Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവിതാംകൂറിലെ ആദ്യ മന്ത്രിസഭയുടെ പിറവി

adv-ayyappan-pillai അഡ്വ.കെ.അയ്യപ്പൻ പിള്ള

സ്വാതന്ത്ര്യാനന്തരം ഇന്ത്യ യൂണിയനിൽ ചേരാൻ തിരുവിതാംകൂർ മടിച്ചുനിന്നകാലം. രാജഭരണത്തിൽനിന്നു ജനായത്ത ഭരണത്തിലേക്കു മാറാതെ തിരുവിതാംകൂർ സ്വതന്ത്രമായി നിൽക്കുന്നതിനെക്കുറിച്ചു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ളയുടെ മനസ്സറിയാനുള്ള ദൗത്യം ശ്രീചിത്തിര തിരുനാൾ മഹാരാജാവ് 1947 ജൂലൈയിൽ ഏൽപിച്ചത് അഡ്വ. കെ. അയ്യപ്പൻ പിള്ളയെ ആയിരുന്നു. ഈ മാസം 24നു 102–ാം പിറന്നാൾ ആഘോഷിക്കുന്ന അയ്യപ്പൻ പിള്ള ഓർമപ്പുസ്തകം തുറക്കുന്നു:

പട്ടവും സഹപ്രവർത്തകരും അന്നു സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു പൂജപ്പുര ജയിലിലായിരുന്നു. അമ്മാവനായ അഡ്വ. ആർ. ഗോപാല പിള്ളയ്ക്കൊപ്പം ജയിലിലെത്തിയ അയ്യപ്പൻ പിള്ളയോടു പട്ടം തുറന്നടിച്ചു: ‘‘സിപി രാമസ്വാമി സ്റ്റേറ്റ് കോൺഗ്രസിനെ വിശ്വാസത്തിലെടുത്തിരുന്നുവെങ്കിൽ പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം ഒഴികെയുള്ള സ്വതന്ത്ര നിലപാടിനെ അംഗീകരിക്കാമായിരുന്നു. പക്ഷേ, ഇപ്പോൾ ഏറെ വൈകിപ്പോയി. ഇനി ഇന്ത്യ യൂണിയനിൽ ചേരുകതന്നെ വേണം. തിരുവിതാംകൂറിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് അതാണ്...’’ ഇക്കാര്യം സഹപ്രവർത്തകരോടു പറയരുതെന്ന് അയ്യപ്പൻ പിള്ള അഭ്യർഥിച്ചപ്പോൾ പട്ടം കൂട്ടിച്ചേർത്തു: പി.എസ്. നടരാജ പിള്ളയോടു മാത്രം പറയും (സ്വാതന്ത്ര്യസമര സേനാനിയും പിന്നീടു പട്ടം മന്ത്രിസഭയിൽ അംഗവുമായി).

അയ്യപ്പൻ പിള്ള കൊട്ടാരത്തിലേക്കു വിവരം കൈമാറി. ജൂലൈ 28നു ശ്രീ ചിത്തിര തിരുനാൾ കമ്പിസന്ദേശത്തിലൂടെ 1947 ജൂലൈ 28നു തിരുവിതാംകൂർ ലയന തീരുമാനം ഡൽഹിയെ അറിയിച്ചു. ഒപ്പുവച്ച കത്ത് വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭുവിന് അയയ്ക്കുകയും ചെയ്തു. അന്നു രാത്രിയിലാണു സിപിക്കു വെട്ടേറ്റത്. നിയമോപദേഷ്ടാവായും ദിവാനായും തിരുവിതാംകൂറിൽ 16 വർഷം (1931–1947) ഉരുക്കുമുഷ്ടിയായിനിന്ന സി.പി. രാമസ്വാമി അയ്യർ സ്ഥാനമൊഴിഞ്ഞ് 1947 ഓഗസ്റ്റ് 19ന് ഊട്ടിയിലേക്കു പോയി.

ഇതിനിടെ അയ്യപ്പൻ പിള്ളയെ ശ്രീ ചിത്തിര തിരുനാൾ വീണ്ടുമൊരു ദൗത്യം കൂടി ഏൽപിച്ചു. അധികാര കൈമാറ്റത്തിനു മുമ്പ് ഒഫീഷ്യേറ്റിങ് ദിവാനായി ജി. പരമേശ്വരൻ പിള്ള, പി.ജി.എൻ.ഉണ്ണിത്താൻ എന്നിവരിൽ ആരെ വേണമെന്നു പട്ടത്തിന്റെ അഭിപ്രായമറിയാനായിരുന്നു നിർദേശം. പി.എസ്. നടരാജപിള്ളയുമായി ആലോചിച്ച് ഉണ്ണിത്താന്റെ പേര് പട്ടം നിർദേശിക്കുകയും ചെയ്തു. ഉണ്ണിത്താൻ സ്ഥാനമേറ്റു.

ഇടക്കാല മന്ത്രിസഭ രൂപീകരിക്കുന്നതിനു കവടിയാർ കൊട്ടാരത്തിൽ ആലോചന തുടങ്ങി. സ്റ്റേറ്റ് കോൺഗ്രസിലെ മൂന്നു നേതാക്കളുടെ പേര് കൊട്ടാരം മുന്നോട്ടുവച്ചു. പട്ടത്തിന്റെ അഭിപ്രായമറിയാൻ അയ്യപ്പൻ പിള്ളയ്ക്കു കൊട്ടാരത്തിൽനിന്നു വിളിയെത്തി. അയ്യപ്പൻ പിള്ള അത് ഇങ്ങനെ ഓർമിക്കുന്നു: ‘‘പട്ടം താണുപിള്ള, ടി.എം.വർഗീസ്, സി. കേശവൻ എന്നീ പേരുകളുമായി പട്ടത്തിനു മുന്നിലെത്തി. പട്ടവും ടി.എം.വർഗീസും കൂടിയാലോചിച്ചപ്പോൾ, സി.കേശവനെ അനുകൂലിക്കേണ്ടന്നായി നിർദേശം. സി.കേശവനെ പ്രശസ്തമായ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചതു പരിഗണിച്ചായിരുന്നു ഈ നിലപാട്. പകരം, എസ്എൻഡിപി യോഗം പ്രസിഡന്റും റിട്ട. ജില്ലാ ജഡ്ജിയുമായ എം. ഗോവിന്ദന്റെ പേര് അവർ മുന്നോട്ടുവച്ചു.

പി.എസ്. നടരാജപിള്ള മൂന്നു പേരുകളും എഴുതി നൽകി. കത്ത് കണ്ടയുടൻ മഹാറാണി ചോദിച്ചു: സി.കേശവന്റെ പേര് എന്തേ ഒഴിവാക്കി? പട്ടവും ടി.എം.വർഗീസും സി. കേശവനുമല്ലേ കോൺഗ്രസിലെ ഏറ്റവും മുൻനിരനേതാക്കളെന്നും റാണി ചോദിച്ചു. കോഴഞ്ചേരി പ്രസംഗത്തിന്റെ കാര്യം പറഞ്ഞപ്പോൾ, അതു പഴയ കാര്യമാണെന്നും അവഗണിക്കണമെന്നും റാണി നിർദേശിച്ചു. റാണി തന്നെ ഗോവിന്ദന്റെ പേരുവെട്ടി സി.കേശവന്റെ പേര് എഴുതിച്ചേർത്തു. വീണ്ടും ലിസ്റ്റ് പട്ടത്തിനു കൈമാറി. എന്നാൽ, ഗോവിന്ദനെ ഉൾപ്പെടുത്താൻ കൊട്ടാരത്തിൽ നിന്നു നിർദേശം വന്നു’’.

പട്ടത്തിന്റെ അധ്യക്ഷതയിൽ നിയമസഭാ അസംബ്ലി മണ്ഡലങ്ങൾ നിർണയിക്കാൻ റിഫോംസ് കമ്മിഷൻ രൂപീകരിച്ചെങ്കിലും ഇക്കാര്യത്തിൽ ശുപാർശകൾ നൽകാൻ പി.എസ്. നടരാജപിള്ള, കളത്തിൽ വേലായുധൻ നായർ, അയ്യപ്പൻ പിള്ള എന്നിവരെ പട്ടം ചുമതലപ്പെടുത്തി. ഇതു പിന്നീടു കമ്മിഷൻ പരിഗണിക്കുകയും ചെയ്തു. എന്നാൽ എ. നേശമണിയുടെ നേതൃത്വത്തിൽ തെക്കൻ തിരുവിതാംകൂറിലെ തമിഴരുടെ താൽപര്യം സംരക്ഷിക്കാനെന്നപേരിൽ നീക്കം തുടങ്ങിയതു തലവേദനയായി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്വാധീനം തെക്കൻ താലൂക്കുകളിൽ തകർക്കാൻ സിപി ഇതിനു ചരടുവലിച്ചതായി അന്നു സംസാരമുണ്ടായിരുന്നുവെന്നും അയ്യപ്പൻ പിള്ള ഓർമിക്കുന്നു.

police-station തിരു–കൊച്ചി തിരഞ്ഞെടുപ്പിൽ മധ്യതിരുവിതാംകൂറിലെ ഒരുപോളിങ് സ്‌റ്റേഷനു മുന്നിൽ വോട്ടു ചെയ്യാൻ ഊഴം കാത്തു നിൽക്കുന്നവർ. (1954)

തിരുവിതാംകൂർ നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പുകാലത്തെക്കുറിച്ച്: ‘‘തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാനാർഥി നിർണയത്തെക്കുറിച്ചു പാർട്ടി നേതാക്കൾക്കിടയിലും അണികളിലും വ്യപകമായ പരാതികൾ ഉയർന്ന വേളയിലാണു പട്ടത്തിന്റെ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനം വന്നത് – സ്റ്റേറ്റ് കോൺഗ്രസ് ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും വിജയിക്കും. ഇതിനിടെ പട്ടത്തിനെതിരെ പാർട്ടിയിൽ പടനീക്കമുണ്ടായി. അവരെ ഒതുക്കിക്കൊണ്ടാണു പട്ടം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിൽ സ്റ്റേറ്റ് കോൺഗ്രസ് നേതാക്കൾ അല്ലാത്തവരും സിപിക്കൊപ്പം നിന്ന് ആനുകൂല്യങ്ങൾ നേടിയവരുമൊക്കെ ഉണ്ടായിരുന്നു. തെക്കൻ തിരുവിതാംകൂറിൽ തമിഴ്നാട് കോൺഗ്രസ് സീറ്റുകൾ പിടിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ഭൂരിപക്ഷം നേടി.

നിയമസഭയുടെ ഉദ്ഘാടനം ഒഫീഷ്യേറ്റിങ് ദിവാൻ ഉണ്ണിത്താൻ നിർവഹിച്ചു. 1948 മാർച്ച് 24നു പട്ടം താണുപിള്ള പ്രധാനമന്ത്രിയായും ടി.എം.വർഗീസ്, സി.കേശവൻ എന്നിവർ മന്ത്രിമാരായും ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജകീയ ഭരണത്തിനു പൂർണവിരാമം. ജനായത്ത ഭരണത്തിന്റെ തുടക്കവും’’.

‘‘മന്ത്രിസഭ സ്ഥാനമേറ്റതിനു പിന്നാലെ പാർട്ടിയിലും നിയമസഭാകക്ഷിയിലും തർക്കങ്ങൾ തുടങ്ങി. ഭിന്നത രൂക്ഷമാകുന്നതിനിടെ പി.എസ്. നടരാജ പിള്ള, ജി. രാമചന്ദ്രൻ, എം.കെ. കോര എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ടി.എം.വർഗീസിനോടും സി.കേശവനോടും ആലോചിക്കാതെയാണു പട്ടം തീരുമാനമെടുത്തതെന്നു പരാതി ഉയർന്നതോടെ ഭിന്നത രൂക്ഷമായി. പാർട്ടിയിലെ കലഹവും മുപ്പിളമത്തർക്കവും മന്ത്രിസഭയിലെ ഭിന്നതയും മൂർച്ഛിച്ചതോടെ പട്ടത്തെ നീക്കാൻ കുമ്പളത്തു ശങ്കുപ്പിള്ളയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം തുടങ്ങി.

നിയമസഭയിൽ അവിശ്വാസ പ്രമേയത്തിനു നോട്ടിസ് വന്നപ്പോൾ രാജി നൽകാൻ ഞാന‌ടക്കമുള്ള അടുത്ത സഹപ്രവർത്തകർ നിർദേശിക്കുകയായിരുന്നു. ഏഴു മാസം പിന്നിട്ട മന്ത്രിസഭ അങ്ങനെ നിലംപൊത്തി. 1948 ഒക്ടോബർ 17നു പട്ടം താണുപിള്ള രാജി സമർപ്പിച്ചു. തുടർന്നു പറവൂർ ടി.കെ. നാരായണ പിള്ള പ്രധാനമന്ത്രിയായി. 1949 ജനുവരി തിരുകൊച്ചി സംസ്ഥാനമായപ്പോൾ അദ്ദേഹം ആദ്യ മുഖ്യമന്ത്രിയായി. ടി. കെയുടെ മന്ത്രിസഭയിൽ അംഗമായ ആനി മസ്ക്രീൻ മറ്റൊരു മന്ത്രിയായ ജോൺ ഫിലിപ്പോസിന് എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. ഫിലിപ്പോസ് പക്ഷേ രാജിക്കു സന്നദ്ധനായില്ല. പനമ്പിള്ളി ഗോവിന്ദ മേനോന്റെ നേതൃത്വത്തിൽ ഇതോടെ കലാപം തുടങ്ങി. ടി.കെ. മന്ത്രിസഭ രാജി നൽകി. തുടർന്നു സി. കേശവൻ മുഖ്യമന്ത്രിയായി ചുമതലയേറ്റു. അടുത്ത തിരഞ്ഞെടുപ്പിൽ എ.ജെ. ജോൺ, തിരുവിതാംകൂർ തമിഴ്നാട് കോൺഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി.

തമിഴ്നാട് കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ 1954ൽ വീണ്ടും തിര‍ഞ്ഞെടുപ്പു വന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായി മാറിയ പട്ടം താണുപിള്ള അങ്ങനെ വീണ്ടും മുഖ്യമന്ത്രിയായി. തെക്കൻ തിരുവിതാംകൂറിലെ പൊലീസ് വെടിവയ്പിന്റെ പേരിൽ വന്ന അവിശ്വാസ പ്രമേയം പാസായതോടെ പട്ടം രാജി നൽകി. തുടർന്ന് 1955ൽ പനമ്പിള്ളി ഗോവിന്ദ മേനോൻ തിരുകൊച്ചി മുഖ്യമന്ത്രിയായി. 1956 നവംബർ ഒന്നിന് ഐക്യകേരളം രൂപംകൊണ്ടു. വൈകാതെ പനമ്പിള്ളി മന്ത്രിസഭ വീണു. 1957ൽ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി. പിന്നീടു മന്ത്രിസഭകൾ മാറിമാറി വന്നു. ഇപ്പോഴിതാ 14–ാം നിയമസഭയും പുതിയൊരു മന്ത്രിസഭയുടെ പിറവിയും’’.

അയ്യപ്പൻ പിള്ള വിശ്രമിക്കുന്നില്ല. 1948ൽ തിരുവിതാംകൂറിലെ ആദ്യതിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തു സ്ഥാനാർഥിയാക്കാൻ പരിഗണിക്കപ്പെട്ട അയ്യപ്പൻപിള്ള തിരുവനന്തപുരം നഗരസഭാ മുൻ കൗൺസിലറാണ്. അറിയപ്പെടുന്ന അഭിഭാഷകനും. ബിജെപി മുൻ സംസ്ഥാന വൈസ് പ്രസിഡന്റായ ഇദ്ദേഹം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു.

Your Rating: