Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡിയാർപട്ടി – പ്രായമായവരെ മക്കളും ബന്ധുക്കളും ചേർന്ന് കൊന്നുകളയുന്ന നാട്

Seethamma ആരും തിരിഞ്ഞുനോക്കാനില്ലാതെ വീടിനോടു ചേർന്നുള്ള ചായ്പിൽ ഒറ്റയ്ക്കു കഴിയുന്ന സീതമ്മ. റെഡിയാർപട്ടിയിൽനിന്നുള്ള കാഴ്ച. ചിത്രങ്ങൾ: അരവിന്ദ്

പണ്ടെങ്ങോ നരച്ചുപോയ കൽച്ചുമരുകളും കടവാവലുകൾ കൂടുകൂട്ടിയ എടുപ്പുകളും ആണവരഹസ്യം ഒളിപ്പിച്ചിരിക്കുന്നിടത്തു നുഴ‍ഞ്ഞുകയറിയവരെന്ന മട്ടിൽ നമ്മെ തുറിച്ചുനോക്കുന്ന നാട്ടുകാരുമാണു റെഡിയാർപട്ടി എന്ന പഴഞ്ചൻ ഗ്രാമം. സൂര്യൻ തലയ്ക്കു മുകളിൽനിന്നു കത്തുമ്പോഴും വെളിച്ചമെത്താത്ത ഇടുങ്ങിയ വഴികളിലൂടെ കസ്തൂരി അതിവേഗം മുൻപിൽ നടക്കുന്നു. വഴി തീരുന്നിടത്തു കാലിത്തൊഴുത്തുപോലെ കിടന്ന ചായ്പിന്റെ തുണിവാതിലിലൂടെ അവർ അകത്തേക്കു നോക്കി, ചായ്പിലെ കയറുകട്ടിൽ ശൂന്യമാണ്. മൂലയിലെ ഇരുട്ടിൽ ഒരു മൺവിളക്കു കത്തിനിൽക്കുന്നു. ഏതൊക്കെയോ മരുന്നുകളുടെയും നല്ലെണ്ണയുടെയും രൂക്ഷഗന്ധം പുറത്തേക്കുവരുന്നുണ്ട്.

‘‘ഇങ്കെയിരുന്ത പാട്ടി എങ്കെ, കാണവില്ലൈ?’’ കസ്തൂരിയുടെ ഉറക്കെയുള്ള ആ ചോദ്യം കേട്ടാവണം, അടുത്ത വീടിന്റെ വരാന്തയിലെ നീല കർട്ടനു പിന്നിൽ ഒരനക്കം. സ്കൂൾ യൂണിഫോമിട്ട ഒരു പെൺകുട്ടി പുറത്തേക്കു വന്നു. ‘‘അന്ത കെളവി എരന്തുപോനാർ അക്കാ, ഇന്നേക്കു രണ്ടുനാളാച്ച്.’’ പെൺകുട്ടിയുടെ മറുപടി വിശ്വസിക്കാനാവാത്ത മട്ടിൽ കസ്തൂരി നിലത്തേക്കിരുന്നു. തലയിൽ കൈവച്ചുകൊണ്ട് അവർ ശബ്ദമുയർത്തി: ‘‘കണ്ടിപ്പാ ഇതു തലൈക്കൂത്തൽ താൻ! പാട്ടി ശാകവില്ലൈ, എല്ലാരും ശേർന്തു കൊലൈ പണ്ണിട്ടാങ്കേ...’’

രഹസ്യം, ദുരൂഹം...തലൈക്കൂത്തൽ

kill-village റെഡിയാർപട്ടി ഗ്രാമം.

റെഡിയാർപട്ടി-പ്രായമായവരെ മക്കളും ബന്ധുക്കളും ചേർന്നു നിർദയം കൊന്നുകളയുന്ന നാട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള തലൈക്കൂത്തൽ എന്ന ആ ദുരാചാരം ഇന്നും അതീവ രഹസ്യമായി തുടർന്നുപോരുന്ന തമിഴ്ഗ്രാമങ്ങളിലൊന്ന്. മുൻതന്തയ്ക്ക് എൻ തന്ത ചെയ്തത് എൻ തന്തയ്ക്ക് ഏൻ ചെയ്യും എന്നു തലമുറകളിലൂടെ പാടിപ്പറഞ്ഞ് ഉറപ്പിച്ച ദേശം. വിരുദുനഗർ ജില്ലയിലെ റെ‍ഡിയാർപട്ടി, ലക്ഷ്മിപുരം, മണ്ഡപശാല, മധുര ജില്ലയിലെ ഉശിലംപട്ടി, തേനിയിലെ ആണ്ടിപ്പട്ടി തുടങ്ങിയ ഗ്രാമങ്ങളിൽ അതീവ രഹസ്യവും ദുരൂഹവുമായി തലൈക്കൂത്തൽ ഇന്നും തുടരുന്നു. ജോലിക്കു പോകാൻ ആരോഗ്യമില്ലാത്ത, മാറാരോഗബാധിതരായ മാതാപിതാക്കൾക്കു തലൈക്കൂത്തൽ നൽകുന്നതു പുണ്യമായി കരുതുന്നവരാണ് ഇന്നാട്ടുകാർ.

തലൈക്കൂത്തൽ തീരുമാനിക്കുന്ന ദിവസം വയോധികരെ അതിരാവിലെ കട്ടിലിൽനിന്ന് എഴുന്നേൽപ്പിച്ചിരുത്തി ദേഹമാസകലം നല്ലെണ്ണ ഒഴിക്കും. മണിക്കൂറുകളോളം തുടർച്ചയായി തലയിലൂടെയാണ് ഒഴിക്കുക. ആദ്യത്തെ കർമം കഴിയുമ്പോഴേക്കും ഇര മരിക്കാറായിട്ടുണ്ടാകും. തലയിലൂടെ തണുത്ത വെള്ളമൊഴിക്കലാണ് അടുത്ത പടി. ശേഷം നാടൻ വേദനസംഹാരികൾ കലക്കിയ കരിക്കിൻവെള്ളം വായിലേക്കൊഴിക്കും. പ്രായമായവരുടെ വൃക്കകളുടെ പ്രവർത്തനം അവതാളത്തിലാകാൻ ഈ ക്രിയകൾ ധാരാളം. രണ്ടു ദിവസത്തിനുള്ളിൽ കടുത്ത പനിയോ ന്യൂമോണിയയോ പിടിപെട്ടു മരണം. പിന്നീടുള്ള 41 ദിവസവും വീടിനടുത്തുള്ള ചായ്പിൽ ഒരു മൺവിളക്ക് കെടാതെ കത്തിനിൽക്കുന്നുണ്ടാകും. പാട്ടി കിടന്നിരുന്ന കട്ടിലിനു സമീപം അതുപോലൊരു വിളക്കു കണ്ടാണു കസ്തൂരി അലമുറയിട്ടത്.

തലൈക്കൂത്തൽ മുടക്കുന്നവരോട്

അച്ഛൻ മരിച്ച ഒഴിവിൽ സർക്കാർ ജോലി കിട്ടാൻവരെ തലൈക്കൂത്തൽ നടത്തുന്നവർ ദക്ഷിണ തമിഴ്നാട്ടിലുണ്ടെന്നാണു മദ്രാസ് സർവകലാശാലയിലെ ക്രിമിനോളജി അസിസ്റ്റന്റ് പ്രഫസർ എം. പ്രിയംവദ ഈയിടെ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. റെഡിയാർ പട്ടിയിലേക്കു പോകുന്നുവെന്നു പറഞ്ഞപ്പോൾ അവർ മുന്നറിയിപ്പു നൽകി: ‘‘സൂക്ഷിക്കണം, പുറത്തുനിന്നുള്ള ആളുകളെ ഏറെ സംശയത്തോടെ കാണുന്നവരാണ് അവിടത്തുകാർ. തലൈക്കൂത്തൽ എന്ന വാക്ക് അറിയാതെപോലും നാവിൽനിന്നു വീഴരുത്. പ്രായമായവരെ കൊല്ലുന്നവരാണു തങ്ങളെന്ന വിവരം പുറത്തറിഞ്ഞ കാലംമുതൽ രോഷാകുലരാണവർ. കൂട്ടത്തിലാരെയെങ്കിലും സൂത്രത്തിൽ കയ്യിലെടുക്കാനായാൽ തലൈക്കൂത്തലിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടവരെ കാണാം. മരണംപോലും തിരിഞ്ഞുനോക്കാതെ ചായ്പുകളിൽ അന്തിയുറങ്ങുന്നവരെയും കാണാം.’’

അങ്ങനെയാണു വിരുദുനഗറിലെ എൽഡേഴ്സ് ഡവലപ്മെന്റ് അസോസിയേഷൻ ഓഫിസിലെത്തിയത്. അവിടെ ഹെൽപ് ഏജ് ഇന്ത്യ എന്ന സന്നദ്ധസംഘടനയുടെ ചുമതലയുള്ള ഗാരി പോൾ പെരേരയെ കണ്ടു. വിരുദുനഗർ ജില്ലയിലെ 15 പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു തലൈക്കൂത്തലിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമാണു പെരേരയുടെ സംഘടന. ‘‘ഒരാഴ്ച മുൻപ് ഉസിലംപട്ടിയിൽനിന്ന് ഒരു ചെറുപ്പക്കാരൻ എന്നെവന്നു കണ്ടിരുന്നു. നിന്നെ ജീവനോടെ വച്ചേക്കില്ലെന്നു ഭീഷണി മുഴക്കിയാണ് അയാൾ തിരിച്ചുപോയത്.’’ –പെരേരയുടെ ഇടപെടൽമൂലം തലൈക്കൂത്തൽ മുടങ്ങിയതിന്റെ ദേഷ്യം തീർത്തതാണ് ആ ചെറുപ്പക്കാരൻ.

അയാൾ സ്വന്തം പിതാവിനു തലൈക്കൂത്തൽ കൊടുക്കാനുള്ള ഏർപ്പാടുകൾ എല്ലാം ചെയ്തുവച്ചിരുന്നു. വിവരം ചോർന്നുകിട്ടിയ ഹെൽപ് ഏജ് ഇന്ത്യ വൊളന്റിയർമാർ കലക്ടറേറ്റിൽ വിവരമറിയിച്ചശേഷം പെരേരയുടെ നേതൃത്വത്തിൽ അധികൃതരോടൊപ്പം സ്ഥലത്തെത്തി ആ വയോധികനെ രക്ഷിച്ചു. ‘‘നല്ല ചൂടിലാണു ചെറുപ്പക്കാരൻ ഓഫിസിൽനിന്നു തിരിച്ചുപോയത്. തലൈക്കൂത്തൽ നടത്താനായി താൻ കൂലിപ്പണിയെടുത്തു സ്വരൂപിച്ച 5,000 രൂപ ചടങ്ങു മുടങ്ങിയതുകൊണ്ടു വെള്ളത്തിലായെന്നും എല്ലാ സംഘടനക്കാരെയും കൊന്നുകളയുമെന്നും അയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു’’ - പെരേര പറഞ്ഞു.

കസ്തൂരിയുടെ കഥ

90-Kasthuri-3col കസ്തൂരി (ഇടത്ത്) ഭവനസന്ദർശനത്തിനിടെ.

റെഡിയാർപട്ടിയിലെ സാമൂഹിക പ്രവർത്തകയായ കസ്തൂരിയെ പരിചയപ്പെടുത്തിയതു പെരേരയാണ്. കഴിഞ്ഞ ഒൻപതു വർഷമായി വിരുദുനഗർ ജില്ലയിൽ ഉടനീളം സന്നദ്ധ സംഘടനകൾ തലൈക്കൂത്തലിനെതിരെ വ്യാപക ബോധവൽക്കരണം നടത്തുന്നു. റെഡിയാർപട്ടി, മണ്ഡപശാല, ലക്ഷ്മിപുരം തുടങ്ങിയ ഗ്രാമങ്ങളിലെ വയോജനങ്ങളെ സംരക്ഷിക്കുന്നതിനു സ്വയമേവ മുന്നിട്ടിറങ്ങിയയാളാണു കസ്തൂരി. വിരുദുനഗറിൽനിന്നു തൂത്തുക്കുടിയിലേക്കു പോകുന്ന ഹൈവേയിലൂടെ യാത്ര ചെയ്തു 116 കിലോമീറ്റർ അകലെയുള്ള കുഗ്രാമമായ റെഡിയാർപട്ടിയിലെത്തി അവരെ കണ്ടു.

തലൈക്കൂത്തൽ നടത്തിയവരെയോ തലൈക്കൂത്തലിൽനിന്നു രക്ഷപ്പെട്ടവരെയോ കണ്ടെത്താനാകുമോ എന്നാണ് അറിയേണ്ടിയിരുന്നത്. കസ്തൂരി പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ‘‘എന്റെ അമ്മൂമ്മ, അമ്മയുടെ അകന്ന ബന്ധു, അച്ഛന്റെ ചേച്ചി, ഇവർക്കെല്ലാം തലൈക്കൂത്തൽ കൊടുത്തതാണ്. അച്ഛന്റെ ചേച്ചിയുടെ തലൈക്കൂത്തൽ കഴിഞ്ഞിട്ട് ആറു മാസമേ ആയുള്ളൂ. കാൽവെള്ളയിൽ വിഷം കുത്തിവച്ചാണു കൊന്നത്. രക്ഷിക്കാനെത്തുമ്പോഴേക്കും എല്ലാം കഴി‍ഞ്ഞിരുന്നു. ഈ ഗ്രാമത്തിൽ കണ്ടുമുട്ടുന്നവർക്കെല്ലാം തലൈക്കൂത്തൽ കഥകൾ പറയാനുണ്ടാകുമെന്നതാണു സത്യം. പക്ഷേ, ആരുടെ നാവിൽനിന്നും ഒന്നും വീണുകിട്ടില്ല’’–കസ്തൂരി ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.

പാട്ടിക്ക് എന്തുപറ്റി?

മാരിയമ്മൻ കോവിലിനടുത്തു തന്നെയാണു തുടക്കത്തിൽ പറഞ്ഞ പാട്ടിയുടെ വീട്. കസ്തൂരിയുടെ വീട്ടിൽനിന്നു നാലു കിലോമീറ്റർ ദൂരമുണ്ടാകും. റെഡിയാർപട്ടിയിൽ വയോധികരുടെ മരണം നടന്നാൽ അടുത്ത ബന്ധുക്കൾപോലും അറിയണമെന്നില്ല. പാട്ടിക്കു പ്രായം ഏറെയായി എന്നതല്ലാതെ കാര്യമായ ഒരസുഖവുമില്ലായിരുന്നുവെന്നു കസ്തൂരി പറയുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ കാലിന്റെ ഞരമ്പുകൾക്കു വേദന തോന്നാറുണ്ടെന്നു മാത്രം. പൂർണ ആരോഗ്യവതിയായിരുന്ന ആ എഴുപതുകാരി പെട്ടെന്നു മരിച്ചുവെന്നു കേട്ടപ്പോൾ കസ്തൂരിക്കു സംശയം തോന്നിയതിന്റെ കാരണവും അതുതന്നെ.

kanakammal-seeniyamma മണ്ഡപശാലയിലെ കോവിലിൽ ബന്ധുക്കൾ നടതള്ളിയ കനകമ്മാൾ (ഇടത്ത്), രത്നമ്മാൾ.

പേരമക്കൾ താക്കോലിട്ടു പൂട്ടി വിട്ടൊഴിഞ്ഞുപോയ തറവാടിനോടു ചേർന്ന ചായ്പിൽ ഒറ്റയ്ക്കായിരുന്നു പാട്ടിയുടെ താമസം. വല്ലപ്പോഴും ബന്ധുക്കൾ വന്നു നോക്കാറുണ്ടായിരുന്നെന്ന് അയൽക്കാർ പറയുന്നു. മരിക്കുന്ന ദിവസവും കുറച്ചു ബന്ധുക്കൾ വന്നിരുന്നു. അത്രയും പറഞ്ഞ് അയൽക്കാർ സംസാരം നിർത്തും. ബാക്കി ഊഹിച്ചുകൊള്ളണം. എന്തായാലും കസ്തൂരിക്ക് അക്കാര്യത്തിൽ സംശയമില്ല.

കൊല്ലാൻ പലതുണ്ട് വഴികൾ

സ്വന്തം തറവാട്ടിൽ നടന്ന തലൈക്കൂത്തുകളോടുള്ള പ്രതിഷേധമാണു കസ്തൂരി എന്ന പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വീട്ടമ്മയെ സാമൂഹിക പ്രവർത്തകയാക്കിയത്. തലൈക്കൂത്തലിനു വിധേയരാക്കാൻ തീരുമാനിച്ച പലരെയും കസ്തൂരിയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അച്ഛന്റെ ചേച്ചിയുടെ തലൈക്കൂത്തൽ തടയാൻ കഴിയാതിരുന്നതു കസ്തൂരിയെ ദുഃഖത്തിലാഴ്ത്തി. വിവരം അറിഞ്ഞു ചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നു കസ്തൂരി.

എല്ലാ ഗ്രാമങ്ങളിലെയും അഗതികളുടെയും വയോജനങ്ങളുടെയും ലിസ്റ്റ് അവരുടെ കൈയിലുണ്ട്. മാസത്തിൽ രണ്ടുതവണ കസ്തൂരിയും സംഘവും ഭവനസന്ദർശനം നടത്തുന്നു. റെഡിയാർപട്ടിക്കു സമീപമുള്ള മണ്ഡപശാല ഗ്രാമത്തിലെ കോവിലിൽ ബന്ധുക്കൾ നടതള്ളിയ കനകമ്മാൾ, പൊതുകിണറിനു സമീപം മറച്ചുകെട്ടിയ ഓലക്കുടിലി‍ൽ തനിച്ച് അന്തിയുറങ്ങുന്ന രത്നവല്ലി തുടങ്ങി ആർക്കും വേണ്ടാതായ കുറെ മനുഷ്യജന്മങ്ങളെ അവർ കാണിച്ചുതന്നു. രത്നവല്ലിയുടെ ഒരു കാലിനു ശേഷിക്കുറവുണ്ട്. മണ്ഡപശാലയിലെ മിക്ക വീടുകളോടു ചേർന്നും ഓരോ ചായ്പുകൾ കാണാം.

അതിനുള്ളിലെ ഇരുട്ടിൽ ആരുടെയൊക്കെയോ മുത്തച്ഛനും മുത്തശ്ശിയും ഇരിക്കുന്നു. വല്ലാത്തൊരു നിഷ്കളങ്കതയാണ് അവരുടെയെല്ലാം മുഖത്ത്. അടുത്തേക്കു ചെല്ലുന്ന അപരിചിതരോടുപോലും സ്നേഹം മാത്രം. ചിലരുടെ നഖങ്ങൾക്ക് ഒരു വിരലിന്റെയത്രകൂടി നീളം കാണും. മുടി ജ‍ടകെട്ടി തുടങ്ങിയിരിക്കുന്നു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങൾ. വൃത്തിഹീനമായ മുറി. കന്നുകാലികൾക്കുപോലും ഇതിനെക്കാൾ പരിചരണം ലഭിക്കുന്നുണ്ടെന്നതാണു സത്യം.

‘‘തലൈക്കൂത്തലൊക്കെ പണ്ടായിരുന്നില്ലേ? ഇപ്പോൾ അങ്ങനെയുള്ള ആചാരങ്ങളൊന്നും നടക്കാറില്ല. ഈ ഗ്രാമത്തിലുള്ളവരെല്ലാം പ്രായമായവരെ പരിപാലിക്കുന്നുണ്ട്. കിടപ്പിലായ വയോധികരുള്ള എല്ലാ കുടുംബങ്ങളും ഞങ്ങളുടെ നിരീക്ഷണത്തിലാണ്. ആരെയും കൊല്ലാൻ ഞങ്ങൾ അനുവദിക്കില്ല.’’ മണ്ഡപശാല സ്വദേശി സീനിച്ചാമി അങ്ങനെയാണു പറഞ്ഞത്.

മണ്ഡപശാലയിൽ റെഡിയാർപട്ടിയിലെക്കാൾ തലൈക്കൂത്തൽ കുറവായിരിക്കണം. കാരണം, ആ ഗ്രാമത്തിന്റെ പുറംപോക്കുകളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട കുറെ വയോധികർ വിറയ്ക്കുന്ന കാലുകളുമായി തെരുവുനായ്ക്കൾക്കൊപ്പം അലഞ്ഞുനടക്കുന്നുണ്ട്.