Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹരുചിയിൽ...

sumithra സുമിത്ര

സുമിത്ര പ്രസാദ് ഒരു സംരംഭകയാണ്. ആരും ഇതുവരെ കേൾക്കാത്ത ഒരു പുതിയ സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങിയ സംരംഭക. കോടികളുടെ നേട്ടമോ കയറ്റുമതി കണക്കുകളോ ഒന്നും പറയാനുണ്ടാവില്ല സുമിത്രയ്ക്ക്. പക്ഷേ, സംരംഭം നൂറു ശതമാനം ലാഭത്തിലാണ്. കാരണം, സുമിത്രയുടെ സിലിക്കൻവാലിയിൽ നടത്തിയിട്ടുള്ള നിക്ഷേപം മുഴുവൻ സ്നേഹത്തിലും കരുണയിലുമാണ്.

സ്പെഷൽ സ്റ്റാർട്ട് അപ്പ് എന്നാണ് സുമിത്ര തന്റെ ബേക്കറിയെ വിളിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിനെ സ്പെഷൽ സ്കൂൾ എന്നു വിളിക്കാമെങ്കിൽ അവർക്കുവേണ്ടി തുടങ്ങിയ സംരംഭത്തെയും സ്പെഷൽ എന്ന് വിളിക്കാം. സ്പെഷൽ സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഭിന്നശേഷിയുള്ള കുട്ടികൾ എന്തു ചെയ്യുന്നു എന്ന് ആരും അന്വേഷിക്കാറില്ല. മാതാപിതാക്കൾക്ക് പറ്റുന്നത്രയും കാലം അവർ നോക്കും. എങ്കിലും ഉപജീവനം തുടർന്നും അവർക്കു മുൻപിൽ ചോദ്യങ്ങളായി അവശേഷിക്കും.

പക്ഷേ, സുമിത്രയ്ക്ക് അങ്ങനെ ചിന്തിക്കാതിരിക്കാനാകുമായിരുന്നില്ല. കാരണം, മകൻ ശ്രീനിവാസനെ വിധിക്ക് വിട്ടുകൊടുക്കേണ്ടെന്ന് അവർ തീരുമാനിച്ചിരുന്നു. ഭിന്നശേഷിയുള്ളവർക്കായി ഒരു സംരംഭം തുടങ്ങാമെന്ന് അമ്മയോടു പറഞ്ഞതും ആസ്പെർജെർ സിൻഡ്രം ബാധിച്ച മകൻ തന്നെയാണ്.

അങ്ങനെ സുമിത്ര ചെന്നൈയിൽ സായ് എന്ന പേരിൽ ഒരു ബേക്കറി തുടങ്ങി. വീട്ടിലുണ്ടായിരുന്ന മൈക്രോവേവ് അവ്ൻ മാത്രമായിരുന്നു മൂലധനം. സുമിത്ര മകനെ സ്നേഹത്തിൽ ചാലിച്ച് കേക്കുകളും മധുരപലഹാരങ്ങളും ഉണ്ടാക്കാൻ പഠിപ്പിച്ചു. ശ്രീനിവാസൻ അങ്ങനെ പാചകം ചെയ്തു തുടങ്ങി. ബേക്കറിയിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെയും മുതിർന്നവരെയും സുമിത്ര ക്ഷണിച്ചു. തന്നെപ്പോലുള്ളവർ സായിയിലേക്കു കടന്നുവരണമെന്നതും ശ്രീനിവാസന്റെ ആഗ്രഹമായിരുന്നു. വരുന്നവരെയെല്ലാം പാചകം പഠിപ്പിച്ചു. തളർന്ന കരങ്ങളിൽ ഉൾക്കരുത്ത് ആവാഹിച്ച് എല്ലാവരും ചേർന്ന് മധുരപലഹാരങ്ങളുണ്ടാക്കി.

എന്താണ് സായ്?

സായ് വ്യാവസായികാടിസ്ഥാനത്തിൽ നടത്തുന്ന ബേക്കറിയല്ല. ഇത് ഭിന്നശേഷിയുള്ള ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു സ്നേഹക്കൂട്ടായ്മയാണ്. ഇരുപത്തിയഞ്ചോളം പലഹാരങ്ങൾ പാചകം ചെയ്യാൻ ഇവർ പഠിച്ചുകഴിഞ്ഞു. ഓർഡർ നൽകിയാൽ ആവശ്യം പോലെ ഇവർ പലഹാരങ്ങൾ എത്തിക്കുകയും ചെയ്യും. ലാഭം നോക്കാതെ ബേക്കറിയിൽ എത്തുന്നവർക്ക് ഇവർ തന്നെ പലഹാരങ്ങൾ വിളമ്പും. വരുമാനം സുമിത്ര എല്ലാവർക്കുമായി വീതിച്ചു നൽകും. പാചകം പഠിച്ചു വരുന്നവർക്ക് സ്റ്റൈപൻഡും നൽകും.

സാധാരണ കുട്ടികളിൽ നിന്ന് വേറിട്ട കഴിവുകളുള്ളവരാണ് ഭിന്നശേഷിയുള്ളവർ. അവരുടെ കഴിവുകൾ കണ്ടെത്താനും അവയെ വേണ്ടരീതിയിൽ പരിപോഷിപ്പിക്കാനും നമ്മൾ പരാജയപ്പെടുന്നിടത്താണ് അവരുടെ ജീവിതങ്ങൾ നരകമാകുന്നതെന്നാണ് ഈ അമ്മയുടെ വിലയിരുത്തൽ. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇത്തരം കുട്ടികൾ വീട്ടുകാർക്കു ഭാരമാകുന്നതും ഇതുകൊണ്ടാണ്. പ്രത്യേക കരുതൽ വേണ്ട ഇവരിൽ, അവഗണിക്കപ്പെടുന്നു എന്ന തോന്നൽ പല മാനസിക പ്രശ്നങ്ങളും ഉണ്ടാക്കും. ഇവർക്കു വേണ്ടത് ആരുടെയും സഹതാപമല്ല. അവരുടെ കഴിവുകൾ തിരിച്ചറിയപ്പെടുന്നതും അത് പരിപോഷിപ്പിക്കുന്നതുമായ ഒരു സൗഹൃദ അന്തരീക്ഷമാണ്.

sumithra-team സുമിത്ര മകൻ ശ്രീനിവാസനോടും സായ് ബേക്കറിയിലെ മറ്റു ജീവനക്കാരോടുമൊപ്പം

20 വയസ്സു മുതലുള്ളവരാണ് സായിയിലെ ഇപ്പോഴത്തെ ജീവനക്കാർ. വീട്ടിൽ ടിവിക്കു മുൻപിൽ ജീവിതം തള്ളിനീക്കിയിരുന്നവരും തൊഴിലിടങ്ങളിൽ നിന്ന് അപമാനം സഹിക്കാനാകാതെ തിരിച്ചുപോന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്.

ഇവരെ സ്വയംപര്യാപ്തരാക്കുകയും ആത്മവിശ്വാസം വളർത്തുകയുമാണ് സുമിത്രയുടെ ലക്ഷ്യം. ബേക്കിങ്ങിനൊപ്പം ഇവർക്ക് എല്ലാ ദിവസവും യോഗാ ക്ലാസുകളുണ്ട്. സംഗീതപാഠങ്ങളുണ്ട്. ഇവർ ഒഴിവു സമയങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാറുണ്ട്. പാചകം വഴങ്ങാത്തവരെ സുമിത്ര ഇപ്പോൾ തൊഴിലുകൾ പഠിപ്പിക്കുന്നുണ്ട്. പാചകം എല്ലാവർക്കും ഇഷ്ടപ്പെട്ട ജോലി ആയിരിക്കില്ലെന്ന് സുമിത്രയ്ക്ക് അറിയാം. അവരുടെ താൽപര്യങ്ങൾ കണ്ടെത്തി അതു പരിശീലിപ്പിക്കാനും തൊഴിൽ അവസരങ്ങൾ കണ്ടെത്താനും സുമിത്ര ശ്രമിക്കുന്നത് ഈ തിരിച്ചറിവിൽ നിന്നാണ്.

സുമിത്രയമ്മ

സായിയിൽ ജോലിക്കാർക്ക് എല്ലാം സുമിത്ര അമ്മയാണ്. ശ്രീനിവാസനെ അവരിലൊരാളായി മാത്രമാണ് സുമിത്ര കാണുന്നത്. സ്വന്തം വീട്ടിൽ ഒരുമിച്ചിരുന്നു പാചകം ചെയ്യുന്നതുപോലെ സന്തോഷത്തോടെ, സ്നേഹത്തോടെ എല്ലാവരും ചേർന്ന് ജോലികൾ ചെയ്യും. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എല്ലാവരെയും സ്നേഹിക്കാനും അംഗീകരിക്കാനും ഇവർക്ക് ഇപ്പോൾ കഴിയും. അതുകൊണ്ടുതന്നെ സായി ബേക്കറിയിലെ ജീവനക്കാർ ഇപ്പോൾ തങ്ങളുടെ പരിമിതികൾ ഓർക്കാറില്ല. അവർക്ക് അതിനുള്ള സമയവും ഇല്ല. എല്ലാവരും ആസ്വദിച്ച് ജോലി ചെയ്യുന്നു. സുമിത്രയ്ക്ക് തന്റെ കുഞ്ഞു സ്റ്റാർട്ടപ്പിൽ വലിയ കോർപറേറ്റ് തിയറികളിൽ പറയുന്നതു പോലുള്ള ജോലിക്കനുകൂല അന്തരീക്ഷം ഒരുക്കി കൊടുക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. സ്വന്തമായി വരുമാനമുള്ളവരാണെന്നും കുടുംബത്തിന് തങ്ങളെക്കൊണ്ടു പ്രയോജനം ഉണ്ടെന്നുമുള്ള തിരിച്ചറിവ് ഇവരിൽ ഉണ്ടാക്കിയ മാറ്റമാണ് സുമിത്രയ്ക്കു കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം.

ഭിന്നശേഷിയുള്ളവർക്കായി ഇന്ന് നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിനു വേണ്ടി മാത്രം ഉള്ളവയായിരിക്കും.

ഒന്നുകിൽ ‍ഡ്രൗൺ സിൻഡ്രം ഉള്ളവർക്കു വേണ്ടി അല്ലെങ്കിൽ സെറിബ്രൽ പാൾസി വന്നവർക്കുവേണ്ടി. ഇങ്ങനെയുള്ള വിവേചനം കൂടി അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുമിത്ര പറയുന്നു. സായിയിലെ പ്രവേശനത്തിന് സുമിത്ര ഒരു മാനദണ്ഡവും വച്ചിട്ടില്ല. ഭിന്നശേഷിയുള്ളവർക്ക് വരാം. തൊഴിൽ പരിശീലിക്കാം.

വീടിന്റെ ഏതെങ്കിലും ഒരു മൂലയിൽ വയ്യാത്ത മോനെയോർത്തു ദുഃഖിച്ച് ഒതുങ്ങിക്കൂടേണ്ട ഒരമ്മ മാത്രമായിരുന്നു സുമിത്ര. പക്ഷേ, സ്പെഷൽ സ്കൂൾ പഠനകാലത്തിനു ശേഷം വീടിന്റെ ഒരു കോണിലേക്ക് തന്റെ മകന്റെ ലോകം ചെറുതാക്കാൻ ആ അമ്മ തയാറായില്ല. ഇപ്പോൾ സുമിത്രയിലൂടെ ഒരുപാടുപേരുടെ ലോകം വലുതായി. സായ് ബേക്കറിയാണ് തനിക്ക് ഒരു ഐഡന്റിറ്റി നൽകിയതെന്നാണ് സുമിത്ര വിശ്വസിക്കുന്നത്. ചെന്നൈയിൽ മറ്റു സാമൂഹിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട് കൗൺസിലർ കൂടിയായ സുമിത്ര.

Your Rating: