപതാകും. അരനൂറ്റാണ്ടു ജീവിതത്തിനിടയിൽ ചില വേദനകൾ മായാതെയുണ്ട്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ശുചിമുറി ഉപയോഗിക്കാനാവാതെ ഒരു ഹോട്ടലിൽ നിന്നു പോയ നിമിഷം. പീഡനശ്രമത്തിനു വിധേയപ്പെട്ട അനുഭവങ്ങൾ. അച്ഛൻ മരിച്ചശേഷം അനുഭവപ്പെട്ട ഏകാന്തത. ‘ഞാൻ മരിച്ചാൽ കാണാൻ വരരുതെന്ന് അമ്മ പറഞ്ഞതായി’ ബന്ധു പറഞ്ഞുകേട്ട വാക്കുകൾ.. അമ്മ അങ്ങനെ പറഞ്ഞെന്നു സമ്മതിക്കാൻ സുജിയുടെ മനസ്സ് കൂട്ടാക്കുന്നില്ല. എന്നിട്ടും അമ്മ മരിച്ചെന്നറിഞ്ഞപ്പോൾ പോയിക്കണ്ടില്ല. ഇനിയെങ്ങാനും അമ്മ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലോ.? ആത്മാവ് വേദനിക്കാതിരിക്കട്ടെ. ** ∙ കടൽകടന്ന് ഒരു കോഡ്**

സുഹൃത്തുക്കളില്ലാത്ത സുജിയെത്തേടി കടൽകടന്നൊരു സുഹൃത്തെത്തി. സ്വിറ്റ്സർലൻഡുകാരൻ കോഡ്. വിനോദസഞ്ചാരത്തിനു കേരളത്തിലെത്തിയപ്പോഴാണ് കോഡ് സുജിയെ പരിചയപ്പെട്ടത്. എല്ലാക്കാര്യങ്ങളും അറിഞ്ഞപ്പോൾ അതു വിവാഹാലോചനയിൽ വരെയെത്തി. കോഡിന്റെ സഹോദരിയും വന്നു കണ്ടു. നമുക്ക് ഒരുമിച്ചു ജീവിക്കാം, ഈ നാടുവിട്ടുവരൂ– കോഡ് പറഞ്ഞു. വീട്, നട്ടുവളർത്തിയ മരങ്ങൾ, ഇത്രനാൾ കാവൽ നിന്ന നായ്ക്കൾ. ബഹുമാനത്തോടെ ഇടപെടുന്ന ചില നാട്ടുകാർ. ഇതൊന്നും ഉപേക്ഷിച്ചു പോകാനാവില്ലെന്നു സുജി പറഞ്ഞു.

∙ സൂചിമുനയുള്ള വാക്കുകൾ

സുജിയുടെ പല നിവേദനങ്ങൾ മന്ത്രിമാരുടെ മേശപ്പുറത്ത് പൊടിപിടിച്ചു കിടപ്പുണ്ട്. ട്രാൻസ്പോർട്ട് ബസിൽ പ്രത്യേകം സീറ്റ് ആവശ്യപ്പെട്ടത്, സുരക്ഷ ആവശ്യപ്പെട്ടത്.. ഭിന്നലിംഗം എന്നു രേഖപ്പെടുത്തിയ റേഷൻ കാർഡ് ചോദിച്ചത്... അങ്ങനെ പലതും. ഈ ജന്മം എന്റെ കുറ്റമല്ല, അതിനാൽ എന്റെ അവകാശങ്ങൾ ആരും നിഷേധിക്കാൻ പാടില്ലെന്നു സുജി പറയുന്നു. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളുമുണ്ട് ആ മനസ്സിൽ.

പൊതുസ്ഥലത്ത് ഞാൻ ഏതു ടോയ്‌ലറ്റ് ഉപയോഗിക്കണം? ബസിൽ തോണ്ടാൻ വരുന്നവരെ എന്തു ചെയ്യണം? അന്തസോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കണം? നന്നായി പഠിച്ച, നന്നായി ജോലി ചെയ്യാൻ കഴിയുന്ന എനിക്ക് ജോലി നിഷേധിക്കുന്നത് ശരിയോ? എങ്ങനെ ജനിച്ചോ അങ്ങനെ തന്നെയാണു ഞാനിപ്പോഴും.. നികുതി അടയ്ക്കുന്നുണ്ട്. എന്റെ കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലേ? ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്നു വന്നതോടെ പരിഹാരവും ഒരിക്കൽ സർക്കാരിനു മുന്നിൽവച്ചു: ‘ഒരിഞ്ചക്‌ഷൻ തന്ന് കൊല്ലൂ, ദയാവധം അനുവദിക്കൂ...’

വോട്ടവകാശം കിട്ടിയപ്പോൾ സുജി മതിമറന്നു സന്തോഷിച്ചു. ആദ്യമായി ജീവിതത്തിൽ എന്തൊക്കെയോ നേടിയെടുത്തതുപോലെ. തലനിവർത്തിപ്പിടിച്ച് നാട്ടിക മണ്ഡലത്തിലെ പാലപ്പെട്ടിവളവ് സ്കൂളിലെ ബൂത്തിലേക്കു നടന്നുചെന്നു. പോളിങ് ഓഫിസറോടു പറഞ്ഞു: ‘ഞാൻ ഭിന്നലിംഗ വ്യക്തിയാണ്. പുരുഷന്മാരുടെയോ സ്ത്രീകളുടെയോ ക്യൂവിൽ നിന്നു വോട്ടുചെയ്യില്ല. എനിക്കു പ്രത്യേകം ക്യൂ വേണം.’ സുജിയെ നേരെ വോട്ടുചെയ്യാൻ അനുവദിച്ചു. ചൂണ്ടുവിരലിൽ വോട്ടുമഷി പടർന്നു. ആ വിരൽ ഒരു കറുത്തപൊട്ടുമായി നമ്മുടെ നേരെ ചൂണ്ടുന്നു. ഭിന്നലിംഗ വ്യക്തികൾ സമൂഹത്തിൽ നേരിടുന്ന അപമാനഭാരം ചോദ്യംചെയ്യുന്ന വിരൽ. സമൂഹമേ, മുഖം കുനിക്ക!

Your Rating: